സംസ്ഥാനത്തെ ആരോഗ്യമേഖല ഗുരുതരമായ വീഴ്ചകളുടെ രോഗക്കിടക്കയില്‍ അത്യാസന്ന നിലയില്‍ കഴിയുകയാണ്. പനി മരണങ്ങള്‍ പെരുകിയിട്ടും പകര്‍ച്ച വ്യാധികള്‍ നിയന്ത്രിക്കാന്‍ കഴിയാതെ ആരോഗ്യവകുപ്പ് അടക്കമുള്ള സര്‍ക്കാര്‍ സംവിധാനങ്ങള്‍ പാടെ പരാജയപ്പെട്ടു. ഡെങ്കിപ്പനിയും ഡിഫ്തീരിയയും പിടിപെട്ട് മരണമടയുന്നവരുടെ എണ്ണം വര്‍ധിച്ചുവരുന്നതു തടയാനാവാതെ ആരോഗ്യ മന്ത്രി അന്ധാളിച്ചു നില്‍ക്കുന്നു. പൊജുജനങ്ങളുടെ ജീവല്‍ പ്രശ്‌നങ്ങള്‍ക്ക് അടിയന്തര പരിഹാരമൊരുക്കാതെ, ആസ്പത്രികള്‍ അത്യാധുനികവത്കരിക്കുന്നതും സ്വപ്‌നം കണ്ട് മേനി പറച്ചിലില്‍ നിര്‍വൃതിയടയുകയാണ് സംസ്ഥാന സര്‍ക്കാര്‍. സംസ്ഥാനത്തെ ആരോഗ്യ മേഖലയില്‍ ആശങ്ക സൃഷ്ടിക്കും വിധമാണ് പനി ഉള്‍പ്പെടെയുള്ള പകര്‍ച്ചവ്യാധികള്‍ പടര്‍ന്നുപിടിക്കുന്നത്. പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങള്‍ മുതല്‍ മെഡിക്കല്‍ കോളജുകളടക്കം പകര്‍ച്ചവ്യാധികള്‍ പിടിപെട്ട നൂറുകണക്കിന് രോഗികളെ കൊണ്ട് നിറഞ്ഞിരിക്കുകയാണ്. സംസ്ഥാനത്തെ മെഡിക്കല്‍കോളജുകളില്‍ മിക്കതിലും രോഗികള്‍ക്ക് കിടക്കാന്‍ ഇടമില്ലാത്ത അവസ്ഥയിലാണ്. ഒരു വാര്‍ഡില്‍ കിടക്കാന്‍ സൗകര്യമുള്ളതിലും മൂന്നും നാലും ഇരട്ടിയിലധികമാണ് രോഗികളെത്തുന്നത്. പലര്‍ക്കും വാര്‍ഡിന്റെ വരാന്തയില്‍പോലും കിടക്കാന്‍ ഇടം ലഭിക്കുന്നില്ല. പാവപ്പെട്ട രോഗികളാണ് സര്‍ക്കാര്‍ മെഡിക്കല്‍ കോളജുകളെ ആശ്രയിക്കുന്നതില്‍ ബഹുഭൂരിപക്ഷവും. ഈ വര്‍ഷം സംസ്ഥാനത്ത് 101 പേര്‍ പനിയും മറ്റു പകര്‍ച്ചവ്യാധികളും ബാധിച്ചു മരിച്ചതായി ആരോഗ്യ വകുപ്പ് തന്നെ സ്ഥിരീകരിച്ചിട്ടുണ്ട്. ഇതിനു പുറമെ 74 പേരുടെ മരണംകൂടി പകര്‍ച്ചവ്യാധികള്‍ കാരണമാണെന്ന് സംശയിക്കുന്നുണ്ട്.
അത്യാസന്ന നിലയില്‍ കഴിയുന്ന ആരോഗ്യ മേഖലയില്‍ പൊതുജനങ്ങള്‍ക്കുള്ള ആശങ്കയകറ്റാന്‍ സംസ്ഥാന സര്‍ക്കാര്‍ അടിയന്തര നടപടികള്‍ കൈക്കൊള്ളേണ്ട സമയമാണിത്. ജനുവരി മുതല്‍ സംസ്ഥാനത്ത് 11.26 ലക്ഷം പേര്‍ക്ക് പനി ബാധിച്ചിട്ടുണ്ട്. 6468 പേര്‍ക്ക് ഡെങ്കിപ്പനി സ്ഥിരീകരിക്കുകയും ചെയ്തിട്ടുണ്ട്. 21443 പേര്‍ക്ക് ഡെങ്കിപ്പനിയുടെ ലക്ഷണങ്ങള്‍ കണ്ടതായി ആരോഗ്യ വകുപ്പ് സംശയിക്കുന്നു. 741 പേര്‍ക്കാണ് സംസ്ഥാനത്ത് എച്ച് വണ്‍ എന്‍ വണ്‍ ബാധിച്ചിട്ടുള്ളത്. ഇതില്‍ അമ്പതു പേര്‍ മരിച്ചുവെന്നാണ് ആരോഗ്യ വകുപ്പിന്റെ കണക്കുകള്‍ പറയുന്നത്. പതിനൊന്നു പേര്‍ ഡെങ്കിപ്പനി ബാധിച്ചു മരിച്ചതായും സ്ഥിരീകരിച്ചിട്ടുണ്ട്. ഇതിനു പുറമെ 32 പേരുടെ മരണം ഡെങ്കിപ്പനി മൂലമാണെന്നാണ് ആരോഗ്യ വകുപ്പ് അധികൃതര്‍ കരുതുന്നത്. ദിവസവും ഇരുപതിനായിരത്തോളം പേര്‍ പനി ബാധിതരായി സംസ്ഥാനത്തെ വിവിധ ആസ്പത്രികളില്‍ ചികിത്സക്കെത്തുന്നു. ഇതില്‍ ശരാശരി 700ഓളം പേര്‍ക്ക് പകര്‍ച്ചവ്യാധികളുടെ ലക്ഷണങ്ങള്‍ കണ്ടെത്തുകയും ചെയ്യുന്നു. തിരുവനന്തപുരം, മലപ്പുറം, വയനാട് ജില്ലകളാണ് പകര്‍ച്ചവ്യാധികള്‍ പടരുന്നതില്‍ മുന്നില്‍. കോഴിക്കോട് ജില്ലയില്‍ ഡെങ്കിപ്പനി വ്യാപകമാണ്. മലയോര മേഖലയായ കൂരാച്ചുണ്ടില്‍ ഡെങ്കിപ്പനി ബാധിച്ച് അര ഡസനോളം ആളുകള്‍ മരിച്ചു.
പ്രായോഗിക തലത്തില്‍ ചികിത്സ നല്‍കുന്നതിലെ അസൗകര്യങ്ങളിലേക്കാണ് സര്‍ക്കാറിന്റെ കണ്ണ് കൂടുതല്‍ പതിയേണ്ടത്. സംസ്ഥാനത്ത്, പല രോഗങ്ങളുടെയും പ്രാരംഭ സമയത്ത് നല്‍കേണ്ട മരുന്നുകളുടെ ലഭ്യത കുറവാണെന്ന യാഥാര്‍ഥ്യം രോഗം പോലെ തന്നെ ഭീതിയുയര്‍ത്തുന്നതാണ്. പ്രാഥമികാരോഗ്യ കേന്ദ്രം മുതല്‍ മെഡിക്കല്‍ കോളജുകള്‍ വരെ മരുന്നുകളുടെ ക്ഷാമവും ഡോക്ടര്‍മാരുടെ കുറവും പരിഹരിക്കാനായില്ലെങ്കില്‍ മാരക രോഗങ്ങളാല്‍ മരിക്കുന്നവരെ കണ്ട് കണ്ണുമിഴിച്ചു നില്‍ക്കാനേ സര്‍ക്കാറിന് നിവൃത്തിയുണ്ടാവുകയുള്ളൂ. ഡങ്കിപ്പനി പിടിപെട്ടവര്‍ക്ക് ആവശ്യത്തിനു പ്ലേറ്റ്‌ലറ്റ് രക്തം കിട്ടാനില്ലാത്ത സ്ഥിതിയാണ് സംസ്ഥാനത്തുള്ളത്. രക്തദാതാക്കള്‍ ഏറെയുണ്ടെങ്കിലും പ്ലേറ്റ്‌ലറ്റ് ശേഖരം തീരെയില്ലാത്തത് രോഗികളെ വലക്കുന്നുണ്ട്. അഞ്ചു ദിവസത്തിലേറെ പ്ലേറ്റ്‌ലറ്റ് സൂക്ഷിക്കാനാവില്ല എന്നതും രോഗികളുടെ എണ്ണം കുത്തനെ കൂടിയതുമാണ് പ്രതിസന്ധിക്കു കാരണമെന്ന് ആരോഗ്യ വകുപ്പ് അധികൃതര്‍ പറയുന്നു. സംസ്ഥാനത്ത് പകര്‍ച്ചപ്പനി മരണതാണ്ഡവമാടിയിട്ടും യുദ്ധകാലാടിസ്ഥാനത്തില്‍ ഉണര്‍ന്നു പ്രവര്‍ത്തിക്കേണ്ട സര്‍ക്കാര്‍ നിഷ്‌ക്രിയമായി നില്‍ക്കുന്നത് വേദനാജനകമാണ്. സംസ്ഥാനത്തിന്റെ ചരിത്രത്തില്‍ ഇതുവരെ കാണാത്ത വിധം ഭീതിജനകമായിട്ടാണ് പനി പടര്‍ന്നുപിടിക്കുന്നത്. പകര്‍ച്ചവ്യാധികള്‍ കാരണം എത്ര പേര്‍ മരിച്ചുവെന്ന കൃത്യമായ കണക്കുകള്‍ പോലും സര്‍ക്കാറിന്റെ പക്കലില്ല. ആരോഗ്യ വകുപ്പ് നല്‍കുന്ന കാനേഷുമാരി കണക്കുവച്ചാണ് സര്‍ക്കാര്‍ പകര്‍ച്ചവ്യാധികളുടെ ആഴമളക്കുന്നത്. സര്‍ക്കാര്‍ ആസ്പത്രികളിലുണ്ടാവുന്ന മരണത്തിന്റെ കണക്കുകള്‍ മാത്രമാണ് ആരോഗ്യ വകുപ്പിന്റെ കണക്കില്‍പ്പെടുന്നത്. ഇതിലും എത്രയോ കൂടുതലാണ് സ്വകാര്യ ആസ്പത്രികളിലെ കണക്കുകള്‍ എന്നതാണ് യാഥാര്‍ഥ്യം. സ്ഥിതിഗതികള്‍ ഇത്ര ഗുരുതരമായിട്ടും പകര്‍ച്ചപ്പനിയുടെ സ്രോതസുകളായ മാലിന്യക്കൂമ്പാരങ്ങള്‍ നീക്കം ചെയ്യാന്‍ ഫലപ്രദമായ നടപടികള്‍ കൈക്കൊള്ളാന്‍ സര്‍ക്കാര്‍ മുന്നോട്ടുവരുന്നില്ല. കുറ്റം തദ്ദേശ സ്ഥാപനങ്ങളുടെ തലയില്‍ കെട്ടിവെക്കാനാണ് സര്‍ക്കാറിന്റെ ശ്രമം. ആരോഗ്യ വകുപ്പിന്റെ മേല്‍നോട്ടത്തില്‍ പകര്‍ച്ചവ്യാധികള്‍ക്കെതിരെ ബോധവത്കരണം നടത്തിയതൊഴിച്ചാല്‍ പ്രായോഗിക നടപടികളൊന്നും കൈക്കൊണ്ടിട്ടില്ല. കഴിഞ്ഞ യു.ഡി.എഫ് സര്‍ക്കാര്‍ ഇക്കാര്യത്തില്‍ മാതൃകാപരമായ സമീപനം സ്വീകരിച്ചിരുന്നു. മഴക്കാല പൂര്‍വ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ക്ക് മുന്തിയ പരിഗണനയായിരുന്നു നല്‍കിയിരുന്നത്.
കൃത്യമായ പ്രതിരോധ പ്രവര്‍ത്തനങ്ങളിലൂടെയും ചികിത്സയിലൂടെയും പകര്‍ച്ചവ്യാധി മുക്തമാക്കാനുള്ള തീവ്രയത്‌നമാണ് സര്‍ക്കാറിന്റെ ഭാഗത്തുനിന്ന് വേണ്ടത്. സാധാരണ മണ്‍സൂണ്‍ രോഗങ്ങളുടെ പട്ടികയില്‍ പ്രധാനി പനിയാണെങ്കിലും ഇന്ന് ഏതുതരം പനിയാണ് പിടികൂടിയിരിക്കുന്നതെന്ന് പെട്ടെന്ന് തിരിച്ചറിയാനാവാത്ത വിധമാണ് രോഗങ്ങളുടെ അവസ്ഥ. തിരിച്ചറിയുമ്പോഴേക്കും രോഗ തീവ്രതയെ മറികടക്കാനാവാതെ രോഗി മരണത്തിന് കീഴ്‌പ്പെടുകയും ചെയ്യുന്നു. സര്‍ക്കാര്‍ ആസ്പത്രികളില്‍ ആവശ്യത്തിന് ഡോക്ടര്‍മാരെയും ജീവനക്കാരെയും നിയമിക്കാന്‍ വിമുഖത കാണിച്ചതിന് വലിയ വില നല്‍കേണ്ടി വന്നിരിക്കുകായണിപ്പോള്‍. സര്‍ക്കാര്‍ മരുന്നുഷോപ്പുകളില്‍ അവശ്യമരുന്നുകള്‍ കിട്ടാനില്ലാത്തതിനാല്‍ ജനം പൊറുതിമുട്ടുകയാണ്. പലതരം പകര്‍ച്ചവ്യാധികള്‍ പടര്‍ന്നുപിടിക്കുന്ന സാഹചര്യത്തില്‍ ആരോഗ്യ മേഖലയില്‍ അതീവ ജാഗ്രത പുലര്‍ത്താന്‍ സര്‍ക്കാര്‍ ഇനിയും അമാന്തം കാണിച്ചാല്‍ പനിച്ചുവിറച്ചു പിടഞ്ഞു മരിക്കുന്ന അവസ്ഥയിലേക്ക് സംസ്ഥാനം ആപതിക്കുമെന്ന കാര്യം ഓര്‍ക്കുന്നത് നന്ന്.