ഭരണ വിരുദ്ധ വികാരമെന്ന് ഒറ്റവാക്കില്‍ തെരഞ്ഞെടുപ്പ് ഫലത്തെ വിലയിരുത്താം. ഫലം സൃഷ്ടിക്കുന്ന രാഷ്ട്രീയ പ്രത്യാഘാതങ്ങള്‍, എന്നാല്‍ ഒരു വാചകത്തില്‍ ഒതുങ്ങുന്നതുമല്ല. ഉത്തര്‍പ്രദേശ്, പഞ്ചാബ്, മണിപ്പൂര്‍, ഗോവ, ഉത്തരാഖണ്ഡ് സംസ്ഥാന നിയമസഭകളിലേക്ക് നടന്ന തെരഞ്ഞെടുപ്പ് ഫലം ഏതെങ്കിലൂം ഒരു പാര്‍ട്ടിക്ക് മാത്രമായി അനുകൂലമല്ല. ഉത്തര്‍ പ്രദേശിലും ഉത്തരാഖണ്ഡിലും ബി.ജെ.പി വ്യക്തമായ മേല്‍ക്കൈ നേടിയപ്പോള്‍, പഞ്ചാബും ഗോവയും കോണ്‍ഗ്രസ് തിരിച്ചുപിടിച്ചു. മണിപ്പൂരില്‍ ആര് അധികാരത്തിലെത്തുമെന്ന കാര്യം അവിടെ ഉണ്ടാകാന്‍ പോകുന്ന രാഷ്ട്രീയ കൂട്ടുകെട്ടിനെ മാത്രം ആശ്രയിച്ചുള്ള കാര്യവുമാണ്. അഞ്ചിടത്തും ഭരണത്തിനെതിരായ വിധിയെഴുത്താണ് ജനങ്ങള്‍ നടത്തിയത്. ഭരണ വിരുദ്ധ ജനവിധിയുടെ തീവ്രത വെളിപ്പെടുത്തുന്നതാണ് ഗോവയില്‍ മുഖ്യമന്ത്രിയായിരുന്ന ബി.ജെ.പിയുടെ ലക്ഷ്മികാന്ത് പര്‍സേക്കറിന്റെ തോല്‍വി.

ഭരണവിരുദ്ധ തരംഗത്തില്‍ ഉത്തര്‍പ്രദേശ് പിടിച്ച ബി.ജെ.പി വലിയ നേട്ടമുണ്ടാക്കി. ഇതിനെ മോദി തരംഗമായി ഉയര്‍ത്തിക്കാട്ടാനാണ് സംഘ്പരിവാര്‍ ശ്രമം. അങ്ങനെയല്ലെന്ന് ബി.ജെ.പിക്ക് തന്നെ തീര്‍ച്ചയുണ്ടെങ്കിലും 2019ലെ പൊതുതെരഞ്ഞെടുപ്പിനെ നേരിടാന്‍ അതവര്‍ക്ക് ആവശ്യമാണ്. നോട്ട് നിരോധന കാലത്തിന് ശേഷമുണ്ടായ തെരഞ്ഞെടുപ്പില്‍ ബി.ജെ.പി ഇത്ര വലിയ വിജയം പ്രതീക്ഷിച്ചിരുന്നില്ല. എക്‌സിറ്റ് പോള്‍ സര്‍വേകളില്‍ നാലിടത്ത് ബി.ജെ.പിയുടെ വിജയം പ്രവചിക്കപ്പെട്ടിരുന്നെങ്കിലും രണ്ടിടത്താണ് അവര്‍ക്ക് വിജയമുണ്ടായത്. ഗോവയിലും മണിപ്പൂരിലും അവര്‍ക്ക് കേവല ഭൂരിപക്ഷം നേടാന്‍ കഴിഞ്ഞില്ല.
2019 ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ സെമിഫൈനല്‍ എന്ന നിലക്ക് വിലയിരുത്തപ്പെട്ട തെരഞ്ഞെടുപ്പിനെ ബി.ജെ.പിക്ക് സര്‍വ്വ സന്നാഹങ്ങളുമൊരുക്കിയാണ് നേരിട്ടത്. മോദി വിരുദ്ധ തരംഗമുണ്ടാകുമെന്ന പ്രതീക്ഷക്ക് മേല്‍ അടയിരുന്ന മതേതര പാര്‍ട്ടികളാകട്ടെ കളമറിഞ്ഞല്ല, കളിക്കിറങ്ങിയത്. തമ്മില്‍ തല്ലി കുലമൊടുങ്ങിയ യാദവകഥ മേമ്പൊടിയായി ചേര്‍ക്കാമെങ്കിലും അത് യാഥാര്‍ത്ഥ്യത്തെ അഭിസംബോധന ചെയ്യാന്‍ പര്യാപ്തമല്ല. ഇന്ത്യയുടെ ഹൃദയഭൂമി കീഴടക്കി ബി.ജെ.പി മുന്നേറാനുള്ള സാധ്യത നേരത്തെ തന്നെ പ്രവചിക്കപ്പെട്ടതാണ്. കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ നിന്ന് പാഠമുള്‍ക്കൊള്ളാന്‍ കഴിഞ്ഞിരുന്നുവെങ്കില്‍ മതേതര പാര്‍ട്ടികള്‍ക്ക് ഇപ്പോള്‍ തലതാഴ്ത്തി നില്‍ക്കേണ്ടി വരുമായിരുന്നില്ല. കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ 80ല്‍ 73 സീറ്റാണ് ബി.ജെ.പിയും കൂട്ടാളികളും നേടിയത്. മതേതര പാര്‍ട്ടികള്‍ക്ക് ആകെ നേടാനായത് ഏഴ് സീറ്റുകള്‍ മാത്രമാണ്. 42.30 ശതമാനമായിരുന്നു ബി.ജെ.പിയുടെ വോട്ട് ശതമാനം. എസ്.പി (22), ബി.എസ്.പി (19.60), കോണ്‍ഗ്രസ് (7.50) എന്നിങ്ങനെയായിരുന്നു മതേതര പാര്‍ട്ടികളുടെ വോട്ട് ശതമാനം. അതായത് മൂന്ന് മതേതര പാര്‍ട്ടികളും കൂടി 50 ശതമാനത്തിലേറെ വോട്ട് നേടിയെങ്കിലും വിജയിക്കാനായത് ഏഴ് സീറ്റില്‍ മാത്രമായിരുന്നു. 328 നിയമസഭാ മണ്ഡലങ്ങളില്‍ ബി.ജെ.പിക്ക് കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ മേല്‍ക്കൈ ലഭിച്ചു. ഇത്തവണ നിയമസഭാ തെരഞ്ഞെടുപ്പില്‍ അവര്‍ നേടിയത് 324 സീറ്റുകളാണ്.
മറ്റൊരു കണക്ക് കൂടി പരിശോധിക്കാം. ആകെയുള്ള 403 മണ്ഡലങ്ങളില്‍ 73 ഇടത്ത് മുസ്‌ലിം ജനസംഖ്യ 30 ശതമാനത്തിന് മേലെയാണ്. 70 ഇടങ്ങളില്‍ 20 ശതമാനത്തിന് മുകളിലും. 143 മണ്ഡലങ്ങളില്‍ വിജയം നിര്‍ണയിക്കാവുന്ന സ്വാധീനം ന്യൂനപക്ഷങ്ങള്‍ക്കുണ്ട്. എന്നാല്‍ മുസ്‌ലിം ഭൂരിപക്ഷ മണ്ഡലങ്ങളില്‍ പോലും വിജയിച്ചു കയറിയത് ബി.ജെ.പിയാണ്. നേടിയ വോട്ടിങ് ശതമാനമാകട്ടെ 35 ശതമാനത്തില്‍ താഴെയും. മുസ്‌ലിം വോട്ടുകള്‍ മാത്രമല്ല, മറ്റ് പിന്നാക്ക വോട്ടുകളെയും ഭിന്നിപ്പിക്കുകയെന്ന തന്ത്രത്തിന്‍മേലായിരുന്നു ബി.ജെ.പിയുടെ കളി. ഒന്നര പതിറ്റാണ്ടിന് ശേഷം ട്രിപ്പിള്‍ സെഞ്ച്വറിയോടെ കളിയില്‍ കേമന്മാരായ ബി.ജെ.പി മതേതര പാര്‍ട്ടികള്‍ക്ക് നല്‍കുന്ന മുന്നറിയിപ്പുമതാണ്.
സമാജ്‌വാദി പാര്‍ട്ടിയും കോണ്‍ഗ്രസും സഖ്യമുണ്ടാക്കിയെങ്കിലും എസ്.പിയിലുണ്ടായ ആഭ്യന്തര കലഹങ്ങള്‍ സഖ്യത്തിന് ഗുണത്തേക്കാളേറെ ദോഷമാണുണ്ടാക്കിയത്. സഖ്യത്തിന് പുറത്തായിരുന്നു ബി.എസ്.പിയും രാഷ്ട്രീയ ലോക്ദളും. ആകാശംമുട്ടെയായിരുന്ന ബി.എസ്.പിയുടെ അവകാശവാദം 20 സീറ്റില്‍ ഒതുങ്ങി. ന്യൂനപക്ഷ വോട്ടുകളെ ഭിന്നിപ്പിക്കുന്നതില്‍ ബി.എസ്.പിയുടെ സാന്നിധ്യം നിര്‍ണായകമാകുകയും ചെയ്തു. ബിഹാര്‍ നല്‍കിയ മഹാസഖ്യ മാതൃക യു.പിയില്‍ ആവര്‍ത്തിക്കണമെന്ന് ഇന്ത്യയിലെ മതേതര മനസ്സുകള്‍ ആഗ്രഹിച്ചിരുന്നതും ഇതുകൊണ്ടാണ്.