തമിഴ്‌നാട് തലസ്ഥാന നഗരിയായ ചെന്നൈക്കരികെ പല്ലാവരത്ത് മനുഷ്യമനസ്സുകളെ ഞെട്ടിക്കുന്നൊരു ചലനദൃശ്യം കഴിഞ്ഞദിവസങ്ങളില്‍ സമൂഹമാധ്യമങ്ങളില്‍ തരംഗമായിരുന്നു. ഇവിടെയടുത്തുള്ള ഒരുകിണര്‍ കമ്പിവേലി െകട്ടി പൂട്ടിയിട്ടിരിക്കുന്നു. ഗ്രാമീണ സ്ത്രീകളും കുട്ടികളും പ്ലാസ്റ്റിക് കുടങ്ങളുമായി കിണറ്റിന്‍കരയില്‍ അതിരാവിലെ എത്തുന്നു. ഇവരുടെ ഇടയിലേക്ക് കയ്യിലൊരു കൂടയില്‍ കടലാസ് ചുരുളുകളുമായി വരുന്ന മധ്യവയസ്‌കന്‍. അതില്‍നിന്ന് പത്തു കടലാസ് തുണ്ടുകള്‍ എടുക്കാം. നറുക്ക് വീഴുന്നവര്‍ക്ക് മൂന്നു കുടം വെള്ളം കിണറ്റില്‍ നിന്ന് കോരിയെടുക്കാം. മറ്റൊരു കാഴ്ചയിലേക്ക്: കാസര്‍കോട്ട് വഴി മഹാരാഷ്ട്ര സംസ്ഥാനത്തുള്ള കൊങ്കണ്‍ തീരത്തെത്തുമ്പോള്‍ കാണുന്ന രത്‌നഗിരി എന്ന കാര്‍ഷിക ഗ്രാമം. ഇവിടുത്തെ തിവാരെ അണക്കെട്ടു തകര്‍ന്ന് 23 പേരെ കാണാതാകുന്നു. പതിനഞ്ചോളം പേരുടെ മൃതദേഹങ്ങള്‍ വ്യാഴാഴ്ചയോടെ കണ്ടുകിട്ടി. കൂടാതെ നശിച്ചത് ഗ്രാമീണരുടെ നിരവധി കൂരകളും സ്വത്തുവകകളും കൃഷിയും. മേല്‍പറഞ്ഞ രണ്ടു സംഭവങ്ങളും വിരല്‍ചൂണ്ടുന്നത് ആധുനിക മനുഷ്യന്റെ ഭാവി ജീവിതത്തിലേക്ക് മാത്രമല്ല, ഇന്നിന്റെ കുഞ്ഞുങ്ങളെപോലും എങ്ങനെ പോറ്റുമെന്ന ആധിയിലേക്കുകൂടിയാണ്.
അടുത്തെങ്ങും ഉദാഹരണങ്ങളില്ലാഞ്ഞിട്ടല്ല കേരളം വിട്ട് മേല്‍സംഭവങ്ങളിലേക്ക് പോയത്. പത്തു മാസം മുമ്പുമാത്രമാണ് നമ്മുടെ കൊച്ചു കേരളവും മഹാരാഷ്ട്രക്ക് സമാനമായ മഹാപ്രളയത്തിലകപ്പെട്ടത്. അതിനും മൂന്നുവര്‍ഷം മുമ്പായിരുന്നു ചെന്നൈയെ ശ്വാസംമുട്ടിച്ച പ്രളയവും; ഇപ്പോഴത്തെ കൊടും വരള്‍ച്ചയും. തമിഴ്‌നാട്ടില്‍നിന്നുള്ള ആറുപേര്‍ ട്രെയിനില്‍ കൊടും ചൂടേറ്റ് മരിച്ച വാര്‍ത്തയും അധിക നാളായിട്ടില്ല. കേരളത്തില്‍ രണ്ടു മാസംകൊണ്ട് അഞ്ഞൂറോളം പേരാണ് മരിച്ചുവീണതെങ്കില്‍, ചെന്നൈയില്‍ നൂറോളംപേരും മഹാരാഷ്ട്രയില്‍ അമ്പതോളം പേരും ഇതിനകം കാലപുരിപൂകി. ജൂണ്‍29ന് പൂണെയില്‍ കെട്ടിട നിര്‍മാണത്തൊഴിലാളികളായ 26 ബീഹാറികള്‍ മരിച്ചത് രാത്രി സമീപത്തെ ബഹുനില കെട്ടിടത്തിന്റെ മതില്‍തകര്‍ന്നുവീണാണ്. ഭാവിയിലെ വരള്‍ച്ചയുടെയും വെള്ളപ്പൊക്കത്തിന്റെയും കണക്കുകളേക്കാള്‍ നമ്മെ ബോധ്യപ്പെടുത്തുന്ന നേരനുഭവങ്ങളാണ് ചെന്നൈയും മുംബൈയും ഇപ്പോള്‍ വിളിച്ചുപറയുന്നത്. കടല്‍വെള്ളം പതുക്കെ കരകയറി വരികയാണ്. 1939നും 2005നും ഇടയില്‍ കൊച്ചിയില്‍ കടല്‍ കയറിയത് 1.30 മില്ലിമീറ്ററാണത്രെ. ഓരോകാലവര്‍ഷത്തിലും കടല്‍ ക്ഷോഭത്താല്‍ തകരുന്ന തീരദേശത്തെ വീടുകളുടെയും മനുഷ്യരോദനങ്ങളുടെയും ചിത്രങ്ങള്‍ നാം കണ്ടുകൊണ്ടേയിരിക്കുന്നു.
ചെന്നൈ വെള്ളപ്പൊക്കം കാലാവസ്ഥാവ്യതിയാനത്തിന്റെ ഫലമാണെന്നും ഇത്തരം ദുരന്തങ്ങള്‍ ഇനിയും അനുഭവവേദ്യമാകുമെന്നും ശാസ്ത്രലോകം മുന്നറിയിപ്പ് നല്‍കിയിരുന്നതാണ്. കേരളം പ്രളയത്തില്‍ മുങ്ങുമ്പോള്‍ ഇന്ത്യന്‍മഹാസമുദ്രത്തിലെ ആസ്‌ത്രേലിയ കൊടും വരള്‍ച്ചയിലായിരുന്നു. ഒറീസയെയും ഗുജറാത്തിനെയും കാറ്റ് വിഴുങ്ങിയത് കഴിഞ്ഞ മാസമാണ്. 2015ലെ ചെന്നൈയുടെ മുന്നറിയിപ്പ് ഗൗരവത്തോടെ പരിശോധിക്കുകയോ പ്രതിവിധി കാണുകയോ ഉണ്ടായില്ലെന്നതിന് തെളിവാണ് ഇപ്പോള്‍ ആ മഹാനഗരി അനുഭവിക്കുന്ന വരള്‍ച്ചക്ക് കാരണം. മൂന്ന് അണക്കെട്ടുകള്‍ തുറന്നുവിട്ടതാണ് ചെന്നൈയെ കടല്‍ സമാനമാക്കിയതെങ്കില്‍ ഇന്ന് ഇരുന്നൂറോളം ദിനങ്ങള്‍ മഴയില്ലാതിരുന്നിട്ടുപോലും യാതൊരു പരിഹാരവും മുന്‍കരുതലും സ്വീകരിക്കാന്‍ ഭരണാധികാരികളോ ജനങ്ങളോ തയ്യാറായില്ല. കേരളത്തില്‍ പൊടുന്നനെ പത്തോളം അണക്കെട്ടുകള്‍ തുറന്നുവിട്ടതാണ് 2018 ആഗസ്ത് മധ്യത്തിലെ ദുരന്തവ്യാപ്തിക്ക് ഇടയാക്കിയതെന്ന് ഹൈക്കോടതി നിയോഗിച്ച വിദഗ്ധ സംഘം കണ്ടെത്തിയിരുന്നു. അണക്കെട്ടുകള്‍ അവസാനനിമിഷം വരെയും തുറന്നുവിടാതിരിക്കാന്‍ കേരള സര്‍ക്കാരിലെ ഉന്നതര്‍ പറഞ്ഞന്യായം വൈദ്യുതോല്‍പാദനം തടസ്സപ്പെടുമെന്നതായിരുന്നു. സംഭവിച്ചതോ നാല്‍പതിനായിരം കോടിയുടെ സ്വത്തുനാശവും ഇനിയും പരിഹൃതമാകാത്ത കേരളത്തിന്റെ സമ്പദ്ഘടനയും.
ഇത്തവണ തിരുവനന്തപുരത്തൊഴികെ എല്ലാ ജില്ലയിലും കാലവര്‍ഷം കുത്തനെകുറഞ്ഞു. ഇടവപ്പാതി എത്തിയത് മിഥുനത്തില്‍! ഇന്നത്തെ അവസ്ഥവെച്ച് ഏറെ വൈകാതെ കേരളവും കൊടും വരള്‍ച്ചയുടെ പിടിയിലകപ്പെട്ടേക്കാമെന്നാണ് ചെന്നൈ തരുന്ന മുന്നറിയിപ്പ്. അതിനുവേണ്ടി നാം ചെയ്യേണ്ടത് ഇപ്പോള്‍തന്നെ മഴവെള്ള സംഭരണത്തിനും ജൈവ സമ്പത്തിന്റെ സംരക്ഷണത്തിനും മുന്നിട്ടിറങ്ങുകയാണ്. 24 മണിക്കൂര്‍കൊണ്ട് അറബിക്കടലിലെത്തുന്ന 300 സെന്റിമീറ്റര്‍ മഴയെയല്ല, അതിനെ ഭാവിയിലേക്ക് എങ്ങനെ സംരക്ഷിക്കാമെന്നതിനെക്കുറിച്ചാണ് നാമിപ്പോള്‍ ചിന്തിക്കേണ്ടത്. തിവാരെ അണക്കെട്ട് തകര്‍ച്ചക്കുകാരണം അവിടുത്തെ ഗ്രാമീണര്‍ നേരത്തെ നല്‍കിയ മുന്നറിയിപ്പ് അവഗണിച്ചതായിരുന്നു. അരികുകളില്‍ ചോര്‍ച്ചയുണ്ടായിരുന്നു. ഇതുപോലെ ഒരുഅണക്കെട്ട് കേരളത്തെയും നോക്കി മുല്ലപ്പെരിയാറില്‍ നില്‍പ്പുണ്ടെന്നത് നമുക്കും നമ്മെ ഭരിക്കുന്നവര്‍ക്കൊക്കെ അറിയാവുന്ന സത്യം! കേരളം പുതിയ ഡാം പണിയണമെന്ന് ആവശ്യപ്പെടുമ്പോള്‍ ജലത്തിന്റെ അളവു കൂട്ടാനാണ് തമിഴ്‌നാട് ആവശ്യപ്പെടുന്നത്. ഇതേ കേരളത്തില്‍നിന്ന് പ്രതിദിനം 12 ലക്ഷം ലിറ്റര്‍ കുടിവെള്ളം ചെന്നൈയിലേക്ക് നാം കയറ്റിവിടുന്നുവെന്നതും വൈപരീത്യം.കര്‍ണാടകയില്‍നിന്നും ആന്ധ്രയില്‍നിന്നും അര്‍ഹതപ്പെട്ടവെള്ളം ഇത്തവണ ലഭിച്ചതുമില്ല.
കാലാവസ്ഥയിലെ പെട്ടെന്നുള്ള മാറ്റത്തിന് കാരണം ആഗോള താപനമാണെന്നാണ് ശാസ്ത്രകാരന്മാര്‍ കണ്ടെത്തിയിട്ടുള്ളത്. ഭൂമിയിലെ ചൂടിന്റെ അളവ് ക്രമാതീതമായി വര്‍ധിക്കുന്നു. വരും വര്‍ഷങ്ങളില്‍ രാജ്യത്തെ മിക്കവാറുമെല്ലാനഗരങ്ങളിലും കടുത്ത കുടിവെള്ള ക്ഷാമമുണ്ടാകുമെന്നാണ് കേന്ദ്ര ജല വിഭവ വകുപ്പിന്റെ മുന്നറിയിപ്പ്. 2030ല്‍ ഇന്ത്യയിലെ 21 നഗരങ്ങള്‍ കുടിവെള്ളമില്ലാത്ത അവസ്ഥയുണ്ടാകുമത്രെ. പിന്നത്തെ പത്തു വര്‍ഷത്തിനകം ഇന്ത്യ മുഴുവനും ദുരന്തം വന്നെത്തും. ഭൂമിയിലെ ജൈവ സമ്പത്തിനെ പരിപോഷിപ്പിക്കുകയും മാലിന്യങ്ങള്‍ അന്തരീക്ഷത്തിലേക്ക് വിടാതിരിക്കുകയുമാണ് ഹരിതവാതകത്തിന്റെ വ്യാപനം കുറക്കാന്‍ സഹായിക്കുകയെന്നാണ് വിദഗ്ധര്‍ ഉപദേശിക്കുന്നത്. ഇതിനായി ജല വിനിയോഗം അത്യാവശ്യത്തിന് മാത്രമായി കുറയ്ക്കുകയും വൃക്ഷങ്ങള്‍ നട്ടുപിടിപ്പിക്കുകയും വ്യാവസായിക മാലിന്യത്തിന്റെ തോത് കുറയ്ക്കുകയും വേണ്ടതുണ്ട്. ഏതെങ്കിലുംരാജ്യമോ ജനതയോ നിര്‍വഹിക്കേണ്ട ദൗത്യമല്ല ഇത്. ശ്വാസമെടുക്കുന്ന സര്‍വ മനുഷ്യരിലും അര്‍പ്പിക്കപ്പെട്ടിരുന്ന ബാധ്യതയാണിത്. പാരിസ് ഉടമ്പടിയുടെ സത്ത എല്ലാവരും ഉള്‍ക്കൊള്ളണം. വരുംകാല യുദ്ധം ജലത്തിനുവേണ്ടിയായിരിക്കുമെന്ന താക്കീത് മറക്കരുത്.