Video Stories
ട്രംപിന്റെ താളത്തിന് ഇന്ത്യ തുള്ളരുത്
അമേരിക്കന്‍ പ്രസിഡന്റായി അധികാരമേറ്റശേഷം ഡൊണാള്‍ഡ് ജോണ്‍ട്രംപ് നടത്തിക്കൊണ്ടിരിക്കുന്ന വിവാദപ്രസ്താവനകളും പ്രതിലോമകരമായ നടപടികളും സോവിയറ്റ്കാലത്തെ ശീതയുദ്ധത്തിന് സമാനമായ പ്രതിസന്ധിയിലേക്ക് വീണ്ടും കൊണ്ടെത്തിക്കുമോയെന്ന ആകുലതയിലാണ് ലോകം. കാലങ്ങളായി ഒരുമിച്ചുനിന്ന യൂറോപ്യന്‍ രാജ്യങ്ങളുടെ നേര്‍ക്കുപോലും ട്രംപ് വാളോങ്ങിക്കഴിഞ്ഞു. ഇന്ത്യപോലെ ജനാധിപത്യത്തിലും മതേതരത്വത്തിലും ശാക്തിക ചേരിചേരാനയത്തിലും ലോകത്ത് അഗ്രിമസ്ഥാനത്തുനില്‍ക്കുന്ന രാജ്യത്തിന് ഇതില്‍ അവസരവാദനിലപാട് ഉണ്ടാവുക എന്നത് ഒരുനിലക്കും ക്ഷന്തവ്യമല്ല. ദൗര്‍ഭാഗ്യവശാല്‍ അത്തരമൊരു നിലപാടാണ് അമേരിക്ക-ഇറാന് തര്‍ക്കത്തില്‍ നാമിപ്പോള്‍ സ്വീകരിച്ചിരിക്കുന്നത്. ഇത് ഇറാന്റെ മാത്രമല്ല, ഇന്ത്യയുടെകൂടി ഭാവിയെ പ്രതികൂലമായി ബാധിക്കുമെന്ന് തിരിച്ചറിയപ്പെടണം. ട്രംപിന്റെ ഇറാന് വിരുദ്ധവും ഇസ്രാഈല്‍ അനുകൂലവുമായ നിലപാട് അദ്ദേഹം അധികാരമേറ്റെടുത്തതു മുതല്‍ തന്നെ പ്രചുരപ്രസിദ്ധമാണ്. അതില്‍ വര്‍ഗീയവും മതപരവുമായ ഛായ കലര്‍ന്നിട്ടുണ്ടെന്നതിന് തെളിവാണ് ഏഴ് മുസ്്ലിംരാഷ്ട്രങ്ങളില്‍നിന്നുള്ള പൗരന്മാരെ യു.എസ്സിലേക്ക് കടത്തിവിടില്ലെന്ന പ്രഥമതീരുമാനം തന്നെ. വലിയ തോതിലുള്ള ജനരോഷമാണ് അന്താരാഷ്ട്ര സമൂഹത്തുനിന്ന് ഇതിനെതിരെ ഉയര്‍ന്നുവന്നത്. കുട്ടികളെ ഒഴിവാക്കി പിന്നീട് തീരുമാനം മയപ്പെടുത്തിയെങ്കിലും ഇന്നും ട്രംപ് ഭരണകൂടത്തിന്റെ മുസ്്ലിം വിരുദ്ധനിലപാടുകളില്‍ കാര്യമായമാറ്റം അനുഭവപ്പെടുന്നില്ല. ഇതിനിടക്കാണ് തന്റെ മുന്‍ഗാമി ബറാക് ഹുസൈന് ഒബാമ 2015ല്‍ ഒപ്പുവെച്ച ഇറാന് ആണവകരാറില്‍ നിന്ന് ഏകപക്ഷീയമായി പിന്മാറാനുള്ള ട്രംപിന്റെ അറുവഷളന്‍ തീരുമാനം. ഇറാനുമേല്‍ ഉപരോധം ഏര്‍പെടുത്താനും ട്രംപ് ഭരണകൂടം തയ്യാറായി. കരാര്‍ പ്രായോഗികമല്ലെന്നാണ് ട്രംപ് ആരോപിക്കുന്നത്. യൂറോപ്യന്‍ സഖ്യരാഷ്ട്രങ്ങളായ ബ്രിട്ടണ്, ഫ്രാന്‍സ്, ജര്‍മനി എന്നിവയും ചൈനയും റഷ്യയും സമ്മതിക്കുന്ന കരാറില്‍നിന്ന് പിന്മാറുകവഴി ഇറാനെ വരുതിയിലാക്കുകയും അതുമാര്‍ഗം പശ്ചിമേഷ്യയില്‍ കൂടുതല്‍ സ്വാധീനം ഉറപ്പിക്കുകയുമാണ് ട്രംപിന്റെ ഉന്നം. പിന്മാറാന് ന്യായയുക്തമായ കാരണം ഇതുവരെയും ട്രംപില്‍നിന്ന് ഉണ്ടായിട്ടില്ല.
ജൂണ്‍ 26നാണ് ട്രംപ് ഭരണകൂടം 2018 നവംബര്‍ നാലിനകം ഇറാനില്‍നിന്നുള്ള എണ്ണ ഇറക്കുമതി നിര്‍ത്തണമെന്ന ആവശ്യവുമായി മുന്നോട്ടുവന്നത്. അല്ലെങ്കില്‍ ഉപരോധം നേരിടുക എന്നാണ് ട്രംപ് ഭരണകൂടത്തിന്റെ ഭീഷണി. ഈ ഭീഷണിയില്‍ വീഴാന്‍ രായ്ക്കുരാമാനം ഇന്ത്യ തയ്യാറായി എന്നത് വലിയ നാണക്കേടാണ് നമ്മിലുണ്ടാക്കിയിരിക്കുന്നത്. വേണ്ടിവന്നാല്‍ അമേരിക്കയെ പ്രീണിപ്പിക്കാന്‍ ഇറാനില്‍നിന്ന് അസംസ്കൃത എണ്ണ ഇറക്കുമതി നിര്‍ത്തിവെക്കുമെന്നുപോലും മോദി സര്‍ക്കാര്‍ പ്രഖ്യാപിച്ചിരിക്കുകയാണ്. ഇതിനെതിരെ രൂക്ഷമായ ഭാഷയില്‍ ഇറാന് പ്രതിനിധി പ്രതിഷേധം ഉയര്‍ത്തിക്കഴിഞ്ഞു. ഇന്ത്യ എണ്ണ ഇറക്കുമതി നിര്‍ത്തിയാല്‍ പതിറ്റാണ്ടുകളായുള്ള ഇറാന്-ഇന്ത്യ ബന്ധം തകരുകയാകും ഫലം. ഇറാനുമായി വാതകക്കുഴല്‍ പദ്ധതിയുള്‍പ്പെടെ നല്ല സാമ്പത്തിക സഹകരണമാണ് ഇന്ത്യക്കുള്ളത്. ഇതിന് പോറലേല്‍ക്കുന്നത് ഇറാന് മാത്രമല്ല, നമുക്കുതന്നെ സാമ്പത്തികമായി പരിക്കേല്‍ക്കപ്പെടുന്ന സ്ഥിതി വരുത്തും. ഇന്ത്യക്ക് ‘പ്രത്യേകപദവി’യും ഇറാന് നല്‍കിയിട്ടുണ്ട്. അടുത്ത കാലത്തായി കൂടുതല്‍ ഇന്ത്യന്‍ കമ്പനികള്‍ക്ക് അവിടെ മുതല്‍മുടക്കാന്‍ അവസരം ലഭിക്കുകയുമുണ്ടായി. ഇറാനിലെ ഛബഹാര്‍ തുറമുഖം വികസിപ്പിക്കുന്നതുമായി ബന്ധപ്പെട്ട് ഇന്ത്യയുടെ കൂടി ഇനിയും മുതല്‍മുടക്ക് കാത്തിരിക്കുകയാണ് ഇറാന്. ഇതിനകം 500 കോടി ഡോളര്‍ നാം അവിടെ നിക്ഷേപിച്ചു കഴിഞ്ഞു. ഇതുവഴി വലിയ ചെലവും പാക്കിസ്താനിലൂടെയുള്ള ചുറ്റലുമില്ലാതെ ഇറാനില്‍ നിന്നുള്ള ചരക്കുകള്‍ നേരിട്ട് ഇന്ത്യയിലെത്തിക്കാന്‍ നമുക്ക് കഴിയും. ഇക്കാര്യത്തില്‍ ഇന്ത്യ അമാന്തം കാണിക്കുകയാണെന്ന് കഴിഞ്ഞദിവസം ഇറാന്റെ ഇന്ത്യയിലെ ഉപപ്രതിനിധി മസൂദ് റിസ്്വാനിയന്‍ റഹാഗി ചൂണ്ടിക്കാട്ടുകയുണ്ടായി. ജൂണ്‍വരെ ഒരുദിവസം ഇറാനില്‍ നിന്നുള്ള ഇറക്കുമതിയില്‍ ആറുലക്ഷം ബാരല്‍-16 ശതമാനം- കുറയുകയും ചെയ്തു. കഴിഞ്ഞ നാലുവര്‍ഷത്തിനിടെ ഏഴുലക്ഷം ബാരല്‍ ഇറക്കുമതി (മൊത്തം 18.4 ദശലക്ഷം ബാരല്‍) വര്‍ധിപ്പിച്ച സ്ഥാനത്താണിത്. അതേസമയം കഴിഞ്ഞവര്‍ഷത്തേക്കാള്‍ ഇരട്ടിയിലധികമാണ് ഇക്കൊല്ലം അമേരിക്കയില്‍നിന്ന് നാം എണ്ണ ഇറക്കുമതി ചെയ്തിരിക്കുന്നത്. ഈ മാസം തികയുമ്പോള്‍ 15 ദശലക്ഷം ബാരല്‍ അസംസ്കൃത എണ്ണ ഇന്ത്യക്ക് നല്‍കുമെന്നാണ് യു.എസ് എണ്ണക്കച്ചവടക്കാര്‍ പറയുന്നത്. കഴിഞ്ഞവര്‍ഷം ഇത് എട്ട് ദശലക്ഷം ടണ്‍ മാത്രമായിരുന്നു. ഇറാനുപുറമെ ഇറാഖ്, സഊദിഅറേബ്യ, കുവൈത്ത്, വെനിസ്വേല തുടങ്ങിയ രാജ്യങ്ങളില്‍നിന്നും നാം പെട്രോളിയം ഇറക്കുമതി ചെയ്യുന്നുണ്ടെങ്കിലും അളവില്‍ മൂന്നാംസ്ഥാനം ഇറാനാണ്. ഇത് തടസ്സപ്പെടുകയെന്നാല്‍ നിലവില്‍ തന്നെ ആഭ്യന്തരരംഗത്ത് വന്‍ വിലക്കയറ്റവും വിവാദവും സൃഷ്ടിച്ചിരിക്കുന്ന പെട്രോളിയം ഉല്പന്നങ്ങളുടെ കാര്യത്തില്‍ കേന്ദ്രസര്‍ക്കാരിന് ജനങ്ങളോട് കൂടുതല്‍ മറുപടി പറയേണ്ടിവരും. ആത്യന്തികമായി ജനങ്ങള്‍ക്കുതന്നെയാണ് വിലവര്‍ധനയുടെ ഭാരം പേറേണ്ടിവരിക.
ഇനി ഇറാനെതിരെ ആരോപിക്കുന്ന ആണവായുധത്തിന്റെ കാര്യത്തിലാണെങ്കില്‍, ലോകത്തെ പകുതിയോളം ആണവായുധവും ശേഖരിച്ചിട്ടുള്ളത് അമേരിക്ക തന്നെയാണെന്നതാണ് യാഥാര്‍ത്ഥ്യം. പഴയ മാടമ്പിയുടെ നയമാണിത്. ഇറാനുമായി യുദ്ധമുണ്ടായാല്‍ ഇന്ത്യക്ക് അമേരിക്കന്‍ വിരുദ്ധപക്ഷത്ത് നില്ക്കേണ്ടിവരും. ഇറാഖ് ആക്രമണത്തില്‍ നാം ചെയ്തത് അതായിരുന്നു. എന്നാല്‍ കേന്ദ്രത്തിലെ ബി.ജെ.പിയുടെ ഹിന്ദുത്വരാഷ്ട്രീയത്തോട് കിടപിടിക്കാവുന്ന നയമാണ് അറബ്-ഫലസ്തീന് നയത്തിന്റെ കാര്യത്തില്‍ ട്രംപിന്റേതും. ഇതാണ് ഇരുരാജ്യങ്ങളും തമ്മില്‍ അടുത്തകാലത്തായി കൂടുതല്‍ അടുപ്പത്തിന് കാരണമായിട്ടുള്ളത്. പാക്കിസ്താന്റെ കാര്യത്തില്‍ അമേരിക്കയുടെ ഇന്ത്യന്‍ അനുകൂല നിലപാടും ഇതോടൊപ്പം ചേര്‍ത്തുവായിക്കണം. വിദേശനയത്തിന്റെ കാര്യത്തില്‍ അയല്പക്കത്തെ വന്‍ശക്തിയായ ചൈനയുടെയും മറ്റും എതിര്‍പ്പ് ഇതിനകം നാം ആവോളം ഏറ്റുവാങ്ങിക്കൊണ്ടിരിക്കുകയാണെന്ന് ഓര്‍ക്കണം. ചൈനയും അമേരിക്കയും തമ്മിലുണ്ടായിട്ടുള്ള നിലവിലെ വ്യാപാരയുദ്ധവും ഇന്ത്യയുടെയും യൂറോപ്യന്‍ രാജ്യങ്ങളുടെയും മേല്‍ യു.എസ് ഭരണകൂടം ഏര്‍പ്പെടുത്തിയ അധിക ഇറക്കുമതി നികുതികളും വെച്ച് നോക്കുമ്പോള്‍ ഏകപക്ഷീയമായ കളിക്ക് നാം നിന്നുകൊടുക്കരുത്.
Video Stories
യുപിയില്‍ ബിഎല്‍ഒ ഡ്യൂട്ടിക്കിടെ കുഴഞ്ഞുവീണ് മരണം; ജോലി സമ്മര്‍ദമെന്ന് കുടുംബാരോപണം
ജോലി സമ്മര്‍ദമാണ് മരണകാരണമെന്ന് കുടുംബം ആരോപിച്ചിട്ടും അത് ജില്ലാ ഭരണകൂടം നിഷേധിച്ചു
ലഖ്നൗ: ഉത്തര്‍പ്രദേശില്‍ ബൂത്ത് ലെവല്‍ ഓഫീസര്‍ (ബിഎല്‍ഒ) ഡ്യൂട്ടിക്കിടെ കുഴഞ്ഞുവീണ് മരിച്ച സംഭവത്തില്‍ ജോലി സമ്മര്‍ദമാണ് കാരണം എന്നു കുടുംബം ആരോപിച്ചു. 47കാരനായ സര്‍വേശ് കുമാര്‍ ഗംഗ്വാര്‍ ആണ് മരിച്ചത്. ബറേലിയിലെ കര്‍മചാരി നഗര്‍ സിെഎയുടെ കീഴില്‍ ജോലി ചെയ്തിരുന്ന സര്‍വേശ് ബുധനാഴ്ച സ്കൂളില്‍ ഡ്യൂട്ടിക്കിടെ പെട്ടെന്ന് നിലത്ത് വീഴുകയായിരുന്നു. ഉടന്‍ ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചതായി സ്ഥിരീകരിച്ചു. കുടുംബാംഗങ്ങള്‍ പറയുന്നു, കുറേക്കാലമായി സര്‍വേശിന് ബിഎല്‍ഒ ചുമതലകള്‍ മൂലം അതീവ ജോലി സമ്മര്‍ദം അനുഭവിച്ചിരുന്നു. കഴിഞ്ഞ ദിവസം പോലും സമ്മര്‍ദത്തെ കുറിച്ച് പറഞ്ഞതിനുശേഷമാണ് സര്‍വേശിനെ കണ്ടതെന്ന് സഹോദരന് യോഗേഷ് ഗംഗ്വാര്‍ അറിയിച്ചു. എന്നാല്‍ ജോലി സമ്മര്‍ദമാണ് മരണകാരണമെന്ന് കുടുംബം ആരോപിച്ചിട്ടും അത് ജില്ലാ ഭരണകൂടം നിഷേധിച്ചു. ബിഎല്‍ഒമാര്‍ക്കു മേല്‍ അതിക്രമമായ സമ്മര്‍ദമൊന്നുമില്ലെന്നും സര്‍വേശ് കേസില്‍ ജോലിസമ്മര്‍ദം കണ്ടെത്താനായിട്ടില്ലെന്നുമാണ് എസ്ഡിഎം പ്രമോദ് കുമാര്‍ പറഞ്ഞത്. മരണവുമായി ബന്ധപ്പെട്ട കൂടുതല്‍ റിപ്പോര്‍ട്ടുകള്‍ ശേഖരിക്കാനായി അന്വേഷണം തുടരുകയാണ്.
india
രൂപയ്ക്ക് റെക്കോര്‍ഡ് തകര്‍ച്ച; മൂല്യം 89.48 ആയി ഇടിഞ്ഞു
സെപ്തംബര്‍ അവസാനം കുറിച്ച 88.80 എന്ന റെക്കോര്‍ഡ് ഇതോടെ പഴങ്കഥയായി
ന്യൂഡല്‍ഹി: ചരിത്രത്തില്‍ ആദ്യമായി രൂപയുടെ മൂല്യം റെക്കോഡ് തകര്‍ച്ചയില്‍. ഇന്നലെ വ്യാപാരത്തിനിടെ മൂല്യം ഇതാദ്യമായി രൂപ 89.48 വരെ ഇടിഞ്ഞു. സെപ്തംബര്‍ അവസാനം കുറിച്ച 88.80 എന്ന റെക്കോര്‍ഡ് ഇതോടെ പഴങ്കഥയായി. ഇന്നലെ ഒറ്റദിവസം രൂപ ഡോളറിനെതിരെ താഴ്ന്നത് 80 പൈസയാണ്. രാവിലെ ഡോളറിനെതിരെ 3 പൈസ ഉയര്‍ന്ന് വ്യാപാരം തുടങ്ങിയ ശേഷമായിരുന്നു രൂപയുടെ വന്‍ വീഴ്ച്ച. കഴിഞ്ഞ മേയ് 8നു ശേഷം രൂപ ഒറ്റദിവസം ഇത്രയും താഴുന്നത് ആദ്യം. മേയ് 8ന് 89 പൈസ ഇടിഞ്ഞിരുന്നു. യുഎസില്‍ അടിസ്ഥാന പലിശനിരക്ക് കുറയാനുള്ള സാധ്യത മങ്ങിയതിനാല്‍ ഡോളര്‍ നടത്തുന്ന മുന്നറ്റത്തിലാണ് രൂപയ്ക്ക് അടിപതറിയത്. യൂറോ, യെന്‍, പൗണ്ട് തുടങ്ങി ലോകത്തെ ആറ് പ്രധാന കറന്‍സികള്‍ക്കെതിരായ യു.എസ് ഡോളര്‍ ഇന്‍ഡക്സ് ഏതാനും ദിവസങ്ങള്‍ക്ക് മുമ്പുവരെ 98ല്‍ ആയിരുന്നത് ഇപ്പോള്‍ 100ന് മുകളിലെത്തി. കേന്ദ്രബാങ്കായ യുഎസ് ഫെഡറല്‍ റിസര്‍വ് ഡിസംബറിലെ പണനയ നിര്‍ണയയോഗത്തില്‍ പലിശനിരക്ക് കുറയ്ക്കാന്‍ സാധ്യത ഇല്ല. ഇന്ത്യന്‍ ഓഹരി വിപണികള്‍ നേരിട്ട തളര്‍ച്ചയും വിദേശ ധനകാര്യ സ്ഥാപനങ്ങള്‍ (എഫ്ഐഐ) വന്‍ തോതില്‍ ഇന്ത്യന്‍ ഓഹരികള്‍ വിറ്റൊഴിഞ്ഞതും രൂപയ്ക്ക് ആഘാതമായിട്ടുണ്ട്. 2025ല്‍ ഇതുവരെ ഇന്ത്യന്‍ ഓഹരികളില്‍ നിന്ന് ഏതാണ്ട് ഒന്നരലക്ഷം കോടി രൂപയാണ് വിദേശ നിക്ഷേപകര്‍ പിന്‍വലിച്ചത്. ഇന്ത്യ-യുഎസ് വ്യാപാര ക്കരാറില്‍ അനിശ്ചിതത്വം വി ട്ടൊഴിയാത്തതും രൂപയ്ക്ക് കനത്ത സമ്മര്‍ദമായി. യുഎസ് പ്രസിഡന്റ് ട്രംപ് ഇന്ത്യയ്ക്ക മേല്‍ ചുമത്തിയ 50% തീരുവ കയറ്റുമതി മേഖലയെ ഉലച്ചതും വിദേശനാണയ വരുമാനം ഇടിഞ്ഞതും രൂപയുടെ മുല്യം ഇടിയാന്‍ കാരണമായി.
kerala
വൈറ്റില ബാറില്‍ മാരകായുധങ്ങളുമായി ആക്രമണം: യുവതി ഉള്‍പ്പെടെ മൂന്നുപേര്‍ പിടിയില്‍
വൈറ്റിലയിലെ ഒരു ബാറില്‍ മാരകായുധങ്ങളുമായി നടത്തിയ അക്രമവുമായി ബന്ധപ്പെട്ട് യുവതി ഉള്‍പ്പെടെ മൂന്നു പേരെ മരട് പൊലീസ് അറസ്റ്റ് ചെയ്തു.
കൊച്ചി: വൈറ്റിലയിലെ ഒരു ബാറില്‍ മാരകായുധങ്ങളുമായി നടത്തിയ അക്രമവുമായി ബന്ധപ്പെട്ട് യുവതി ഉള്‍പ്പെടെ മൂന്നു പേരെ മരട് പൊലീസ് അറസ്റ്റ് ചെയ്തു. തിരുവനന്തപുരം സ്വദേശിനി അലീന, കൊല്ലം സ്വദേശികളായ ഷഹിന്‍ഷാ, അല്‍ അമീന് എന്നിവരാണ് പിടിയിലായത്. മറ്റൊരാള്‍, വടിവാള്‍ കൊണ്ടുവന്നതായി കണ്ടെത്തിയ തിരുവനന്തപുരം സ്വദേശി വൈഷ്ണവ്, ഇപ്പോഴും ഒളിവിലാണ്. ഞായറാഴ്ച നടന്ന സംഭവത്തില്‍ ബാറിന് പുറത്തുനിന്ന് സംഘം കാറില്‍ നിന്നിറങ്ങി വടിവാള്‍ എടുത്ത് അകത്തു കടന്നുവരുന്ന ദൃശ്യങ്ങള്‍ സി.സി.ടി.വിയില്‍ വ്യക്തമായി രേഖപ്പെട്ടു. മദ്യപിക്കുന്നതിനിടെ അഞ്ചംഗ സംഘവും അവിടെ എത്തിയ മറ്റൊരാളുമായി തര്‍ക്കത്തിലാകുകയായിരുന്നു ആദ്യ ഘട്ടത്തില്‍. ഇത് ചോദ്യം ചെയ്ത ബാര്‍ ജീവനക്കാരുമായി സംഘര്‍ഷം ശക്തമായി. പ്രതികളുടെ സംഘം ആദ്യം ബാറില്‍ നിന്ന് പുറത്തുപോയെങ്കിലും, അലീനയും കൂട്ടരും കുറച്ച് സമയത്തിനുശേഷം വടിവാളുമായി തിരികെ എത്തി. തുടര്‍ന്ന് ബാര്‍ ജീവനക്കാര്‍ക്ക് മര്‍ദനമേല്‍ക്കുകയും അക്രമം ആവര്‍ത്തിച്ച് അഞ്ചുതവണ വരെ തിരിച്ചെത്തി ആക്രമണം നടത്തിയതായും ബാര്‍ ഉടമ നല്കിയ പരാതിയില്‍ പറയുന്നു. വിദ്യാഭ്യാസ ആവശ്യങ്ങള്‍ക്കായി എറണാകുളത്ത് എത്തിയവരാണ് പ്രതികളെന്ന് പൊലീസ് കണ്ടെത്തിയിട്ടുണ്ട്. സംഭവത്തില്‍ അലീനയുടെ കൈക്ക് പരുക്കേല്‍ക്കുകയും ചെയ്തു.
-
india3 days ago‘ബിഹാർ തെരഞ്ഞെടുപ്പിൽ വൻ അഴിമതിയും ക്രമക്കേടും’; തെളിവുകൾ പുറത്തുവിട്ട് ധ്രുവ് റാഠി
-
Environment3 days agoആകാശഗംഗയെക്കാള്‍ നാലിരട്ടി വലുപ്പമുള്ള ഭീമന് നെബുല കണ്ടെത്തി; മലപ്പുറം സ്വദേശിനി ഡോ. രഹന പയ്യശ്ശേരി ശാസ്ത്രലോകത്തെ വിസ്മയിപ്പിച്ചു
-
india3 days ago‘ബിജെപിയും തെരഞ്ഞെടുപ്പ് കമ്മീഷനും ചേർന്ന് വോട്ടെടുപ്പിനെ ഹൈജാക്ക് ചെയ്യുന്നു’; എസ്ഐആറിനെതിരെ അഖിലേഷ് യാദവ്
-
india3 days agoആധാർ ജനന രേഖയായി കണക്കാക്കാനാവില്ല; പുതിയ നടപടിയുമായി മഹാരാഷ്ട്രയും ഉത്തർപ്രദേശും
-
News17 hours agoദക്ഷിണാഫ്രിക്കക്കെതിരായ ആദ്യ ഏകദിനം അടിച്ചെടുത്ത് ഇന്ത്യ
-
kerala2 days agoകൊയിലാണ്ടി എംഎല്‍എ കാനത്തില്‍ ജമീല അന്തരിച്ചു
-
Sports22 hours agoസെഞ്ചുറി നേടി കോലി, അര്‍ധസെഞ്ചുറിയടിച്ച് രോഹിത്ത്; ദക്ഷിണാഫ്രിക്കയ്ക്കെതിരെ ഇന്ത്യക്ക് മികച്ച നേട്ടം
-
kerala2 days agoകോഴിക്കോട് ബസ് സ്കൂട്ടറില്‍ ഇടിച്ച് വിദ്യാര്‍ഥിനി മരിച്ചു

