ന്യൂഡല്‍ഹി: രാജ്യത്തെ സാമ്പത്തിക വളര്‍ച്ചയുടെ വേഗം കുറഞ്ഞെന്ന് കേന്ദ്രസര്‍ക്കാര്‍. കേന്ദ്ര ധനമന്ത്രി അരുണ്‍ ജെയ്റ്റ്‌ലിയാണ് ഇക്കാര്യം പാര്‍ലമെന്റില്‍ വ്യക്തമാക്കിയത്.

2016-2017 വര്‍ഷത്തിലെ മൊത്ത ആഭ്യന്തര ഉല്‍പാദന (ജി. ഡി.പി) നിരക്ക് 8 ശതമാനത്തി ല്‍ നിന്ന് 7.1 ശതമാനമായി കുറഞ്ഞു. വ്യവസായ സേവന മേഖലകളിലെ കുറഞ്ഞ വളര്‍ച്ചാ നിരക്കാണ് സമ്പദ് വ്യവസ്ഥയ്ക്ക് തിരിച്ചടിയായത്. ആഗോള സാമ്പത്തിക രംഗത്ത് വളര്‍ച്ച കുറവാണെന്നും ഇത് രാജ്യത്തെ നിക്ഷേപത്തെയും ബാധിച്ചിട്ടുണ്ടെന്നും ധനമന്ത്രി പറഞ്ഞു. ജി.ഡി.പി നിരക്ക് കുറഞ്ഞതിന് ഇതും കാരണമായി.

നിലവിലെ സാഹചര്യത്തില്‍ കോര്‍പ്പറേറ്റുകള്‍ക്ക് ഇത് പ്രതിസന്ധി സൃഷ്ടിക്കുന്നുണ്ടെന്നും ജയ്റ്റ്‌ലി വ്യക്തമാക്കി. 2016 ല്‍ ആഗോള തലത്തില്‍ സാമ്പത്തിക വളര്‍ച്ചയുടെ വേഗം കുറഞ്ഞതടക്കം നിരവധി കാരണങ്ങളാണ് 2016 -17 ലെ വളര്‍ച്ചയുടെ വേഗം കുറച്ചതെന്ന് ധനമന്ത്രി അവകാശപ്പെട്ടു. സാമ്പത്തിക വളര്‍ച്ചയുടെ വേഗം കുറഞ്ഞുവെങ്കിലും ഐഎംഎഫിന്റെ കണക്കുകളനുസരിച്ച് ലോകത്തില്‍ അതിവേഗം വളരുന്ന പ്രധാന സമ്പദ് വ്യവസ്ഥയാകാന്‍ 2016ല്‍ രാജ്യത്തിന് കഴിഞ്ഞുവെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. 2017ല്‍ അതിവേഗം വളരുന്ന രണ്ടാമത്തെ പ്രധാന സമ്പദ് വ്യവസ്ഥയാകാന്‍ കഴിഞ്ഞുവെന്നും അദ്ദേഹം അവകാശപ്പെട്ടു. ലോക്‌സഭയിലെ ശൂന്യവേളയിലാണ് വളര്‍ച്ച നിരക്ക് കുറയുന്നതിനെ സംബന്ധിച്ച് കേന്ദ്ര ധനമന്ത്രി പ്രസ്താവന നടത്തിയത്.

സാമ്പത്തിക ഉത്തേജനത്തിനായി നേരിട്ടുള്ള വിദേശ നിക്ഷേപം, ടെക്‌സ്റ്റൈല്‍ മേഖലക്കായുള്ള പ്രത്യേക പാക്കേജ്, നഗര, ഗ്രാമ മേഖലകളിലെ പശ്ചാതല വികസനം, ഗതാഗതം, ഊര്‍ജ്ജം തുടങ്ങിയ മേഖലകള്‍ക്ക് ഉത്തേജക പാക്കേജുകള്‍ നടപ്പിലാക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.