ബാഴ്‌സലോണ: സ്പാനിഷ് ലാലീഗയില്‍ ലാ പാല്‍മാസിനെതിരെ ബാഴ്‌സലോണയ്ക്ക് തകര്‍പ്പന്‍ ജയം. ലൂയിസ് സുവാരസ്, ലയണല്‍ മെസ്സി എന്നിവര്‍ ഇരട്ട ഗോളുകള്‍ നേടിയ മത്സരത്തില്‍ ഏകപക്ഷീയമായ അഞ്ചു ഗോളുകള്‍ക്കായിരുന്നു ബാഴ്‌സയുടെ ജയം. ആദ്യ പകുതിയുടെ 14-ാം മിനിറ്റില്‍ ലൂയിസ് സുവാരസിലൂടെ മുന്നിലെത്തിയ ബാഴ്‌സ ഇടവേളയ്ക്കു പിരിയുമ്പോള്‍ 1-0ന് മുന്നിലായിരുന്നു. ബാഴ്‌സയ്ക്കു വേണ്ടി സുവാരസ് നേടുന്ന 101-ാം ജയമായിരുന്നു ഇത്. എന്നാല്‍ രണ്ടാം പകുതിയില്‍ ബാഴ്‌സ ലാ പാല്‍മാസിനെ പൂര്‍ണമായും നിശ്പ്രഭമാക്കുകയായിരുന്നു. 52-ാം മിനിറ്റില്‍ മെസ്സി ലീഡ് രണ്ടാക്കി ഉയര്‍ത്തി. അഞ്ചു മിനിറ്റ് പിന്നിട്ടപ്പോഴേക്കും സുവാരസ് തന്റെ ഗോള്‍ സമ്പാദ്യം രണ്ടാക്കി ഒപ്പം ബാഴ്‌സയുടെ ലീഡ് മൂന്നായും ഉയര്‍ത്തി. മൂന്ന് ഗോളിന് പിന്നിലായതോടെ തീര്‍ത്തും പ്രതിരോധത്തിലായ ലാ പാല്‍മാസിന് രണ്ട് മിനിറ്റിനകം ടുറാന്‍ അടുത്ത പ്രഹരവുമേല്‍പിച്ചു. 80-ാം മിനിറ്റിലായിരുന്നു മെസ്സിയുടെ രണ്ടാം ഗോള്‍ പിറന്നത്. ജയത്തോടെ സെവില്ലയെ മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളി ബാഴ്‌സ പോയിന്റ് പട്ടികയില്‍ രണ്ടാമതെത്തി. 18 മത്സരങ്ങളില്‍ നിന്നും 38 പോയിന്റാണ് ബാഴ്‌സയുടെ സമ്പാദ്യം. 17 മത്സരങ്ങളില്‍ നിന്നും 36 പോയിന്റുള്ള സെവില്ല മൂന്നാമതാണ്. 16 മത്സരങ്ങളില്‍ നിന്നും 40 പോയിന്റുമായി റയല്‍ മാഡ്രിഡാണ് പോയിന്റ് പട്ടികയില്‍ ഒന്നാമത്. മറ്റു മത്സരങ്ങളില്‍ അത്‌ലറ്റിക്കോ മാഡ്രിഡ് ഏകപക്ഷീയമായ ഒരു ഗോളിന് റയല്‍ ബെറ്റിസിനെ തോല്‍പിച്ചു. ഡെപോര്‍ട്ടീവോ ലാ കരൂണ-വില്ലറയല്‍ മ്ത്സരം സമനിലയില്‍ അവസാനിച്ചു.