ന്യൂഡല്‍ഹി: അസാധുവായി പ്രഖ്യാപിച്ചതില്‍ 14 ലക്ഷം കോടി രൂപയുടെ 1000, 500 രൂപ നോട്ടുകള്‍ ബാങ്കുകളില്‍ തിരിച്ചെത്തിയതായി റിപ്പോര്‍ട്ട്. നോട്ട് നിരോധന തീരുമാനം വന്‍ പരാജയമായിരുന്നുവെന്ന് വ്യക്തമാക്കുന്നതാണ് ഇന്നലെ പുറത്തുവന്ന പുതിയ കണക്കുകള്‍. റിസര്‍വ്ബാങ്കിലേയും കേന്ദ്ര ധനമന്ത്രാലയത്തിലെയും ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് ദ ഇന്ത്യന്‍ എക്‌സ്പ്രസ് പത്രമാണ് കണക്കുകള്‍ പുറത്തുവിട്ടത്.

മൂന്ന് ലക്ഷം കോടി രൂപയുടെ അസാധു നോട്ടുകള്‍ ബാങ്കുകളില്‍ തിരിച്ചെത്തില്ലെന്നായിരുന്നു കേന്ദ്ര സര്‍ക്കാറിന്റെയും റിസര്‍വ് ബാങ്കിന്റെയും അവകാശ വാദം. ഇത് പൂര്‍ണമായും തെറ്റിയെന്ന് കണക്കുകള്‍ വ്യക്തമാക്കുന്നു. 2016 നവംബര്‍ എട്ടിനാണ് 1000, 500 രൂപ നോട്ടുകള്‍ അസാധുവാക്കിയതായി പ്രധാനമന്ത്രി നരേന്ദ്രമോദി ടെലിവിഷനിലൂടെ പ്രഖ്യാപിച്ചത്. തൊട്ടു പിന്നാലെ ആര്‍.ബി.ഐ ഇതുസംബന്ധിച്ച് വിജ്ഞാപനം പുറത്തിറക്കുകയും ചെയ്തു. കള്ളപ്പണവും കള്ളനോട്ടും വിപണിയില്‍നിന്ന് ഒഴിവാക്കുന്നതിനും തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ക്കുള്ള ഫണ്ടിങ് തടയുന്നതിനും വേണ്ടിയാണ് തീരുമാനമെന്നായിരുന്നു കേന്ദ്രസര്‍ക്കാറിന്റെ അവകാശവാദം.

ആര്‍.ബി.ഐ പുറത്തുവിട്ട കണക്കുകള്‍ പ്രകാരം നോട്ട് നിരോധനം നടപ്പാക്കുമ്പോള്‍ രാജ്യത്ത് ആകെ 17.50 ലക്ഷം കോടി രൂപയുടെ കറന്‍സിയാണ് ഉണ്ടായിരുന്നത്. ഇതില്‍ 15.50 ലക്ഷം കോടിയും(മൊത്തം കറന്‍സിയുടെ 86 ശതമാനം) 1000, 500 രൂപ നോട്ടുകള്‍ ആയിരുന്നു. ഇവ ഒരുമിച്ച് പിന്‍വലിച്ചതോടെ രാജ്യത്ത് ഗുരുതര കറന്‍സി പ്രതിസന്ധി രൂപപ്പെടുകയും ജനജീവിതത്തേയും വിപണിയേയും ബാധിക്കുകയും ചെയ്തിരുന്നു. കള്ളപ്പണം ഇല്ലാതാകുമെന്ന വാദം ഉയര്‍ത്തിയാണ് കേന്ദ്ര സര്‍ക്കാര്‍ നോട്ട് നിരോധനവുമായി ബന്ധപ്പെട്ട് ഉയര്‍ന്ന വിമര്‍ശനങ്ങളെ പ്രതിരോധിച്ചത്.

എന്നാല്‍ അസാധുവാക്കിയ നോട്ടുകളില്‍ 93.5 ശതമാനവും(14 ലക്ഷം കോടി രൂപ) ഡിസംബര്‍ 30നുള്ളില്‍ ബാങ്കുകളില്‍ തിരിച്ചെത്തിയതായാണ് കണക്ക്. 50,000 കോടി രൂപയുടെ 1000, 500 രൂപ നോട്ടുകള്‍ നോട്ട് നിരോധനം പ്രഖ്യാപിക്കുമ്പോള്‍ ബാങ്കുകളുടെ കൈവശമുണ്ടായിരുന്നു. ഇതുകൂടി ചേര്‍ത്താല്‍ 14.5 ലക്ഷം കോടി തിരിച്ചെത്തി. 75,000 കോടി രൂപയുടെ അസാധു നോട്ടുകള്‍ മാത്രമാണ് ഇനി തിരിച്ചെത്താനുള്ളത്. റിസര്‍വ്ബാങ്ക് ശാഖകള്‍ മുഖേന അസാധു നോട്ടുകള്‍ തിരിച്ചുവാങ്ങുന്നത് തുടരുന്നതിനാല്‍ ചെറിയൊരു ശതമാനം തുകയെങ്കിലും ഇനിയും തിരിച്ചെത്തുമെന്നാണ് കണക്കുകൂട്ടല്‍. അതായത് നോട്ട് നിരോധനം പൂര്‍ണ പരാജയമായിരുന്നുവെന്ന് ചുരുക്കം.
നോട്ട് പിന്‍വലിക്കലിന്റെ മറവില്‍ ബാങ്കുകളിലൂടെ വന്‍തോതില്‍ കള്ളനോട്ടുകളും തിരിച്ചെത്തിയതായാണ് റിപ്പോര്‍ട്ട്. എന്നാല്‍ ഇവ പരിശോധിച്ചു കണ്ടെത്തല്‍ ദുഷ്‌കരമാണ്. കള്ളനോട്ടുകള്‍ കണ്ടെത്തുന്നതിനുള്ള 60 വലിയ മെഷീനുകളാണ് ആര്‍.ബി. ഐയുടെ കൈവശമുള്ളത്. ഇവ പ്രതിദിനം 12 മണിക്കൂര്‍ വീതം പ്രവര്‍ത്തിപ്പിച്ചാല്‍ പോലും മുഴുവന്‍ കറന്‍സികളുടേയും പരിശോധന പൂര്‍ത്തിയാക്കാന്‍ 600 ദിവസമെങ്കിലും (രണ്ടു വര്‍ഷത്തോളം) എടുക്കുമെന്നാണ് റിപ്പോര്‍ട്ട്. ഈ സാഹചര്യത്തില്‍ അതത് ബാങ്കുകളില്‍ വച്ചുതന്നെ പരിശോധന പൂര്‍ത്തിയാക്കുന്നതിനുള്ള സാധ്യത ആര്‍.ബി.ഐ തേടുന്നുണ്ട്. എന്നാല്‍ ബാങ്കുകള്‍ ഇതിനോട് താല്‍പര്യം കാണിച്ചിട്ടില്ലെന്നാണ് റിപ്പോര്‍ട്ട്.