പശ്ചിമേഷ്യന്‍ സമാധാനത്തിലേക്കുള്ള ഉറച്ച ചുവട് വെയ്പായി പാരീസ് അന്താരാഷ്ട്ര സമ്മേളനം അവസരമാകുമെന്ന പ്രതീക്ഷയിലാണ് ലോകം. ഫ്രഞ്ച് തലസ്ഥാന നഗരിയില്‍ ഈ മാസം 15ന് ആരംഭിക്കുന്ന സമ്മേളനത്തിന് യൂറോപ്യന്‍ രാഷ്ട്രങ്ങള്‍ക്ക് സജീവ പങ്കാളിത്തമുണ്ട്. സ്ഥാനം ഒഴിയാന്‍ കേവലം അഞ്ച് ദിവസം മാത്രം ബാക്കി നില്‍ക്കേ ബറാക്ക് ഒബാമയുടെ അമേരിക്കന്‍ നിലപാട് നിര്‍ണായകമാവും.

വെസ്റ്റ് ബാങ്കിലേയും കിഴക്കന്‍ ജറൂസലമിലേയും ഇസ്രാഈലി കുടിയേറ്റം നിയമ വിരുദ്ധമായി പ്രഖ്യാപിക്കുന്ന പ്രമേയം 2016 ഡിസംബര്‍ 23ന് യു.എന്‍ രക്ഷാസമിതി അംഗീകരിച്ച പശ്ചാത്തലത്തില്‍ പാരീസ് സമ്മേളനത്തിന്റെ പ്രധാന്യം വര്‍ധിച്ചു. ‘രാജ്യാന്തര നിയമങ്ങളുടെ വ്യക്തമായ ലംഘനമാണ്’ ഇസ്രാഈല്‍ കുടിയേറ്റമെന്ന പ്രമേയം അംഗീകരിക്കുമ്പോള്‍ അമേരിക്ക സ്വീകരിച്ച മൗനം അര്‍ത്ഥഗര്‍ഭമായി. എന്നാല്‍ ഒബാമയുടെ അവസാന നാളുകളില്‍ ഇസ്രാഈലുമായി അമേരിക്കന്‍ ഭരണകൂടം ഏറ്റുമുട്ടുന്ന സ്ഥിതി അവസാനിക്കാന്‍ അധികനാളുകളില്ല.
പതിനഞ്ചംഗ രക്ഷാസമിതിയില്‍ 14 പേരും പ്രമേയം അംഗീകരിച്ചു. 1979 മുതല്‍ സമിതിയില്‍ അവതരിപ്പിക്കപ്പെട്ട എല്ലാ ഈസ്രാഈല്‍ വിരുദ്ധ പ്രമേയങ്ങളേയും വീറ്റോ ചെയ്ത അമേരിക്ക ഇത്തവണ ഒഴിഞ്ഞു നിന്നത് ചരിത്രമായി. ജനുവരി 20ന് ഡോണാള്‍ഡ് ട്രംപ് അധികാരമേല്‍ക്കുന്നതോടെ അമേരിക്ക ഇസ്രാഈല്‍ അനുകൂല പഴയ സ്വഭാവത്തിലേക്ക് തിരിച്ചുപോകും, തീര്‍ച്ച. ഇക്കാര്യം ട്രംപ് പരസ്യമായി വ്യക്തമായിട്ടുണ്ട്. ഫലസ്തീന്‍ വിരുദ്ധ നിലപാടുകളിലൂടെ കുപ്രസിദ്ധനായ ഡേവിഡ് ഫ്രീഡ്മാനാണ് ഇസ്രാഈലിലെ അമേരിക്കന്‍ അംബാസിഡറാകുന്നത്. ഇസ്രാഈലി കുടിയേറ്റത്തെ അനുകൂലിക്കുന്ന വ്യക്തി ജറൂസലമില്‍ അംബാസിഡറായി പ്രവര്‍ത്തിക്കാനാണ് ഇദ്ദേഹത്തിന്റെ മോഹം. ഇപ്പോള്‍ അമേരിക്കയുടെ സ്ഥാനപതി കാര്യാലയം ടെല്‍ അവീവിലാണ്.
പാരീസ് സമ്മേളനത്തില്‍ അമേരിക്കന്‍ നിലപാട് കുറേക്കൂടി കര്‍ക്കശമായിരിക്കുമെന്നാണ് ഇസ്രാഈലിന് എതിരെ സ്റ്റേറ്റ് സെക്രട്ടറി ജോണ്‍ കെറി നടത്തിയ പ്രസ്താവന നല്‍കുന്ന സൂചന. ചരിത്രത്തിലെ ഏറ്റവും കടുത്ത വലതുപക്ഷ സര്‍ക്കാര്‍ ആണ് നെതന്യാഹുവിന്റേതെന്നും അനധികൃത കുടിയേറ്റം നടത്തി പശ്ചിമേഷ്യന്‍ സമാധാന പ്രതീക്ഷകളെ അവര്‍ തകര്‍ക്കുകയാണെന്നും ജോണ്‍ കെറി വിമര്‍ശിച്ചത് വന്‍ വിവാദങ്ങള്‍ക്ക് കാരണമായി. അതേസമയം, യു.എന്‍ പ്രമേയത്തിന് പിന്തുണ നല്‍കിയിരുന്ന ബ്രിട്ടന്‍ ചുവട് മാറ്റുമോ എന്നൊരു സംശയവും ബലപ്പെടുന്നു. ജോണ്‍ കെറിക്ക് എതിരെ ബ്രിട്ടീഷ് പ്രധാനമന്ത്രി തെരേസാ മേയുടെ വിമര്‍ശനം ട്രംപുമായി അടുക്കുന്നതിനുള്ള ശ്രമമായി ബ്രിട്ടീഷ് മാധ്യമങ്ങള്‍ തന്നെ പരിഹസിക്കുന്നു. അധികാരത്തിലെത്തുന്ന ട്രംപിന്റെ സമീപനം മനസ്സിലാക്കിയാണ് തെരേസാ മേയുടെ മലക്കം മറിച്ചില്‍.
രക്ഷാസമിതി പ്രമേയത്തിന്റെ അന്തസ്സത്ത ഉള്‍ക്കൊള്ളുന്നതായിരിക്കും പാരീസ് സമ്മേളനത്തിന്റെ പ്രഖ്യാപനം എന്നാണ് പൊതു പ്രതീക്ഷ. അഞ്ച് ലക്ഷത്തോളം കുടിയേറ്റക്കാര്‍ വെസ്റ്റ് ബാങ്കിലും കിഴക്കന്‍ ജറൂസലമിലുമുണ്ട്. ഗാസ മുനമ്പില്‍ നിന്ന് അവസാനത്തെ കുടിയേറ്റക്കാരനെയും ഒഴിപ്പിക്കാന്‍ ഇസ്രാഈല്‍ നിര്‍ബന്ധിതരായതിന് പിന്നില്‍ പ്രധാനം അന്താരാഷ്ട്ര സമ്മര്‍ദ്ദമായിരുന്നു. മറ്റൊന്ന് ഗാസയില്‍ ഹമാസ് പോരാട്ടം ഇസ്രാഈലിന്റെ ഉറക്കം കെടുത്തിയതുമാണ്. ഹമാസിനെ അടിച്ചമര്‍ത്താന്‍ നടത്തിയ നീക്കങ്ങളൊന്നും ഫലപ്രാപ്തിയില്‍ എത്തിയതുമില്ല. അത്രയും ശക്തരായിരുന്നു ഗാസ മുനമ്പിലെ ഹമാസ് പോരാളികള്‍.

 

ജറൂസലം തലസ്ഥാനമായി 1967-ലെ യുദ്ധത്തിന് മുമ്പുള്ള ഫലസ്തീന്‍ ഭൂമിയില്‍ സ്വതന്ത്ര രാഷ്ട്രം എന്നതാണ് ഫലസ്തീന്‍കാരുടെ ആവശ്യം. 1948ന് മുമ്പ് ലോക രാഷ്ട്രീയ ഭൂപടത്തിലുണ്ടായിരുന്ന ഫലസ്തീന്‍ രാഷ്ട്രത്തെ വിഭജിച്ച ഐക്യരാഷ്ട്ര സംഘടനക്ക് ഫലസ്തീന്‍കാരുടെ ആവശ്യത്തോട് പുറം തിരിഞ്ഞു നില്‍ക്കാനാവില്ല. യു.എന്‍ തീരുമാന പ്രകാരം ഇസ്രാഈല്‍, ഫലസ്തീന്‍ എന്നീ രാഷ്ട്രങ്ങളായി വിഭജിക്കപ്പെട്ട ഫലസ്തീന്‍ ഭൂമിയില്‍ സ്വതന്ത്ര രാഷ്ട്രം എവിടെ? അത് സങ്കല്‍പ്പം മാത്രമായത് എങ്ങനെ? ഫലസ്തീന്‍കാരോട് നീതി കാണിക്കാന്‍ ഐക്യരാഷ്ട്ര സംഘടനയും വിഭജന പ്രമേയം അന്ന് അവതരിപ്പിച്ച ബ്രിട്ടനും റഷ്യക്കും ബാധ്യതയുണ്ട്. അതാണ് ഫലസ്തീന്‍കാര്‍ ആവശ്യപ്പെടുന്നത്.

 

സ്വന്തം ഭൂമിയില്‍ നിന്ന് ആട്ടിയോടിക്കപ്പെട്ട 40 ലക്ഷത്തോളം വരുന്ന ഫലസ്തീന്‍കാര്‍ അഭയാര്‍ത്ഥി ക്യാമ്പുകളില്‍ തലമുറകളായി അന്തിയുറങ്ങുന്നു. അതിര്‍ത്തി വിപുലീകരിക്കാനും അറബ് പ്രദേശത്ത് കുടിയേറ്റം നടത്താനുമാണ് ഓരോ യുദ്ധവും ജൂത രാഷ്ട്രം ഉപയോഗിച്ചത്. 1948-ല്‍ ഇസ്രാഈല്‍ രാഷ്ട്രം രൂപീകരിച്ചപ്പോള്‍ വിസ്തൃതി 5300 ചതുരശ്ര നാഴികയായിരുന്നത്, പിന്നീട് 33500 വരെയായി വെട്ടിപ്പിടിച്ചു. സിനായ് പ്രദേശവും ഗാസയുമൊക്കെ ഇസ്രാഈല്‍ തിരിച്ചുനല്‍കിയെങ്കിലും ബാക്കി അവരുടെ കൈവശം തന്നെ. 1956ല്‍ സൂയസ് കനാല്‍ ആക്രമണം, 1967-ലെയും 1973ലെയും യുദ്ധം ഇവയൊക്കെ ഇസ്രാഈലിന്റെ വികസന മോഹത്തിന് അവസരമായി.

‘ഓ ഇസ്രാഈല്‍, നൈല്‍ നദി മുതല്‍ യുഫ്രട്ടീസ് നദി വരെയാകുന്നു നിന്റെ അതിരുകള്‍’ ഈ വാക്കുകള്‍ ഇസ്രാഈല്‍ പാര്‍ലമെന്റിന്റെ മുന്‍ഭാഗത്ത് എഴുതിവെച്ചത് അവരുടെ യുദ്ധകൊതിയുടെ തെളിവാണ്. ഇസ്രാഈലിനെ അംഗീകരിക്കില്ലെന്ന നിലപാടില്‍ നിന്ന് അറബ് ലോകം പിറകോട്ട് പോയി. 1978 സെപ്തംബറില്‍ അമേരിക്കയുടെ മധ്യസ്ഥതയില്‍ ഈജിപ്തും ഇസ്രാഈലും ക്യാമ്പ് ഡേവിഡ് കരാറ് ഒപ്പ് വെച്ചതോടെ ഇരു രാഷ്ട്രങ്ങളും നയതന്ത്ര ബന്ധം സ്ഥാപിച്ചു. സീനായ് പ്രദേശം ഈജിപ്തിന് തിരിച്ചു കിട്ടിയെങ്കിലും സിറിയയുടെ ഗോലാന്‍ കുന്നും അവശിഷ്ട ഫലസ്തീന്‍ ഭൂമിയും തിരിച്ചു നല്‍കാന്‍ ഇസ്രാഈല്‍ ഇപ്പോഴും തയാറായില്ല.

പാരീസ് സമ്മേളനത്തെ ‘ജറൂസലം പോസ്റ്റ്’ വിശേഷിപ്പിച്ചത് അവസാന അവസരം എന്നാണ്. 1919-ല്‍ (ഫെബ്രുവരി മൂന്നിന്) ഇസ്രാഈല്‍ രാഷ്ട്ര രൂപീകരണവുമായി ബന്ധപ്പെട്ട് സയണിസ്റ്റ് താല്‍പര്യ പ്രകാരം സമ്മേളനം നടന്ന പാരീസ് തന്നെ ഇതേ വിഷയത്തില്‍ മറ്റൊരു അന്താരാഷ്ട്ര സമ്മേളനത്തിന് വേദിയാകുകയാണ്. 77 രാഷ്ട്രങ്ങളില്‍ നിന്ന് വിദേശകാര്യ മന്ത്രിമാരോ ഉയര്‍ന്ന ഉദ്യോഗസ്ഥരോ സമ്മേളനത്തിന് എത്തും. ഇസ്രാഈലി കുടിയേറ്റ പ്രശ്‌നത്തില്‍ ചര്‍ച്ച ഒതുങ്ങില്ലെന്നും ദ്വിരാഷ്ട്ര പദ്ധതിയെക്കുറിച്ച് പ്രഖ്യാപനമുണ്ടാകുമെന്നുമാണ് പ്രതീക്ഷ.

ഒബാമ സ്ഥാനം ഒഴിയും മുമ്പേ നടക്കുന്ന സമ്മേളനത്തില്‍ ഡമോക്രാറ്റുകളുടെ നിലപാട് ആയിരിക്കും അമേരിക്കയുടെ നയമായി അവതരിപ്പിക്കപ്പെടുക. ട്രംപ് വരുന്നതോടെ ഇപ്പോഴത്തെ ലോക സാഹചര്യത്തില്‍ വന്‍ മാറ്റം പ്രതീക്ഷിക്കാം. ട്രംപിന്റെ അധികാര പ്രവേശത്തിന് മുമ്പ് നടക്കുന്ന ലോക സമ്മേളനം സമാധാനത്തിലേക്കുള്ള വഴി തുറക്കും, അതാര്‍ക്കും തടയാന്‍ കഴിയില്ല.