തിരുവനന്തപുരം: സെക്രട്ടറിയേറ്റിലുണ്ടായ തീപിടിത്തത്തില്‍ കുറച്ചു ഫയലുകളേ കത്തിച്ചിട്ടുള്ളൂ എന്ന പൊതുഭരണവകുപ്പ് അഡീഷണല്‍ സെക്രട്ടറിയുടെ ഫോണ്‍ സന്ദേശം വൈറലാകുന്നു. ഏഷ്യാനെറ്റ് ന്യൂസിന് നല്‍കിയ ഫോണ്‍ സന്ദേശത്തിലാണ് നാക്കുപിഴ ചതിച്ചത്. ‘എല്ലാ ഫയലുകളും സുരക്ഷിതമാണ്. റൂം ബുക്കിങ്ങുകളുമായി ബന്ധപ്പെട്ട കുറച്ച് ഫയലുകള്‍ മാത്രമേ കത്തിച്ചിട്ടുള്ളൂ, കത്തിയിട്ടുള്ളൂ’- ഇതായിരുന്നു പി. ഹണിയുടെ പ്രതികരണം. സുപ്രധാനമായ ഒരു ഫയലുകളും നഷ്ടപ്പെട്ടിട്ടില്ല. അതെല്ലാം സുരക്ഷിതമാണെന്നും അദ്ദേഹം പറഞ്ഞു.

സെക്രട്ടറിയേറ്റിലുണ്ടായ തീപിടിത്തം ആസൂത്രിതമാണെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല ആരോപിച്ചു. സംഭവത്തില്‍ സമഗ്രമായ അന്വേഷണം ആവശ്യപ്പെട്ട് പ്രതിപക്ഷനേതാവ് ഗവര്‍ണറെ കണ്ടു. വൈകീട്ട് 4.45നാണ് സെക്രട്ടറിയേറ്റില്‍ തീപിടിത്തമുണ്ടായത്. സ്ഥലം എംഎല്‍എയായ വി.എസ് ശിവകുമാറിനെപ്പോലും സെക്രട്ടറിയേറ്റില്‍ പ്രവേശിപ്പിക്കാന്‍ തയ്യാറാവാത്തതും ദുരൂഹത വര്‍ധിപ്പിക്കുന്നു.