കെപി ജലീല്‍

അറുപത്താറു കോടിയുടെ വരവില്‍ കവിഞ്ഞ സ്വത്തു സമ്പാദനക്കേസില്‍ ബാംഗ്ലൂര്‍ പ്രത്യേകകോടതി വിധിക്കെതിരായ അപ്പീലില്‍ സുപ്രീംകോടതി വിധി വരാന്‍ ദിവസങ്ങള്‍ മാത്രം ബാക്കിയിരിക്കെ കേസിലെ രണ്ടാം പ്രതി മുഖ്യമന്ത്രിയാകുന്നതിനു പിന്നിലെ രാഷ്രീയമെന്താണ്? മുഖ്യമന്ത്രിയായ പ്രതിക്കെതിരായാണ് വിധിയെങ്കില്‍ ജയിലില്‍ കിട്ടാവുന്ന മുന്തിയ സൗകര്യങ്ങളും പരിഗണനയുമായിരിക്കാം ഒന്ന്. ഇനി വിധി അനുകൂലമാണെങ്കില്‍ കോടതിയുടെ പിന്തുണയോടെ മുഖ്യമന്ത്രിപദക്കയറ്റം ആഘോഷമാക്കുക. രണ്ടായാലും വിവേകാനന്ദ കൃഷ്ണ വേണി ശശികല എന്ന അറുപത്തൊന്നുകാരിക്ക് വരും നാളുകള്‍ നിര്‍ണായകമാണെന്ന കാര്യത്തില്‍ സംശയമില്ല. തമിഴ്‌നാട് മുഖ്യമന്ത്രി പദത്തിലേക്ക് വി.എന്‍ ജാനകിക്കും ജയലളിത ജയറാമിനും ശേഷം കടന്നുവരുന്ന മൂന്നാമത്തെ പെണ്‍പുളൈ മുഖ്യമന്ത്രി സംസ്ഥാനത്തെ ഏറ്റവും ജനപിന്തുണ കുറഞ്ഞ മുഖ്യമന്ത്രിയാകുകയാണ്. ഇതിനെ ദ്രാവിഡ ജനത എങ്ങനെ സ്വീകരിക്കുമെന്ന് ഉറ്റുനോക്കുകയാണ് ഇന്ത്യ. എന്തായാലും ഗവര്‍ണര്‍ ഇന്നലെ രാത്രി ഇടപ്പെട്ടതോടെ കാര്യങ്ങള്‍ ശശികലയുടെ പിടിയില്ലല്ല. പ്രസംഗപാടവമോ പാര്‍ട്ടി പരിചയമോ ഭരണനേതൃത്വമോ ഒന്നുമില്ലാതെ ശശികലക്ക് മുഖ്യമന്ത്രിക്കസേരയില്‍ എങ്ങനെ ശോഭിക്കാനാകും. പിന്‍വാതിലിലൂടെ ‘ചിന്നമ്മ’ വരുമ്പോള്‍ ജനാധിപത്യം മരവിച്ചുനില്‍ക്കുകയാണ്.
തന്റെ യജമാനത്തിയും പാര്‍ട്ടി നേതാവും മുഖ്യമന്ത്രിയുമായ ജയലളിത മരണപ്പെട്ട് രണ്ടുമാസം തികയുന്ന ദിവസമാണ് രാഷ്ട്രീയമായ അര്‍ഥതലങ്ങള്‍ ഒരുപാട് വികസിപ്പിച്ചുകൊണ്ട് ശശികല തമിഴ്‌നാട് രാഷ്ട്രീയത്തിന്റെയും അധികാരത്തിന്റെയും തലപ്പത്തേക്ക് കയറിവരുന്നത്. ഞായറാഴ്ച അണ്ണാ ഡി.എം.കെ എം.എല്‍.എമാര്‍ ഒറ്റക്കെട്ടായി പാര്‍ട്ടി ജനറല്‍ സെക്രട്ടറിയായി ഒരുമാസം മുമ്പ് ചുമതലയേറ്റ ശശികലയെ പാര്‍ലമെന്റി പാര്‍ട്ടി നേതാവായി തെരഞ്ഞെടുത്തതുവഴി നേരിടേണ്ടത് ഇനി പാര്‍ട്ടിക്ക് അകത്തും പുറത്തുമുള്ള വന്‍പ്രതിഷേധത്തെയാണ്. കൂടാതെ കുതികാല്‍വെട്ടുകാരെയും. ശശികലക്ക് വേണ്ടി തമിഴ്‌നാട്ടിലെവിടെയും പതിവുരീതിയിലുള്ള പടക്കംപൊട്ടിക്കലോ അഘോഷാരവങ്ങളോ ഉണ്ടായില്ലെന്നു മാത്രമല്ല, കോയമ്പത്തൂര്‍ പോലുള്ള നഗരങ്ങളില്‍ ഈ തീരുമാനത്തിനെതിരെ വന്‍ പ്രതിഷേധവും ഉയര്‍ന്നുവരികയാണ്. പാര്‍ട്ടി തീരുമാനമായി വ്യാഖ്യാനിക്കാമെങ്കിലും മുഖ്യമന്ത്രി പദത്തിലേക്കുള്ള ശശികലയുടെ അരങ്ങേറ്റം അണികള്‍ പൂര്‍ണ മനസ്സോടെ അംഗീകരിക്കുന്നില്ലെന്നതാണ് വാര്‍ത്തകളിലൂടെ പുറത്തുവരുന്ന സൂചനകള്‍. എം.ജി.ആര്‍ മരണപ്പെട്ട 1987ല്‍ രണ്ടാം ഭാര്യ വി.എന്‍ ജാനകിയെ മുഖ്യമന്ത്രിയാക്കിയതിന് സമാനമാണ് സമകാല സംഭവവികാസങ്ങള്‍. അനന്തരാവകാശികളില്ലാത്ത ജയലളിതയുടെ സ്വത്തിന്റെ കാര്യത്തിലും പോയസ് ഗാര്‍ഡന്‍ വസതി ഉപയോഗിക്കുന്നതിലും ശശികലക്ക് എതിരായി വിധിയുണ്ടാകാനുള്ള സാധ്യതയും ഈ തിടുക്കപ്പെട്ട തീരുമാനത്തിന് പിന്നിലുണ്ടാകാം. 113.73 കോടിയുടെ സ്വത്താണ് 2015ല്‍ തെരഞ്ഞെടുപ്പ് കമ്മീഷന് ജയലളിത നല്‍കിയ സത്യവാങ് മൂലത്തില്‍ വെളിപ്പെടുത്തിയിരുന്നത്.
കഴിഞ്ഞ അഞ്ചു പതിറ്റാണ്ടോളമായി തമിഴ്‌നാട് ദ്രാവിഡ രാഷ്ട്രീയത്തിന്റെ പിടിയിലമര്‍ന്നിട്ട്. ദേശീയ മുഖ്യധാരയേക്കാള്‍ തമിഴ്‌നാട്ടിലെ ജനത ദ്രാവിഡ സ്വത്വത്തിലാണ് കൂടുതലും മനസ്സൂന്നുന്നതെന്ന് അവരുടെ കഴിഞ്ഞ കാല നിലപാടുകളും പെരുമാറ്റ രീതിയും വ്യക്തമാക്കുന്നുണ്ട്. അതനുസരിച്ച് കോണ്‍ഗ്രസ്, ബി.ജെ.പി, ഇടതുപക്ഷം പോലുള്ള ശക്തികള്‍ക്ക് ഇവിടെ വേരോട്ടമുണ്ടാകുന്നില്ല. ഇന്ത്യയുടെ ഇന്ത്യക്കാരനായ ആദ്യ ഗവര്‍ണര്‍ ജനറല്‍ സി. രാജഗോപാലാചാരി 1952ലും കോണ്‍ഗ്രസ് ദേശീയ പ്രസിഡണ്ട് കെ. കാമരാജ് നാടാര്‍ 1953ലും ഭരിച്ച് ഇന്ത്യന്‍ ദേശീയത തിളങ്ങിനിന്നതായിരുന്നു ഒരു കാലത്ത് തമിഴ്‌നാട്. 1967ല്‍ അണ്ണാദുരൈ മുഖ്യമന്ത്രിയായതോടെയാണ് ഡി.എം.കെക്ക് ഇവിടെ ദ്രാവിഡ രാഷ്ട്രീയത്തിന്റെ മേല്‍വിലാസം ലഭിക്കുന്നത്. അതിനുശേഷം നീണ്ട കാലമായി കരുണാധിനിയും എം.ജി.രാമചന്ദ്രനും ജയലളിതയും ആയിരുന്നു ഈ ദ്രാവിഡ രാഷ്ട്രീയത്തിന്റെ ചുക്കാനേന്തിയവര്‍. ഡി.എം. കെയില്‍ നിന്ന് വേറിട്ട് എം.ജി.ആര്‍ അണ്ണാ ദ്രാവിഡ മുന്നേറ്റകഴകം രൂപീകരിച്ചത് സിനിമയിലെ അദ്ദേഹത്തിന്റെ വീരവില്ലാളി പരിവേഷം കൂടി കൊണ്ടായിരുന്നെങ്കില്‍ എം.ജി.ആറിന്റെ നായികയായി വിളങ്ങിയ തമിഴിലെ എക്കാലത്തെയും ജനപ്രിയ നടി ജയലളിതയും മുഖ്യമന്ത്രി സ്ഥാനത്തെത്തിയത് വെള്ളിത്തിരയുടെ തിളക്കം കൊണ്ടായിരുന്നു. ഇതിനനുസൃതമായാണ് കരുണാനിധിയും പിന്നീട് കരുക്കള്‍ നീക്കിയത്. ഒരു കാലത്ത് യുക്തിവാദത്തിന്റെയും ബ്രാഹ്മണ വിരുദ്ധതയുടെയും വിളനിലമായിരുന്ന തമിഴ് സാമൂഹിക രാഷ്ട്രീയ പരിസരത്തേക്ക് എം.ജി.ആര്‍ കൊണ്ടുവന്ന താരരാഷ്ട്രീയവും വീരാരാധനയും ദ്രാവിഡ രാഷ്ട്രീയത്തെ ജീര്‍ണിപ്പിക്കുകയും ഇഷ്ടക്കാരി ജയലളിത അതിനെ ജീര്‍ണതയുടെ പടുകുഴിയിലെത്തിക്കുകയും ചെയ്തു. ശശികല വരുന്നതും ഈ ജീര്‍ണതയുടെ ഭാഗമായി വേണം കാണാന്‍.
തഞ്ചാവൂരിലെ തിരുത്തുറൈപൂണ്ടിയില്‍ 1957ല്‍ ജനിച്ച ശശികല 1973ല്‍ നടരാജനെ വരിക്കുന്നതോടെയാണ് തന്റെ ഭാഗ്യജാതകത്തിന്റെ കുറിപ്പ് തുറക്കുന്നത്. അന്ന് തമിഴ്‌നാട് പബ്ലിക് റിലേഷന്‍സ് വകുപ്പില്‍ താല്‍കാലിക ജീവനക്കാരനായിരുന്നു നടരാജന്‍. കടലൂര്‍ ജില്ലാകലക്ടറായിരുന്ന ചന്ദ്രലേഖ വഴി ബന്ധം സ്ഥാപിച്ചതിനെതുടര്‍ന്ന് കരുണാനിധിയാണ് ഇവരുടെ വിവാഹത്തിന് നേതൃത്വം നല്‍കിയത്. ചന്ദ്രലേഖക്കെതിരെ പിന്നീട് ആസിഡ് ആക്രമണം ഉണ്ടായെന്നത് വേറെ കാര്യം. 1980ല്‍ നടരാജ ബന്ധം വഴി ചെന്നൈയില്‍ വീഡിയോ ഷോപ്പ് തുടങ്ങിയ ശശികല വീഡിയോഗ്രാഫറായും പേരുകേട്ടു. അന്ന് എ.ഐ. ഡി.എം.കെയുടെ പ്രചാരണ വിഭാഗം സെക്രട്ടറിയായ ജയലളിതയുമായി അടുപ്പം സ്ഥാപിക്കാന്‍ ശശികലക്ക് കഴിഞ്ഞതായിരുന്നു ജീവിതവഴിത്തിരിവിന് കാരണമായത്. വീഡിയോ ചുമതല വാങ്ങിയെടുത്ത ശശികല ജയലളിത പ്രസംഗിക്കുന്ന ദൃശ്യങ്ങള്‍ പകര്‍ത്തി നല്ല നിലയില്‍ എഡിറ്റ് ചെയ്ത് ജയക്ക് നല്‍കി. ഇത് കണ്ട എം.ജി. ആര്‍ ജയലളിതയുടെ സംഘാടന-പ്രസംഗ ശേഷിയെ പുകഴ്ത്തിയത് ശശികലക്കുകൂടി കിട്ടിയ അംഗീകാരമാകുകയായിരുന്നു.
തഞ്ചാവൂരിലെ മണ്ണാര്‍ഗുഡി മാഫിയയെന്ന് ദുഷ്‌പേരുകേട്ട കുടുംബമാണ് ശശികലയുടേതെന്നതുകൂടി മുഖ്യമന്ത്രി പദത്തില്‍ ശശികലക്ക് കട്ടുറുമ്പാകും. രണ്ടു തവണ ജയലളിതയുമായി ബന്ധപ്പെട്ട അഴിമതിക്കേസുകളില്‍ പ്രതിയാകേണ്ടിവന്ന ശശികലക്കും ഭര്‍ത്താവ് നടരാജനും രണ്ടു തവണ വീതം പാര്‍ട്ടിയില്‍ നിന്നും പുറത്താകേണ്ടിവന്നതും ചിന്തോദ്ദീപകമാണ്. പോയസ് ഗാര്‍ഡനില്‍ ജയലളിതയുടെ ഇഷ്ട സഹായിയായി വാഴുമ്പോഴും രാഷ്ട്രീയത്തിന്റെ ഇടനാഴികകളില്‍ ശശികലയുടെ കയ്യൊപ്പുണ്ടായിരുന്നുവെന്നാണ് വിവരം. പല നേതാക്കളും മന്ത്രിമാരും പാര്‍ട്ടി സീറ്റ് കൊതിക്കുന്നവരുമെല്ലാം പലപ്പോഴും കാണേണ്ടിയിരുന്നത് ജയലളിതയെയല്ല, ശശികലയെ ആയിരുന്നുവത്രെ. ഇതാണ് രാഷ്ട്രീയവൃത്തങ്ങളില്‍ ശശികലക്ക് ഇടം നേടിക്കൊടുത്തത്. എന്നാല്‍ അനാവശ്യമായി രാഷ്ട്രീയകാര്യങ്ങളില്‍ ഇടപെടുന്നതിനെതിരെ ജയലളിത തന്നെ ഇരുവരെയും താക്കീത് നല്‍കുകയും പുറത്താക്കുകയും ചെയ്‌തെങ്കിലും അത് വെറും മുന്നറിയിപ്പായിരുന്നു.
ഇതിനിടെ ജയലളിതയുടെ പല സ്വകാര്യതകളും ശശികലയുടെ കൈയിലാണെന്നതിനാല്‍ അവരെ ഒഴിവാക്കാന്‍ ജയക്കായില്ലെന്ന് കരുതുന്നവരുണ്ടെന്നുമാത്രമല്ല, അവരില്‍ പലരും ജയയുടെ മരണത്തിന് കാരണമായി പറയുന്ന ദുരൂഹതകളില്‍ ശശികലയുടെയും നടരാജന്റെയും പേരുകളും ചേര്‍ക്കുന്നുണ്ട്. ഇതിനൊരു പിന്‍ബലമാണ് ജയയുടെ മരണത്തെക്കുറിച്ച് അന്വേഷിക്കണമെന്ന് ഉയര്‍ന്നുവരുന്ന ആവശ്യങ്ങള്‍. ഇതെക്കുറിച്ച് മൗനം പാലിക്കുന്ന ശശികല ജയയുടെ അടുത്ത സഹായിയും ഉപദേശകയുമായിരുന്ന മലയാളിയായ ഷീല ബാലകൃഷ്ണനെ അടുത്തിടെ മുഖ്യമന്ത്രിയുടെ സഹായിയുടെ ഔദ്യോഗിക ചുമതലകളില്‍ നിന്നൊഴിവാക്കിയെന്ന് കേള്‍ക്കുമ്പോള്‍ പലതും പിന്നെയും ഉയര്‍ന്നുവരുന്നു. മാത്രമല്ല, നോട്ട് റദ്ദാക്കല്‍ സമയത്ത് ജയലളിതയുടെ അഭിമതനായ ചീഫ് സെക്രട്ടറിയുടെ വീട്ടിലും ഔദ്യോഗിക വസതിയിലും റെയ്ഡ് നടന്നതും അദ്ദേഹം ശശികലയെ പഴിച്ചതും തമ്മില്‍ കൂട്ടിവായിക്കുമ്പോള്‍ ജയയളിതയുടെ മിത്രമോ ശത്രുവോ ശശികല എന്ന ചോദ്യം പലരും ഉയര്‍ത്തുന്നു. ശശികലക്കെതിരെ പാര്‍ട്ടിയിലെ പല പ്രമുഖരും രംഗത്തുവരുമെന്നും അതില്‍ മന്ത്രിമാര്‍ വരെയുണ്ടാകുമെന്നുമാണ് കേള്‍ക്കുന്നത്. ഇത് ശരിയെങ്കില്‍ ശശികലയുടെ മുഖ്യമന്ത്രിക്കസേരയുടെ ഉറപ്പ് സുഗമമാവില്ലെന്നുവേണം കരുതാന്‍.
2016 ഡിസംബര്‍ അഞ്ചിന് ജയലളിത മരണപ്പെട്ട് മണിക്കൂറുകള്‍ക്കകം അര്‍ധരാത്രി മുഖ്യമന്ത്രിപദത്തിലേറിയ ധനമന്ത്രി ഒ. പനീര്‍ശെല്‍വം ശശികലയുടെ ജാതിക്കാരനായ തേവര്‍ വിഭാഗക്കാരനാണെന്നതും ശശികലക്ക് എളുപ്പമായെന്നുവേണം കരുതാന്‍. മധുര തുടങ്ങിയ ഭാഗങ്ങളില്‍ ഏറെ ഭൂരിപക്ഷമുള്ള വിഭാഗമാണ് തേവര്‍. ആറു മാസത്തിനകം ഇനി നിയമസഭയിലേക്ക് മല്‍സരിക്കുമ്പോള്‍ മധുരയിലെ ഏതെങ്കിലുമൊരു മണ്ഡലമാകും ശശികല തെരഞ്ഞെടുക്കുക എന്നും കേള്‍ക്കുന്നുണ്ട്. ജെല്ലിക്കെട്ട് പോലുള്ള വിഷയങ്ങളില്‍ പനീര്‍ശെല്‍വം പ്രവര്‍ത്തിച്ചത് ശശികലയുടെ ഉപദേശ പ്രകാരമാണെന്നാണ് പറയപ്പെടുന്നതെങ്കിലും അധികാരത്തിനുവേണ്ടി വാശിപിടിക്കുകയോ അനാവശ്യമായ വിവാദത്തിന് മുതിരുകയോ ചെയ്യാത്ത പക്വമതിയായ രാഷ്ട്രീയക്കാരനെ എന്തിന് ഇപ്പോള്‍ മാറ്റുന്നു എന്ന ചോദ്യവും ഉയരുന്നുണ്ട്.
ജയലളിതയുടെ സഹോദരപുത്രി ദീപയുടെ പിന്നില്‍ അണിനിരന്നിരിക്കുന്നവരില്‍ നല്ലൊരു പങ്കും അണ്ണാ ഡി.എം.കെക്കാരാണെങ്കിലും ശശികലയുടെ കാര്യത്തില്‍ പറയുന്ന ഔദ്യോഗികമായ അനുഭവക്കുറവ് ദീപക്കുമുണ്ടെന്നത് ശശികലക്ക് അനുകൂല ഘടകമാണ്. മാത്രമല്ല, ജയളലിതയുടെ കാലത്ത് അവരുടെ ബന്ധുക്കളെയാരെയും പോയസ് ഗാര്‍ഡനിലേക്ക് കടത്തിവിട്ടിരുന്നില്ല എന്നതും ഓര്‍ക്കണം.
37 സീറ്റുകള്‍ ലോക്‌സഭയിലുള്ള കക്ഷിയെന്ന നിലക്ക് അണ്ണാ ഡി.എം.കെയുടെ നീക്കങ്ങള്‍ സസൂക്ഷ്മം വീക്ഷിക്കുകയാകും ബി.ജെ.പി. ജയലളിതയുടെ മൃതശരീരം രാജാഹാളില്‍ വെച്ചപ്പോള്‍ അവിടെ അനുശോചനവുമായി എത്തിയ പ്രധാനമന്ത്രി മോദി ശശികലയുടെ തയലില്‍ സ്പര്‍ശിച്ച് ആശ്വസിപ്പിച്ചതും പാര്‍ട്ടിയുടെ പിന്തുണ പാര്‍ലമെന്റില്‍ വേണമെന്ന ധ്വനിയോടെയാണ്. നോട്ട് റദ്ദാക്കലുള്‍പ്പെടെ വിഷയങ്ങളില്‍ എ.ഐ.എ.ഡി.എം.കെ കാര്യമായ പ്രതിഷേധങ്ങള്‍ക്ക് മുതിര്‍ന്നില്ലെങ്കിലും ജയലളിതയുടെ ആരോഗ്യനില അന്വേഷിച്ച് രാഹുല്‍ ഗാന്ധി ചെന്നൈയില അപ്പോളോ ആസ്പത്രിയില്‍ വന്നത് കണക്കിലെടുക്കുമ്പോള്‍ ഭാവി തമിഴ് രാഷ്ട്രീയം ഏതു വഴിക്കാകും എന്ന് ഇപ്പോള്‍ ഉറപ്പിച്ചു പറയാനാവില്ല. ഡി.എം.കെയുടെ സഖ്യകക്ഷിയാണിപ്പോള്‍ കോണ്‍ഗ്രസ്. അണ്ണാ ഡി.എം.കെയുമായി ബി.ജെ.പി ബന്ധം സ്ഥാപിച്ചാല്‍ അത് നേട്ടമാകുമെന്നാണ് ബി.ജെ.പിയുടെ പ്രതീക്ഷ. ഒരു പക്ഷേ ഇതിനുകഴിയാതെ വന്നാല്‍ പാര്‍ട്ടിയെ പിളര്‍ത്താനും മോദിയും കൂട്ടരും തയ്യാറായിക്കൂടെന്നുമില്ല. ഗവര്‍ണറുടെ കൈകളിലാണ് ഇനി കാര്യങ്ങള്‍. സുപ്രീം കോടതി വിധി വരുന്നത് വരെ അദ്ദേഹം കാത്തിരിക്കാനാണ് സാധ്യത.