ശക്തമായ മഴ തുടരുന്ന സാഹചര്യത്തില്‍ വിവിധ ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ജില്ലാ കലക്ടര്‍മാര്‍ നാളെ (Friday) അവധി പ്രഖ്യാപിച്ചു. വയനാട്, പാലക്കാട്, പത്തനംതിട്ട ജില്ലകളില്‍ പൂര്‍ണമായും ഇടുക്കിയില്‍ തൊടുപുഴ ഒഴികെയുള്ള താലൂക്കുകളിലും എറണാകുളം ജില്ലയിലെ കോതമംഗലം, കുന്നത്ത് നാട്, ആലുവ, പറവൂര്‍ താലൂക്കുകളിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും, കടമക്കുടി ഗ്രാമപഞ്ചായത്തിലെ വിദ്യാലയങ്ങള്‍ക്കും അവധിയായിരിക്കും.

തൃശൂരിലെ ചാലക്കുടി താലൂക്കിലും, കണ്ണൂര്‍ ജില്ലയിലെ ഇരിട്ടി, തളിപ്പറമ്പ് താലൂക്കുകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും, മലപ്പുറം ജില്ലയിലെ നിലമ്പൂര്‍ താലൂക്ക്, ഏറനാട് താലൂക്കിലെ എടവണ്ണ, ഊര്‍ങ്ങാട്ടിരി, അരീക്കോട്, കീഴുപറമ്പ്, പാണ്ടിക്കാട്, കൊണ്ടോട്ടി താലൂക്കിലെ വാഴക്കാട്, വാഴയൂര്‍, മുതുവല്ലൂര്‍ പഞ്ചായത്തുകളില്‍ പ്രൊഫഷണല്‍ സ്ഥാപനങ്ങള്‍ ഉള്‍പ്പെടെയും, കോഴിക്കോട് ജില്ലയിലെ താമരശ്ശേരി, മുക്കം, ബാലുശ്ശേരി, കുന്ദമംഗലം, നാദാപുരം, കുന്നുമ്മല്‍, പേരാമ്പ്ര ഉപജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും അവധി പ്രഖ്യാപിച്ചു. സ്റ്റേറ്റ്, സി.ബി.എസ്.ഇ, ഐ.സി.എസ്.ഇ, സ്‌കൂളുകള്‍, കേന്ദ്രീയ വിദ്യാലയങ്ങള്‍, അംഗനവാടികള്‍ എന്നിവക്കും അവധി ബാധകമാണ്.