Connect with us

Video Stories

നാടെങ്ങുമുയരട്ടെ ബഹുജനരോഷം

Published

on

രാജ്യവും കേരളവും അഭിമുഖീകരിക്കുന്ന നൂറുകൂട്ടം നീറുന്ന പ്രശ്‌നങ്ങള്‍ക്കു മുന്നില്‍ വിറങ്ങലിച്ചുനില്‍ക്കുകയോ ജനങ്ങളെ പരിഹസിക്കുകയോ ചെയ്യുന്ന നിലപാടാണ് ഭരണകൂടങ്ങള്‍ സ്വീകരിച്ചുകൊണ്ടിരിക്കുന്നത്. ഇതിനെതിരെ ജനങ്ങളുടെ പ്രതിഷേധക്കൊടുങ്കാറ്റ ് ഉയര്‍ത്തുന്നതിനായുള്ള ഒരുക്കമാണ് ഇന്നലെ തിരുവനന്തപുരത്തു ചേര്‍ന്ന യു.ഡി.എഫ് സംസ്ഥാന തല സമര പ്രഖ്യാപന കണ്‍വന്‍ഷന്‍. കണ്‍വന്‍ഷന്‍ ഉദ്ഘാടനം ചെയ്ത കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതിയംഗം എ.കെ ആന്റണിയും മുസ്്‌ലിംലീഗ് സംസ്ഥാന പ്രസിഡണ്ട് പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങളും അടക്കമുള്ള മുതിര്‍ന്ന നേതാക്കള്‍ ഉന്നയിച്ച വിഷയങ്ങള്‍ ഏറെ ഗൗരവമര്‍ഹിക്കുന്നു. അധികാര അഹന്തക്കെതിരായ നിരന്തര സമരങ്ങളുടെ കാലമാണ് ഇനി വരാന്‍ പോകുന്നത്. നരേന്ദ്ര മോദി സര്‍ക്കാര്‍ രാജ്യത്തെ ജനങ്ങളെ പരസ്പരം അവിശ്വാസം വര്‍ധിപ്പിച്ചും സാമ്പത്തികക്കെടുതി വിതച്ചും മുന്നോട്ടുപോകുമ്പോള്‍ കേരളത്തില്‍ എട്ടു മാസം മുമ്പ് അധികാരത്തിലേറിയ ഇടതുപക്ഷ മുന്നണി സര്‍ക്കാര്‍ ജനങ്ങളെ എങ്ങനെ പരമാവധി ദ്രോഹിക്കാമെന്നതിനെക്കുറിച്ച് ഗവേഷണം നടത്തുകയാണ്. സാമാന്യമായ മുന്നണി മര്യാദകളും കൂട്ടുത്തരവാദിത്തവും നഷ്ടപ്പെട്ട മുന്നണിയും സര്‍ക്കാരും ജനങ്ങളുടെ പ്രശ്‌നങ്ങള്‍ക്ക് ചെവികൊടുക്കുന്നില്ലെന്നുമാത്രമല്ല, റേഷനരിയും വിലക്കയറ്റവും പോലുള്ള ജീവല്‍ പ്രശ്‌നങ്ങളില്‍ കേന്ദ്രത്തെയും മുന്‍ സര്‍ക്കാരിനെയും കുറ്റപ്പെടുത്തി ഉത്തരവാദിത്തങ്ങളില്‍ നിന്ന് ഒഴിഞ്ഞുമാറുന്നു.
ദേശാന്തരങ്ങളില്‍ രാജ്യത്തിന്റെ യശസ്സ് വാനോളമുയര്‍ത്തിയ, മുന്‍ കേന്ദ്ര മന്ത്രിയും മുസ്്‌ലിംലീഗ് അഖിലേന്ത്യാപ്രസിഡണ്ടുമായ ഇ. അഹമ്മദിന് മരണ ശേഷവും മോദി സര്‍ക്കാരിന്റെ രാഷ്ട്രീയ ലാഭത്തിനുവേണ്ടി മണിക്കൂറുകള്‍ ആസ്പത്രിയില്‍ കിടക്കേണ്ടിവന്നു. ഡോക്ടര്‍മാരായ ബന്ധുക്കള്‍ക്കും കോണ്‍ഗ്രസ് പ്രസിഡണ്ടിനുപോലും കാണാന്‍ മണിക്കൂറുകളോളം അവസരം ലഭിച്ചില്ല. ഇതിന് സാമാന്യമായ വിശദീകരണം നല്‍കാന്‍ പോലും ഭാരതീയ സംസ്‌കാരത്തെക്കുറിച്ച് വീമ്പിളക്കുന്ന ഒരു സര്‍ക്കാരിനാവുന്നില്ല. ഉത്തര്‍പ്രദേശിലടക്കം അഞ്ചു സംസ്ഥാനങ്ങളില്‍ കഴിഞ്ഞ ദിവസം സമാരംഭിച്ച നിയമസഭാ തെരഞ്ഞെടുപ്പുകള്‍ക്കിടെ വിഷ ലിപ്തവും മലീമസവുമായ വിദ്വേഷ പ്രചാരണമാണ് കേന്ദ്ര ഭരണകക്ഷിയുടെ ആളുകള്‍ നടത്തിക്കൊണ്ടിരിക്കുന്നത്.
അയോധ്യയില്‍ രാമജന്മ ഭൂമി ക്ഷേത്രം നിര്‍മിക്കുമെന്ന് വാദ്ഗാനം നല്‍കിയിരിക്കുകയാണ് അവിടെയുണ്ടായിരുന്ന ചരിത്ര പ്രസിദ്ധമായ ബാബരി മസ്ജിദ് തകര്‍ത്ത കക്ഷി തന്നെ പ്രകടന പത്രികയിലൂടെ ചെയ്തിരിക്കുന്നത്. അധികാരത്തിലെത്തിയാല്‍ യു.പിയിലെ മുസ്‌ലിം ഭൂരിപക്ഷ പ്രദേശമായ മൊറാദാബാദ്, ഖൈറാന, ദയൂബന്ദ് എന്നിവിടങ്ങളില്‍ നിരന്തര കര്‍ഫ്യൂ നടപ്പാക്കുമെന്ന് ബി.ജെ.പിയുടെ എം.എല്‍.എ സുരേഷ് റാന തെരഞ്ഞെടുപ്പു പ്രസംഗത്തില്‍ പറയുന്നു. സാക്ഷി മഹാരാജ് എന്ന കേന്ദ്ര ഭരണകക്ഷിയുടെ ലോക്‌സഭാംഗം പറയുന്നത; ജനസംഖ്യ വര്‍ധിക്കുന്നത് മുസ്്‌ലിംകള്‍ നാലുകെട്ടുന്നതും നാല്‍പതു കുട്ടികളുണ്ടാകുന്നതും കൊണ്ടാണെന്നാണ്. ഇതിനെതിരെയൊന്നും കാര്യമായ നടപടികളെടുക്കാനോ രാജ്യത്തെ ന്യൂനപക്ഷ പീഡിത വിഭാഗങ്ങള്‍ക്ക് സുരക്ഷാബോധം നല്‍കാനോ കേന്ദ്ര സര്‍ക്കാര്‍ തയ്യാറല്ലെന്നു മാത്രമല്ല, രാജ്യത്തെ കോടിക്കണക്കിന് വരുന്ന പാവപ്പെട്ടവരും സാധാരണക്കാരുമായ, തൊഴിലാളികള്‍, കര്‍ഷകര്‍, ചെറുകിട കച്ചവടക്കാര്‍ എന്നിവരെയൊക്കെ തൊഴിലില്ലാതാക്കിയും പട്ടിണിയിലാക്കിയും നോട്ടു നിരോധനം കൊണ്ട് പൊറുതി മുട്ടിക്കുകയാണ് ഇക്കൂട്ടര്‍. മോദിയാകട്ടെ ദലിത്, മുസ്‌ലിം വിഷയങ്ങളിലല്ല; എങ്ങനെ പ്രതിച്ഛായ മെച്ചപ്പെടുത്താമെന്ന രീതിയില്‍ ലക്ഷങ്ങളുടെ വസ്ത്രമണിഞ്ഞും ഉലകം ചുറ്റിയും ഉലാത്തി നടക്കുകയാണ്. ദലിത് വിഭാഗങ്ങള്‍, അവര്‍ വിദ്യാര്‍ഥികളോ ദരിദ്രരോ ആകട്ടെ സ്വന്തം വിദ്യാഭ്യാസത്തിനോ മൃതദേഹം മറവുചെയ്യാന്‍ പോലുമോ ഇടമില്ലാതെ അലയുന്നു. ഇവിടെയാണ് കള്ളപ്പണത്തിന്റെ പേരു പറഞ്ഞ് കോടിക്കണക്കിന് രൂപ വന്‍ കിടക്കാര്‍ക്കുവേണ്ടി വെളുപ്പിക്കാന്‍ അവസരമൊരുക്കി നാട്ടില്‍ അഞ്ഞൂറ്, ആയിരം രൂപ നോട്ടുകള്‍ മോദി സര്‍ക്കാര്‍ റദ്ദാക്കിയത്. അമ്പത് ദിവസം സഹിക്കൂ എന്നു പറഞ്ഞയാള്‍ മൂന്നു മാസമായിട്ടും നിയന്ത്രണങ്ങളില്‍ നിന്ന് ജനങ്ങളെ രക്ഷിക്കുന്നില്ല. കേന്ദ്ര ബജറ്റില്‍ കേരളത്തിന് ഒരു പദ്ധതി പോലും ലഭിച്ചില്ല.
കേരളത്തിലെ ഇടതു മുന്നണി സര്‍ക്കാറാകട്ടെ, തങ്ങളെ അധികാരത്തിലേറ്റിയാല്‍ എല്ലാം ശരിയാക്കാമെന്നാണ് ജനങ്ങള്‍ക്ക് നല്‍കിയ ഉറപ്പ്. അരിയുടെയും പച്ചക്കറിയുടെയും മറ്റും വില കുത്തനെ ഉയര്‍ന്നിരിക്കുന്നു. റേഷന്‍ ധാന്യങ്ങള്‍ കിട്ടാത്ത അവസ്ഥ സംസ്ഥാനചരിത്രത്തില്‍ ഇതാദ്യം. എല്ലാം ശരിയാക്കാനാകില്ലെന്ന് ഒരു മന്ത്രി തുറന്നു പറഞ്ഞിരിക്കുന്നത് ഭരണ പരാജയത്തിന്റെ പരസ്യ സമ്മതമാണ്. വിദ്യാര്‍ഥികള്‍ തങ്ങളുടെ അടിസ്ഥാന ആവശ്യമായ വിദ്യക്കുവേണ്ടി തെരുവിലിറങ്ങി സമരം ചെയ്യുന്ന സ്ഥിതി വന്നിരിക്കുന്നു. പ്രതിഷേധിക്കുന്നവര്‍ക്ക് മരണമാണ് ശിക്ഷ. ഭരണകക്ഷിയുടെ വിദ്യാര്‍ഥി സംഘടനയില്‍പെട്ട എഞ്ചിനീയറിങ് വിദ്യാര്‍ഥി മരിച്ച് ഒരുമാസം പിന്നിടുമ്പോള്‍ തിരുവനന്തപുരം ലോ അക്കാദമിയില്‍ വിദ്യാര്‍ഥി സമരത്തെ ഒറ്റുകൊടുത്തിരിക്കുകയാണ് എസ്.എഫ്.ഐ. ഇതിനെതിരെ ഭരണമുന്നണിയിലെ തന്നെ രണ്ടാംകക്ഷിയായ സി.പി.ഐ പരസ്യമായി രംഗത്തുവന്നപ്പോള്‍ അവരെ വിരട്ടാനാണ് മുഖ്യമന്ത്രി ശ്രമിക്കുന്നത്. അക്കാദമിക്ക് കൊടുത്ത സര്‍ക്കാര്‍ ഭൂമിയെക്കുറിച്ച് റവന്യൂ വകുപ്പ് അന്വേഷിക്കുമ്പോള്‍ അതുണ്ടാവില്ലെന്ന് പറയുന്നു മുഖ്യമന്ത്രി. ഒരു എം.എല്‍.എയും നേതാവും നിരാഹാരമിരിക്കുന്നതിനെ പരിഹസിക്കുന്നു. തിരുകൊച്ചിയിലെ മുന്‍ധനമന്ത്രിയെ ഏതു പിള്ള എന്നു ചോദിച്ച് ആക്ഷേപിച്ചതും ഇതേ മുഖ്യമന്ത്രിയാണ്. സി.പി.എം നേതാവ് അടങ്ങുന്ന നാലു പേര്‍ വീട്ടമ്മയെ ക്രൂരമായി ബലാല്‍സംഗം ചെയ്ത ശേഷം മൊഴി മാറ്റിച്ചു. സി.പി.എം ഏരിയാസെക്രട്ടറി ഗുണ്ടാകേസില്‍ അറസ്റ്റിലായെങ്കിലും സര്‍ക്കാര്‍ ഔദാര്യത്തില്‍ ജാമ്യത്തിലിറങ്ങി.
കണ്ണൂരില്‍ സംസ്ഥാന സ്‌കൂള്‍ കലോല്‍സവം നടക്കുമ്പോള്‍ പോലും കുട്ടികളില്‍ ഭീതിപരത്തി രാഷ്ട്രീയ പ്രതിയോഗിയെ വെട്ടിക്കൊന്ന് അതും ആഘോഷമാക്കിയവരാണ് ഭരണക്കാര്‍. ഭരണം നടത്തുന്ന ഉന്നത ഉദ്യോഗസ്ഥര്‍ക്ക് പരസ്പരം വിശ്വാസമില്ലാത്ത അവസ്ഥയില്‍ ഒരു ഉദ്യോഗസ്ഥനെ പിന്തുണച്ച് അഴിമതിക്കെതിരെ മേനി നടിക്കുന്നൊരു മുഖ്യമന്ത്രി. ഭരണ പരിഷ്‌കാര കമ്മീഷനും സെക്രട്ടറിയേറ്റിലെ ഉദ്യോഗസ്ഥ വൃന്ദവും പോലും എതിര്‍ക്കുന്ന കേരള അഡ്മിനിസ്‌ട്രേറ്റീവ് സര്‍വീസുമായി മുന്നോട്ടു പോകുമെന്ന വാശിയിലാണ് സര്‍ക്കാര്‍. ഇതിനെല്ലാമെതിരെ അധികാരക്കോട്ടകള്‍ തകര്‍ക്കുന്ന പ്രക്ഷോഭക്കൊടുങ്കാറ്റായി ഉയരട്ടെ യു.ഡി.എഫിന്റെ ജനകീയപ്രക്ഷോഭം.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

Video Stories

ആറു ജില്ലകളില്‍ യെല്ലോ അലര്‍ട്ട്; തെക്കന്‍ കേരളത്തില്‍ പ്രത്യേക ജാഗ്രതാ നിര്‍ദേശം

ബീച്ചിലേക്കുള്ള യാത്രകളും കടലില്‍ ഇറങ്ങിയുള്ള വിനോദങ്ങളും പൂര്‍ണമായും ഒഴിവാക്കുക

Published

on

സംസ്ഥാനത്ത് അടുത്ത 5 ദിവസം ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. ശക്തമായ മഴ കണക്കിലെടുത്ത് ഇന്ന ആറ് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു

വെള്ളിയാഴ്ച ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂര്‍, പാലക്കാട് എന്നീ ജില്ലകളിലാണ് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുള്ളത്. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. 24 മണിക്കൂറില്‍ 64.5 മില്ലിമീറ്റര്‍ മുതല്‍ 115.5 മില്ലിമീറ്റര്‍ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴ എന്നത് കൊണ്ട് അര്‍ത്ഥമാക്കുന്നത്.

പ്രത്യേക ജാഗ്രതാ നിര്‍ദേശം

തെക്കന്‍ കേരളത്തില്‍ യെല്ലോ അലര്‍ട്ട് ആണ് പ്രഖ്യാപിച്ചിരിയ്ക്കുന്നതെങ്കിലും മഴ ശക്തി പ്രാപിയ്ക്കാന്‍ സാധ്യതയുള്ളതിനാല്‍ മലയോര മേഖലയില്‍ പ്രത്യേക ജാഗ്രത പുലര്‍ത്തേണ്ടതാണ്.

ഉയര്‍ന്ന തിരമാല ജാഗ്രത നിര്‍ദേശം

കേരള തീരത്ത് വെള്ളിയാഴ്ട രാത്രി 11.30 വരെ 1.5 മുതല്‍ 1.9 മീറ്റര്‍ വരെ ഉയര്‍ന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യതയുണ്ടെന്ന് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം അറിയിച്ചു. മത്സ്യത്തൊഴിലാളികളും തീരദേശവാസികളും ജാഗ്രത പാലിയ്ക്കണമെന്നും മുന്നറിയിപ്പില്‍ പറയുന്നു.

കടല്‍ക്ഷോഭം രൂക്ഷമാകാന്‍ സാധ്യതയുള്ളതിനാല്‍ അപകട മേഖലകളില്‍ നിന്ന് അധികൃതരുടെ നിര്‍ദേശാനുസരണം മാറി താമസിക്കണം.
മല്‍സ്യബന്ധന യാനങ്ങള്‍ (ബോട്ട്, വള്ളം, മുതലായവ) ഹാര്‍ബറില്‍ സുരക്ഷിതമായി കെട്ടിയിട്ട് സൂക്ഷിക്കുക. വള്ളങ്ങള്‍ തമ്മില്‍ സുരക്ഷിത അകലം പാലിക്കുന്നത് കൂട്ടിയിടിച്ചുള്ള അപകട സാധ്യത ഒഴിവാക്കാം. മല്‍സ്യബന്ധന ഉപകരണങ്ങളുടെ സുരക്ഷ ഉറപ്പാക്കണം.
ബീച്ചിലേക്കുള്ള യാത്രകളും കടലില്‍ ഇറങ്ങിയുള്ള വിനോദങ്ങളും പൂര്‍ണമായും ഒഴിവാക്കുക.

Continue Reading

Indepth

കരുവന്നൂര്‍ ബാങ്ക്തട്ടിപ്പ്: സതീഷ് കുമാറും അരവിന്ദാക്ഷനും ഹോട്ടല്‍ നടത്തിപ്പില്‍ പങ്കാളികള്‍; ഓഡിയോ പുറത്ത്

വടക്കഞ്ചേരി നഗരസഭ കൗണ്‍സിലറും സി.പി.എം നേതാവുമാണ് പി ആര്‍ അരവിന്ദാക്ഷന്‍.

Published

on

കരുവന്നൂര്‍ സഹകരണ ബാങ്ക് തട്ടിപ്പില്‍ ഇഡി അറസ്റ്റ് ചെയ്ത പി സതീഷ് കുമാറും പി ആര്‍ അരവിന്ദാക്ഷനും ഹോട്ടല്‍ നടത്തിപ്പില്‍ പങ്കാളികളായിരുന്നത് തെളിയിക്കുന്ന നിര്‍ണ്ണായക ഓഡിയോ പുറത്ത്. ഹോട്ടലിലെ മുന്‍ജീവനക്കാരന്റെ ഓഡിയോയാണ്‌
പുറത്ത് വന്നിരിക്കുന്നത്. പി സതീഷ് കുമാര്‍, പി ആര്‍ അരവിന്ദാക്ഷന്‍, എന്നിവര്‍ അടക്കം 5  പേര്‍ ചേര്‍ന്ന് ലീസിനെടുത്ത് ഹോട്ടല്‍ നടത്തിയിരുന്നുവെന്നാണ് ശബ്ദരേഖയില്‍ മുന്‍ ജീവനക്കാരന്‍ പറയുന്നത്.

ഹോട്ടല്‍ നഷ്ടം മൂലം പൂട്ടിപ്പോയതായും ഓഡിയോയില്‍ പറയുന്നുണ്ട്. പി സതീഷ് കുമാറും പി ആര്‍ അരവിന്ദാക്ഷനും  തമ്മിലുള്ള ബന്ധം വ്യക്തമാക്കുന്നതാണ് പുറത്തുവന്ന ശബ്ദരേഖ.

നേരത്തെ കരുവന്നൂര്‍ തട്ടിപ്പുമായി ബന്ധപ്പെട്ട് പി ആര്‍ അരവിന്ദാക്ഷനെ ഇഡി ചോദ്യം ചെയ്തിരുന്നു. ചോദ്യം ചെയ്യലിനിടെ ഇഡി മര്‍ദ്ദിച്ചെന്ന് അരവിന്ദാക്ഷന്‍ പിന്നീട് പൊലീസില്‍ പരാതി നല്‍കി. സിറ്റി പൊലീസ് കമ്മീഷണറുടെ നിര്‍ദ്ദേശ പ്രകാരം എറണാകുളം സെന്‍ട്രല്‍ സിഐ പരാതിയില്‍ പ്രാഥമിക അന്വേഷണം നടത്തിയിരുന്നു. ഇഡി ഓഫീസിലെത്തിയാണ് പൊലീസ് പ്രാഥമിക അന്വേഷണം നടത്തിയത്.

എന്നാല്‍ ഈ പരാതിയില്‍ ഇഡിക്കെതിരെ കേസെടുക്കുന്നത് വൈകും. ഇഡിക്കെതിരെ വ്യക്തമായ തെളിവില്ലാതെ കേസെടുക്കുന്നത് തിരിച്ചടിയാകുമെന്നാണ് നിയമോപദേശം. പൊലീസ് നേരത്തെ നിയമോപദേശം തേടിയിരുന്നു. എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്താന്‍ തിരിച്ചടിയാകുമോ എന്നതിലായിരുന്നു നിയമോപദേശം തേടിയത്.

വടക്കഞ്ചേരി നഗരസഭ കൗണ്‍സിലറും സി.പി.എം നേതാവുമാണ് പി ആര്‍ അരവിന്ദാക്ഷന്‍. ഇതിനിടയിലാണ് പിആര്‍ അരവിന്ദാക്ഷനും കേസില്‍ അറസ്റ്റിലായ പി സതീഷ് കുമാറും തമ്മിലുള്ള ബന്ധം തെളിയിക്കുന്ന ശബ്ദരേഖ പുറത്ത് വന്നിരിക്കുന്നത്.

കരുവന്നൂര്‍ ബാങ്ക് തട്ടിപ്പിലെ കള്ളപ്പണ ഇടപാട് കേസില്‍ പൊലീസിനെതിരെ നേരത്തെ ഇഡി രംഗത്തുവന്നിരുന്നു. അന്വേഷണ വിവരങ്ങള്‍ പൊലീസ് ചോര്‍ത്തുന്നുവെന്നായിരുന്നു പരാതി. ഇഡി ഓഫീസിന് മുന്നില്‍ രഹസ്യ പൊലീസ് ക്യാമ്പ് ചെയ്യുന്നുവെന്നും ഓഫീസിലെത്തുന്നവരുടെ വിവരങ്ങള്‍ ചോര്‍ത്തുന്നുവെന്നും ഇഡി ആരോപിച്ചിരുന്നു. അന്വേഷണ ഉദ്യോഗസ്ഥരെ പിന്തുടരുന്നുവെന്നും കൊച്ചിയിലെ റെയ്ഡ് നടന്ന സ്ഥലത്ത് ക്യാമ്പ് ചെയ്തത് മഫ്തി പൊലീസ് സംഘമെന്നും ഇഡി പറഞ്ഞിരുന്നു.

Continue Reading

Celebrity

നവതി ആഘോഷിക്കുന്ന നടൻ മധുവിന് ആശംസ നേർന്ന്, ഓർമകൾ പങ്കിട്ട് നടി ഭാഗ്യശ്രീ

Published

on

എന്റെ ആദ്യത്തെ മലയാള സിനിമ ഭരതൻ സംവിധാനം ചെയ്ത ” ഇത്തിരി പൂവേ ചുവന്ന പൂവേ ” എന്ന ചിത്രമാണ് , കേവലം 14 വയസ്സുമാത്രം പ്രായമുള്ളപ്പോഴാണ് റഹ്മാന്റെ നായികയായി ആ ചിത്രത്തിൽ ഞാൻ അഭിനയിക്കുന്നത് .മമ്മൂക്ക , ശോഭന ചേച്ചി , കെ. ആർ വിജയ ആന്റി, നെടുമുടി ചേട്ടൻ അങ്ങനെ വലിയ ഒരു താരനിരയുള്ള ചിത്രം . മധു സാർ ആയിരുന്നു റഹ്മാന്റെ അച്ഛനായി അഭിനയിച്ചത്. റഹ്മാന്റെ കൂടെ എന്നെ കണ്ടപ്പോൾ മധുസാറിന്റെ കഥാപാത്രം എന്നെ വിശദമായി ചോദ്യം ചെയ്യും .ഞാൻ ഉടനെ തേങ്ങിക്കരയും.

അതോടെ മധുസർ ആകെ വെപ്രാളത്തിലായി .ഇന്നും ആ രംഗം ടിവിയിൽ കാണുമ്പോൾ പഴയകാല ഓർമ്മകൾ എന്നിലേക്കോടിയെത്തും .അച്ഛന്റെ കയ്യിൽ തൂങ്ങി കോഴിക്കോടുള്ള ലൊക്കേഷനിൽ എത്തുമ്പോൾ അവിടെ മധുസാർ ഉൾപ്പടെ എല്ലാവരുമുണ്ടായിരുന്നു.മധുസാറിനെ കാണിച്ച്‌ എന്റെ അച്ഛൻ പറഞ്ഞു ” പാപ്പാ ഇവർ വന്ത് സൗത്ത് ഇൻഡ്യവിലെ പെരിയ നടികർ. കാൽതൊട്ട് ആശിർവാദം വാങ്കണം ” ഞാൻ അച്ഛൻ പറഞ്ഞപോലെ മധു സാറിന്റെ കാലിൽ തൊട്ടു. മധുസാർ എന്റെ മൂർദ്ധാവിൽ ചുംബിച്ച ശേഷം “മോൾ എല്ലാവരും ഇഷ്ടപെടുന്ന നല്ല അഭിനേത്രിയാവട്ടെ’ എന്നനുഗ്രഹിച്ചു.

അഭിനയിക്കുമ്പോൾ തുടക്കക്കാരി എന്ന നിലയിൽ മധുസാർ വളരെ ക്ഷമയോടെ എല്ലാം പറഞ്ഞുതന്നു.അതിനാൽ മധുസാറുമൊത്തുള്ള കോമ്പിനേഷൻ സീൻ വളരെ മനോഹരമാവുകയും ചെയ്തു . പിന്നീട് കുറെ സിനിമകളിൽ മധുസാറിനോടൊത്ത് അഭിനയിക്കാൻ കഴിഞ്ഞു .

അദ്ദേഹത്തിന്റെ പുത്രീതുല്യമായ വാത്സല്യം ഏറെ അനുഭവിക്കാൻ എനിക്ക് കഴിഞ്ഞത് മഹാഭാഗ്യമായി ഞാൻ ഇന്നും കരുതുന്നു . 1999ൽ സിനിമാഭിനയം നിർത്തി ഞാൻ ദാമ്പത്യ ജീവിതത്തിൽ പ്രവേശിച്ചതോടെ മധുസാറുമായുള്ള കൂടിക്കാഴ്ചകളും ഇല്ലാതായി . സാർ മദിരാശിയിൽ നിന്നും തിരുവനന്തപുരത്തേക്ക് തന്നെ സ്ഥിരതാമസമാക്കിയതിനാൽ പിന്നെ ഇതുവരെ കാണാൻ കഴിഞ്ഞിട്ടില്ല .

കഴിഞ്ഞ കുറച്ചു വർഷങ്ങളായി മധു സാർ അധികം വീടുവിട്ടുപോകാറില്ല എന്നറിഞ്ഞിരുന്നു . ഇന്ന് അദ്ദേഹത്തിന്റെ നവതിയാണ് ,ഒരു ഗിഫ്റ്റുമായി നേരിൽ കാണേണ്ടതാണ് , ഞാനിപ്പോൾ ചെന്നൈയിൽ ഷൂട്ടിംഗ് ലൊക്കേഷനിലാണ് .അതിനാൽ സാറിനെ നേരിട്ട് പോയി ആശംസകൾ അറിയിക്കാനുള്ള സാഹചര്യമല്ല .2018 മുതൽ അഭിനയരംഗത്തേക്ക് ഞാൻ തിരിച്ചു വന്നിരിക്കുന്നു .

ഇനി തിരുവനന്തപുരത്തുപോകുമ്പോൾ തീർച്ചയായും കണ്ണമ്മൂലയിൽ ഉള്ള സാറിന്റെ വീട്ടിൽ പോകണം. സാറിന്റെ അനുഗ്രഹങ്ങൾ വാങ്ങി വിശേഷങ്ങൾ പങ്കിടണം എന്ന് വളരെയേറെ ആഗ്രഹിക്കുന്നു . പ്രപഞ്ചനാഥൻ മധുസാറിന് നല്ല ആരോഗ്യം പ്രദാനം ചെയ്യാൻ ആത്മാർഥമായി പ്രാർത്ഥിക്കുന്നു , ഇതേ ആരോഗ്യത്തോടെ സാറിന്റെ നൂറാം പിറന്നാൾ ആഘോഷിക്കാൻ സർ നമ്മോടൊപ്പമുണ്ടാകണം എന്നാണാഗ്രഹം . ഭാഗ്യശ്രീ പറഞ്ഞു നിർത്തി . തെന്നിന്ധ്യയിലെ പഴയകാല നായിക ഭാഗ്യശ്രീ എന്ന ഭാഗ്യലക്ഷ്മി ഇന്ന് നവതിയാഘോഷിക്കുന്ന മലയാള സിനിമയിലെ താര രാജാവായ മധുവിന് ചന്ദ്രിക ഓൺലൈനിലൂടെ ആശംസകൾ നേർന്നു .

Continue Reading

Trending