Connect with us

Video Stories

ശ്രീധരന്‍ ‘അയോഗ്യ’നാണ്

Published

on

ഉദ്ഘാടകനായ പ്രധാനമന്ത്രി മോദിക്കോ കാര്‍മികനായ മുഖ്യമന്ത്രി പിണറായി വിജയനോ കൊച്ചി മെട്രോ പദ്ധതിയില്‍ കാര്യമായ പങ്കില്ലെന്നിരിക്കെ ഉദ്ഘാടന വേദിയില്‍ ശ്രീധരന്‍ എഞ്ചിനീയര്‍ക്ക് സ്ഥാനമില്ലെങ്കില്‍ അസ്വാഭാവികത തെല്ലുമില്ല. അത് വാസ്തവത്തിന്റെ ഒരു ദൃഷ്ടാന്തം മാത്രമേ ആകുമായിരുന്നുള്ളൂ. പണി കഴിഞ്ഞാല്‍ ആശാരി പുറത്ത്.
ശ്രീധരന്‍ കേരളത്തിന്റെ വികാരമായി പടരുമെന്ന ഘട്ടത്തില്‍ വിചിത്രമായ ഒരു കഥ ഇന്ത്യയിലെ ഇംഗ്ലീഷ് മാധ്യമങ്ങള്‍ പ്രചരിപ്പിച്ചു, മെട്രോമാന് വേണ്ടി മോദി കരുതിവെച്ചിരിക്കുന്നത്, കൊച്ചിയില്‍ തന്നോടൊപ്പമുള്ള ഒരു കസേരയല്ല, രാഷ്ട്രപതി ഭവനിലെ സിംഹാസനമാണെന്ന്. വേദി പങ്കിടുന്നത് പരമോന്നത പീഠത്തിലേക്കുള്ള ആരോഹണത്തിന് ഒരു കളങ്കമായിത്തീരുമോ എന്ന ആശങ്കയാണ് മോദി കാര്യാലയത്തിന്റെ നടപടിക്കു പിന്നിലെന്നു കൂടി പറയുന്നതോടെ ഏത് ഭാവനാഹീനനും ഒന്നു രോമാഞ്ചകഞ്ചുകമണിയാതിരിക്കില്ല.
കഴിഞ്ഞ തിങ്കളാഴ്ചയാണ് ശ്രീധരന് എണ്‍പത്തിയഞ്ച് വയസ്സ് പൂര്‍ത്തിയാക്കിയത്. രാജ്യത്തെ ഏതാണ്ടെല്ലാ മുഖ്യമന്ത്രിമാരും ശ്രീധരനെ വിളിച്ചുകൊണ്ടിരിക്കുകയാണ്, അവരുടെ നഗരത്തിലെ മെട്രോ റെയിലിന് വേണ്ടി. ആദ്യത്തെ മെട്രോ കല്‍ക്കത്തയില്‍ പൂര്‍ത്തിയാക്കിയപ്പോള്‍ തുടങ്ങിയതാണ് ഈ യാത്ര. 1970ലായിരുന്നു അത്. അന്ന് റെയില്‍വെയില്‍ ഡെപ്യൂട്ടി എഞ്ചിനീയറായിരുന്നു. ഇന്ത്യയിലെ ആദ്യത്തെ മെട്രോയാണ് കല്‍ക്കത്തയിലേത്.
തൃശൂരിലെ വരവൂരില്‍ ജനിച്ച ശ്രീധരന്‍ പാലക്കാട് വിക്‌ടോറിയ കോളജിലെ പ്രീഡിഗ്രിക്ക് ശേഷം കാക്കിനടയിലെ എഞ്ചിനീയറിങ് കോളജില്‍ നിന്ന് സിവില്‍ എഞ്ചിനീയറിങില്‍ ബിരുദം നേടി. കോഴിക്കോട് പോളി ടെക്‌നിക്കില്‍ അധ്യാപകനായി. തുടര്‍ന്നാണ് ഇന്ത്യന്‍ എഞ്ചിനീയറിങ് സര്‍വീസിലെത്തുന്നത്. 1954ല്‍ റെയില്‍വേയില്‍ പ്രൊബേഷനറി എഞ്ചിനീയറായി. ആയിടെയാണ് സുനാമിയില്‍ പാമ്പന്‍ പാലം തകര്‍ന്നത്. ഇതു പുനസ്ഥാപിക്കേണ്ട ചുമതല ശ്രീധരന്റെ നേതൃത്വത്തിലെ ഒരു സംഘത്തിന് വന്നുചേരുകയും ചെയ്തു. ആറു മാസം നിശ്ചയിച്ചു നല്‍കിയ ജോലി മൂന്നു മാസം കൊണ്ടു തീര്‍ത്തുകൊടുത്തതോടെ റെയില്‍വെയും ഇന്ത്യന്‍ ഭരണ നേതൃത്വവും ഈ മലയാളിയുടെ പ്രാഗത്ഭ്യം തിരിച്ചറിഞ്ഞു. അടുത്തതായിരുന്നല്ലോ കല്‍ക്കത്ത ദൗത്യം. 1979ല്‍ കേരളത്തില്‍ കൊച്ചിന്‍ ഷിപ്പ്‌യാര്‍ഡിന്റെ ചുമതലക്കാരനായി എത്തി. ഷിപ്പ്‌യാര്‍ഡ് വന്ന് ഒരു കപ്പലിന്റെ നിര്‍മാണം തുടങ്ങിയെങ്കിലും എവിടെയും എത്തിക്കാനാകാതെ മുടന്തി നില്‍ക്കുമ്പോഴായിരുന്നു ആ നിയമനം. എം.വി റാണി പദ്മിനി എന്ന ആദ്യ കപ്പല്‍ നീറ്റിലിറങ്ങുന്നത് ശ്രീധരന്‍ വന്ന ശേഷമാണ്.
ഇന്ത്യന്‍ റെയില്‍വെക്ക് വെല്ലുവിളിയായിരുന്നു കൊങ്കണ്‍ പാത. വെസ്റ്റേണ്‍ റെയില്‍വേയുടെ ജനറല്‍ മാനേജറും തുടര്‍ന്ന് റെയില്‍വേ ബോര്‍ഡില്‍ മെമ്പര്‍ എഞ്ചിനീയറും സര്‍ക്കാറിന്റെ എക്‌സ് ഓഫീഷ്യോ സെക്രട്ടറിയുമെല്ലാമായി റെയില്‍വേയില്‍നിന്നുള്ള റിട്ടയര്‍മെന്റിനെ തുടര്‍ന്നുള്ള ആദ്യത്തെ നിയമനം കൊങ്കണ്‍ റെയില്‍വേ സി.എം.ഡിയായാണ്. രാജ്യത്തെ ആദ്യത്തെ ബി.ഒ.ടി പദ്ധതിയും. 760 കിലോമീറ്ററിനുള്ളില്‍ 150 പാലങ്ങള്‍. 82 കിലോ മീറ്ററിനുള്ളില്‍ 93 തുരങ്കങ്ങള്‍. ഇതുകൂടി പൂര്‍ത്തിയാക്കിയതോടെ ശ്രീധരന്‍ ഇന്ത്യന്‍ നിര്‍മാണ മേഖലയുടെ പ്രത്യേകിച്ചും പൊതു ഗതാഗത മേഖലയുടെ പ്രതീകമായി മാറി.
രാജ്യ തലസ്ഥാനത്തുള്ള ഡല്‍ഹി മെട്രോ റെയില്‍ കോര്‍പറേഷന്‍ കൂടി സാധ്യമാക്കിയതോടെ രാജ്യത്തെങ്ങുനിന്നും മെട്രോ നിര്‍മാണത്തിനുള്ള മുറവിളി തുടങ്ങി. കൊച്ചി മെട്രോയെകുറിച്ച് ചര്‍ച്ച തുടങ്ങിവെച്ചപ്പോള്‍ തന്നെ ശ്രീധരനെയായിരുന്നു എല്ലാരും മുന്നില്‍ കണ്ടതെങ്കിലും ഒരു ഘട്ടത്തില്‍ ചില കശപിശകള്‍ കടന്നുവരാതിരുന്നില്ല. ആഗോള ടെണ്ടറിലേക്ക് പോകുകയാണെന്ന് പ്രഖ്യാപനമുണ്ടായി. അതു പാടില്ലെന്ന് ശ്രീധരന്‍ നിലപാടെടുത്തതോടെ മെട്രോമാനെ ഒഴിവാക്കാനാണ് ആഗോള ടെണ്ടറിന് പോകുന്നതെന്ന ആരോപണവുമുയര്‍ന്നു. അദ്ദേഹം ഡി.എം.ആര്‍.സിയുടെ വെറുമൊരു ഉപദേശകനെന്നും ഡല്‍ഹിക്ക് പുറത്ത് എന്ത് ഡി.എം.ആര്‍.സിയെന്നൊക്കെയുള്ള ചോദ്യങ്ങള്‍ വന്നു. തൊട്ടു മുമ്പത്തെ വി.എസ് സര്‍ക്കാറിന് സാധ്യമാകാതിരുന്ന ഈ സ്വപ്‌ന പദ്ധതിക്ക് കളം ഒരുങ്ങിവന്നപ്പോഴുണ്ടായ ഈ അസ്വാരസ്യത്തിന് ‘കൊച്ചി മെട്രോയുടെ അവസാന വാക്ക് ശ്രീധരനെ’ന്ന പ്രഖ്യാപനത്തോടെ പെട്ടെന്ന് തന്നെ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി തടയിട്ടു.
മൈസൂര്‍- തലശ്ശേരി റെയില്‍പാത, മൈസൂര്‍- നിലമ്പൂര്‍ റെയില്‍പാത, കോഴിക്കോട്, തിരുവനന്തപുരം മെട്രോ തുടങ്ങി ശ്രീധരനെ മുന്നില്‍വെച്ച് സ്വപ്‌നത്തിലും പാതി യാഥാര്‍ഥ്യത്തിലുമെത്തിയ പദ്ധതികളേറെയാണ്. ഇതില്‍ ചിലതെങ്കിലും സാമ്പത്തികമായി വിജയിക്കുമോ എന്നെല്ലാമുള്ള സംശയങ്ങള്‍ ഉന്നയിക്കുന്നവരുണ്ട്.
ഇന്ത്യയിലെ മികച്ച മഹാജീവിതങ്ങളുടെ പട്ടികയില്‍ ഈ മലയാളിയുണ്ട്. കര്‍മയോഗി ഇ.ശ്രീധരന്റെ ജീവിത കഥ, ജീവിത വിജയത്തിന്റെ പാഠപുസ്തകം, ഇന്ത്യന്‍ റെയില്‍വെമാന്‍ എന്നിങ്ങനെ പുതിയ തലമുറക്കായി ആളുകള്‍ ഈ ജീവിതത്തെ പുസ്തകമായി പകര്‍ത്തി വെച്ചിരിക്കുന്നു. ഐ.ഐ.ടികള്‍ക്ക് ഇദ്ദേഹം ജീവിക്കുന്ന പാഠപുസ്തകമാണല്ലോ. റൂര്‍ക്കി, ഡല്‍ഹി ഐ.ഐ.ടികള്‍ ഡോക്ടര്‍ ഓഫ് സയന്‍സ് പുരസ്‌കാരം നല്‍കി ആദരിച്ചു. 1963 റെയില്‍വെ മിനിസ്റ്റര്‍ അവാര്‍ഡില്‍ തുടങ്ങിയതാണ്. രാജസ്ഥാന്‍ ടെക്‌നിക്കല്‍ യൂണിവേഴ്‌സിറ്റിയും ഡിലിറ്റ് സമ്മാനിച്ചു. 2001ല്‍ പദ്മശ്രീയും 2005ല്‍ പദ്മവിഭൂഷണും നല്‍കി രാജ്യം ആദരിച്ചു. ഷെവലിയര്‍ പദവി വന്നത് ഫ്രാന്‍സില്‍നിന്നാണ്. സുസ്ഥിര ഗതാഗതത്തിനുള്ള ഐക്യ രാഷ്ട്രസഭയുടെ ഉന്നത ഉപദേശക സമിതി അംഗം കൂടിയായ ശ്രീധരന് ഭാരത രത്‌ന നല്‍കണമെന്ന് പറഞ്ഞത് മുലായംസിങ് യാദവാണ്- ലക്‌നോ മെട്രോ തറക്കല്ലിടുമ്പോള്‍. തീര്‍ച്ചയായും മോദിയോടൊപ്പം ഇരിക്കാന്‍ യോഗ്യനല്ല ശ്രീധരന്‍. ശ്രീധരന് പ്രവൃത്തിയാണ് പഥ്യം. വാചാടോപങ്ങളല്ല.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

Health

സംസ്ഥാനത്ത് കൊവിഡ് കേസുകളില്‍ വര്‍ധന; 430 ആക്ടീവ് കേസുകള്‍

ഇന്ത്യയില്‍ മൊത്തം 587 ആക്ടീവ് കേസുകളാണ് നിലവില്‍ ഉള്ളത്.

Published

on

സംസ്ഥാനത്ത് കൊവിഡ് കേസുകളില്‍ വര്‍ധന. നാലാം തീയതി മാത്രം കേരളത്തില്‍ കൊവിഡ് സ്ഥിരീകരിച്ചത് 104 പേര്‍ക്കാണ്. സംസ്ഥാനത്തെ ആക്ടീവ് കൊവിഡ് കേസുകളുടെ എണ്ണം 430 ആയി. ഇന്ത്യയില്‍ മൊത്തം 587 ആക്ടീവ് കേസുകളാണ് നിലവില്‍ ഉള്ളത്. കൊവിഡ് ബാധിച്ച് ഒരു മരണവും രേഖപ്പെടുത്തിയിട്ടുണ്ട്.

ശ്വാസതടസം ഉള്‍പ്പെടെ ലക്ഷണങ്ങള്‍ ഉള്ളതും കിടത്തി ചികിത്സ വേണ്ടതുമായ ബി കാറ്റഗറി രോഗികളുടെ എണ്ണമാണ് കൂടുന്നത്. പ്രായമായവരിലും മറ്റ് അസുഖങ്ങളുള്ളവരിലുമാണ് ഒരു ഇടവേളക്കുശേഷം കൊവിഡ് കേസുകള്‍ കൂടുതലായി ഉണ്ടാവുന്നത്. ആര്‍ടിപിസി ആര്‍ പരിശോധനകളുടെ എണ്ണം കൂട്ടിയിട്ടുണ്ട്.

ഒരു കൊവിഡ് കേസ് പോലും ഇല്ലാത്തിടത്ത് നിന്നാണ് കൊവിഡ് രോഗികളുടെ എണ്ണം ഇപ്പോള്‍ മൂന്നക്ക സംഖ്യയിലേക്ക് എത്തിയത്. വാക്‌സിന്‍ അടക്കം എടുത്തതിനാല്‍ ആന്റി ബോഡി സംരക്ഷണം ഉള്ളതുകൊണ്ട് രോഗം ഗുരുതരമാകുന്നില്ലെന്നാണ് ആരോഗ്യ വിദഗ്ധര്‍ പറയുന്നത്.

 

Continue Reading

Video Stories

തിരുവനന്തപുരം മെഡിക്കല്‍ കോളജിലെ യുവ ഡോക്ടര്‍ മരിച്ച നിലയില്‍

ന്നലെ രാത്രി ഫ്‌ളാറ്റിൽ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു.

Published

on

തിരുവനന്തപുരം മെഡിക്കൽ കോളജിലെ യുവ ഡോക്ടർ മരിച്ച നിലയിൽ. സർജറി വിഭാഗം പി ജി വിദ്യാർഥിനി ഡോ ഷഹാനയാണ് മരിച്ചത്. ഇന്നലെ രാത്രി ഫ്‌ളാറ്റിൽ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. ആത്മഹത്യയെന്നാണ് പ്രാഥമിക നിഗമനം.

ഒപ്പം പഠിക്കുന്ന പി.ജി വിദ്യാർത്ഥികളാണ് പൊലീസിനെ വിവരമറിയിക്കുന്നത്. പൊലീസ് നടത്തിയ പരിശോധനയിൽ ഷഹാനയുടെ മുറിയിൽ നിന്ന് ആത്മഹത്യ കുറിപ്പിന് സമാനമായ ഒരു കത്ത് കണ്ടെത്തിയിട്ടുണ്ട്. അസ്വാഭാവിക മരണത്തിന് പൊലീസ് കേസെടുത്തിട്ടുണ്ട്.

Continue Reading

Video Stories

വെള്ളം കയറിയതിനെത്തുടർന്ന് ചെന്നൈ വിമാനത്താവളം അടച്ചു; 20 വിമാനങ്ങൾ റദ്ദാക്കി

തമിഴ്നാട് തീരത്ത് മത്സ്യബന്ധനം പൂർണമായി വിലക്കി. ചെന്നൈ, തിരുവള്ളൂർ, ചെങ്കൽപ്പെട്ട്, കാഞ്ചീപുരം, റാണിപ്പെട്ട്, വിഴുപ്പുറം ജില്ലകളിൽ പൊതു അവധി ആണ്.

Published

on

കനത്ത മഴയെ തുടർന്ന് ചെന്നൈ വിമാനത്താവളം അടച്ചു. 20 വിമാനങ്ങൾ റദ്ദാക്കുകയും എട്ടു വിമാനങ്ങൾ ബെം​ഗളൂരു വഴി തിരിച്ചുവിടുകയും ചെയ്യും. ചുഴലിക്കാറ്റ് മുന്നറിയിപ്പിൽ 118 ട്രെയിനുകൾ ഇന്ത്യൻ റെയിൽവേ റദ്ദാക്കിയിരുന്നു. വന്ദേഭാരത് ഉൾപ്പെടെ ചെന്നൈയിലേക്കുള്ള ആറു ട്രെയിനുകളും റദ്ദാക്കിയിരുന്നു.ചുഴലിക്കാറ്റ് മുന്നറിയിപ്പിനെ തുടർന്ന് കേരളത്തിലേക്കുള്ള 30 ട്രെയിനുകളും റദ്ദാക്കിട്ടുണ്ട്. ഇന്നലെ രാത്രി പെയ്ത കനത്തമഴയിൽ ചെന്നൈ നഗരത്തിൽ പലയിടത്തും വെള്ളം കയറി. ചെന്നൈ അടക്കം നാല് ജില്ലകളിൽ റെഡ് അലേർട്ട് നിലനിൽക്കുകയാണ്. തമിഴ്നാട് തീരത്ത് മത്സ്യബന്ധനം പൂർണമായി വിലക്കി. ചെന്നൈ, തിരുവള്ളൂർ, ചെങ്കൽപ്പെട്ട്, കാഞ്ചീപുരം, റാണിപ്പെട്ട്, വിഴുപ്പുറം ജില്ലകളിൽ പൊതു അവധി ആണ്.

Continue Reading

Trending