മധ്യപൂര്‍വദേശത്തെ പ്രമുഖ ശക്തികളിലൊന്നായ ഇറാനുമായി കൊമ്പുകോര്‍ക്കുന്ന അമേരിക്കന്‍ ഭരണകൂട നിലപാട് നാള്‍തോറും കൂടുതല്‍ കടുപ്പത്തിലേക്ക് നീങ്ങുകയാണെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇറാനെ കൂച്ചുവിലങ്ങിട്ട് മേഖലയില്‍ തങ്ങളുടെ താല്‍പര്യങ്ങള്‍ കരഗതമാക്കുന്നതിനുള്ള നീക്കമാണ് ഡൊണാള്‍ഡ് ട്രംപും കൂട്ടരും നടത്തുന്നത്.ആണവായുധവുമായി ബന്ധപ്പെട്ടാണ് അമേരിക്ക ആ രാജ്യത്തെ ജനങ്ങളെ ഉപരോധമെന്ന കെണിയില്‍പെടുത്തി പ്രയാസപ്പെടുത്താനും തങ്ങളുടെ വരുതിയിലാക്കാനും ശ്രമിക്കുന്നത്. ആ രാജ്യത്തെ എട്ടുകോടിയിലധികം മനുഷ്യരെ മാത്രമല്ല, ഇന്ത്യയടക്കമുള്ള രാജ്യങ്ങളിലും ഇതിന്റെ പ്രത്യാഘാതങ്ങള്‍ സൃഷ്ടിക്കപ്പെടുമെന്നതാണ് ഇപ്പോഴത്തെ ഉത്കണ്ഠ.
അമേരിക്കയും റഷ്യയും യൂറോപ്യന്‍ രാജ്യങ്ങളും ഒരുവശത്തും ഇറാന്‍ മറുഭാഗത്തുമായി തയ്യാറാക്കിയ ആണവ നിരായുധീകരണ കരാറാണ് ഇപ്പോഴത്തെ പ്രശ്‌നങ്ങളുടെ കേന്ദ്ര ബിന്ദുവെന്നാണ് പറയപ്പെടുന്നത്. മുന്‍ പ്രസിഡന്റ് ബറാക്ഒബാമ ഒപ്പുവെച്ച കരാറില്‍നിന്ന് അമേരിക്കയുടെ താല്‍പര്യങ്ങള്‍ സംരക്ഷിക്കാത്ത ഏറ്റവും മോശം കരാറെന്ന ്പറഞ്ഞ് ട്രംപ് ഭരണകൂടം ഏകപക്ഷീയമായി പിന്‍വാങ്ങുകയായിരുന്നു. മാത്രമല്ല, ഇറാനുമായി ഒരു രാജ്യവും സാമ്പത്തിക വ്യാപാര ബന്ധം തുടരരുതെന്നും അവിടെ നിന്നുള്ള പ്രധാന കയറ്റുമതി വസ്തുവായ അസംസ്‌കൃത പെട്രോളിയം ആരും ഇറക്കുമതി ചെയ്യരുതെന്നുമാണ് ട്രംപിന്റെ കല്‍പന. ഇതനുസരിച്ച് കഴിഞ്ഞ സെപ്തംബറില്‍ ട്രംപ് ഭരണകൂടം ലോക രാഷ്ട്രങ്ങള്‍ക്ക് നിര്‍ദേശം നല്‍കിയെങ്കിലും ഇന്ത്യയും ചൈനയും ഉള്‍പെടെയുള്ളവയെ ഇതില്‍നിന്ന് ഒഴിവാക്കിയിരുന്നെങ്കിലും മെയ് രണ്ടു മുതല്‍ എല്ലാവിധ ഇറക്കുമതിയും ഇറാനില്‍നിന്ന ്‌നിര്‍ത്തിവെക്കണമെന്നാണ് അമേരിക്കയുടെ തീട്ടൂരം. ഇതനുസരിക്കാന്‍ ഇന്ത്യ തയ്യാറായിട്ടുണ്ട്. ഇത് ഇന്ത്യയിലും ചൈനയിലും പെട്രോളിയം ഉല്‍പന്നങ്ങളുടെ വിലയില്‍ കാര്യമായ വര്‍ധന വരുത്തിയേക്കുമെന്നാണ് ആശങ്ക. അടുത്ത കാലത്തായി എണ്ണയുല്‍പാദനം ഇറാന് ഗണ്യമായി വെട്ടിക്കുറക്കേണ്ടിവന്നിരിക്കുകയാണ്. 2017ല്‍ പ്രതിദിനം 4,16,9000 ബാരല്‍ എണ്ണ ഉല്‍പാദിപ്പിച്ചിരുന്ന ഇറാന്‍ കഴിഞ്ഞ മേയില്‍ വെറും 17,10,000 ബാരലും ഈ വര്‍ഷം മാര്‍ച്ചുവരെ പതിനായിരം ബാരലും മാത്രമാണ് ഉല്‍പാദിപ്പിച്ചത്. ലോക രാജ്യങ്ങള്‍ ആ രാജ്യത്തുനിന്ന് എണ്ണവാങ്ങുന്നത് പടിപടിയായി നിര്‍ത്തിവെച്ചത് കാരണമാണിത്. ലോകത്ത് ഏറ്റവും കൂടുതല്‍ എണ്ണയുല്‍പാദിപ്പിക്കുന്ന രാജ്യങ്ങളില്‍ രണ്ടാം സ്ഥാനത്താണ് ഇറാന്‍. 2025നുള്ളില്‍ ഉല്‍പാദനം ഇരട്ടിയിലധികമാക്കുന്നതിനുള്ള പദ്ധതികള്‍ക്ക് ആരാജ്യം തുടക്കം കുറിച്ചിരിക്കെയാണ് അമേരിക്കയുടെ ഉപരോധ നടപടികള്‍. വരും വര്‍ഷങ്ങളില്‍ ഇറാന്റെ എണ്ണ സമ്പത്ത് കയ്യടക്കി എണ്ണ മേഖലയില്‍ തങ്ങളുടെ ആധിപത്യം സ്ഥാപിക്കുകയാണ് അമേരിക്ക ഉന്നംവെക്കുന്നതെന്ന ആരോപണത്തെ വെറുതെയങ്ങ് തള്ളിക്കളയാനാകില്ല.
ഇറാന്റെ സൈന്യത്തെതന്നെ ഭീകര സംഘമായാണ് കഴിഞ്ഞവര്‍ഷം അമേരിക്ക പ്രഖ്യാപിച്ചത്. തിരിച്ചടിയായി അമേരിക്കയെ ഇറാന്‍ ‘ഭീകരവാദം സ്‌പോണ്‍സര്‍ ചെയ്യുന്ന രാജ്യം’ എന്ന ്മുദ്രകുത്തുകയും ചെയ്തു. കഴിഞ്ഞ ആഗസ്റ്റിലും നവംബറിലുമായി അമേരിക്കന്‍ വ്യവസായങ്ങളുമായും എണ്ണയുമായും ബന്ധപ്പെട്ട് ഉപരോധം ഏര്‍പെടുത്തി. ഇതിന്റെ തുടര്‍ച്ചയായി ഇനിയും കൂടുതല്‍ ഉപരോധ നടപടികള്‍ ഉണ്ടാകുമെന്നാണ് ട്രംപിന്റെ സ്‌പെഷല്‍ അസിസ്റ്റന്റും ആണവ നിരോധസമിതിയുടെ തലവനുമായ ടിം മോറിസണ്‍ കഴിഞ്ഞദിവസം പ്രഖ്യാപിച്ചിരിക്കുന്നത്. ഇറാന്‍ ഇപ്പോള്‍ പ്രഖ്യാപിച്ചിട്ടുള്ള ആണവ രംഗത്തെ ഇളവുകള്‍ യൂറോപ്പിനെ കളിയാക്കുന്നതാണെന്നാണ് മോറിസന്റെ കനത്ത വാക്കുകള്‍. അതേസമയം അമേരിക്കന്‍ ഭരണകൂടത്തിന്റെ കടുത്ത നടപടികള്‍ക്ക് റഷ്യയും യൂറോപ്യന്‍ രാജ്യങ്ങളും ട്രംപ് പ്രതീക്ഷിക്കുകയും ആഗ്രഹിക്കുകയും ചെയ്യുന്നത്ര പിന്തുണ നല്‍കുന്നില്ല എന്നതാണ് ഇറാന്റെ ഏക ആശ്വാസം. ആണവ കരാറില്‍ ഉറച്ചുനില്‍ക്കുമെന്ന് തന്നെയാണ് കരാറിലൊപ്പുവെച്ച രാജ്യങ്ങളെല്ലാം പറയുന്നത്. 2015 ജൂലൈ 15ന് ഉണ്ടാക്കിയ കരാറനുസരിച്ച് ഇറാന്‍ ഘട്ടംഘട്ടമായി തങ്ങളുടെ പക്കലുള്ള ആണവായുധം നിര്‍വീര്യമാക്കുമെന്നാണ്. അമേരിക്കക്കും റഷ്യക്കും പുറമെ ബ്രിട്ടന്‍, ഫ്രാന്‍സ്, ജര്‍മനി, യൂറോപ്യന്‍ യൂണിയന്‍ എന്നിവയാണ് കരാറിലൊപ്പിട്ടിരിക്കുന്നത്. കരാറില്‍നിന്ന് പിന്‍വാങ്ങുകയെന്നാല്‍ ഇറാന് കൂടുതല്‍ സ്വാതന്ത്ര്യം ലഭിക്കുകയാകും ഫലമെന്നാണ് ഈ രാജ്യങ്ങളുടെ പക്ഷം. എന്നാല്‍ ട്രംപിന്റെ സ്വതവേയുള്ള കര്‍ശന നിലപാടുകളാണ് ഇറാന്റെ കാര്യത്തില്‍ ഇപ്പോള്‍ സംഭവിച്ചുകൊണ്ടിരിക്കുന്നത്. കരാര്‍ ഇല്ലാതായാല്‍ കൂടുതല്‍ യുറേനിയം (ആണവായുധത്തിനുള്ള അസംസ്‌കൃത മൂലകം) തങ്ങള്‍ സംഭരിക്കുമെന്നാണ ്കഴിഞ്ഞദിവസം ഇറാന്‍ പ്രസിഡന്റ് ഹസന്‍ റൂഹാനി പ്രഖ്യാപിച്ചത്. ഇപ്പോഴത്തെ ഉപരോധങ്ങളെ ആലോചിക്കാത്തതും മന:പൂര്‍വവുമായ ഒന്നാണെന്നാണ് റഷ്യന്‍ വക്താവ് വിശേഷിപ്പിച്ചത്. കരാറുമായി ബന്ധപ്പെട്ടിട്ടുള്ള രാജ്യമല്ലെങ്കിലും ചൈനയുടെ അമേരിക്കന്‍ വിരുദ്ധ നിലപാട് ഇക്കാര്യത്തിലും ഇറാന് അനുകൂലമാണ്. കാര്യമില്ലാതെ ഒരു രാജ്യത്തെ വരിഞ്ഞുമുറുക്കരുതെന്നാണ് അവരുടെ നിലപാട്. ഇറാഖിന്റെ കാര്യത്തില്‍ മുമ്പ് സ്വീകരിച്ചതുപോലെ അമേരിക്കയുടെ ലോക പൊലീസ് ചമയലാണ് ഇപ്പോള്‍ ദൃശ്യമാകുന്നത്. ഇസ്രാഈലിനെ പോലുള്ള രാഷ്ട്രം ഇതിനെ പിന്തുണക്കുന്നുവെന്നതുമാത്രം മതി അമേരിക്കയുടെ നിലപാടിന്റെ ഭീകരത വ്യക്തമാകാന്‍.
എന്തുതന്നെ ന്യായം പറഞ്ഞാലും ഇറാനെന്നല്ല, ഒരുരാജ്യത്തിനും ഇന്നത്തെ കാലത്ത് ആണവായുധം പോലെ എളുപ്പവും അതിവ്യാപകവുമായി നാശനഷ്ടങ്ങള്‍ വരുത്തിവെക്കുന്ന ആയുധ ശേഖരവുമായി മുന്നോട്ടുപോകാനാകില്ല. ഇന്ത്യയുടെയും പാക്കിസ്താന്റെയും പക്കലുള്ള ആണവായുധ ശേഖരത്തെക്കുറിച്ചും ഇതിനകംതന്നെ ആശങ്കരൂപപ്പെട്ടതാണ്. കഴിഞ്ഞ മാസം തെരഞ്ഞെടുപ്പു പ്രചാരണയോഗത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി പറഞ്ഞത് നമ്മുടെ ആണവായുധം ദീപാവലിക്ക് പൊട്ടിക്കാനല്ലെന്നായിരുന്നു. തെരഞ്ഞെടുപ്പു ലക്ഷ്യംവെച്ചാണ് മോദി ഇത് പറഞ്ഞതെങ്കിലും പക്വതയില്ലാത്തതും മാനുഷിക നിലവാരം കുറഞ്ഞതുമായ രാഷ്ട്ര നേതാക്കളുടെ കയ്യിലെ മാരകായുധങ്ങള്‍ എത്രകണ്ട് ഭീതിദമായിരിക്കും എന്നതിന്റെ സൂചനയാണ് മോദിയുടെ മുന്‍പിന്‍നോക്കാത്ത മേല്‍വാക്കുകള്‍. ‘അമേരിക്ക ആദ്യം’ എന്ന ട്രംപിന്റെ മുദ്രാവാക്യം തന്നെയാണ് ഇറാന്റെ കാര്യത്തിലും പ്രാവര്‍ത്തികമാക്കുന്നത്. ഒരുപൊട്ടിത്തെറിയിലേക്ക് പോകാതെ മധ്യേഷ്യയിലെ ഇന്നത്തെ അന്തരീക്ഷം ലഘൂകരിക്കപ്പെട്ടേ തീരൂ. ഇക്കാര്യത്തില്‍ ലോകസമൂഹം ഉണരുകയല്ലാതെ മറ്റു പോംവഴികളില്ല.