തൃശൂര്‍ തിരുവില്വാമല പാമ്പാടി നെഹ്‌റു എഞ്ചിനീയറിങ് കോളജിലെ ഒന്നാം വര്‍ഷ കമ്പ്യൂട്ടര്‍ സയന്‍സ് വിദ്യാര്‍ഥി ജിഷ്ണുപ്രണോയുടെ മരണം നമ്മുടെ വിദ്യാഭ്യാസ മേഖലയിലെ ഒട്ടേറെ അനഭിലഷണീയമായ പ്രവണതകളാണ് വെളിച്ചത്തുകൊണ്ടുവരുന്നത്. കഴിഞ്ഞ വെള്ളിയാഴ്ചയാണ് കോളജിലെ ഹോസ്റ്റല്‍ മുറിയില്‍ കയറില്‍ തൂങ്ങി ജിഷ്ണു എന്ന പതിനെട്ടുകാരന്‍ ആത്മഹത്യ ചെയ്തയായി പറയുന്നത്. എന്നാല്‍ വിദ്യാര്‍ഥിയുടേത് ആത്മഹത്യയല്ലെന്നും കൊലപാതകമാണെന്നുമാണ് സഹപാഠികളുടെയും വിദ്യാര്‍ഥിയുടെ രക്ഷിതാക്കളുടെയും ആരോപണം. പ്രശ്‌നത്തെതുടര്‍ന്ന് കോളജ് അനിശ്ചിത കാലത്തേക്ക് അടച്ചിട്ടിരിക്കുകയാണ്.

ഇതു സംബന്ധിച്ച് പൊലീസ് ആദ്യം മുതലേ സ്വീകരിച്ച നിലപാടാണ് സംഭവ വികാസങ്ങള്‍ ഇന്നലത്തെ അക്രമത്തിലേക്ക് വഴിവെച്ചത്. അസ്വാഭാവിക മരണത്തിന് കേസെടുക്കുക മാത്രമാണ് പൊലീസ് ചെയ്തത്. ഇതില്‍ പ്രതിഷേധിച്ച് കോളജിലേക്ക് മാര്‍ച്ച് നടത്തിയ വിദ്യാര്‍ഥി സംഘടനാപ്രവര്‍ത്തകര്‍ ചില്ലുകള്‍ അടിച്ചുതകര്‍ക്കുകയും അധ്യാപകര്‍ക്കും മാനേജ്‌മെന്റിനും എതിരെ മുദ്രാവാക്യം മുഴക്കുകയും ചെയ്തു. കെ.എസ്.യു, എം.എസ്.എഫ്, എസ.്എഫ്.ഐ സംഘടനകളുടെ പ്രവര്‍ത്തകരാണ് കോളജ് ആസ്ഥാനത്തേക്ക് മാര്‍ച്ച് നടത്തിയതും അക്രമത്തില്‍ കലാശിച്ചതും. 480 വിദ്യാര്‍ഥികളും മുക്കാല്‍ പങ്കും പ്രതിഷേധത്തില്‍ പങ്കെടുത്തുവെന്നത് ചെറുതായി കാണാനാവില്ല.

 

സംഭവത്തില്‍ ജിഷ്ണുവിന്റെ നാടായ കോഴിക്കോട് വളയത്തെ രാഷ്രീയ കക്ഷികളെല്ലാം കൂട്ടായി സമര മുഖത്താണ്. സര്‍ക്കാര്‍ അനുകൂല വിദ്യാര്‍ഥി സംഘടനയായ എസ്.എഫ്.ഐക്കു പോലും സംഭവത്തില്‍ പൊലീസിനെതിരായ നിലപാട് സ്വീകരിക്കേണ്ടി വന്നത് സര്‍ക്കാരിന്റെയും പൊലീസിന്റെയും വീഴ്ചയിലേക്കാണ് വിരല്‍ചൂണ്ടുന്നത്. സര്‍വകലാശാലാ പരീക്ഷയില്‍ അടുത്തിരുന്ന കുട്ടിയുടെ പേപ്പര്‍ നോക്കിയെഴുതിയതിന് അധ്യാപകന്‍ എണീറ്റു നിര്‍ത്തി പരിഹസിക്കുകയും ഡീബാര്‍ ചെയ്യുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തുവത്രെ. എന്നാല്‍ ഇത് സഹപാഠികള്‍ പൂര്‍ണമായും നിഷേധിക്കുകയാണ് .

ജിഷ്ണുവിനെ അധ്യാപകരും മറ്റും ചേര്‍ന്ന് ക്രൂരമായി മര്‍ദിച്ചുവെന്നും ഇവര്‍ ആരോപിക്കുന്നു. ശാസ്ത്ര രംഗത്ത് കേരളത്തിന്റെ അഭിമാനമാകേണ്ട വിദ്യാര്‍ഥികളിലൊന്നാണ് മരിച്ച ജിഷ്ണു. പത്താം ക്ലാസില്‍ എണ്‍പതും പ്ലസ്ടുവിന് എഴുപതും ശതമാനം മാര്‍ക്കു നേടിയ ജിഷ്ണു കോപ്പിയടിച്ചത് പിടികൂടിയതിലുള്ള മനോവിഷമം മൂലമാണ് ആത്മഹത്യ ചെയ്തതെന്ന് മാനേജ്‌മെന്റും ചില അധ്യാപകരും പറയുമ്പോള്‍ അത് വിശ്വസിക്കാന്‍ ബുദ്ധിമുട്ടുണ്ടാകുന്നത് കുട്ടിയുടെ പഠന മികവു തന്നെ. സ്‌കൂള്‍ കാലത്ത് ശാസ്ത്ര വിഷയങ്ങളില്‍ പ്രത്യേക താല്‍പര്യം പ്രകടിപ്പിച്ച കുട്ടി ശാസ്ത്ര പരിചയ മേളയില്‍ പുരസ്‌കാരം നേടുക വരെ ചെയ്തിട്ടുണ്ട്.

കോളജിലെ ചിലര്‍ ക്രൂരമായി മര്‍ദിക്കാറുണ്ടെന്ന് സഹപാഠികള്‍ പറയുമ്പോള്‍ അത് അവിശ്വസിക്കുക ബുദ്ധിമുട്ടാകും. നവ മാധ്യമമായ ഓണ്‍ലൈനിലൂടെ വിദ്യാര്‍ഥികള്‍ സംഘടിതമായി തന്നെ കോളജിനും അധികൃതര്‍ക്കുമെതിരെ രംഗത്തുവരികയുണ്ടായി. തന്റെ മകനെ അവര്‍ കൊന്നതാണ്. വേറൊരു കുട്ടിക്കും ഈ ഗതി വരരുതെന്ന് പറഞ്ഞ് വിലപിക്കുന്ന അമ്മ മഹിജയുടെ വാക്കുകളിലെ തീക്ഷ്ണ വികാരം സര്‍ക്കാരും കേരള മനസ്സാക്ഷിയും ഉള്‍ക്കൊണ്ടേ തീരൂ. ആഭ്യന്തര വകുപ്പിന്റെ ചുമതല വഹിക്കുന്ന മുഖ്യമന്ത്രിക്ക് വിദ്യാര്‍ഥികള്‍ പരാതി അയച്ചിട്ടും നടപടിയുണ്ടായില്ലെന്നത് നിസ്സാരമല്ല. യുവജന കമ്മീഷന്‍ കോളജ് അധികൃതര്‍ക്കെതിരെ കേസെടുത്തിട്ടുണ്ട്. സാങ്കേതിക സര്‍വകലാശാലയും വിശദീകരണം തേടിയിട്ടുണ്ട്.

അഞ്ചു മിനിറ്റ് വൈകിയതിന് ക്ലാസില്‍ ആബ്‌സന്റ് രേഖപ്പെടുത്തുക. അതൊഴിവാക്കാന്‍ ആയിരം രൂപ പിഴ ചുമത്തുക. ഷൂലേസ് കെട്ടാത്തതിന് ചീത്ത വിളിക്കുക തുടങ്ങിയ നടപടികള്‍ കോളജ് മാനേജ്‌മെന്റിന്റെ ഭാഗത്തുനിന്നുണ്ടായിട്ടുള്ളതായി സഹപാഠികള്‍ പറയുന്നു. മാത്രമല്ല, കോളജ് പി.ആര്‍.ഒയുടെ മുറി കുട്ടികളെ മര്‍ദിക്കുന്ന ‘ഇടിമുറി’യാണെന്നും കുട്ടികള്‍ ആരോപിക്കുമ്പോള്‍ ഇതിലെല്ലാം സര്‍ക്കാരും വിദ്യാഭ്യാസ വകുപ്പും ഇതുവരെ എന്തു നടപടിയെടുത്തുവെന്ന ചോദ്യവും ഉയരുന്നു. വര്‍ധിച്ചുവരുന്ന എഞ്ചിനീയറിങ് ഭ്രമം മൂലം സംസ്ഥാനത്ത് നൂറിലധികം എഞ്ചി.

കോളജുകളാണ് സ്വകാര്യമേഖലയില്‍ തന്നെ പ്രവര്‍ത്തിക്കുന്നത്. കുട്ടികളുടെ പ്രവേശനാനുപാതം പടിപടിയായി കുറഞ്ഞുവരുന്നതിനെതുടര്‍ന്ന് പല കോളജുകളും അടച്ചുപൂട്ടലിന്റെ വക്കിലാണ്. ഈ പശ്ചാത്തലത്തിലാണ് ചില സ്വകാര്യ മാനേജ്‌മെന്റുകള്‍ തങ്ങളുടെ സ്ഥാപനത്തിലേക്ക് വിദ്യാര്‍ഥികളെയും രക്ഷിതാക്കളെയും ആകര്‍ഷിക്കാനെന്നോണം കടുത്ത പഠനമുറകളും ചിട്ടകളും ഏര്‍പെടുത്തുന്നത്. ഇതെല്ലാം കുട്ടികളുടെ ഭാവിക്കു വേണ്ടിയാണെന്നതിനാല്‍ മിക്ക രക്ഷിതാക്കളും ഇതിനെല്ലാം ഒരു പരിധി വരെ സമ്മതം നല്‍കുന്നു. എന്നാല്‍ ഇത്തരം സ്ഥാപനങ്ങള്‍ പഠനത്തിനുപകരം പീഡനക്കളമായാലോ.

കഴിഞ്ഞ ദിവസം തന്നെയാണ് കോട്ടയം നാട്ടകം ഗവ. പോളിടെക്‌നിക് കോളജില്‍ കഴിഞ്ഞ വര്‍ഷം നടന്ന റാഗിങ് സംഭവം ഒരു വിദ്യാര്‍ഥിയെ ജീവച്ഛവമാക്കിയ വാര്‍ത്ത പുറത്തുവരുന്നത്. രാത്രി മുഴുവന്‍ ഒമ്പത് സീനിയര്‍ വിദ്യാര്‍ഥികള്‍ ചേര്‍ന്ന് ആറോളം ജൂനിയര്‍മാരെ നഗ്നരാക്കി പീഡിപ്പിച്ച സംഭവം കുട്ടികളിലൊരാളാണ് പുറത്തുവിട്ടത്. ഇതിലും പൊലീസും കോളജ് മാനേജ്‌മെന്റും ഇരകള്‍ക്കു പകരം പ്രതികളുടെ പക്ഷത്ത് നിന്നുവെന്ന ഞെട്ടിപ്പിക്കുന്ന വിവരമാണ് ലഭിക്കുന്നത്. ഈ പ്രായത്തില്‍ നേരിടുന്ന മാനസികവും ശാരീരികവുമായ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ പലപ്പോഴും കഴിഞ്ഞെന്നുവരില്ല.

അവ ജീവിത കാലമത്രയും നീറി നില്‍ക്കുന്ന വിഷാദ രോഗവുമാകും ഫലം. ബംഗളൂര്‍ പോലുള്ള ഐ.ടി വിദ്യാഭ്യാസ മേഖലകളില്‍ നിന്ന് നിത്യേനയെന്നോണമാണ് ഇത്തരം പീഡന വാര്‍ത്തകള്‍ പുറത്തുവരുന്നത്. മലയാളി വിദ്യാര്‍ഥികള്‍ നിരവധി പീഡനത്തിനും റാഗിങിനും വിധേയമാക്കപ്പെടുന്നുണ്ട്. ഇന്റേണല്‍ മാര്‍ക്കിന്റെ പേരിലും പീഡനം പതിവാണെന്ന് വിദ്യാര്‍ഥികള്‍ പറയുന്നു.

ഇക്കഴിഞ്ഞ പ്രവേശന കാലത്താണ് സംസ്ഥാനത്തെ മെഡിക്കല്‍ സ്വാശ്രയ മാനേജ്‌മെന്റ് കോളജുകളിലെ കോഴയെകുറിച്ച് വ്യാപകമായ പരാതിയുയര്‍ന്നത്. എന്നാല്‍ നിയമ സഭയില്‍ പോലും ഇക്കാര്യത്തില്‍ വ്യക്തമായ വിശദീകരണം നല്‍കാന്‍ സര്‍ക്കാര്‍ തയ്യാറായില്ലെന്നോര്‍ക്കണം. സ്വകാര്യമേഖല രാജ്യത്ത് അത്യാവശ്യമാണ് എന്നിരിക്കെ ഇവയുടെ തിട്ടൂരത്തിന് വഴങ്ങി വിദ്യാര്‍ഥികളെ കൊലക്ക് കൊടുക്കാന്‍ സര്‍ക്കാര്‍ കൂട്ടുനിന്നുകൂടാ. തെറ്റുകള്‍ക്കെതിരെ കക്ഷി രാഷ്ട്രീയം നോക്കി പ്രതികരിക്കണം.

ആദ്യ ദിവസങ്ങളിലെ കൃത്രിമ ബഹളക്കൂട്ടലുകളും കൊണ്ട് തീരുന്നതല്ല ഇത്. കാമ്പസുകളിലെ മനുഷ്യാവകാശ ലംഘനങ്ങളെക്കുറിച്ച് ഗാഢമായി പരിശോധിക്കുകയും അവ തടയുന്നതിന് ഫലപ്രദമായ നിയമങ്ങള്‍ രൂപീകരിക്കാന്‍ ഭരണകൂടവും നിയമ നിര്‍മാണ സഭയും തയ്യാറാകേണ്ടതുമുണ്ട്.