Connect with us

columns

നുണക്കൂമ്പാരത്തില്‍ ഇനിയുമെത്ര നാള്‍

Published

on

‘കേന്ദ്ര ഏജന്‍സിയുടെ ചോദ്യംചെയ്യലിനെക്കുറിച്ച് മാധ്യമങ്ങളോട് സംസാരിക്കാന്‍ മന്ത്രി കെ.ടി ജലീലിന് മനസ്സില്ല. കേന്ദ്ര മന്ത്രിയും മാധ്യമങ്ങളും നുണ പറയുമ്പോള്‍ ചില ചെറിയ നുണയൊക്കെ മന്ത്രി പറഞ്ഞെന്നുവരും. നിങ്ങള്‍ വേണെങ്കില്‍പോയി കേസ് കൊടുത്തോളൂ. പറയാന്‍ മനസ്സില്ല!’ സ്വര്‍ണക്കടത്തുകേസില്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡിപ്പാര്‍ട്ട്‌മെന്റ് ചോദ്യംചെയ്ത കേരള ഉന്നതവിദ്യാഭ്യാസ വകുപ്പുമന്ത്രി കെ.ടി ജലീല്‍ എന്തുകൊണ്ട് മാധ്യമങ്ങളോട് കാര്യങ്ങള്‍ വിശദീകരിക്കുന്നില്ല എന്ന ഏതൊരു പൗരന്റെയും മനസ്സിലുള്ള ചോദ്യമാണ് കഴിഞ്ഞരാത്രി ഒരു പ്രമുഖ മാധ്യമപ്രവര്‍ത്തകന്‍ സി.പി.എമ്മിന്റെ പ്രതിനിധിയോട് ചാനല്‍ ചര്‍ച്ചയില്‍ ഉന്നയിച്ചത്.

അതിന് മുന്‍എം.പിയും സി.പി.എം സംസ്ഥാന സമിതിയംഗവുമായ എന്‍. എന്‍ കൃഷ്ണദാസ് പറഞ്ഞ മറുപടിയാണ് മേലുദ്ധരിച്ചത്. മുഖ്യമന്ത്രിയുടെ ഓഫീസും ഒരു മന്ത്രിയും മറ്റൊരു മന്ത്രിയുടെ പുത്രനും സി.പി.എം സംസ്ഥാന സെക്രട്ടറിയുടെ പുത്രനും ഉള്‍പ്പെട്ട സ്വര്‍ണക്കടത്തു കേസില്‍ തങ്ങളെ വോട്ട് ചെയ്ത് അധികാരത്തിലെത്തിച്ച ജനങ്ങളോടാണ് സി.പി.എമ്മിന്റെ ഉന്നതനായ ഒരു നേതാവിന്റെ ഈപ്രതികരണം. ജനാധിപത്യത്തില്‍ ജനങ്ങളോടാണ് സര്‍വ ഉത്തരവാദിത്തങ്ങളും എന്ന് പറയുകയും അതിനുവേണ്ടി വാദിക്കുകയും ചെയ്യുന്നൊരു പാര്‍ട്ടിയുടെ കള്ളം പിടിക്കപ്പെട്ടതിന്റെ ഗതികേടാണ് പ്രസ്താവനയില്‍ മുഴച്ചുനില്‍ക്കുന്നത്. അധികാരത്തിലെത്തിയാല്‍ അഴിമതി തുടച്ചുനീക്കുമെന്നും പാവപ്പെട്ടവര്‍ക്കും സാധാരണക്കാര്‍ക്കും തേനുംപാലും ഒഴുക്കുമെന്നും പറഞ്ഞവരുടെ തനി നിറമാണ് ഇവിടെ ചുരുളഴിഞ്ഞ് മലക്കെ കിടക്കുന്നത്. ഇനിയും അധികാര കുഞ്ചിക പദവികളില്‍ അള്ളിപ്പിടിച്ചിരിക്കാന്‍ ശ്രമിക്കാതെ എത്രയും പെട്ടെന്ന് അധികാരക്കസേരകള്‍ വിട്ടൊഴിയുകയാണ് ജനങ്ങളോട് കൂറുള്ള ഒരു കക്ഷിയും മുന്നണിയും ചെയ്യേണ്ടതെങ്കില്‍ അത് ഈ മുന്നണിയില്‍നിന്നും സര്‍ക്കാരില്‍നിന്നും പ്രതീക്ഷിക്കുന്നത് മേല്‍പശ്ചാത്തലത്തില്‍ തീര്‍ത്തും അബദ്ധമാകും.

ഉപ്പു തിന്നവര്‍ വെള്ളം കുടിക്കുമെന്ന് പറഞ്ഞ മുഖ്യമന്ത്രി പിണറായി വിജയനും അതാവര്‍ത്തിച്ച മന്ത്രി ജലീലും ഏതാനും ദിവസങ്ങളായി സ്വയം പ്രഖ്യാപിത മൗനക്വാറന്റീനിലാണ്. ജനങ്ങളോട് മറുപടി പറയേണ്ട സര്‍ക്കാരിലെ രണ്ട് ഉത്തരവാദിത്തപ്പെട്ടവരുടെ കാര്യമിതാണെങ്കില്‍പിന്നെ കേസിലുള്‍പ്പെട്ട മന്ത്രിയുടെയും സംസ്ഥാന സെക്രട്ടറിയുടെയും മറ്റും നിലപാട് എന്തായിരിക്കുമെന്ന് ന്യായമായും ഊഹിക്കാവുന്നതേ ഉള്ളൂ. യു.എ.ഇ കോണ്‍സുലേറ്റ് മുഖേന നിരന്തരമായി തിരുവനന്തപുരം വിമാനത്താവളംവഴി സ്വര്‍ണം കടത്താറുണ്ടെന്ന വിവരമാണ് 15 കിലോ സ്വര്‍ണം പിടികൂടപ്പെട്ടതുമായി ബന്ധപ്പെട്ട കേസില്‍ കസ്റ്റംസിനും എന്‍.ഐ.എക്കും ഇ.ഡിക്കുമൊക്കെ വ്യക്തമായിട്ടുള്ളത്. അന്വേഷണം പുരോഗമിക്കുമ്പോള്‍ കേന്ദ്ര ഏജന്‍സികള്‍ക്ക്മുമ്പ് ക്ലീന്‍ചിറ്റ് നല്‍കിയ സര്‍ക്കാരും സി.പി.എമ്മും ഇപ്പോള്‍ പതുക്കെപ്പതുക്കെ സ്വരം മാറ്റുകയാണ്. ഉന്നത വിദ്യാഭ്യാസ വകുപ്പുപോലെ ജനങ്ങള്‍ പരിപാവനമായി കാണുന്നൊരു വകുപ്പിന്റെ തലപ്പത്തിരുന്നുകൊണ്ട് മന്ത്രി ജലീല്‍ കാട്ടിക്കൂട്ടിയ നിരവധി ക്രമക്കേടുകളുടെയും അഴിമതികളുടെയും മറ്റൊരു അധ്യായമാണ് കോണ്‍സല്‍ ജനറലിനുവേണ്ടിയെന്ന പേരില്‍ എംബസി ബാഗേജില്‍ യു.എ.ഇയില്‍നിന്ന് സാധനങ്ങളെത്തിച്ചത്.

അതില്‍ വിശുദ്ധ ഖുര്‍ആനായിരുന്നുവെന്ന് വാദങ്ങളെല്ലാം അടിമുടി സംശയത്തിനു നിഴലിലായിരിക്കവെയാണ് എന്‍ഫോഴ്‌സ്‌മെന്റ് വിഭാഗം മന്ത്രിയെ ചോദ്യംചെയ്തത്. കേരളത്തിന്റെ ചരിത്രത്തിലിന്നുവരെ ഉണ്ടാകാത്ത രീതിയിലാണ് ഒരു മന്ത്രിയെ കേന്ദ്ര ഏജന്‍സി ചോദ്യം ചെയ്തതെന്നിരിക്കെ അക്കാര്യം വെളിപ്പെടുത്താന്‍ പോയിട്ട് സമ്മതിക്കാന്‍പോലും സര്‍ക്കാരോ മന്ത്രിയോ കൂട്ടാക്കിയില്ല. എന്തിനായിരുന്നു ജനങ്ങളോടുള്ള മന്ത്രിയുടെ ഈ ഒളിച്ചുകളി. മുഖ്യമന്ത്രി തന്നെ വിളിച്ചുവെന്നാണ് മന്ത്രി ജലീലിപ്പോള്‍ പറയുന്നത്. അതിനര്‍ഥം കേസില്‍ മുഖ്യമന്ത്രിക്കും എന്തെല്ലാമോ മറച്ചുവെക്കാനുണ്ടെന്നല്ലേ? അതെന്താണെന്ന് വെളിപ്പെടുത്താനുള്ള സാങ്കേതികവും ധാര്‍മികവുമായ ബാധ്യതയെയാണ് മാധ്യമപ്രവര്‍ത്തകര്‍ ഉന്നയിക്കുന്നത്. വ്യവസ്ഥാപിത മാധ്യമങ്ങളോടൊന്നും ഇതുവരെയും സംസാരിക്കാനോ അവരെ കാണാനോ മന്ത്രിയോ മുഖ്യമന്ത്രിയോ തയ്യാറാകാത്തത് എന്തുകൊണ്ടാണെന്ന് ജനത്തിന് ന്യായമായും ഊഹിക്കാവുന്നതേ ഉള്ളൂ. മടിയില്‍ കനമുണ്ടെന്നുതന്നെയാണതിന് കാരണം. സത്യം ജയിക്കുമെന്ന ഒഴുക്കന്‍ പ്രസ്താവന ഫെയ്‌സ്ബുക്ക് പേജില്‍ എഴുതിവിട്ട് അനങ്ങാതിരിക്കുകയല്ല ജനാധിപത്യ വ്യവസ്ഥയില്‍ ഒരു ഭരണാധികാരി ചെയ്യേണ്ടത്. പ്രധാനമന്ത്രിയെക്കുറിച്ച് സി.പി.എം ഉന്നയിക്കുന്ന ആരോപണമാണ് അദ്ദേഹം മാധ്യമങ്ങളോട് കാര്യങ്ങള്‍ സംസാരിക്കുന്നില്ല എന്നത്. സ്വര്‍ണക്കടത്തുകേസ് വന്നതുമുതല്‍ മുഖ്യമന്ത്രിയും മന്ത്രിമാരും കേരളത്തിലിരുന്ന് ചെയ്യുന്നതും ഇതൊക്കതന്നെ.

കേസില്‍ വ്യവസായ വകുപ്പുമന്ത്രിയും കേന്ദ്ര കമ്മിറ്റിയംഗവുമായ ഇ.പി ജയരാജന്റെ പുത്രന്‍ സ്വര്‍ണക്കടത്തുകേസിലെ മുഖ്യപ്രതികളിലൊരാളായ സ്വപ്‌നസുരേഷുമായി പണമിടപാടുകള്‍ നടത്തിയെന്നും കൂടെനിന്ന് ഫോട്ടോയെടുത്തുവെന്നുമൊക്കെയാണ് കേന്ദ്ര ഏജന്‍സി കണ്ടെത്തിയിരിക്കുന്നത്. ഇതിനിടെതന്നെയാണ് മന്ത്രിയുടെ ഭാര്യ ഇന്ദിര താന്‍ മുമ്പ് ജോലി ചെയ്തിരുന്ന കേരള ബാങ്കിന്റെ കണ്ണൂര്‍ ജില്ലാശാഖയില്‍ചെന്ന് ലോക്കറില്‍നിന്ന് എന്തൊക്കെയോ എടുത്തുകൊണ്ടുപോയെന്ന വാര്‍ത്തയും. മന്ത്രിക്കും മന്ത്രിയുടെ ഭാര്യക്കും കോവിഡ് സ്ഥിരീകരിക്കുന്നതിന് തൊട്ടുമുമ്പ് ക്വാറന്റീന്‍ കാലത്താണ് മന്ത്രി പത്‌നി ബാങ്കിലെത്തിയതെന്നാണ് വിവരം. മുഖ്യമന്ത്രിക്കും മന്ത്രി ജലീലിനും പോലെ മന്ത്രിജയരാജനും ചിലത് ഒളിക്കാനുണ്ടെന്നാണ് ഇത് വ്യക്തമാക്കുന്നത്. സ്വര്‍ണക്കടത്തിന്റെ കഴിഞ്ഞകാല നാള്‍വഴികള്‍ ഓരോന്നും ചികയുമ്പോള്‍ സി.പി.എമ്മും സര്‍ക്കാരും പറഞ്ഞതുപോലെ, മുസ്‌ലിംലീഗിലേക്കും യു.ഡി.എഫിലേക്കുമൊന്നുമല്ല, സി.പി. എം ആസ്ഥാനത്തേക്കും നേതാക്കളുടെ വീടുകളിലേക്കുമാണ് അഴിമതിയുടെ കറുത്ത പണക്കെട്ടുകള്‍ ചെന്നിട്ടുള്ളതെന്ന് തെളിയുന്നു.

പ്രതിപക്ഷവും യുവജന സംഘടനകളും നിരത്തുകളില്‍ പ്രതിഷേധവുമായി ഇറങ്ങിയിരിക്കെ ക്വാറന്റീന്റെപേരില്‍ അടച്ചിരിക്കുന്നതിനെ അവസരമായി കാണുകയാണ് മുഖ്യമന്ത്രിയെന്നുതോന്നുന്നു. സ്വര്‍ണക്കടത്തില്‍ മാത്രമല്ല, പാവങ്ങളുടെ ഭവന സ്വപ്‌നത്തെപോലും വിറ്റ് പോക്കറ്റിലിട്ട സര്‍ക്കാരിന് ഇനിയും ജനം മാപ്പുനല്‍കുമെന്ന് കരുതുന്നത് അവരുടെ വിവേകത്തെ കുറച്ചുകാണലാണ്. ഖുര്‍ആന്‍ എത്തിച്ചുവെന്നുപറഞ്ഞ് ജനങ്ങളെയും സര്‍ക്കാര്‍-ജനാധിപത്യ സംവിധാനങ്ങളെയും കൊച്ചാക്കുകയാണ് സര്‍ക്കാര്‍സ്ഥാപനത്തില്‍ അനധികൃതമായി പിതൃസഹോദര പുത്രനെ നിയമിച്ച് വിവാദമായപ്പോള്‍ രാജിവെപ്പിച്ച കൊച്ചാപ്പ. ടിയാനെ കയ്യോടെ പിടിച്ചുപുറത്താക്കാന്‍ മുഖ്യമന്ത്രിക്കും സി.പി. എമ്മിനുമുള്ള മടിക്ക് കാരണം അവിടംകൊണ്ട് രാജി അവസാനിക്കുന്നില്ലെന്നതിനാലാണ്. മതത്തെയും വിശുദ്ധഗ്രന്ഥത്തെയും തന്റെ സ്വാര്‍ത്ഥലാഭത്തിനായി ദുരുപയോഗം ചെയ്യുന്ന മന്ത്രി ജലീലും പിണറായി സര്‍ക്കാരും വിശ്വാസികളെ കൂടിയാണ് പരിഹസിക്കുന്നതെന്ന് മറക്കരുത്. പെരും കള്ളങ്ങളുടെ ഭണ്ഡാരക്കെട്ടിനുമുകളില്‍ ഇനി അധികകാലം ഇരിക്കാമെന്നു കരുതേണ്ട.

 

Article

നേരിന്റെ കണികയില്ലാത്ത കശ്മീര്‍ ഫയല്‍സ്

അക്രമത്തെ ഭയാനകമായ രീതിയില്‍ സിനിമ കാണിക്കുന്നു, ചിലത് യഥാര്‍ത്ഥ കഥകളെ അടിസ്ഥാനമാക്കിയുള്ളതായിരിക്കണം. ഇത്തരം ക്രൂരമായ അക്രമങ്ങള്‍ നടന്നിട്ടില്ലെന്ന് മറുവാദങ്ങളുണ്ട്. മുസ്‌ലിം അയല്‍വാസികള്‍ പണ്ഡിറ്റുകളെ അതിക്രമങ്ങളില്‍നിന്ന് രക്ഷിക്കുകയും അവരെ പലവിധത്തില്‍ സഹായിക്കുകയും ചെയ്തതിന്റെ കഥകളുണ്ട്. കശ്മീരി ജീവിതത്തിലെ സൗഹാര്‍ദ്ദപരമായ എല്ലാ പ്രതിഭാസങ്ങളും ബോധപൂര്‍വം മറച്ചുവെക്കപ്പെടുന്നു.

Published

on

ഡോ. രാംപുനിയാനി

കശ്മീര്‍ ഫയല്‍സ് സിനിമ വീണ്ടും വാര്‍ത്തകളില്‍ നിറയുകയാണ്. ഗോവയിലെ രാജ്യാന്തര ചലച്ചിത്ര മേളക്കിടെ ‘ദി കശ്മീര്‍ ഫയല്‍സി’നെതിരെ രൂക്ഷവിമര്‍ശനവുമായി ജൂറി ചെയര്‍മാനും ഇസ്രാഈലി ചലച്ചിത്ര സംവിധായകനുമായ നാദവ് ലാപിഡ് രംഗത്തിത്തെത്തിയതാണ് പുതിയ വിവാദത്തിന് ഹേതു.

തിയേറ്ററുകളില്‍ കശ്മീര്‍ ഫയല്‍സ് സിനിമ കണ്ടത് വല്ലാത്തൊരു അനുഭവമാണ്. ഭൂരിഭാഗം കാഴ്ചക്കാരിലും ഇത് നിഷേധാത്മകവും വിദ്വേഷകരവും വൈകാരികവുമായ പ്രതികരണത്തിന് പ്രേരണ നല്‍കുന്നു. സിനിമയുടെ അവസാനം ആരോ മുസ്‌ലിം വിരുദ്ധ മുദ്രാവാക്യങ്ങള്‍ വിളിക്കാന്‍ തുടങ്ങുന്നു, പിന്നെ തിയേറ്ററുകള്‍ ഏറ്റുവിളിക്കുന്നു. ശ്രീശ്രീ രവിശങ്കര്‍, ആര്‍. എസ്.എസ് മേധാവി മോഹന്‍ ഭഗവത്, പ്രധാനമന്ത്രി നരേന്ദ്ര മോദി എന്നിവരൊക്കെയാണ് സിനിമ കാണാന്‍ ശുപാര്‍ശ ചെയ്തിരുന്നു. ബി. ജെ.പി ഭരിക്കുന്ന സംസ്ഥാനങ്ങള്‍ സിനിമക്ക് നികുതി ഒഴിവാക്കുകയും ചെയ്തിരുന്നു.

അക്രമത്തെ ഭയാനകമായ രീതിയില്‍ സിനിമ കാണിക്കുന്നു, ചിലത് യഥാര്‍ത്ഥ കഥകളെ അടിസ്ഥാനമാക്കിയുള്ളതായിരിക്കണം. ഇത്തരം ക്രൂരമായ അക്രമങ്ങള്‍ നടന്നിട്ടില്ലെന്ന് മറുവാദങ്ങളുണ്ട്. മുസ്‌ലിം അയല്‍വാസികള്‍ പണ്ഡിറ്റുകളെ അതിക്രമങ്ങളില്‍നിന്ന് രക്ഷിക്കുകയും അവരെ പലവിധത്തില്‍ സഹായിക്കുകയും ചെയ്തതിന്റെ കഥകളുണ്ട്. കശ്മീരി ജീവിതത്തിലെ സൗഹാര്‍ദ്ദപരമായ എല്ലാ പ്രതിഭാസങ്ങളും ബോധപൂര്‍വം മറച്ചുവെക്കപ്പെടുന്നു. കശ്മീരി പണ്ഡിറ്റുകളുടെ കൊലപാതകങ്ങള്‍ ഏകപക്ഷീയമായി എടുത്തുകാണിക്കുന്നതാണ് ചിത്രം. തീവ്രവാദികളുടെ ക്രോധം നേരിട്ട മുസ്‌ലിംകളുടെ കൊലപാതകങ്ങള്‍ എന്തുകൊണ്ടാണ് കാണിക്കാത്തതെന്ന് ഒരു അഭിമുഖത്തില്‍ ചിത്രത്തിന്റെ സംവിധായകനോട് ചോദിച്ചു. രണ്ടാം ലോക യുദ്ധത്തില്‍ ജര്‍മന്‍കാരും ജൂതന്മാരും കൊല്ലപ്പെട്ടുവെന്ന അദ്ദേഹത്തിന്റെ പ്രതികരണം തീര്‍ത്തും തെറ്റായിരുന്നു. ജര്‍മനിയിലെ ജൂതന്മാരെപ്പോലെ പണ്ഡിറ്റുകളുടെ കൊലപാതകങ്ങളും നാം ഓര്‍ക്കണമെന്ന് അദ്ദേഹം പറയുന്നു! തികച്ചും യുക്തിരഹിതമായ താരതമ്യം. ജര്‍മന്‍കാര്‍ തടങ്കല്‍പ്പാളയങ്ങളില്‍ മരിച്ചിട്ടില്ല, ഹിറ്റ്‌ലറുടെ ഫാസിസ്റ്റ് നയത്തിന്റെ ഇരകളായ ജൂതന്മാരാണ് ഓര്‍മിക്കപ്പെടുന്നത്.

മുസ്‌ലിംകള്‍ മാത്രമാണ് പണ്ഡിറ്റുകളെ കൊന്നതെന്ന് ജമ്മുകശ്മീരില്‍ നിന്നുള്ള മറ്റൊരു ബി.ജെ.പി നേതാവ് വാദിക്കുന്നു. മുസ്‌ലിം സമുദായത്തെ മുഴുവന്‍ ഭീകരവാദികളുടെ നിറത്തില്‍ അവതരിപ്പിക്കാനുള്ള ശ്രമമാണിത്. സ്വയംഭരണ വ്യവസ്ഥകളോടുള്ള എതിര്‍പ്പും അടിച്ചമര്‍ത്തലും കശ്മീരി യുവാക്കള്‍ക്കിടയില്‍ അസംതൃപ്തിയും അകല്‍ച്ചയും സൃഷ്ടിച്ചു. ഈ അന്യവത്കരണം വിവിധ ഘട്ടങ്ങളിലൂടെ കടന്നുപോയി. തുടക്കത്തില്‍, അത് കശ്മീരിയത്തിന്റെ അടിസ്ഥാന മൂല്യങ്ങളെ അടിസ്ഥാനമാക്കിയുള്ളതായിരുന്നു. 1980മുതല്‍ അത് ഇന്ത്യാ വിരുദ്ധമായി മാറുകയും പിന്നീട് ഹിന്ദു വിരുദ്ധ രൂപം കൈക്കൊള്ളുകയും ചെയ്തു. ജമ്മുകശ്മീര്‍ ബി.ജെ.പി നേതാവ് ടികലാല്‍ ടിപ്ലുവിന്റെ കൊലപാതകത്തിന് മുമ്പ് നാഷണല്‍ കോണ്‍ഫറന്‍സിന്റെ മുഹമ്മദ് യൂസഫ് ഹല്‍വായിയുടേതായിരുന്നു ആദ്യത്തെ രാഷ്ട്രീയ കൊലപാതകം. രണ്ട് സമുദായങ്ങള്‍ പരസ്പരം പോരടിക്കുന്ന വര്‍ഗീയ കലാപമായിരുന്നില്ല അത് എന്ന് നാം അറിയണം. അജണ്ട അടിസ്ഥാനമാക്കിയുള്ള ഭീകരാക്രമണമായിരുന്നു അത്.

‘പണ്ഡിറ്റുകള്‍ മാത്രം കൊല്ലപ്പെട്ടു’ എന്നത് ബോധപൂര്‍വമായ പച്ചക്കള്ളമാണ്. തെറ്റ് കാണിക്കുന്നത് സത്യം മറച്ചുവെക്കുന്നത് പോലെതന്നെ അപകടകരമാണെന്ന് സിനിമതന്നെ കാണിക്കുന്നു; അത് മുസ്‌ലികളുടെ കൊലപാതകങ്ങളും പലായനവും പൂര്‍ണമായും മറച്ചുവെക്കുന്നു. പണ്ഡിറ്റുകള്‍ക്ക് മാത്രമേ താഴ്‌വര വിടേണ്ടിവന്നിട്ടുള്ളൂവെന്ന് ചലച്ചിത്ര സംവിധായകന്‍ വിവിധ അഭിമുഖങ്ങളില്‍ പറയുന്നു. 50,000ത്തിലധികം മുസ്‌ലിംകള്‍ക്കും നാടുവിടേണ്ടിവന്നു എന്നതാണ് സത്യം. ഇപ്പോള്‍ താഴ്‌വരയില്‍ പണ്ഡിറ്റുകളില്ലെന്ന് അദ്ദേഹം അവകാശപ്പെടുന്നു. വീണ്ടും ഒരു മുഴുനീള നുണ! താഴ്‌വരയില്‍ എണ്ണൂറോളം പണ്ഡിറ്റ് കുടുംബങ്ങള്‍ താമസിക്കുന്നുണ്ടെന്ന വസ്തുത അദ്ദേഹം ബോധപൂര്‍വം മറച്ചുവെക്കുന്നു.

അവരുടെ സംഘടനയാണ് കശ്മീര്‍ പണ്ഡിറ്റ് സുരക്ഷാ സമിതി (കെ.പി.എസ്.എസ്). താഴ്‌വരയില്‍ താമസിക്കുന്ന പണ്ഡിറ്റുകളെ ഈ സിനിമ പ്രതികൂലമായി ബാധിച്ചേക്കുമെന്ന് അതിന്റെ നേതാവ് സഞ്ജയ് ടിക്കൂ ഭയപ്പെടുന്നു. ഈ സിനിമ സമുദായങ്ങളെ ധ്രുവീകരിക്കുകയും വിദ്വേഷം പ്രചരിപ്പിക്കുകയും ജമ്മുകശ്മീരിലെയും മറ്റിടങ്ങളിലെയും ജനങ്ങള്‍ ഇനിയൊരിക്കലും ആവര്‍ത്തിക്കാന്‍ ആഗ്രഹിക്കാത്ത അക്രമങ്ങള്‍ക്ക് ആക്കം കൂട്ടുകയും ചെയ്‌തേക്കാമെന്നും അദ്ദേഹം ഭയപ്പെടുന്നു. കശ്മീരി മുസ്‌ലിംകളും പണ്ഡിറ്റുകളും തമ്മിലുള്ള ബന്ധത്തെക്കുറിച്ച് അദ്ദേഹം വിശദീകരിക്കുന്നു: ‘ഞങ്ങള്‍ കൂട്ട കുടിയേറ്റം എന്ന് വിളിക്കുന്നത് 1990 മാര്‍ച്ച് 15 മുതലാണ് ആരംഭിച്ചത്. തീവ്രവാദ സംഘടനകള്‍ ദിവസേന ഹിറ്റ്‌ലിസ്റ്റുകള്‍ ഉണ്ടാക്കുകയും പള്ളികളില്‍ ഒട്ടിക്കുകയും ചെയ്തു. ഈ പട്ടികയില്‍ പണ്ഡിറ്റുകളും നാഷണല്‍ കോണ്‍ഫറന്‍സ് പ്രവര്‍ത്തകരും മുസ്‌ലിംകളും ഉണ്ടായിരുന്നു. ഓരോ പണ്ഡിറ്റുകളും മുസ്‌ലിംകളും തമ്മില്‍ സൗഹാര്‍ദ്ദപരമായ ബന്ധമുണ്ടായിരുന്നതിനാല്‍ വൈകുന്നേരത്തെ നമസ്‌കാരത്തിന് ശേഷം രണ്ടാമന്‍ പേര് കണ്ടാല്‍ തന്റെ (പണ്ഡിറ്റ്) അയല്‍ക്കാരനെ അറിയിക്കും. തന്റെ സുഹൃത്ത്/അയല്‍ക്കാരനെയും അവരുടെ കുടുംബത്തെയും രക്ഷിക്കാന്‍ അവന്‍ ആഗ്രഹിച്ചു.

സംവിധായകന്റെയും സിനിമയെ ശുപാര്‍ശ ചെയ്യുന്നവരുടെയും പ്രോത്സാഹിപ്പിക്കുന്നവരുടെയും ഭിന്നിപ്പിക്കല്‍ അജണ്ടക്ക് അനുയോജ്യമല്ലാത്ത കാര്യങ്ങളാണിത്. ‘സൂഫിയുടെ വാള്‍’ (സിനിമയിലെ അനുപം ഖേറിന്റെ സംഭാഷണം) ഇസ്‌ലാം സ്വീകരിച്ച പണ്ഡിറ്റുകള്‍/ഹിന്ദുക്കള്‍ മാത്രമാണ് കശ്മീരില്‍ അധിവസിച്ചിരുന്നത് എന്ന സ്റ്റീരിയോടൈപ്പും സിനിമ ഉപയോഗിക്കുന്നു. താഴ്‌വരയിലും ഇന്ത്യയുടെ മറ്റ് ഭാഗങ്ങളിലും ഇസ്‌ലാം വ്യാപിച്ചതിന്റെ സത്യാവസ്ഥയില്‍നിന്ന് ഇത് വളരെ അകലെയാണ്. സൂഫി സന്യാസിമാര്‍ ആത്മീയതയ്ക്കും സ്‌നേഹത്തിനും വേണ്ടി നിലകൊള്ളുന്നവരാണെന്ന സൂഫി പാരമ്പര്യത്തെ കുറിച്ചുള്ള ചെറിയ അറിവ്‌പോലും നമ്മോട് പറയും. അങ്ങനെയാണ് ഇന്നുവരെയുള്ള മിക്ക സൂഫി ആരാധനാലയങ്ങളും ഹിന്ദുക്കളും മുസ്‌ലിംകളും സന്ദര്‍ശിക്കുന്നത്. പലരും ഇസ്‌ലാം മതം സ്വീകരിച്ചത് രാജാക്കന്മാരുടെ വാളിനേക്കാള്‍ ജാതി അതിക്രമങ്ങള്‍ മൂലമാണ്. സ്വാമി വിവേകാനന്ദന്‍ പറഞ്ഞു: ‘മതപരിവര്‍ത്തനങ്ങള്‍ നടന്നത് ക്രിസ്ത്യാനികളുടെയും മുസ്‌ലിംകളുടെയും ക്രൂരതകള്‍ കൊണ്ടല്ല, മറിച്ച് സവര്‍ണരുടെ അതിക്രമങ്ങള്‍ മൂലമാണ്’.

 

Continue Reading

columns

കൊടും കുറ്റവാളികള്‍ പുറത്തിറങ്ങിയാല്‍-എഡിറ്റോറിയല്‍

സംസ്ഥാനത്ത് ക്രമസമാധന നില വഷളായിട്ട് നാളേറെയായി. പിണറായി വിജയന്‍ സര്‍ക്കാറില്‍ അദ്ദേഹം തന്നെ നേരിട്ട് കൈകാര്യം ചെയ്യുന്ന ആഭ്യന്തര വകുപ്പാണ് ഏറ്റവും മോശമായി പ്രവര്‍ത്തിക്കുന്നത് എന്നതില്‍ യാതൊരു തര്‍ക്കവുമില്ല.

Published

on

സംസ്ഥാനത്ത് ക്രമസമാധന നില വഷളായിട്ട് നാളേറെയായി. പിണറായി വിജയന്‍ സര്‍ക്കാറില്‍ അദ്ദേഹം തന്നെ നേരിട്ട് കൈകാര്യം ചെയ്യുന്ന ആഭ്യന്തര വകുപ്പാണ് ഏറ്റവും മോശമായി പ്രവര്‍ത്തിക്കുന്നത് എന്നതില്‍ യാതൊരു തര്‍ക്കവുമില്ല. രാഷ്ട്രീയ കുറ്റവാളികളുടെ ജയില്‍ തടവ് കാലാവധി ഇളവുമായി ബന്ധപ്പെട്ട് കഴിഞ്ഞദിവസം ആഭ്യന്തര വകുപ്പ് ഇറക്കിയ ഉത്തരവ് ക്രമസമാധാനരംഗം കൂടുതല്‍ വഷളാക്കാനേ ഇടയാക്കൂ. കൊലപാതക കേസില്‍ ശിക്ഷിക്കപ്പെട്ട് ജീവപര്യന്തം തടവില്‍ കഴിയുന്ന രാഷ്ട്രീയ കുറ്റവാളികളുടെ ശിക്ഷാകാലാവധി ഇളവുചെയ്ത് വിട്ടയക്കാന്‍ സര്‍ക്കാറിന് അധികാരം നല്‍കുന്നതാണ് പ്രസ്തുത ഉത്തരവ്. സ്വാതന്ത്ര്യ ദിനം, റിപ്പബ്ലിക് ദിനം തുടങ്ങിയ വിശേഷ ദിവസങ്ങളോടനുബന്ധിച്ച് പ്രതികള്‍ക്ക് ശിക്ഷാ ഇളവ് നല്‍കുന്ന പതിവ് നേരത്തെയുണ്ട്. എന്നാല്‍ രാഷ്ട്രീയ കൊലപാതകങ്ങളിലെ പ്രതികള്‍ക്ക് ഈ ഇളവ് ബാധകമായിരുന്നില്ല. ജീവപര്യന്തം തടവിനു ശിക്ഷിക്കപ്പെട്ട രാഷ്ട്രീയ തടവുകാര്‍ ചുരുങ്ങിയത് 14 വര്‍ഷമെങ്കിലും തടവുശിക്ഷ അനുഭവിക്കണമായിരുന്നു. എന്നാല്‍ നവംബര്‍ 23ലെ മന്ത്രിസഭാ യോഗം ഇത്തരം തടവുകാരുടെ കാലാവധിയില്‍ കൂടി ഇളവ് നല്‍കി നേരത്തേ വിട്ടയക്കാവുന്നവരുടെ ഗണത്തില്‍പെടുത്തി. ഇതനുസരിച്ച് രാഷ്ട്രീയ കുറ്റവാളികള്‍ക്ക് ഒരു വര്‍ഷം വരെ ശിക്ഷയില്‍ ഇളവ് ലഭിക്കും.

രാഷ്ട്രീയ കുറ്റവാളികളുടെയും തടവുകാരുടെയും കാര്യത്തില്‍ പ്രത്യേക പരിഗണനയും ഇളവുകളും നല്‍കുന്ന പ്രവണത മിക്ക സംസ്ഥാനത്തും നിലവിലുണ്ട്. 2002 ലെ ഗുജറാത്ത് വംശഹത്യാ സംഭവത്തിലെ ഏറ്റവും നടുക്കമുളവാക്കിയ ബില്‍ക്കീസ് ബാനു കൂട്ടബലാത്സംഗ കേസിലെ പ്രതികളെ ഗുജറാത്ത് സര്‍ക്കാര്‍ വിട്ടയച്ചത് ഇയ്യിടെയാണ്.ഏറെ വിവാദമായ സംഭവത്തില്‍ സുപ്രീംകോടതി ഗുജറാത്ത് സര്‍ക്കാറിന് നോട്ടീസ് അയച്ചിട്ടുണ്ട്. ഇത്തരം സംഭവങ്ങള്‍ നിയമത്തോടുള്ള വെല്ലുവിളിയും നിയമ വ്യവസ്ഥയുടെയും ക്രിമിനല്‍ പ്രൊസീജിയര്‍ കോഡിലെ ശിക്ഷാവിധികളുടെയും പ്രസക്തിയെ ബാധിക്കുന്നതുമാണ്. കുറ്റവാളികള്‍ക്ക് തടവുശിക്ഷ നല്‍കുന്നത് ക്രമസമാധാനം ഉറപ്പ് വരുത്താനാണ്. നിയമപാലകര്‍ വളരെ കഷ്ടപ്പെട്ടാണ് പ്രതികളെ പിടികൂടുന്നതും തെളിവുകള്‍ ശേഖരിച്ച് കോടതിയില്‍ സമര്‍പ്പിച്ച് ശിക്ഷ വാങ്ങിക്കൊടുക്കുന്നതും.

തടവുശിക്ഷ അനുഭവിക്കുന്ന സി.പി.എം പ്രവര്‍ത്തകരെ ലക്ഷ്യംവെച്ചാണ് ഇപ്പോഴത്തെ ഇളവ്. ടി.പി ചന്ദ്രശേഖരന്‍ കൊലക്കേസില്‍ കൊടി സുനി, റഫീഖ്, കിര്‍മാണി മനോജ്, ട്രൗസര്‍ മനോജന്‍, അണ്ണന്‍ സിജിത് തുടങ്ങിവര്‍ ജീവപര്യന്തം ശിക്ഷ നേരിടുന്നുണ്ട്. മെയ് മാസത്തില്‍ സര്‍ക്കാര്‍ ശിക്ഷാ ഇളവിനായി ഗവര്‍ണര്‍ക്ക് നല്‍കിയ ജയില്‍ തടവുകാരുടെ പട്ടികയില്‍ സി.പി.എം പ്രവര്‍ത്തകരായ കൊടും കുറ്റവാളികളുടെ പേരുകളും ഉണ്ടായിരുന്നത് വിവാദമായിരുന്നു. ഇങ്ങനെ വിട്ടയക്കപ്പെടുന്ന പ്രതികളുടെ പട്ടിക തയാറാക്കേണ്ടത് വിരമിച്ച ജഡ്ജിമാര്‍ അടങ്ങിയ ജയില്‍ ഉപദേശക സമിതിയുടെ അനുമതി പ്രകാരമാണ്. എന്നാല്‍ ജയില്‍ ഉപദേശക സമിതിയെ മറികടന്ന് ആഭ്യന്തര വകുപ്പ് അഡീഷനല്‍ ചീഫ് സെക്രട്ടറി, നിയമ സെക്രട്ടറി, ജയില്‍ ഡി.ജി.പി എന്നിവരടങ്ങിയ സെക്രട്ടറിതല സമിതിയുണ്ടാക്കിയാണ് വിട്ടയക്കാനുള്ളവരുടെ പട്ടിക തയ്യാറാക്കിയത്. പ്രതിഷേധം ഉയര്‍ന്നതോടെ സര്‍ക്കാര്‍ പട്ടിക തിരുത്തുകയായിരുന്നു. ഇത്തരം പ്രതികള്‍ക്ക് ജയിലില്‍ സുഖവാസമാണ് സര്‍ക്കാര്‍ ഒരുക്കികൊടുക്കുന്നത്. ടി.പി വധക്കേസ് പ്രതികള്‍ക്ക് അനുവദിച്ച പരോളിന് കണക്കില്ല. കോവിഡ് കാലത്ത് ഏതാണ്ടെല്ലാ സമയത്തും ഈ പ്രതികള്‍ പുറത്തായിരുന്നു. പരോളില്‍ പുറത്തിറങ്ങുന്ന സമയത്ത് മറ്റ് ക്രിമിനല്‍ കേസുകളില്‍ ഇടപെടുന്ന സമീപനവും ഇത്തരം പ്രതികളില്‍ നിന്നുണ്ടായിട്ടുണ്ട്.

നിയമത്തോടുള്ള വെല്ലുവിളിയാണിതെന്ന് പറയാതിരിക്കാനാവില്ല. ഗുരുതര പ്രത്യാഘാതമുണ്ടാക്കുന്നതാണ് തീരുമാനം. ക്രിമിനല്‍ കേസില്‍ കുറ്റക്കാരനെന്നു കണ്ടെത്തി ശിക്ഷിക്കപ്പെട്ട പ്രതിയെ ജീവിതകാലം മുഴുവന്‍ അഥവാ മരണം വരെ ജയിലില്‍ ഇടുക എന്നതാണ് നിയമപ്രകാരം ജീവപര്യന്തം ശിക്ഷ എന്നതിനര്‍ഥം. 2012ല്‍ ജസ്റ്റിസ് കെ.എസ് രാധാകൃഷ്ണനും ജസ്റ്റിസ് മദന്‍ ബി ലോകൂറും അടങ്ങിയ ബഞ്ച് ഇക്കാര്യം ആവര്‍ത്തിച്ച് വ്യക്തമാക്കിയിട്ടുണ്ട്. ജീവപര്യന്തം തടവുകാര്‍ക്ക് 14 വര്‍ഷത്തെ തടവ് കഴിഞ്ഞാലും പുറത്തിറങ്ങാന്‍ നിയമപരമായി യാതൊരു അവകാശവുമില്ല. ജീവപര്യന്തം 14 വര്‍ഷത്തെ ജയില്‍ തടവാണെന്ന് ക്രിമിനല്‍ നടപടി ചട്ടത്തില്‍ എവിടെയും പറയുന്നില്ല. കൊടും കുറ്റം ചെയ്ത ടി.പി വധക്കേസ് പ്രതികള്‍ ഉള്‍പ്പെടെയുള്ളവരെ വിട്ടയക്കാനുള്ള സര്‍ക്കാര്‍ നീക്കം ഒരു നിലക്കും ന്യായീകരിക്കത്തക്കതല്ല. ഇത്തരം പ്രഥികള്‍ പുറത്തിറങ്ങിയാല്‍ സമൂഹത്തിന് കടുത്ത ഭീഷണിയാകാനേ ഉപകരിക്കൂ. അതിനാല്‍ ഇത്തരം തീരുമാനത്തില്‍നിന്ന് സര്‍ക്കാര്‍ പിന്തിരിഞ്ഞേ മതിയാകൂ.

Continue Reading

Article

ആരാധനാലയങ്ങള്‍ സംരക്ഷിക്കപ്പെടണം- എഡിറ്റോറിയല്‍

പരമാവധി സംസ്ഥാനങ്ങളില്‍ ഏക സിവില്‍കോഡ് നടപ്പാക്കുമെന്നാണ് ബി.ജെ.പി പ്രസിഡന്റ് ജെ.പി നദ്ദ പ്രസ്താവിച്ചത്. ഗുജറാത്ത് തിരഞ്ഞെടുപ്പ് പ്രകടന പത്രികയിലും ഈ പ്രഖ്യാപനമുണ്ട്. ഏക സിവില്‍കോഡ് ഒരു പ്രത്യേക വിഭാഗത്തെ ഉന്നംവെച്ച് സജീവമാക്കി നിര്‍ത്തുകയാണ് സംഘ്പരിവാറും അവരുടെ നിയന്ത്രണത്തിലുള്ള കേന്ദ്ര സര്‍ക്കാറും

Published

on

മതേതര, ജനാധിപത്യ വിശ്വാസികളെ ആശങ്കാകുലരാക്കുന്നതാണ് ഇപ്പോഴത്തെ ഇന്ത്യയുടെ സഞ്ചാര പാത. ബാബരി മസ്ജിദ് ഇല്ലാത്ത ഇന്ത്യയില്‍നിന്ന് ബഹുസ്വരതയുടെ അടയാളങ്ങളെല്ലാം മായ്ച്ചുകളയാനുള്ള ശ്രമത്തിലാണ് സംഘ്പരിവാര ശക്തികള്‍. ബാബരി മസ്ജിദ് പൊളിക്കല്‍ സംഘ്പരിവാര ശക്തികളുടെ ടെസ്റ്റ്‌ഡോസ് മാത്രമായിരുന്നു. 400 വര്‍ഷം പഴക്കമുള്ള മുസ്‌ലിം ആരാധനാലയം അധികാരം ഇല്ലാതിരിക്കെ തന്നെ തകര്‍ക്കാന്‍ മാത്രം ശക്തിയുള്ള ആള്‍ക്കൂട്ടത്തെ സജ്ജമാക്കിയെടുക്കാന്‍ അവര്‍ക്കു കഴിഞ്ഞു. ഇപ്പോള്‍ അധികാരം സംഘ്പരിവാറിന്റെ കൈകളിലാണ്. ബാബരി മസ്ജിദിനുശേഷം മറ്റു പള്ളികളിലേക്കും അവരുടെ കണ്ണുകള്‍ പതിഞ്ഞിരിക്കുന്നു. ഗ്യാന്‍വാപി മസ്ജിദ് മറ്റൊരു ബാബരിയാകാനുള്ള നിലയൊരുക്കലെല്ലാം പൂര്‍ത്തിയായി. മഥുര, കാശി.. ലിസ്റ്റ് നീളുകയാണ്. ഓരോ തിരഞ്ഞെടുപ്പ് വരുമ്പോഴും ഇവയിലൊന്ന് പൊക്കിക്കൊണ്ടുവരും. അങ്ങനെ എല്ലാ കാലത്തും പ്രശ്‌നം വൈകാരികമായി നിലനിര്‍ത്തും. പെരും നുണകളാല്‍ ചരിത്രത്തെ വളച്ചൊടിച്ച് സാധാരണ ഹൈന്ദവരുടെ മനസ്സുകളില്‍ നിറച്ച് രാഷ്ട്രീയ നേട്ടം കൊയ്യുകയാണ്.

ഇതിന്റെ മറ്റൊരു വശമാണ് പേര് മാറ്റല്‍ പ്രക്രിയ. ഷിംല ശ്യാമളയാവുന്നതും അലഹാബാദ് പ്രയാഗ്‌രാജ് ആകുന്നതും ഫൈസാബാദ് ജില്ലയെ ശ്രീ അയോധ്യയെന്നാക്കി മാറ്റുന്നതുമൊക്കെ അങ്ങനെയാണ്. അഹമ്മദാബാദിന്റെ പേര് എത്രയും പെട്ടെന്ന് കര്‍ണാവതിയാക്കാന്‍ തയ്യാറാണെന്ന് ഗുജറാത്ത് ഉപമുഖ്യമന്ത്രി നിതിന്‍ പട്ടേല്‍ പറഞ്ഞുകഴിഞ്ഞു. ആഗ്രയെ ആഗ്രവാന്‍ എന്നോ ആഗ്രവാള്‍ എന്നോ മാറ്റണമെന്ന ആവശ്യവുമായി ആഗ്രയിലെ എം.എല്‍.എ രംഗത്തെത്തിയിട്ടുണ്ട്. മുസഫര്‍ നഗറിനെ ലക്ഷ്മിനഗര്‍ എന്നാക്കണമെന്നാണ് ബി.ജെ.പിയുടെ ആവശ്യം. ഒരു വര്‍ഷത്തിനിടെ 25 സ്ഥലങ്ങളുടെ പേര് മാറ്റാനാണ് കേന്ദ്രസര്‍ക്കാര്‍ അനുമതി നല്‍കിയത്. ഉത്തര്‍പ്രദേശിലേതടക്കം നിരവധി പേരുമാറ്റങ്ങള്‍ ഇനിയും കേന്ദ്ര സര്‍ക്കാരിന്റെ പരിഗണനയിലാണ്. താജ് മഹലിന്റെ പേര് മാറ്റണമെന്ന ആവശ്യമാണ് ഇവര്‍ക്കുള്ളത്. താജ്മഹലിന്റെ കാലപ്പഴക്കവും ചരിത്രവും പരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് നല്‍കിയ പൊതുതാല്‍പര്യ ഹരജി രൂക്ഷമായ ഭാഷയോടെയാണ് കഴിഞ്ഞദിവസം സുപ്രീംകോടതി തള്ളിയത്. എന്തിനും ഏതിനും കോടതിയെ വലിച്ചിടരുത്. താജ്മഹലിന്റെ കാലപ്പഴക്കം എത്രയാണെന്നോ അല്ലെങ്കില്‍ അതിന്റെ ചരിത്രപരമായ വസ്തുതകളെന്താണെന്നോ നിശ്ചയിക്കാന്‍ ഞങ്ങള്‍ക്കാകുമോ? അതും 400 വര്‍ഷത്തിന് ശേഷം. എന്നാണ് കോടതി ഹര്‍ജിക്കാരനോട് ചോദിച്ചത്.

ഇന്ത്യയുടെ ബഹുസ്വരതയെതന്നെ ഇല്ലായ്മ ചെയ്യുന്ന ഒരൊറ്റ ഇന്ത്യ ഒരൊറ്റ ഭാഷ എന്ന അത്യന്തം ഗുരുതര പ്രത്യാഘാതങ്ങളുള്ള നയത്തിനും ഭരണകര്‍ത്താക്കള്‍ കോപ്പുകൂട്ടുന്നുണ്ട്. ഹിന്ദിയെ ദേശീയ ഭാഷയാക്കാനുള്ള നീക്കം കേന്ദ്രം ശക്തമാക്കിയിട്ടുണ്ട്. ഫാസിസ്റ്റ് അജണ്ടയാണ് രാഷ്ട്രത്തിന് ഏക ഭാഷ എന്നത്. രാഷ്ട്രത്തിന്റെ ഐക്യം സംരക്ഷിക്കപ്പെടുന്നതിന്പകരം അതിന്റെ ശിഥിലീകരണത്തിലേക്കാണ് ഇത് നയിക്കുക. ഹിന്ദി സംസാരിക്കുന്നവരെ ഒന്നാം തരം പൗരരും അല്ലാത്തവരെ രണ്ടാം തരക്കാരുമായി മാറ്റിയെടുക്കാനുള്ള നീക്കമാണ് ഇതിനു പിന്നില്‍. ഹിന്ദു സംസ്‌കാരത്തിന്റെ അടിസ്ഥാനത്തില്‍ ഹിന്ദി മാത്രം സംസാരിക്കുന്ന ഹിന്ദുത്വ രാഷ്ട്രത്തിലേക്കുള്ള ചുവടുവെപ്പിനാണ് സംഘ്പരിവാരം ശ്രമിക്കുന്നത്.

ഇതെല്ലാം സ്വരുക്കൂട്ടന്നത് രാജ്യത്തെ ഏക സിവില്‍കോഡില്‍ കൊണ്ടുചെന്നെത്തിക്കാനാണ്. പരമാവധി സംസ്ഥാനങ്ങളില്‍ ഏക സിവില്‍കോഡ് നടപ്പാക്കുമെന്നാണ് ബി.ജെ.പി പ്രസിഡന്റ് ജെ.പി നദ്ദ പ്രസ്താവിച്ചത്. ഗുജറാത്ത് തിരഞ്ഞെടുപ്പ് പ്രകടന പത്രികയിലും ഈ പ്രഖ്യാപനമുണ്ട്. ഏക സിവില്‍കോഡ് ഒരു പ്രത്യേക വിഭാഗത്തെ ഉന്നംവെച്ച് സജീവമാക്കി നിര്‍ത്തുകയാണ് സംഘ്പരിവാറും അവരുടെ നിയന്ത്രണത്തിലുള്ള കേന്ദ്ര സര്‍ക്കാറും. ഇടയ്ക്കിടെ മുദ്രാവാക്യം പോലെ ഏകസിവില്‍കോഡ് നടപ്പാക്കുമെന്ന് പറയുന്ന ബി.ജെ.പി മുസ്‌ലിം സമുദായത്തെ പേടിപ്പിച്ചുനിര്‍ത്താനാണ് നോക്കുന്നത്.

മുസ്‌ലിംകളെ ഉന്നംവെച്ച് നടപ്പാക്കാനുദ്ദേശിക്കുന്ന പൗരത്വപ്രശ്‌നം ഡമോക്ലസിന്റെ വാളു പോലെ തൂങ്ങിയാടുന്നുണ്ട്. ജനിച്ചുവളര്‍ന്ന നാട്ടില്‍ രണ്ടാംകിട പൗരന്മാരായി കഴിയേണ്ടതിന്റെ അവഹേളനയിലേക്കാണ് ഇത് കൊണ്ടുചെന്നെത്തിക്കുക. ഇന്ത്യ ഇന്ത്യക്കാരുടേതാണെന്ന ബോധമില്ലാത്തവരാണ് ഇത്തരം നയങ്ങള്‍ രൂപീകരിക്കുന്നത്. സ്വന്തം രാജ്യത്തെ ജനങ്ങളെ ഒന്നായി കണ്ട് അവരുടെ ക്ഷേമൈശ്വര്യങ്ങള്‍ക്കായി പ്രവര്‍ത്തിക്കുന്ന സര്‍ക്കാറിനേ രാജ്യത്തെ രക്ഷിക്കാനാകൂ. ഓരോ വിശ്വാസികള്‍ക്കും അവരുടെ വിശ്വാസങ്ങളും ആരാധാനാലയങ്ങളും വിലപ്പെട്ടതാണ്. തുല്യതയില്ലാത്ത വിട്ടുവീഴ്ചയാണ് ബാബരി മസ്ജിദ് കേസില്‍ മുസ്‌ലിംകള്‍ കൈക്കൊണ്ടത്. ബാബരി മസ്ജിദിന്റെ കാര്യത്തില്‍ രാജ്യം അവര്‍ക്ക് നീതി നല്‍കിയിട്ടില്ല. ഇനിയുമൊരു ആരാധനാലയം തകര്‍ന്നുവീഴരുത്. അത് രാജ്യത്തിനും മതേതര ജനാധിപത്യ വിശ്വാസികള്‍ക്കും സഹിക്കാവുന്നതിലുമപ്പുറമായിരിക്കും. 1991ലെ ആരാധനാലയ സംരക്ഷണ നിയമം കര്‍ശനമായി നടപ്പാക്കുകയാണ് കരണീയ മാര്‍ഗം.

Continue Reading

Trending