Video Stories
ഫാസിസത്തിന്റെ ഭീകരത അനുഭവിച്ചറിഞ്ഞ നിമിഷങ്ങള്‍
ആന്റോ ആന്റണി എം.പി
ഭരണകൂട ഭീകരതയില്‍ നിസ്സഹായനാകുന്ന നിമിഷങ്ങളായിരുന്നു സമാദരണീയനായ ഇ. അഹമ്മദ് സാഹിബിന് ഹൃദയാഘാതം ഉണ്ടായതിനുശേഷം പ്രവേശിപ്പിച്ച റാം മനോഹര്‍ ലോഹ്യ ആസ്പത്രിയുടെ ഇടനാഴിയില്‍ ചിലവഴിച്ച 14 മണിക്കൂറുകള്‍. നീതിന്യായ വ്യവസ്ഥക്കു കീഴില്‍ നമുക്കുണ്ട് എന്ന് നമ്മള്‍ അനുമാനിച്ചിരുന്ന സുരക്ഷിതത്വ ബോധം ഇല്ലാതാകുന്ന മണിക്കൂറുകളായിരുന്നു അത്. ജീവിതത്തിലാദ്യമായി ഒരു അരക്ഷിതാവസ്ഥ മനസിലേക്ക് കടന്നുവന്നു. ഭരണകൂട ഭീകരത നമ്മുടെ ജീവിതത്തെ എത്രത്തോളം തകര്‍ക്കുമെന്നതിന്റെ നേര്‍ക്കാഴ്ചയായി പുതിയ തിരിച്ചറിവുകള്‍ നല്‍കിയാണ് അതു കടന്നുപോയത്.
ഒരു ജനാധിപത്യ വ്യവസ്ഥക്കുള്ളില്‍ ആത്മാഭിമാനം ഉയര്‍ത്തിപ്പിടിച്ച് ജീവിക്കാനും മരിക്കാനും ഏറ്റവും സാധാരണക്കാരുള്‍പ്പെടെ എല്ലാ മനുഷ്യര്‍ക്കുമുള്ള അവകാശം ദീര്‍ഘകാലം ഇന്ത്യയുടെ പരമോന്നത നിയമ നിര്‍മ്മാണ സഭയിലും തുടര്‍ച്ചയായി പത്തു വര്‍ഷം കേന്ദ്ര മന്ത്രിസഭയിലും അംഗമായിരുന്ന ഒരു വിശിഷ്ട വ്യക്തിക്ക് നിഷേധിക്കപ്പെടുന്ന ദയനീയ കാഴ്ചക്ക് സാക്ഷിയാകേണ്ടിവന്നു. ഒരു ഭരണകൂടം അതിന്റെ മുമ്പില്‍ ഉയര്‍ന്നുവരുന്ന ചെറിയ തടസ്സങ്ങള്‍ ഇല്ലാതാക്കാന്‍ പോലും എത്ര മനുഷ്യത്വരഹിതമായാണ് പെരുമാറുന്നത് എന്ന് നോക്കിക്കണ്ടു. സോണിയാഗാന്ധിയെപ്പോലെ ഇന്ത്യയിലെ ഔന്നത്യത്തില്‍ വിരാജിക്കുന്ന ഒരു വ്യക്തിയോടുപോലും എത്ര നിസ്സംഗതയോടെ, അനാദരവോടെ പെരുമാറാന്‍ ആര്‍.എം.എല്‍ ആസ്പത്രിയിലെ സുരക്ഷാ ഉദ്യോഗസ്ഥര്‍ക്കു കഴിയും എന്നുള്ളത് അത്ഭുതപ്പെടുത്തുന്നതായിരുന്നു. പാര്‍ലമെന്റംഗങ്ങള്‍ എന്ന നിലയില്‍ ഉണ്ടെന്ന് വിശ്വസിച്ചിരുന്ന അവകാശങ്ങള്‍ ജനാധിപത്യ മര്യാദകളോട് തരിമ്പും ബഹുമാനമില്ലാത്ത ഒരു സര്‍ക്കാരിന്റെ കരാളഹസ്തങ്ങള്‍ക്കുള്ളില്‍ എത്ര നിസാരമായാണ് അപ്രസക്തമാകുന്നത് എന്ന് അത്ഭുതത്തോടെ അനുഭവിച്ചറിഞ്ഞു. ഭരണകൂട ഭീകരത എന്ന യാഥാര്‍ത്ഥ്യത്തിന് മുന്നില്‍ വലിപ്പച്ചെറുപ്പമില്ലാതെ നാമൊക്കെ എത്ര നിസ്സഹായരാണെന്ന് ഭീതിയോടെ തിരിച്ചറിഞ്ഞു.
ഒരു ഫാഷിസ്റ്റ് ഭരണ വ്യവസ്ഥയില്‍ നമ്മുടെ സുരക്ഷിതത്വവും സമാധാനവുമായ ചോദ്യം ചെയ്യാതിരിക്കുന്നതിന് പകരം ഭരണകൂടം അനുവദിച്ചു തരുന്ന ഔദാര്യമാണെന്ന ബോധ്യം ഉണ്ടായി. അത്തരം വ്യവസ്ഥിതിക്കുള്ളില്‍ നാമൊന്നും പൗരന്മാരല്ല, അടിമകളും ഇരകളും മാത്രമാണെന്നും തിരിച്ചറിഞ്ഞു. അഹമ്മദ് സാഹിബിനെ ആസ്പത്രിയില്‍ പ്രവേശിപ്പിച്ച തൊട്ടു പിറകെ തന്നെ എ.കെ ആന്റണി ഉള്‍പ്പെടെയുള്ള കേരളത്തിലെ മുഴുവന്‍ എം.പിമാരും ആസ്പത്രിയിലെത്തി. രാഹുല്‍ ഗാന്ധിയും ജ്യോതിരാദിത്യ സിന്ധ്യയും പിന്നാലെയെത്തി. അനിവാര്യമായത് സംഭവിച്ചു കഴിഞ്ഞിരിക്കുന്നു എന്ന വിവരം ഡോക്ടര്‍മാര്‍ അവരെ അറിയിച്ചു. പാണക്കാട് തങ്ങളെ വിവരം അറിയിക്കുന്നതിനും ഭൗതിക ശരീരം നാട്ടില്‍ എത്തിക്കുന്നതിനുമുള്ള ഒരുക്കങ്ങളെപ്പറ്റി ചര്‍ച്ച തുടങ്ങി. പിറ്റേദിവസം സര്‍ക്കാര്‍ ബജറ്റ് അവതരണവുമായി മുന്നോട്ട് പോവുകയാണെങ്കില്‍ പ്രതിഷേധിക്കുകയോ തടയാന്‍ ശ്രമിക്കുകയോ വേണ്ടെന്നും പുതിയ കീഴ്‌വഴക്കമുണ്ടാക്കി അവര്‍ ബജറ്റ് അവതരിപ്പിക്കട്ടെ എന്നുമാണ് ഇ.ടി മുഹമ്മദ് ബഷീറും, അബ്ദുല്‍ വഹാബുമടങ്ങുന്ന എം.പിമാര്‍ പറഞ്ഞത്. ജനാധാപത്യ മൂല്യങ്ങളോടോ പാര്‍ലമെന്ററി കീഴ്‌വഴക്കങ്ങളോടോ ഉള്ള പ്രതിബദ്ധത ഇപ്പോഴത്തെ സര്‍ക്കാരില്‍ നിന്നും പ്രതീക്ഷിക്കുന്നത് മൗഢ്യമാണെന്ന് ഉത്തമമായ ബോധ്യം കഴിഞ്ഞ രണ്ടര വര്‍ഷത്തിനുള്ളിലെ പാര്‍ലമെന്റിലെ പ്രവര്‍ത്തനത്തില്‍ നിന്നും ഞങ്ങള്‍ ഉള്‍ക്കൊണ്ടിരുന്നു. പക്ഷേ പിന്നീട് നടന്ന സംഭവങ്ങള്‍ ഞങ്ങളുടെയെല്ലാം ഏറ്റവും ഭീതിദമായ സങ്കല്‍പങ്ങള്‍ക്കും അപ്പുറത്തായിരുന്നു.
പ്രധാനമന്ത്രിയുടെ ഓഫീസിന്റെ ചുമതലയുള്ള കേന്ദ്ര മന്ത്രി ഡോ. ജിതേന്ദ്ര സിങ് ആസ്പത്രിയിലെത്തിയതിന് തൊട്ടു പിന്നാലെ അത്യാധുനിക ജീവന്‍രക്ഷാ സംവിധാനമുള്ള ഐ.സി.യുവില്‍ നിന്നും അഹമ്മദ് സാഹിബിനെ വേദനാ സംഹാര സംവിധാനം മാത്രമുള്ള ട്രോമാ സെന്ററിലേക്ക് മാറ്റി. പിന്നീട് മണിക്കൂറുകളോളം ഉത്തരവാദിത്തപ്പെട്ട ആരും വിവരം നല്‍കാന്‍ തയ്യാറായില്ല. അഹമ്മദ് സാഹിബിന്റെ മക്കള്‍ എത്തിയിട്ടും കാണാന്‍ അനുവദിച്ചില്ല. അവര്‍ ഉന്നത ബിരുദമുള്ള ഡോക്ടര്‍മാരാണെന്നും ഓര്‍ക്കണം. ആസ്പത്രി അധികൃതരോ മുതിര്‍ന്ന ഡോക്ടര്‍മാരോ രംഗത്ത് എത്തിയില്ല. പിതാവിനെകാണാന്‍ മക്കളെ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട ഞങ്ങളോട് വളരെ പരുഷമായാണ് ഡ്യൂട്ടിയിലുണ്ടായിരുന്ന ജൂനിയര്‍ ഡോക്ടര്‍മാരും സുരക്ഷാ ജീവനക്കാരും പെരുമാറിയത്. വിവരം അറിഞ്ഞ് സോണിയാ ഗാന്ധി രാത്രി 10.30 മണിയോടെ ആസ്പത്രിയില്‍ എത്തി. ഇസഡ് കാറ്റഗറി സുരക്ഷയുള്ള പൂര്‍ണ്ണ ആരോഗ്യവതി അല്ലാത്ത സോണിയാജി ഒരു സുരക്ഷാ ഉദ്യോഗസ്ഥരും കൂടെയില്ലാതെ കൊടും തണുപ്പത്ത് സാധാരണക്കാരിയെപ്പോലെ കടന്നു വന്നു. തരിമ്പ് മാന്യതയും ബഹുമാനവുമില്ലാതെ ആര്‍ക്കെങ്കിലും അവരോട് സംസാരിക്കാന്‍ കഴിയുമെന്ന് ഞങ്ങള്‍ക്ക് പുതിയ അറിവായിരുന്നു. ആസ്പത്രി പ്രോട്ടോക്കോളിനെക്കുറിച്ചും മക്കളെക്കാണാന്‍ അനുവദിക്കാതിരുന്നതിന്റെ നിയമ സാധുതയെക്കുറിച്ചും യുക്തിസഹമായ ചോദ്യങ്ങള്‍ ചോദിച്ച സോണിയാ ഗാന്ധിയോട് ആദരവോടു കൂടിയ ഒരു മറുപടി പോലും ഉണ്ടായില്ല. യുക്തിസഹമായ സംവാദങ്ങളില്‍ ഏര്‍പ്പെടുക ഫാഷിസത്തിന്റെ രീതിയല്ലല്ലോ. വക്രീകരിച്ച യുക്തിയും കയ്യൂക്കും അധികാരത്തിന്റെ മര്‍ദ്ദനോപകരണങ്ങളുമാണ് ഫാഷിസത്തിന്റെ ആയുധങ്ങള്‍ എന്ന പ്രവചനം ഞങ്ങളുടെ മുന്നില്‍ യാഥാര്‍ത്ഥ്യമാകുകയായിരുന്നു.
അല്‍പസമയത്തിനുള്ളില്‍ രാഹുല്‍ ഗാന്ധി വീണ്ടും ആസ്പത്രിയിലെത്തി. താന്‍ കാര്യങ്ങള്‍ നോക്കിക്കൊള്ളാമെന്ന ഉറപ്പ് നല്‍കിയതിനുശേഷമാണ് രണ്ട് മണിക്കൂറിന് ശേഷം സോണിയാജി മടങ്ങിയത്. ആരോഗ്യ സ്ഥിതിയോ കൊടും തണുപ്പോ ശാരീരികമായ ഭീഷണികള്‍ക്കോ തന്നെ തളര്‍ത്താനാവില്ലെന്ന് തെളിയിച്ച ശേഷമാണ് ആ മടങ്ങിപ്പോക്ക്. മനുഷത്വരഹിതമായ ഈ പെരുമാറ്റത്തിന് നിങ്ങള്‍ വലിയ വില നല്‍കേണ്ടിവരുമെന്ന് രാഹുല്‍ ഗാന്ധി ആസ്പത്രി അധികൃതരോട് പറഞ്ഞു. പകല്‍ 12 മണിക്കാരംഭിച്ച നാടകങ്ങള്‍ രാത്രി 1.30 കഴിഞ്ഞപ്പോഴേക്കും ഞങ്ങളുടെ എല്ലാം ക്ഷമയെ തകര്‍ത്തിരുന്നു. ഒരു വശത്ത് വിദേശത്തു നിന്നും ഓടിയെത്തിയ, സ്വന്തം പിതാവിനെ ഒരു നോക്കു കാണാന്‍ ആഗ്രഹിച്ച് യാചനയോടെ നില്‍ക്കുന്ന മക്കളും ബന്ധുക്കളും. മറുവശത്ത് എണ്ണത്തില്‍ വര്‍ധിച്ചുകൊണ്ടിരിക്കുന്ന പൊലീസുകാരും ഗുണ്ടകളും. പ്രത്യാഘാതം എന്തായിരുന്നാലും ഈ നാടകത്തിന് അറുതി വരുത്തുന്ന കാര്യം ഇ.ടി മുഹമ്മദ് ബഷീറും എം.കെ രാഘവനും വഹാബും ബന്ധുക്കളുമായി ആലോചിച്ചു. ഇതിനെല്ലാം സാക്ഷികളായി ധാരാളം മാധ്യമ പ്രവര്‍ത്തകരും ഉണ്ടായിരുന്നു. അങ്ങനെയാണ് സുരക്ഷാഭടന്മാരുടെയും ഗുണ്ടകളുടെയും വലയം ഭേദിച്ച് ബലാല്‍ക്കാരമായി തള്ളിക്കയറാന്‍ തീരുമാനിച്ചത്. ഇതേത്തുടര്‍ന്ന് പലവട്ടം രംഗം സംഘര്‍ഷനിര്‍ഭരമായി. ഇതേത്തുടര്‍ന്ന് മക്കള്‍ക്ക് അഹമ്മദ് സാഹിബിനെ കാണാന്‍ അവസരം ലഭിച്ചു. അതീവ ഗുരുതരാവസ്ഥയില്‍ ചികിത്സയിലാണെന്ന് അധികൃതര്‍ ആവര്‍ത്തിച്ചിരുന്ന അഹമ്മദ് സാഹിബിന്റെ മൃതദേഹം രൂപഭാവങ്ങള്‍ മാറി ഒരു ജീവന്‍രക്ഷാ ഉപകരണങ്ങളുടെയും സഹായമില്ലാതെ ബഡ്ഡില്‍ കിടത്തിയിരിക്കുന്ന കാഴ്ചയാണ് അവര്‍ക്ക് കാണാന്‍ കഴിഞ്ഞത്. അദ്ദേഹത്തിന്റെ മുഖത്തിന്റെ രൂപം തന്നെ മാറിയിരുന്നു. എപ്പോഴും സുമുഖനായി, പ്രസന്ന വദനനായി പൊതുവേദിയില്‍ എത്തിയിരുന്ന അഹമ്മദ് സാഹിബിന്റെ ശരീരത്തോട് ചെയ്ത ക്രൂരതകള്‍ ആ മുഖത്ത് നിന്ന് വ്യക്തമായിരുന്നു. മാത്രവുമല്ല പുണ്യ ജലമായ സംസം വെള്ളം പകര്‍ന്നു നല്‍കുന്നതിനോ വിശ്വാസപരമായ മറ്റ് കാര്യങ്ങള്‍ നിര്‍വഹിക്കുന്നതിനോ ഉള്ള അവസരം അദ്ദേഹത്തിന് നിഷേധിക്കപ്പെട്ടു.
ഇന്ത്യയില്‍ ഉരുത്തിരിഞ്ഞു വരുന്ന ഫാസിസ്റ്റ് മൂര്‍ത്തിമദ് രൂപമാണ് ആ 14 മണിക്കൂറില്‍ റാം മനോഹര്‍ ആശുത്രിയില്‍ വെളിവായത്. പ്രതിപക്ഷ ബഹുമാനം ആത്മാഭിമാനത്തോടെ ജീവിക്കാനും മരിക്കാനുമുള്ള പൗരന്റെ അവകാശം, പിതാവിന്റെ രോഗവിവരം അറിയാനുള്ള മക്കളുടെ അവകാശം, ജനപ്രതിനിധികള്‍ക്ക് അനുവദിക്കപ്പെട്ടിട്ടുള്ള പരിരക്ഷണം, എല്ലാതരത്തിലുമുള്ള മനുഷ്യാവകാശങ്ങള്‍ തുടങ്ങിയ ജനാധിപത്യ തത്വങ്ങളെല്ലാം വീശിയടിക്കുന്ന ഫാഷിസത്തിന്റെ കൊടുങ്കാറ്റില്‍ അപ്രത്യക്ഷമാകുകയായിരുന്നു. മെഡിക്കല്‍ എതിക്‌സ് എന്ന ദിവ്യമായ പരികല്‍പനക്ക് ഡോക്ടര്‍ കൂടിയായ കേന്ദ്രമന്ത്രിയാണ് അന്ത്യം കുറിച്ചത്. ഇതൊന്നും യാദൃഛികമായി സംഭവിച്ചതല്ല എന്നു തെളിയിക്കുന്നതായി വെള്ളിയാഴ്ച പാര്‍ലമെന്റില്‍ നടന്ന സംഭവങ്ങള്‍. ഇത്രയും പ്രധാനപ്പെട്ട ഒരു വിഷയം സഭയില്‍ ഉന്നയിക്കുന്നത് തടയാനായി ഭരണകൂടം തങ്ങളുടെ ഗുണ്ടാ സ്വഭാവം വീണ്ടും പുറത്തിടത്തു. സംവാദങ്ങളും സമന്വയവുമാണ് ജനാധിപത്യം എന്നുള്ള ബോധ്യമല്ല മറിച്ച് ഭൂരിപക്ഷത്തിന്റെ തേര്‍വാഴ്ചയിലാണ് തങ്ങള്‍ വിശ്വസിക്കുന്നത് എന്ന് ഭരണകക്ഷി തെളിയിച്ചു.
നരേന്ദ്ര മോദി അധികാരത്തില്‍ എത്തുമ്പോള്‍ ഉണ്ടായിരുന്ന ഏറ്റവും കടുത്ത ഭീതികള്‍ പോലും യാഥാര്‍ത്ഥ്യമാവുകയാണ്. ഫാഷിസം ഒരു വിദൂര ഭീഷണിയല്ല. പാര്‍ലമെന്റിനോടും മറ്റു ജനാധിപത്യ സ്ഥാപനങ്ങളോടും ഫാഷിസ്റ്റുകള്‍ക്ക് പുഛമാണ്. ജീവിതകാലം മുഴുവന്‍ ഫാഷിസത്തോടും വര്‍ഗീയതയോടും സന്ധിയില്ലാത്ത നിലപാടെടുത്ത അഹമ്മദ് സാഹിബിന്റെ മരണം വീണ്ടും ഫാഷിസത്തെ അതിന്റെ എല്ലാ ക്രൂരമുഖത്തോടും കൂടി തിരിച്ചറിയാന്‍ അവസരം ഒരുക്കിയിരിക്കുകയാണ്. നിതാന്തമായ ജാഗ്രതയും ചെറുത്തു നില്‍പുമാണ് കാലം ആവശ്യപ്പെടുന്നത്. ചരിത്രത്തില്‍ എങ്ങും ഫാഷിസം അന്തിമ വിജയം നേടിയിട്ടില്ല എന്ന തിരിച്ചറിവ് പോരാട്ടങ്ങള്‍ക്ക് ശക്തി പകരട്ടെ.
kerala
വൈറ്റില ബാറില്‍ മാരകായുധങ്ങളുമായി ആക്രമണം: യുവതി ഉള്‍പ്പെടെ മൂന്നുപേര്‍ പിടിയില്‍
വൈറ്റിലയിലെ ഒരു ബാറില്‍ മാരകായുധങ്ങളുമായി നടത്തിയ അക്രമവുമായി ബന്ധപ്പെട്ട് യുവതി ഉള്‍പ്പെടെ മൂന്നു പേരെ മരട് പൊലീസ് അറസ്റ്റ് ചെയ്തു.
കൊച്ചി: വൈറ്റിലയിലെ ഒരു ബാറില്‍ മാരകായുധങ്ങളുമായി നടത്തിയ അക്രമവുമായി ബന്ധപ്പെട്ട് യുവതി ഉള്‍പ്പെടെ മൂന്നു പേരെ മരട് പൊലീസ് അറസ്റ്റ് ചെയ്തു. തിരുവനന്തപുരം സ്വദേശിനി അലീന, കൊല്ലം സ്വദേശികളായ ഷഹിന്‍ഷാ, അല്‍ അമീന് എന്നിവരാണ് പിടിയിലായത്. മറ്റൊരാള്‍, വടിവാള്‍ കൊണ്ടുവന്നതായി കണ്ടെത്തിയ തിരുവനന്തപുരം സ്വദേശി വൈഷ്ണവ്, ഇപ്പോഴും ഒളിവിലാണ്. ഞായറാഴ്ച നടന്ന സംഭവത്തില്‍ ബാറിന് പുറത്തുനിന്ന് സംഘം കാറില്‍ നിന്നിറങ്ങി വടിവാള്‍ എടുത്ത് അകത്തു കടന്നുവരുന്ന ദൃശ്യങ്ങള്‍ സി.സി.ടി.വിയില്‍ വ്യക്തമായി രേഖപ്പെട്ടു. മദ്യപിക്കുന്നതിനിടെ അഞ്ചംഗ സംഘവും അവിടെ എത്തിയ മറ്റൊരാളുമായി തര്‍ക്കത്തിലാകുകയായിരുന്നു ആദ്യ ഘട്ടത്തില്‍. ഇത് ചോദ്യം ചെയ്ത ബാര്‍ ജീവനക്കാരുമായി സംഘര്‍ഷം ശക്തമായി. പ്രതികളുടെ സംഘം ആദ്യം ബാറില്‍ നിന്ന് പുറത്തുപോയെങ്കിലും, അലീനയും കൂട്ടരും കുറച്ച് സമയത്തിനുശേഷം വടിവാളുമായി തിരികെ എത്തി. തുടര്‍ന്ന് ബാര്‍ ജീവനക്കാര്‍ക്ക് മര്‍ദനമേല്‍ക്കുകയും അക്രമം ആവര്‍ത്തിച്ച് അഞ്ചുതവണ വരെ തിരിച്ചെത്തി ആക്രമണം നടത്തിയതായും ബാര്‍ ഉടമ നല്‍കിയ പരാതിയില്‍ പറയുന്നു. വിദ്യാഭ്യാസ ആവശ്യങ്ങള്‍ക്കായി എറണാകുളത്ത് എത്തിയവരാണ് പ്രതികളെന്ന് പൊലീസ് കണ്ടെത്തിയിട്ടുണ്ട്. സംഭവത്തില്‍ അലീനയുടെ കൈക്ക് പരുക്കേല്‍ക്കുകയും ചെയ്തു.
Video Stories
ജാതി വിവേചനം; മലപ്പുറം ബിജെപിയില്‍ പൊട്ടിത്തെറി, ബിജെപി നേതാവ് രാജിവച്ചു
പാര്‍ട്ടിയില്‍നിന്ന് ജാതി വിവേചനം നേരിട്ടെന്ന് ചൂണ്ടിക്കാട്ടി മലപ്പുറം വെസ്റ്റ് ജില്ല മീഡിയ സെല്‍ കണ്‍വീനറും എടരിക്കോട് മണ്ഡലം പ്രഭാരിയുമായ മണമല്‍ ഉദേഷ് രാജിവച്ചു.
ജാതി വിവേചനത്തെ തുടര്‍ന്ന് ബിജെപിയില്‍ പൊട്ടിത്തെറി. പാര്‍ട്ടിയില്‍നിന്ന് ജാതി വിവേചനം നേരിട്ടെന്ന് ചൂണ്ടിക്കാട്ടി മലപ്പുറം വെസ്റ്റ് ജില്ല മീഡിയ സെല്‍ കണ്‍വീനറും എടരിക്കോട് മണ്ഡലം പ്രഭാരിയുമായ മണമല്‍ ഉദേഷ് രാജിവച്ചു.
തിരൂര്‍ നഗരസഭയില്‍ ബിജെപി സ്ഥാനാര്‍ഥിയായി ഉദേഷിനെ പരിഗണിച്ചിരുന്നു. കാലങ്ങളായി ചിലര്‍ സീറ്റുകള്‍ കുത്തകയാക്കി വെച്ചിരിക്കുകയായിരുന്നുവെന്നും അദ്ദേഹം ആരോപിച്ചു. പാര്‍ട്ടിയില്‍നിന്ന് ജാതി വിവേചനം നേരിട്ടെന്ന് ഉദേഷ് പറഞ്ഞു. ഉദേഷിനെ പിന്തുണയ്ക്കുന്നവരും രാജിഭീഷണി മുഴക്കി.
News
എഐ തട്ടിപ്പുകളില്‍ കുടുങ്ങരുത്; മുന്നറിയിപ്പുമായി ഗൂഗിള്‍
തൊഴിലന്വേഷകരെയും ബിസിനസുകളെയും ലക്ഷ്യമാക്കി ഓണ്‍ലൈനില്‍ നടക്കുന്ന തട്ടിപ്പുകളില്‍ എഐ (AI) വ്യാപകമായി ഉപയോഗപ്പെടുന്നതായി ഗൂഗിള്‍ മുന്നറിയിപ്പ് നല്‍കി.
തൊഴിലന്വേഷകരെയും ബിസിനസുകളെയും ലക്ഷ്യമാക്കി ഓണ്‍ലൈനില്‍ നടക്കുന്ന തട്ടിപ്പുകളില്‍ എഐ (AI) വ്യാപകമായി ഉപയോഗപ്പെടുന്നതായി ഗൂഗിള്‍ മുന്നറിയിപ്പ് നല്‍കി. വ്യാജ തൊഴില്‍ അവസരങ്ങള്‍, ക്ലോണ്‍ ചെയ്ത ബിസിനസ് വെബ്സൈറ്റുരള്‍, യഥാര്‍ത്ഥ ആപ്ലിക്കേഷനുകളോട് സാമ്യമുള്ള കബളിപ്പിക്കാന്‍ വേണ്ടി നിര്‍മ്മിക്കുന്ന ആപ്പുകള്‍ എന്നിവ നിര്‍മ്മിക്കാന്‍ ഇപ്പോള്‍ സൈബര്‍ കുറ്റവാളികള്‍ ജനറേറ്റീവ് എഐ ടൂളുകള്‍ വിനിയോഗിക്കുന്നതായി ഗൂഗുളിന്റെ ട്രസ്റ്റ് ആന്‍ഡ് സേഫ്റ്റി ടീം വ്യക്തമാക്കി. ഗൂഗിളിന്റെ മുന്നറിയിപ്പ് പ്രകാരം ഈ തട്ടിപ്പുകളില്‍ പ്രധാനമായും തൊഴിലന്വേഷകരെയും ചെറുകിട ബിസിനസ് ഉടമകളെയും ലക്ഷ്യമിടുന്നു. പലപ്പോഴും അറിയപ്പെടുന്ന കമ്പനികളുടെയോ സര്‍ക്കാര്‍ ഏജന്‍സികളുടെയോ പേരില്‍ വ്യാജ ജോലി ലിസ്റ്റിംഗുകള്‍ സൃഷ്ടിക്കപ്പെടുന്നു. ഇരകളോട് വ്യക്തിഗത വിവരങ്ങള്‍ പങ്കിടാനും, ജോലി പ്രോസസ്സിംഗ് ഫീസ് എന്ന പേരില്‍ പണം അടയ്ക്കാനും ആവശ്യപ്പെടുന്നതാണ് സാധാരണ രീതി. ചിലര്‍ മാല്‍വെയര്‍ ഇന്‍സ്റ്റാള്‍ ചെയ്യാനോ ഡാറ്റ മോഷ്ടിക്കാനോ ലക്ഷ്യമിട്ടുള്ള വ്യാജ അഭിമുഖ സോഫ്റ്റ്വെയറുകളും അയക്കുന്നു. ഇത്തരം തട്ടിപ്പുകള്‍ വ്യക്തികള്‍ക്കും സ്ഥാപനങ്ങള്‍ക്കും ഗുരുതരമായ ഭീഷണിയാണെന്ന് ഗൂഗിള്‍ മുന്നറിയിപ്പ് നല്‍കി. നിയമാനുസൃത തൊഴിലുടമകള്‍ ഒരിക്കലും സാമ്പത്തിക വിവരങ്ങളോ പേയ്മെന്റെ് ആവശ്യങ്ങളോ ഉന്നയിക്കില്ലെന്നും ഉപയോക്താക്കള്‍ ഓണ്‍ലൈനില്‍ കൂടുതല്‍ ജാഗ്രത പാലിക്കണമെന്നും ഗൂഗിള്‍ വ്യക്തമാക്കി.
-
india2 days agoപഴയ വാഹനങ്ങള്‍ക്ക് ഫിറ്റ്നസ് ടെസ്റ്റ് ഫീസ് 10 ഇരട്ടി; കേന്ദ്ര സര്‍ക്കാരിന്റെ പുതിയ നിയമം പ്രാബല്യത്തില്‍
-
kerala1 day agoമലപ്പുറത്ത് എല്‍ഡിഎഫില്‍ ഭിന്നത; സിപിഎമ്മിനെതിരെ സിപിഐ രംഗത്ത്
-
kerala1 day agoതദ്ദേശ തെരഞ്ഞടുപ്പില്‍ വൈഷ്ണയ്ക്ക് മത്സരിക്കാം; വോട്ടര്‍ പട്ടികയില്‍ നിന്ന് പേര് നീക്കിയ നടപടി റദ്ദാക്കി
-
kerala1 day agoശബരിമലയില്‍ സ്പോട്ട് ബുക്കിങ് കുറച്ച് ഹൈക്കോടതി; ദിവസേന 5000 പേര്‍ക്ക് മാത്രം അവസരം
-
kerala1 day agoസഹകരണ ബാങ്ക് ക്രമക്കേടില്‍ ബി.ജെ.പി സംസ്ഥാന ജനറല്‍ സെക്രട്ടറി എസ്.സുരേഷ് 43 ലക്ഷം തിരിച്ചടയ്ക്കാന്‍ ഉത്തരവ്
-
kerala1 day agoബീമാപള്ളി ഉറൂസ്; ശനിയാഴ്ച പ്രാദേശിക അവധി പ്രഖ്യാപിച്ച് തിരുവനന്തപുരം ജില്ലാ കളക്ടര്‍
-
Film1 day agoമമ്മൂട്ടി-വിനായകന് ചിത്രം ‘കളങ്കാവല്‍’: വിനായകന് ചെയ്ത വേഷം ആദ്യം പൃഥ്വിരാജിനായി കരുതിയതെന്ന് സംവിധായകന്
-
kerala2 days agoവാഹനാപകടത്തില്‍ കോമയിലായ ഒമ്പത് വയസ്സുകാരി ദൃഷാനക്ക് 1.15 കോടി നഷ്ടപരിഹാരം നല്‍കാന്‍ കോടതി

