കേരളം കടുത്ത വരള്‍ച്ചയുടെ ഊഷരതയിലേക്ക് കാലെടുത്തുവച്ചിരിക്കുകയാണ്. ഊഷ്മാവിന്റെ തീക്ഷ്ണതയില്‍ കിണറുകളും കുളങ്ങളുമുള്‍പ്പെടെ ജലാശയങ്ങളെല്ലാം വറ്റിത്തുടങ്ങി. വരാനിരിക്കുന്ന രൂക്ഷമായ വരള്‍ച്ചയുടെയും ജലദാരിദ്ര്യത്തിന്റെയും ഭയാശങ്കയിലാണ് മലയാളി ജീവിച്ചുകൊണ്ടിരിക്കുന്നത്. വേനല്‍ കനക്കും മുമ്പെ കുടിവെള്ളത്തിനായുള്ള നെട്ടോട്ടം വല്ലാത്ത വ്യഥയും വേവലാതിയുമാണുണ്ടാക്കുന്നത്. ജലാശയങ്ങളുടെ ഉള്‍ത്തടങ്ങളും ജീവജാലങ്ങളുടെ ഹൃത്തടങ്ങളും മാത്രമല്ല, കേരളത്തിലെ കൃഷിത്തടങ്ങളും കൊടും വരള്‍ച്ചയില്‍ കരിഞ്ഞുണങ്ങുകയാണ്. കാലവര്‍ഷം മൂന്നിലൊന്നായി കുറയുകയും ഇടമഴ ലഭിക്കാതിരിക്കുകയും ചെയ്താല്‍ ചൂടിനു കാഠിന്യമേറുമെന്നാണ് കാലാവസ്ഥാ നിരീക്ഷകരുടെ പക്ഷം. മഴക്കുറവിനെ പഴിചാരി പരിതപിക്കുന്നതിനു പകരം, പ്രകൃതിയെ ചൂഷണം ചെയ്ത് ആര്‍ത്തി തീര്‍ക്കാനുള്ള മനുഷ്യന്റെ വ്യഗ്രതയുടെ അനന്തര ഫലമാണിതെന്ന വിചാരപ്പെടലുകളാണ് ഇനി വേണ്ടത്.

പതിവു തെറ്റാതെ മഴക്കാലം വിരുന്നെത്തുന്ന കാലമുണ്ടായിരുന്നു മലയാളിക്ക്. തുള്ളി മുറിയാത്ത പെരുമഴക്കാലമായിരുന്നു അത്. ഇക്കര നില്‍ക്കും കാക്ക അക്കര പറക്കാത്ത കാലം. ലോകത്ത് ഏറ്റവും ശക്തമായ മഴത്തുള്ളികള്‍ ലഭിച്ചിരുന്നത് കേരളത്തിലായിരുന്നു. വറുതിയുടെയും വരള്‍ച്ചയുടെയും കാലത്തേക്ക് വിത്തിട്ടും കുടിനീര്‍ കരുതിവച്ചുമാണ് ഓരോ വര്‍ഷക്കാലവും വിടപറഞ്ഞിരുന്നത്. മഴലഭ്യതയുടെ കാര്യത്തിലും സുന്ദരമായ കാലാവസ്ഥയുടെ കാര്യത്തിലും കേരളത്തിന് ലോകഭൂപടത്തില്‍ തനതായ ഇടമുണ്ടായിരുന്നു. അതുകൊണ്ടാണ് വിദേശികള്‍ക്ക് കേരളം സുഖവാസ കേന്ദ്രമായി തോന്നിയത്.
എന്നാല്‍ ഇന്ന് ഏറ്റവും കുറവ് മഴ ലഭിക്കുന്ന ഇടമായി കേരളം മാറിയിരിക്കുന്നു. 115 വര്‍ഷത്തിനിടെ ഏറ്റവും കുറവ് മഴലഭിച്ചത് കഴിഞ്ഞ വര്‍ഷമാണെന്നാണ് കണക്കുകള്‍ തെളിയിക്കുന്നത്. നൂറു വര്‍ഷത്തെ കാഠിന്യമേറിയതെന്നു വിശേഷിപ്പിച്ച 2012ലെ വരള്‍ച്ചയെക്കാള്‍ രൂക്ഷമായ കാലാവസ്ഥയാണ് സംസ്ഥാനത്ത് നിലവിലുള്ളത്. സമീപ ഭാവിയില്‍ അനുഭവിക്കാത്തത്ര ചൂടിലേക്കും വരള്‍ച്ചയിലേക്കും അന്തരീക്ഷം വഴിമാറി. വേനലിന്റെ ദൈര്‍ഘ്യം കൂടുന്നതോടെ മലയാളിയുടെ ശരീരവും മനസും ഇതിലേറെ ചുട്ടുപൊള്ളുമെന്നര്‍ഥം. മഴ ലഭിക്കുന്ന വര്‍ഷങ്ങ ളിലും വേനല്‍കാലം വരള്‍ച്ചയുടെയും കുടിവെള്ള ക്ഷാമത്തിന്റേയും കാലമായി ഇന്നു മാറുകയാണിന്ന്.
സംസ്ഥാനത്ത് കാലവര്‍ഷത്തില്‍ ഇത്തവണ 34 ശതമാനവും തുലാവര്‍ഷത്തില്‍ 69 ശതമാനവുമാണ് കുറവുണ്ടായിട്ടുള്ളത്. മഴയുടെ ലഭ്യത കുറയുകയും വെയിലിന്റെ കാഠിന്യം കൂടുകയും ചെയ്തതാണ് കൊടും വരള്‍ച്ചയുടെ തീച്ചൂളയിലേക്ക് കേരളം എടുത്തെറിയപ്പെട്ടത്. ഡിസംബറിലും ജനുവരിയിലും സാധാരണ ലഭിക്കുന്ന തണുത്ത കാലാവസ്ഥയെ അപേക്ഷിച്ച് ഇത്തവണ ചൂട് കൂടുതലായാണ് അനുഭവപ്പെട്ടത്. മാര്‍ച്ചിലേക്കു കടക്കുന്നതോടെ ചൂടിന്റെ കാഠിന്യം കൂടുമെന്ന് കാലാവസ്ഥാ വിദഗ്ധര്‍ മുന്നറിയിപ്പു നല്‍കിക്കഴിഞ്ഞു. കഴിഞ്ഞ ജൂണ്‍-ജൂലൈ മാസങ്ങളില്‍ 25 ശതമാനം കുറവ് രേഖപ്പെടുത്തിയതിലൂടെ കര്‍ക്കടക മഴയുടെ അളവില്‍ ഗണ്യമായ ഇടിവുണ്ടാകുമെന്ന് കണക്കുകൂട്ടിയതാണ്. മെറ്റീരിയോളജിക്കല്‍ വകുപ്പിന്റെ കണക്കുകളില്‍ മഴയുടെ അളവ് വലിയ തോതില്‍ കുറഞ്ഞുവെന്ന് അടയാളപ്പെടുത്തിയിട്ടുമുണ്ട്. ചിങ്ങ മാസത്തില്‍ ലഭിക്കുന്ന മഴയാണ് ഭൂമിക്കുള്ളില്‍ ഉറവയുണ്ടാകാന്‍ കൂടുതല്‍ സാധ്യതയുള്ളത്. എന്നാല്‍ ഇത്തവണ സംസ്ഥാനത്ത്് ഇതും കുറവാ യിരുന്നു.
കാലാവസ്ഥാ വ്യതിയാനം പകല്‍ച്ചൂടില്‍ വലിയ വര്‍ധനവുണ്ടാക്കി. പാലക്കാട്ട് 42ഉം കണ്ണൂരില്‍ 40ഉം കോഴിക്കോട്ട് 38ഉം ഡിഗ്രിയില്‍ ചൂട് എത്തി നില്‍ക്കുന്നത് ആശങ്കപ്പെടുത്തുന്നതാണ്. സംസ്ഥാനത്തെ ജല സംഭരണികള്‍ പലതും വറ്റിത്തുടങ്ങി. പ്രതീക്ഷവച്ചു കാത്തുസൂക്ഷിക്കുന്ന സംഭരണികളില്‍ പലതിലും നാല്‍പതു ശതമാനം മാത്രമാണ് വെള്ളമുള്ളത്. 2015ലെ മഴക്കാലത്ത് ജലനിരപ്പ് 95 ശതമാനം വരെയെത്തിയ സംഭരണികളില്‍ ഇത്തവണ 90 ശതമാനം വെള്ളം പോലും സംഭരിക്കാനായില്ല. തോടുകളും നദികളും പുഴകളും കനാലുകളും ഒരുപോലെ വറ്റിവരളുന്നു. നെല്‍പ്പാടങ്ങള്‍ നിര്‍മിതികള്‍ക്കായി നികത്തപ്പെട്ടതോടെ പ്രകൃതിയുടെ ജലസംഭരണ ശേഷിയും നാം മണ്ണിട്ടുമൂടി. ഭൂഗര്‍ഭ ജലത്തെ ഊറ്റിക്കുടിക്കുന്ന കുഴല്‍ കിണറുകള്‍ കുടിനീരിന്റെ ഉള്ള സാധ്യതകളെ പോലും ഊതിക്കെടുത്തുന്നു. കഴിഞ്ഞ രണ്ടു പതിറ്റാണ്ടിനിടെ കേരളത്തിലെ കിണറുകളിലെ ജലവിതാനം ആറു മുതല്‍ എട്ട് അടി വരെ കുറഞ്ഞതായാണ് കണക്ക്. സംസ്ഥാനത്തെ പതിനഞ്ച് ബ്ലോക്ക് പഞ്ചായത്തുകളില്‍ ഭൂഗര്‍ഭ ജലദൗര്‍ലഭ്യം അനുഭവപ്പെടുന്നുണ്ട്. അഞ്ചു ബ്ലോക്ക് പഞ്ചായത്തുകളില്‍ ഭൂഗര്‍ഭ ജലമെടുപ്പ് നിര്‍ത്തിവെക്കേണ്ടി വരുമെന്ന് പഠന റിപ്പോര്‍ട്ടുകള്‍ പറയുന്നു.
സംസ്ഥാനത്തെ 17,128 ഹെക്ടര്‍ കൃഷി വരള്‍ച്ചാ ഭീഷണി നേരിടുകയാണ്. ഇതിലേറെയും നെല്‍വയലുകളാണെന്നത് ഭക്ഷ്യസുരക്ഷയെ ബാധിക്കുന്നതാണ്. 13,200 ഹെക്ടറിലധികം നെല്‍കൃഷി വരള്‍ച്ചാ ഭീഷണി നേരിടുന്നു. പച്ചക്കറി കൃഷികളുടെയും തോട്ടവിളകളുടെയും സ്ഥിതി സമാനമാണ്. ഡാമുകളിലെ ജലദൗരലഭ്യത കാരണം കടുത്ത വൈദ്യുതി പ്രതിസന്ധിയാണ് സംസ്ഥാനത്തെ കാത്തിരിക്കുന്നത്.
എന്നാലും ജലം കൊണ്ടുള്ള ധൂര്‍ത്തിന് മലയാളിക്ക് യാതൊരു മടിയുമില്ല. കുളിക്കാനും കഴുകാനും മാത്രമല്ല, പല്ലു തേക്കുന്നതിനു പോലും ഉപയോഗിക്കുന്ന വെള്ളം ആവശ്യത്തിലധികമാണ്. സംസ്ഥാനത്ത് ഗാര്‍ഹികാവശ്യങ്ങള്‍ക്കാണ് കൂടുതല്‍ വെള്ളം അനാവശ്യമായി ഉപയോഗിക്കുന്നത്. അശാസ്ത്രീയമായി വെള്ളം ഉപയോഗിക്കുന്നതു വഴി വലിയ പ്രത്യാഘാതമാണ് അനുഭവിച്ചുകൊണ്ടിരിക്കുന്നത്. ജലസേചന മനോഭാവത്തില്‍ മാറ്റം വരുത്താതെ ജലസംരക്ഷണ പദ്ധതികള്‍ എത്ര നടപ്പാക്കിയിട്ടും ഫലമുണ്ടാകില്ല. വരള്‍ച്ച കാര്‍ഷിക രംഗത്തും കുടിവെള്ള ലഭ്യതയിലുമാണ് കൂടുതല്‍ പ്രതിഫലിക്കു ന്നത്. ജലക്ഷാമവും അതു വരുത്തിവക്കുന്ന ഗുരുതരമായ പ്രതിസന്ധികളും പ്രതിരോധിച്ചു നിര്‍ത്താന്‍ ഓരോരുത്തരും പ്രതിജ്ഞയെടുക്കേണ്ട സമയമാണിത്.