ഡിട്രോയിറ്റ്: അമേരിക്കയിലെ ഡിട്രോയിറ്റില്‍ നടന്നത് അമ്പരപ്പിക്കുന്ന സംഭവം. ആശുപത്രിയിലെ വൈദ്യപരിശോധനക്കൊടുവിലാണ് യുവതിയുടെ മരണം സ്ഥിരീകരിച്ചത്. ഏകദേശം 30 മിനുട്ടോളം പെണ്‍കുട്ടിയെ ഡോക്ടര്‍മാര്‍ പരിശോധിച്ച ശേഷമായിരുന്നു മരണം സ്ഥിരീകരിച്ചത്. തുടര്‍ന്ന് 20 കാരിയുടെ മൃതദേഹം പോസ്റ്റ്‌മോര്‍ട്ടം നടത്താതെ ബന്ധുക്കള്‍ക്ക് വിട്ടുനല്‍കുകയും ചെയ്തു.

എന്നാല്‍ അവസാന ചടങ്ങുകളെല്ലാം കഴിഞ്ഞ് സംസ്‌കാരത്തിനായി മൃതദേഹം കൊണ്ടുപോകാന്‍ നിമിഷങ്ങള്‍ മാത്രം അവശേഷിക്കെയാണ് ആ അത്ഭുതം സംഭവിച്ചത്. യുവതി കണ്ണുതുറന്നു. അവര്‍ ശ്വസിക്കുന്നുണ്ടെന്ന് ഞങ്ങളുടെ ജീവനക്കാര്‍ ഉറപ്പുവരുത്തുകയും ആശുപത്രിയില്‍ അറിയിക്കുകയുമായിരുന്നുവെന്ന് ശ്മശാനം അധികൃതര്‍ പറഞ്ഞു.

ടിമേഷ ബ്യൂചാംപ് എന്ന 20കാരിയാണ് മരണത്തില്‍ നിന്ന് ജീവിതത്തിലേക്ക് മടങ്ങിയെത്തിയത്. യുവതിയുടെ മൃതദേഹത്തില്‍ നിന്ന് രക്തം ഒഴിവാക്കി, അത് എംബാം ചെയ്യാന്‍ തുടങ്ങുന്നതിന് നിമിഷങ്ങള്‍ക്ക് മുമ്പ് കണ്ണുതുറന്നതുകൊണ്ടുമാത്രമാണ് അവര്‍ക്ക് ജീവിതത്തിലേക്ക് തിരിച്ചുവരാനായതെന്നും ശ്മശാനം അധികൃതര്‍ പറഞ്ഞു. എന്നാല്‍ ബ്യുചാംപ് ഇതുവരെ ഗുരുതരാവസ്ഥതരണം ചെയ്തിട്ടില്ല. സംഭവത്തില്‍ ആഭ്യന്തര അന്വേഷണം ആരംഭിച്ചതായി ആശുപത്രി അധികൃതര്‍ അറിയിച്ചു.