കെ. മൊയ്തീന്‍കോയ

സമീപകാല ലോക രാഷ്ട്രീയ വ്യവഹാരത്തില്‍ ഏറ്റവും വലിയ തമാശ നൊബേല്‍ സമ്മാനത്തിന് അമേരിക്കന്‍ പ്രസിഡന്റ് ഡോണാള്‍ഡ് ട്രംപിന്റെ പേര് ശിപാര്‍ശ ചെയ്തുവെന്ന് കേള്‍ക്കുന്നതാണ്. നവംബര്‍ മൂന്നിന് നടക്കാനിരിക്കുന്ന പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ വിജയിക്കാന്‍ അവസാന അടവുകള്‍ പയറ്റുന്ന ട്രംപിന് മുങ്ങി താഴുമ്പോള്‍ കിട്ടിയ പുല്‍ക്കൊടിയായി ഇക്കാര്യത്തെ വിശേഷിപ്പിക്കുന്നവരുണ്ട്. ഈ തമാശ പ്രകടനത്തിനിടെ, ഗൗരവമായൊരു തീരുമാനം ശ്രദ്ധിക്കാതെപോകുന്നത് ദുഃഖകരവും നിര്‍ഭാഗ്യകരവുമാണ്. മ്യാന്‍മര്‍ നേതാവ് ഓങ് സാന്‍ സുചിയില്‍ നിന്ന് സഖ്‌റോവ് പ്രൈസ് യൂറോപ്യന്‍ യൂണിയന്‍ പിന്‍വലിച്ചുവെന്നതാണത്. മ്യാന്‍മറിലെ റോഹിന്‍ഗ്യന്‍ മുസ്‌ലിംകള്‍ക്കെതിരെ നടത്തുന്ന അടിച്ചമര്‍ത്തലില്‍ പ്രതിഷേധിച്ചാണ് ഈ മനുഷ്യാവകാശ സമ്മാനം തിരിച്ചെടുക്കുന്നത്. സമ്മാനം നേടിയവരുടെ പട്ടികയില്‍നിന്ന് സുചിയുടെ പേര് യൂറോപ്യന്‍ യൂണിയന്‍ നീക്കം ചെയ്തു. 1990ല്‍ ആയിരുന്നു സഖ്‌റോവ് പ്രൈസ് സമ്മാനിക്കാന്‍ തീരുമാനിച്ചിരുന്നതെങ്കിലും അക്കാലത്ത് മ്യാന്‍മറില്‍ സൈനിക ഭരണം ജയിലില്‍ അടച്ചിരുന്ന സുചി 23 വര്‍ഷത്തിന് ശേഷമാണ് സമ്മാനം ഏറ്റുവാങ്ങിയത്. വംശഹത്യയുടെ പേരില്‍ അതാണിപ്പോള്‍ സസ്‌പെന്റ് ചെയ്തത്. ലോക സമൂഹത്തിന് മുന്നില്‍ തലകുനിച്ച് നില്‍ക്കുന്നു, സൂചി.

ലോക ജനാധിപത്യത്തിന്റെ പ്രതീക്ഷയാണ് അവര്‍ തകര്‍ത്തത്. ദീര്‍ഘകാലം സൈനിക ഉരുക്കുമുഷ്ടികള്‍ക്കുള്ളില്‍ കഴിഞ്ഞ ജനാധിപത്യ നേതാവ്. ദക്ഷിണാഫ്രിക്കയിലെ നെല്‍സണ്‍ മണ്‍ഡേലയെ പോലെ ലോകം ആദരിച്ച നേതാവ്. 2014ല്‍ ജയില്‍ മോചിതയായ ശേഷം നാഷനല്‍ ലീഗ് ഓഫ് ഡമോക്രസി നേതാവ് എന്ന നിലയില്‍ മ്യാന്‍മര്‍ ഭരണകൂടത്തെ നിയന്ത്രിക്കുന്നു, ന്യൂനപക്ഷ വിഭാഗം അടിച്ചമര്‍ത്തപ്പെടുമ്പോള്‍, മൗനിയായി കഴിയുന്നത് ഭരണകൂട ഭീകരതക്ക് ഒത്താശ ചെയ്യല്‍ തന്നെ. റോഹിന്‍ഗ്യന്‍ സമൂഹം മ്യാന്‍മറിലെ റാഖിന്‍ പ്രവിശ്യയില്‍നിന്ന് ആട്ടിയോടിക്കപ്പെട്ടു. 2017ന് ശേഷം, 13 ലക്ഷമാണ് ബംഗ്ലാദേശില്‍ കഴിയുന്നത്. ഒന്നര ലക്ഷം മലേഷ്യയില്‍, ഇന്ത്യയില്‍ 40,000 പേര്‍ ഉണ്ടെന്ന് കണക്കാക്കുന്നു. അഭയാര്‍ത്ഥികളെ തിരിച്ച്‌കൊണ്ട്‌പോകണമെന്ന് യു.എന്‍ നിര്‍ദ്ദേശിച്ചതാണെങ്കിലും മ്യാന്‍മര്‍ ഇതേവരെ നടപടി സ്വീകരിച്ചിട്ടില്ല. യു.എന്‍ അന്താരാഷ്ട്ര ക്രിമിനല്‍ കോടതി മ്യാന്‍മറിനെ താക്കീത് ചെയ്തു. ആഫ്രിക്കന്‍ രാഷ്ട്രമായ ഗാംബിയയുടെ പരാതിയിന്മേലാണ് കോടതി വിധി.

സുചിക്ക് മൗനമാണ്. അവര്‍ പ്രതികരിക്കുന്നില്ല. എല്ലാ പൈശാചികതക്കും ചൈനയുടെ പിന്തുണയുമുണ്ട്. സാമ്പത്തികമായും സൈനികമായും അവര്‍ സഹായം നല്‍കുന്നു. എല്ലാ കാര്യങ്ങളിലും സൈനിക മേല്‍കോയ്മയാണ്. ഭൂരിപക്ഷം വരുന്ന ബുദ്ധമത വിശ്വാസികളിലെ തീവ്രവാദികളും സൈന്യവും ഒത്തുചേര്‍ന്ന് നടത്തുന്ന വംശഹത്യയെ കണ്ടില്ലെന്ന് നടിക്കുന്ന സുചിക്ക് എന്തിന് മനുഷ്യാവകാശ സംരക്ഷകക്കുള്ള സഖ്‌റോവ് പ്രൈസ്.നോര്‍വേയിലെ തീവ്ര വലത്പക്ഷ പാര്‍ലമെന്റ് അംഗം ക്രിസ്റ്റ്യന്‍ ട്രൈബിഗ് ജെഡെയാണ് ട്രംപിന് ഇത്തരമൊരു ശിപാര്‍ശയുമായി രംഗത്ത്‌വന്നത്. പശ്ചിമേഷ്യന്‍ സമാധാന പ്രവര്‍ത്തനമാണ് ഇദ്ദേഹം ട്രംപില്‍ കാണുന്ന ‘വലിയ’ സമാധാനനീക്കം. ഉത്തര കൊറിയയുമായി 2018ല്‍ നടത്തിയ സമാധാന നീക്കവും നൊബേലിന് പരിഗണിക്കണമെന്നാണ് നോര്‍വേ പാര്‍ലമെന്റ് അംഗത്തിന്റെ ശിപാര്‍ശക്ക് ആധാരമായതത്രെ.

ഇസ്രാഈലുമായി യു.എ.ഇയും ബഹ്‌റൈനും നയതന്ത്രബന്ധം സ്ഥാപിക്കുന്നത് സമാധാനനീക്കമാകുന്നതെങ്ങനെയാണ്. പശ്ചിമേഷ്യയില്‍ 1948 മുതല്‍ നിലനില്‍ക്കുന്ന പ്രശ്‌നം ഫലസ്തീന്‍ രാഷ്ട്ര പുനസ്ഥാപനമാണ്. നാളിത് രാജ്യാന്തര വേദികള്‍ മുന്നോട്ട് വച്ച ദ്വിരാഷ്ട്ര ഫോര്‍മുല തകര്‍ക്കുംവിധം നിലപാട് സ്വീകരിച്ച ട്രംപ് എങ്ങനെ സമാധാനത്തിന്റെ സന്ദേശവാഹകനാവും? എരിതീയില്‍ എണ്ണ ഒഴിച്ച് ജറുസലമിനെ ഇസ്രാഈല്‍ രാഷട്ര തലസ്ഥാനമായി അംഗീകരിച്ച അമേരിക്കന്‍ പ്രസിഡന്റാണ് ട്രംപ്. ഈ തീരുമാനം സമാധാന പാത വെട്ടി തെളിയിക്കുന്നതല്ല. സ്വതന്ത്ര ഫലസ്തീന്‍ എന്ന അറബ് രഷ്ട്രങ്ങളുടെയും അതിലുപരി ലോകത്തിന്റെ തന്നെയും ആവശ്യങ്ങള്‍ നിരാകരിക്കുന്ന അമേരിക്കയുടെ ‘സമാധാന പദ്ധതി’ എല്ലാവരും നിരാകരിച്ചശേഷം വളഞ്ഞ വഴിയിലൂടെയാണ് അമേരിക്കയുടെ സഞ്ചാരം. ഫലസ്തീന്‍ പ്രശ്‌നം ശാശ്വതമായി പരിഹരിക്കാതെ ഇസ്രാഈയലുമായി ബന്ധം സ്ഥാപിക്കാന്‍ തയാറില്ലെന്ന് സുഊദി അറേബ്യയും തുടര്‍ന്ന് അറബ്‌ലീഗിന്റെ കഴിഞ്ഞ ആഴ്ച നടന്ന വാര്‍ഷിക സമ്മേളനവും ആവര്‍ത്തിച്ച് വ്യക്തമാക്കിയതോടെ അമേരിക്കന്‍ നീക്കത്തിന്റെ പ്രാധാന്യം നഷ്ടമായി.

ട്രംപ് ഭരണകൂടത്തിന്റെ നയ നിലപാടുകള്‍ മിക്കവയും ലോക രാഷ്ട്രങ്ങള്‍ക്കിടയില്‍ എതിര്‍പ്പ് ക്ഷണിച്ചുവരുത്തുന്നതായിരുന്നു. ലോക രാഷ്ട്രങ്ങള്‍ക്കിടയിലെ സംഘര്‍ഷങ്ങള്‍ പരിഹരിക്കുന്നതിന് വന്‍ പ്രതീക്ഷ നല്‍കിയ ഇറാന്‍ ആണവ കരാറില്‍നിന്ന് ഏകപക്ഷീയമായി പിന്‍മാറിയതില്‍ സുഹൃദ് രാഷ്ട്രങ്ങള്‍പോലും കടുത്ത വിയോജിപ്പ് പ്രകടിപ്പിച്ചു. പാരീസ് കാലാവസ്ഥ ഉടമ്പടിയില്‍ ഒപ്പ്‌വക്കാന്‍ തയാറാകാതിരുന്ന ട്രംപിന്റെ നിലപാടും അമേരിക്കയെ ലോക സമൂഹത്തില്‍ ഒറ്റപ്പെടുത്തി. ആഭ്യന്തര കാര്യങ്ങളിലും നാല് വര്‍ഷകാലം സംഘര്‍ഷഭരിതമാക്കി. വംശീയ ചേരിതിരിവ് കൂടുതല്‍ ഏറ്റുമുട്ടലിലേക്ക് കടന്നുപോയി. എതിരാളികളെ അടച്ചാക്ഷേപിക്കുന്ന പ്രസിഡന്റ് അമേരിക്കയുടെ ചരിത്രത്തില്‍ അത്യപൂര്‍വം. എല്ലാം കച്ചവട കണ്ണിലൂടെ നോക്കിക്കാണുന്നു. രാഷ്ട്രാന്തരീയ ബന്ധങ്ങള്‍ക്ക്പിന്നിലെ അന്തര്‍ധാര മിക്കവയും കച്ചവട താല്‍പര്യം തന്നെ. യു.എ.ഇ-ഇസ്രാഈല്‍ ബന്ധത്തിന് പ്രേരകം അമേരിക്കന്‍ ആയുധ ഇടപാടാണത്രെ. എഫ് 35 ഫൈറ്റര്‍ വിമാനങ്ങളും ഡ്രോണും യു.എ.ഇക്ക് നല്‍കാന്‍ ധാരണയായത് ഇസ്രാഈലിന്റെ പ്രതിഷേധത്തിന് കാരണമായി. എഴുപതുകളില്‍, അറബ് നാടുകള്‍ക്ക് ആയുധം നല്‍കും മുമ്പ് ഇസ്രാഈലിനെ വിവരം അറിയിക്കണമെന്ന് അമേരിക്ക ഉണ്ടാക്കിയ ധാരണ ലംഘിച്ചുവെന്നാണ് പ്രധാനമന്ത്രി നെതന്യാഹുവിന്റെ വിമര്‍ശനം. ആഭ്യന്തര, വൈദേശിക പ്രശ്‌നങ്ങള്‍ അഭിമുഖീകരിക്കുമ്പോഴും വിടുവായത്തം കുറക്കുന്നില്ല ട്രംപ്. മാധ്യമങ്ങളുമായി നിരന്തരം ഏറ്റുമുട്ടുന്നു.

ജൂലൈ 14 ന് വാഷിംഗ്ടണ്‍ പോസ്റ്റ് പുറത്തുവിട്ട വാര്‍ത്ത അമ്പരപ്പിക്കുന്നതാണ്. അധികാരമേറ്റശേഷം അന്നേവരെ ട്രംപ് 20,000 നുണകള്‍ പറഞ്ഞുവെന്നാണ് പത്രത്തിന്റെ വിശദീകരണം. അധികാരത്തില്‍വന്ന് 100 ദിവസമായപ്പോഴാണത്രെ പത്രം നിരീക്ഷിക്കാന്‍ തുടങ്ങിയത്. ആ ദിവസം വരെ 492 അവകാശവാദം എഴുന്നള്ളിച്ചു. കൊറോണയുമായി ബന്ധപ്പെട്ട ഡയലോഗ് 1000, ഇംപീച്ച്‌മെന്റ് സന്ദര്‍ഭത്തില്‍ 1200 എന്നിങ്ങനെയാണത്രെ നുണകള്‍ പടച്ചുവിട്ടത്.