Views
ഹാരിസണ്‍ കേസില്‍സര്‍ക്കാര്‍ ഒത്തുകളി
ഹാരിസണ്‍ മലയാളം ലിമിറ്റഡിന്റെ കൈവശമുള്ള എസ്റ്റേറ്റ് ഭൂമി ഏറ്റെടുത്ത നടപടി ഹൈകോടതി റദ്ദ് ചെയ്തത് സംസ്ഥാന സര്‍ക്കാറിന് കനത്ത തിരിച്ചടിയായിരിക്കുകയാണ്. സര്‍ക്കാര്‍ പിടിപ്പുകേട് കാരണമാണ് കോടതി വിധി പ്രതികൂലമായിരിക്കുന്നത് എന്നു പറയുന്നതിനേക്കാള്‍ ഹാരിസണ്‍ കമ്പനിയുമായി സര്‍ക്കാര്‍ ഒത്തുകളിച്ചു എന്നു വിശ്വസിക്കും വിധത്തിലാണ് കോടതിയില്‍ കാര്യങ്ങള്‍ കീഴ്മേല്‍ മറിഞ്ഞത്. ഭൂമി തിരിച്ചുപിടിക്കാന്‍ സ്പെഷല്‍ ഓഫീസര്‍ എം.ജി രാജമാണിക്യം നല്കിയ ഉത്തരവുകള്‍ ചവറ്റുകൊട്ടയിലേക്ക് വലിച്ചെറിഞ്ഞ കോടതിയുടെ മുമ്പില്‍ സര്‍ക്കാര്‍ നാണംകെട്ടതിലെ ദുരൂഹതകള്‍ വരുംനാളുകളില്‍ പുറത്തുവരുമെന്ന കാര്യം തീര്‍ച്ച. ഏറെ അവധാനതയോടെ കൈകാര്യം ചെയ്യേണ്ടിയിരുന്ന കേസില്‍ അജ്ഞതയും ആത്മാര്‍ത്ഥതക്കുറവുമാണ് സര്‍ക്കാറിനെ മുട്ടുകുത്തിച്ചതെന്നു വ്യക്തം. ഇതിനു പിന്നില്‍ ഇടതു മുന്നണിക്കുള്ളിലെ വിഴുപ്പലക്കലാണെങ്കിലും ഭൂ മാഫിയകളെ സഹായിക്കുന്ന ഇത്തരം നെറികെട്ട പ്രവണതകള്‍ക്കെതിരെ ശക്തമായ പ്രതിഷേധം ഉയര്‍ന്നുവരേണ്ടിയിരിക്കുന്നു. സര്‍ക്കാര്‍ ഭൂമി കൈവശം വെച്ച് കീശ വീര്‍പ്പിക്കുന്നവരുടെ കര്‍ണപുടങ്ങള്‍ക്ക് ആനന്ദം പകരുന്ന കോടതി വിധി ഒപ്പിച്ചുകൊടുത്ത പിണറായി വിജയന്റെ സര്‍ക്കാറിന് പകല്‍ക്കൊള്ളക്കാര്‍ എന്ന വിശേഷണമാണ് കൂടുതല്‍ ചേരുക. വിധിയിലും ഡിവിഷന് ബഞ്ചിന്റെ പരിഹാസങ്ങളിലും പാഠമുള്‍ക്കൊണ്ട് സര്‍ക്കാര്‍ ഭൂമി വസൂലാക്കാനുള്ള സത്യസന്ധമായ നടപടികളെടുക്കാന്‍ സര്‍ക്കാറിന് ആര്‍ജവമുണ്ടോ എന്നാണ് ഇനി അറിയേണ്ടത്. അല്ലെങ്കില്‍ അപ്പീല്‍ പോകാനുള്ള ആധിരകാരികതയില്‍ വിശ്വാസ്യത തെളിയിച്ച് കേസ് ജയിച്ചുവരാന്‍ കെല്‍പ്പുണ്ടോയെന്ന് കണ്ടറിയണം. രണ്ടായാലും സര്‍ക്കാറിന് മുമ്പില്‍ വിഷയം സങ്കീര്‍ണമാണെന്നാണ് ഹൈക്കോടതി വിധി വ്യക്തമാക്കുന്നത്.
ഇടതു സര്‍ക്കാറുകള്‍ അധികാരത്തില്‍ വരുമ്പോഴെല്ലാം ഹാരിസണ്‍ മലയാളം കമ്പനി അനധികൃതമായി കൈവശം വെച്ചിരിക്കുന്ന സര്‍ക്കാര്‍ ഭൂമി തിരിച്ചുപിടിക്കുന്നതിനുള്ള നിയമനടപടികള്‍ അട്ടിമറിക്കപ്പെടുന്ന പതിവു തന്നെയാണ് കഴിഞ്ഞ ദിവസം കോടതി വിധിയിലൂടെ ആവര്‍ത്തിച്ചിരിക്കുന്നത്. ഹാരിസണ്‍ കമ്പനി കൈവശംവെച്ച ഭൂമി തിരിച്ചുപിടിക്കുന്നതിന് കേരള ഭൂസംരക്ഷണ നിയമപ്രകാരം ഡോ. എം.ജി രാജമാണിക്യത്തെ കഴിഞ്ഞ യു.ഡി.എഫ് സര്‍ക്കാറാണ് നിയമിച്ചത്. സുപ്രീംകോടതിയിലടക്കം തങ്ങള്‍ ഉടമസ്ഥാവകാശം ഉന്നയിക്കുന്ന ഭൂമി സംരക്ഷിക്കുന്നതിന് ഹാരിസണ്‍ കമ്പനി സര്‍വ തന്ത്രങ്ങളും പയറ്റിയെങ്കിലും യു.ഡി.എഫ് സര്‍ക്കാറും സ്പെഷ്യല്‍ ഓഫീസര്‍ രാജമാണിക്യവും ഹൈക്കോടതിയിലെ റവന്യൂ സ്പെഷ്യല്‍ പ്ലീഡര്‍ സുശീല ആര് ഭട്ടും ശക്തമായ നിലപാടുകള്‍ സ്വീകരിക്കുകയായിരുന്നു. അതിനാല്‍ പണം വാരിവലിച്ചെറിഞ്ഞ് കേസ് പെട്ടെന്ന് അവസാനിപ്പിക്കാമെന്ന ഹാരിസണ്‍ കമ്പനിയുടെ വ്യാമോഹം നടക്കാതെ പോകുകയാണുണ്ടായത്. എന്നാല്‍ യു.ഡി.എഫ് സര്‍ക്കാറിന്റെ ധീരോദാത്തമായ നിലപാടിന്റെ നാലയലത്തുപോലും എത്താത്ത ദുര്‍ബലമായ നിലപാടിലൂടെ ഇടതു സര്‍ക്കാര്‍ കേസ് അട്ടിമറിക്കുകയാണ്. ഇതുകാരണം സര്‍ക്കാര്‍ ഭൂമിയില്‍ പ്രതീക്ഷയര്‍പ്പിക്കുന്ന നിരവധി ഭൂരഹിതരുടെ സ്വപ്നങ്ങളാണ് പിണറായി വിജയന് ഊതിക്കെടുത്തുന്നതെന്ന് ഓര്‍ക്കുന്നത് നന്ന്.
കേരള ഭൂസംരക്ഷണ നിയമപ്രകാരം നിയോഗിക്കപ്പെട്ട ഉദ്യോഗസ്ഥന് ഭൂമിയുടെ ഉടമസ്ഥാവകാശം നിര്‍ണയിക്കാന്‍ അധികാരമില്ലെന്നും സിവില്‍ കോടതി നടപടികളിലൂടെയാണ് ഇക്കാര്യം നിര്‍ണയിക്കേണ്ടതെന്നുമാണ് കഴിഞ്ഞ ദിവസം ഹൈക്കോടതി ഡിവിഷന് ബഞ്ച് പറഞ്ഞത്. ഹാരിസണ്‍ മലയാളം കമ്പനി ലിമിറ്റഡും ഇവരുടെ പക്കല്‍ നിന്ന് ഭൂമി വാങ്ങിയവരും നല്കിയ ഹര്‍ജികള്‍ പരിഗണിച്ചായിരുന്നു ഹൈക്കോടതിയുടെ ഉത്തരവ്. ഹാരിസണിന്റെ കൈവശമുള്ള ഭൂമിയും ഇവര്‍ ഗോസ്പാല്‍ ഫോര്‍ ഏഷ്യ, ബോയ്സ് എസ്റ്റേറ്റ്, റിയാ റിസോര്‍ട്ട്സ്, ട്രാവന്‍കൂര്‍ റബര്‍ ആന്റ് ടീ കമ്പനി തുടങ്ങിയവര്‍ക്ക് കൈമാറിയ ഭൂമിയും സര്‍ക്കാറിന്റേതാണെന്നു സമര്‍ത്ഥിക്കാനും ഇക്കാരണത്താലാണ് സ്പെഷ്യല്‍ ഓഫീസര്‍ ഭൂമി തിരിച്ചുപിടിക്കാന്‍ നടപടികള്‍ സ്വീകരിച്ചതെന്നും കോടതിയെ ബോധ്യപ്പെടുത്താനും സര്‍ക്കാറിന് കഴിഞ്ഞില്ല എന്നത് ഗൗരവമായ വീഴ്ചയാണ്. ഹാരിസണ്‍ കമ്പനിയുമായി ഒത്തുകളിച്ച് സര്‍ക്കാര്‍ കേസ് തോറ്റുകൊടുക്കുന്നുവെന്നതിന്റെ പ്രകടമായ തെളിവാണ് കോടതിയില്‍ കണ്ടത്.
സ്വാതന്ത്ര്യാനന്തരം ബ്രിട്ടീഷുകാരുടെ കൈവശമുണ്ടായിരുന്ന ഭൂസ്വത്തുക്കളെല്ലാം നിയമപ്രകാരം സംസ്ഥാന സര്‍ക്കാറിനു വന്നുചേരേണ്ടതാണെന്നും അതിന്റെ ഉടമസ്ഥത സര്‍ക്കാറിനാണ് എന്നതിനാല്‍ ഹാരിസണ്‍ കമ്പനി ലിമിറ്റഡ് കൈവശംവെച്ച ഭൂമി സര്‍ക്കാറിന് ഏറ്റെടുക്കാമെന്നുമായിരുന്നു സ്പെഷ്യല്‍ ഓഫീസര്‍ ഡോ. എം.ജി രാജമാണിക്യം സര്‍ക്കാറിനു നല്കിയ റിപ്പോര്‍ട്ട്. എന്നാല്‍ ഈ കണ്ടെത്തലുകള്‍ ഹൈക്കോടതി ഡിവിഷന് ബഞ്ചിനെ ഫലപ്രദമായി ബോധ്യപ്പെടുത്താന്‍ സര്‍ക്കാറിന് കഴിയാതിരുന്നതാണ് കേസില്‍ മൂക്കുകുത്തി വീഴാന്‍ കാരണമായത്. റവന്യൂ വകുപ്പ് ഭരിക്കുന്ന സി.പി.ഐക്ക് രാജമാണിക്യം റിപ്പോര്‍ട്ടിനോടുള്ള താത്പര്യക്കുറവ് സര്‍ക്കാര്‍ വാദത്തെ സ്വാധീനിച്ചിട്ടുണ്ടോ എന്ന് പരിശോധിക്കേണ്ടതുണ്ട്. നേരത്തെ ഹൈക്കോടതിയില്‍ ഇവ്വിഷയത്തില്‍ ശക്തമായി നിലകൊണ്ടിരുന്ന സ്പെഷ്യല്‍ പ്ലീഡര്‍ സുശീലാ ഭട്ടിനെ ഇടതു സര്‍ക്കാര്‍ അധികാരത്തില്‍ വന്നയുടനെ പിന്‍വലിച്ചതും ഇതോടൊപ്പം ചേര്‍ത്തുവായിക്കേണ്ടതാണ്. ഹാരിസണ്‍ കമ്പനി കൈവശം വച്ചിരിക്കുന്ന ഭൂമിയുടെ രേഖകള്‍ വ്യാജമാണെന്ന വിജിലന്‍സ് റിപ്പോര്‍ട്ടിന് എങ്ങനെ വിലയില്ലാതായി എന്ന ചോദ്യത്തിനും മറുപടി പറയാന്‍ സര്‍ക്കാറിന് ധാര്‍മികമായ ബാധ്യതയുണ്ട്. വിജിലന്‍സ് റിപ്പോര്‍ട്ടിലെ കണ്ടെത്തലുകള്‍ സ്പെഷ്യല്‍ ഓഫീസറുടെ റിപ്പോര്‍ട്ടിന് കൂടുതല്‍ ബലം നല്‍കുന്നതായിരുന്നില്ലേ? എന്തുകൊണ്ട് ഇവ കോടതിയ ബോധ്യപ്പെടുത്താന്‍ സര്‍ക്കാറിന് സാധ്യമായില്ല?
ഇവിടെ കാര്യങ്ങള്‍ സുതരാം വ്യക്തമാണ്. സര്‍ക്കാര്‍ പൊതുവെയും റവന്യൂ, നിയമ വകുപ്പുകള്‍ പ്രത്യേകമായും ഒത്തുകളി നടത്തിയാണ് ഹാരിസണ്‍ കേസ് ഹൈക്കോടതിയില്‍ തോറ്റുകൊടുത്തിട്ടുള്ളത്. ഹൈക്കോടതിയുടെ നേരത്തെയുള്ള വിധിയുടെ അടിസ്ഥാനത്തില്‍ രാജമാണിക്യം സ്വീകരിച്ച നടപടികള്‍ ഭരണഘടനാ വിരുദ്ധമാണെന്നും ഇതുപ്രകാരം ഭൂമി ഏറ്റെടുക്കാനാവില്ലെന്നുമുള്ള ഇടതു സര്‍ക്കാറിന്റെ നിയമവകുപ്പ് സെക്രട്ടറിയുടെ റിപ്പോര്‍ട്ട് തിരുത്താതെ കോടതിയില്‍ കേസിനു പോയതിലെ ദുരൂഹത അന്നം കഴിക്കുന്ന മലയാളിക്കറിയാം. അതിനാല്‍ പുറമെ ഭൂ മാഫിയകള്‍ക്കെതിരെ വീരവാദം മുഴക്കി അധികാരത്തിന്റെ അകത്തളങ്ങളില്‍ അവരെ വാരിപ്പുണരുന്ന ഇടതുസര്‍ക്കാറിനെ പൊതുജനം പുച്ഛിച്ചുതള്ളുക തന്നെ ചെയ്യും.
kerala
‘എസ്ഐആറിനെ മറയാക്കിയുള്ള ബിജെപിയുടെ ജനാധിപത്യധ്വംസനം കേരളത്തില്‍ സിപിഎം അനുവര്‍ത്തിക്കുന്നു’: കെസി വേണുഗോപാല്‍ എംപി
പരാജയഭീതിയാണ് ബിജെപിയെയും സിപിഎമ്മിനെയും നയിക്കുന്നതെന്നും കെസി വേണുഗോപാല്‍ പറഞ്ഞു
ബിജെപിയെ പോലെ എസ് ഐ ആറിനെ മറയാക്കി കേരളത്തില്‍ സിപിഎം തങ്ങളുടെ രാഷ്ട്രീയ താത്പര്യങ്ങള്‍ക്ക് എതിര് നില്ക്കുന്നവരുടെ സമ്മതിദാനാവകാശം ഇല്ലാതാക്കുന്നുവെന്ന് എഐസിസി ജനറല്‍ സെക്രട്ടറി കെസി വേണുഗോപാല്‍ എംപി. ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളില്‍ നടപ്പിലാക്കുന്ന ജനാധിപത്യധ്വംസനം കേരളത്തില്‍ സിപിഎം അനുവര്‍ത്തിക്കുകയാണ്. പരാജയഭീതിയാണ് ബിജെപിയെയും സിപിഎമ്മിനെയും നയിക്കുന്നതെന്നും കെസി വേണുഗോപാല്‍ പറഞ്ഞു.
കോണ്‍ഗ്രസ് അനുകൂല നിലപാട് സ്വീകരിച്ചതിനാലാണ് സംവിധായകന് വിഎം വിനുവിന്റെ വോട്ട് നിഷേധിച്ചത്. കോഴിക്കോട് കോര്പറേഷന് തെരഞ്ഞെടുപ്പില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥിയാണ് വിനു. മുന്‍ തെരഞ്ഞെടുപ്പുകളില്‍ വോട്ട് ചെയ്ത വിനുവിനും കുടുംബത്തിനും വോട്ട് നിഷേധിക്കുന്നത് മൗലികാവകാശങ്ങളുടെ ലംഘനമാണ്. അധികാര ദുര്‍വിനിയോഗത്തിലൂടെ തിരുവനന്തപുരം കോര്‍പ്പറേഷനിലെ മുട്ടട വാര്‍ഡില്‍ യുഡിഎഫിന് വേണ്ടി മത്സരിക്കുന്ന വൈഷ്ണ സുരേഷിന് വോട്ടില്ലെന്ന് വരുത്തിതീര്‍ത്ത് അവരുടെ സ്ഥാനാര്‍ത്ഥിത്വം റദ്ദ് ചെയ്യാനാണ് സിപിഎം ശ്രമിച്ചത്. സിപിഎമ്മിന്റെ നീചരാഷ്ട്രീയം ബോധ്യപ്പെട്ട ഹൈക്കോടതി,കനത്ത പ്രഹരം നല്കി നടത്തിയ നിരീക്ഷണം അങ്ങേയറ്റം സ്വാഗതാര്‍ഹമാണ്.ജനാധിപത്യ മൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിക്കണമെന്ന സന്ദേശമാണ് ഹൈക്കോടതി ഇതിലൂടെ നല്‍കിയതെന്നും കെസി വേണുഗോപാല്‍ പറഞ്ഞു.
വൈഷ്ണയ്ക്കെതിരായ നീക്കത്തിലൂടെ ചെറുപ്പക്കാരികളായ പെണ്‍കുട്ടികള്‍ സജീവ രാഷ്ട്രീയരംഗത്തേക്ക് കടന്നുവരുന്നതിനെ തടയിടാനാണ് സിപിഎം പരിശ്രമിച്ചത്. ഇത് അവരുടെ ഇരട്ടത്താപ്പിന്റെ നേര്‍ച്ചിത്രമാണ്. ചെറുപ്പക്കാരിയെ മേയര്‍ സ്ഥാനത്ത് അവരോധിച്ചതില്‍ ഊറ്റം കൊള്ളുന്ന സിപിഎമ്മാണ് കോണ്‍ഗ്രസ് സ്ഥാനാര്‍ഥിക്ക് നേരെ ജനാധിപത്യവിരുദ്ധത അഴിച്ചുവിട്ടതെന്നും വേണുഗോപാല്‍ പരിഹസിച്ചു.
എസ്ഐആര്‍ ധൃതിപിടിച്ച് നടപ്പിലാക്കണമെന്ന കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്റെ പിടിവാശി ബിജെപിയെ സഹായിക്കാനാണ്. അതിനിടെയാണ് എസ് ഐ ആര് മറയാക്കി സിപിഎം കള്ളവോട്ട് ചേര്‍ക്കലും, വോട്ടു നിഷേധിക്കലും നടത്തുന്നത്. ബിജെപിയെപ്പോലെ സിപിഎമ്മിന്റെ കപട മതേതരവാദവും ജനാധിപത്യ സംവിധാനത്തിന് ശാപമാണ്. രാഷ്ട്രീപക്ഷപാത നിലപാടിന്റെ പേരില്‍ സിപിഎമ്മിന്റെ ഭീഷണിയാണ് പയ്യന്നൂരില്‍ ബിഎല്‍ഒയുടെ ആത്മഹത്യയ്ക്ക് കാരണമെന്നും കെസി വേണുഗോപാല്‍ പറഞ്ഞു.
india
ഏഴു വർഷത്തിന് ശേഷം ചൈന സന്ദർശനം; മോദി- ഷി ജിൻ പിങ്ങ് കൂടിക്കാഴ്ച ഇന്ന്
പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് ചൈനീസ് പ്രസിഡണ്ട് ഷി ജിൻ പിങ്ങുമായി കൂടിക്കാഴ്ച നടത്തും. ടിയാൻജിനിൽ വച്ചാകും കൂടിക്കാഴ്ച. യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ ഇന്ത്യയ്ക്കുമേലുള്ള 50 ശതമാനം തീരുവയെ തുടർന്ന് ഇന്ത്യ- യു എസ് വ്യാപാര സംഘർഷങ്ങളുടെ പശ്ചാത്തലത്തിൽ നിർണ്ണായകമാണ് കൂടിക്കാഴ്ച. ഏഴു വർഷത്തെ ഇടവേളക്ക് ശേഷമാണ് പ്രധാനമന്ത്രി നരേന്ദ്രമോദി ചൈന സന്ദർശിക്കുന്നത്.
രണ്ട് ദിവസത്തെ ഷാങ്ഹായ് സഹകരണ സംഘടന (എസ്സിഒ) ഉച്ചകോടിക്കായി പ്രധാനമന്ത്രി നരേന്ദ്ര മോദി ശനിയാഴ്ച വൈകീട്ടാണ് ടിയാൻജിനിൽ എത്തിയത്. ബിൻഹായ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ ഇന്ത്യൻ സമൂഹം നരേന്ദ്രമോദിയ്ക്ക് ഊഷ്മള സ്വീകരണം നൽകി. 2020 ലെ ഗാൽവാൻ താഴ്വരയിലെ സംഘർഷത്തിനുശേഷമുള്ള ബന്ധം മെച്ചപ്പെടുത്തുന്നതിലും, വ്യാപാരത്തിലും പ്രാദേശിക സ്ഥിരതയിലും സഹകരണം വർധിപ്പിക്കുന്നതിനുമുള്ള തീരുമാനങ്ങൾ സന്ദർശനത്തിനിടയിൽ ഉണ്ടാകും എന്നാണ് പ്രതീക്ഷിക്കുന്നത്.
രണ്ട് പ്രധാന സമ്പദ്വ്യവസ്ഥകളായ ഇന്ത്യയും ചൈനയും ലോക സാമ്പത്തിക ക്രമത്തിൽ സ്ഥിരത കൈവരിക്കുന്നതിന് ഒരുമിച്ച് പ്രവർത്തിക്കേണ്ടത് പ്രധാനമാണെന്ന് സന്ദർശനത്തിനു മുൻപായി ജപ്പാൻ മാധ്യമത്തിനു നൽകിയ അഭിമുഖത്തിൽ പ്രധാനമന്ത്രി പറഞ്ഞു.
Features
അക്ഷരങ്ങളുടെ കുലപതിക്ക് വിട
മലയാളക്കരയുടെ തലമുതിര്‍ന്ന എഴുത്തുകാരന് എന്ന നിലക്ക് അദ്ദേഹത്തിന്റെ മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങള്‍ സമുദായത്തിന്റെ അക്ഷരവെളിച്ച പ്രയാണങ്ങള്‍ക്ക് എന്നും കരുത്തായിരുന്നു
സഫാരി സൈനുല്‍ ആബിദീന്‍
മലയാളിയുടെ ഹൃദയാന്തരീക്ഷത്തില്‍ അര്‍ത്ഥദീര്‍ഘമായ എം.ടിയെന്ന ദ്വയാക്ഷരത്തെ ബാക്കിയാക്കി ഒരു കാലം വിടപറയുന്നു. എല്ലാ അര്‍ഥത്തിലും വിസ്മയമായിരുന്നു ആ മഹാ കുലപതി. പച്ചമനുഷ്യന്റെ മനോവ്യഥകളും സംഘര്‍ഷങ്ങളും എല്ലാ ഭാവതീവ്രതകളോടെയും തലമുറകള്‍ക്കു പകര്‍ന്നു നല്‍കുന്നതായിരുന്നു അദ്ദേഹത്തിന്റെ വരികള്‍.
ചന്ദ്രിക പത്രത്തിന്റെ കോഴിക്കോട്ടെ ഓഫീസില്‍ വെച്ചാണ് ആദ്യമായിട്ട് ഞാന്‍ എം.ടി വാസുദേവന്‍ നായരെ കാണുന്നത്. മുസ്ലിം ലീഗിന്റെ മുന്‍കാല നേതാവും യൂത്ത്ലീഗ് സ്ഥാപക നേതാവുമായിരുന്ന കെ.കെ മുഹമ്മദ് സാഹിബിന്റെ കൂടെയായിരുന്ന അന്നത്തെ കാഴ്ച. മലയാളക്കരയുടെ തലമുതിര്‍ന്ന എഴുത്തുകാരന് എന്ന നിലക്ക് അദ്ദേഹത്തിന്റെ മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങള്‍ സമുദായത്തിന്റെ അക്ഷരവെളിച്ച പ്രയാണങ്ങള്‍ക്ക് എന്നും കരുത്തായിരുന്നു. പഠന കാലത്തേ ആ മഹാപ്രതിഭയുടെ എഴുത്തിന്റെ ലോകത്തിലൂടെ സഞ്ചരിക്കാന്‍ വലിയ താല്പര്യമായിരുന്നു. ഒമ്പതാം ക്ലാിസില്‍ സ്കൂളില്‍ പഠിക്കുമ്പോള്‍ എം.ടി പങ്കെടുക്കുന്ന കാണാനായി മാത്രം തലശ്ശേരി വരെ പോയ ഓര്‍മ്മകള്‍ ഇന്നും മനസ്സിലുണ്ട്. അക്കാലത്ത് അങ്ങനെയൊക്കെ സാഹസിക യാത്രകള്‍ പോകാന്‍ പ്രേരിപ്പിച്ചത് എം.ടിയെന്ന മഹാപ്രതിഭയോടുള്ള വലിയ ആകര്‍ഷണം ഒന്നു മാത്രമായിരുന്നു. മണിക്കൂറുകളോളം അദ്ദേഹത്തെ കേട്ടിരിക്കാനും ആര്‍ക്കും മടുപ്പുണ്ടായിരുന്നില്ല. അദ്ദേഹം ഗള്‍ഫില്‍ വരുന്ന സമയങ്ങളിലും കാണാനും അദ്ദേഹത്തെ കേള്‍ക്കാനും ഏത് തിരക്കിനിടയിലും സമയം കണ്ടത്തിയിരുന്നു
പത്മഭൂഷണ്‍, ജ്ഞാനപീഠം, എഴുത്തച്ഛന് പുരസ്കാരം, ജെ സി ഡാനിയേല്‍ പുരസ്കാരം, പ്രഥമ കേരള ജ്യോതി പുരസ്കാരം, കേരള നിയമസഭ പുരസ്കാരം തുടങ്ങി പുരസ്കാരങ്ങളുടെ നിറവ്’എം ടി’ എന്ന രണ്ടക്ഷരത്തെ മലയാള സാഹിത്യ നഭസ്സില്‍ അനശ്വരനാക്കി നിര്‍ത്തി. സാധാരണക്കാരുടെ ജീവിതയാത്രകളെയും വേദനകളെയും തന്മയത്വം ചോരാതെ മലയാളി ആസ്വദിച്ചു വായിച്ചു. പ്രവാസ ലോകത്തെ ജീവിതത്തിരക്കുകളിലേക്ക് പോവേണ്ടി വന്നപ്പോഴും മനസ്സിന്റെ ഒരു കോണില്‍ എം.ടിയുടെ ലോകങ്ങള്‍ എന്നും നിറഞ്ഞു നിന്നു.
പ്രവാസികളുമായി അദ്ദേഹം വലിയ ബന്ധം പുലര്‍ത്തിയിരുന്നു. വിവിധ കാലങ്ങളില്‍ അദ്ദേഹവും മരുഭൂമിയിലെ മരുപ്പച്ചയില്‍ ജീവിതപ്പച്ച തേടെയെത്തിയ മലയാള സമൂഹത്തെ സന്ദര്‍ശിക്കാനെത്തിക്കൊണ്ടിരുന്നു.
ഇനി ഇതുപോലൊരു പ്രതിഭ മലയാളത്തില്‍ ഇനി ഉണ്ടാകില്ല. വായിക്കുന്നവരെയെല്ലാം ചിന്തിപ്പിച്ച അതി ശക്തനായ എഴുത്തുകാരന്. അദ്ദേഹം തൊട്ടതെല്ലാം പൊന്നാക്കി. തീരാനഷ്ടം എന്നത് വെറും വാക്കല്ല. ആള്‍ക്കൂട്ടത്തില്‍ തനിയെ എന്നത് അദ്ദേഹത്തിന്റെ ജീവിത ദര്‍ശനമാണെന്ന് അദ്ദേഹം തെളിയിച്ചു. എല്ലാ മേഖലയിലും അദ്ദേഹം മാതൃകയായിരുന്നു. മനുഷ്യന്റെ കാപട്യത്തെ കുറിച്ച് നന്നായി പഠിച്ച കാച്ചി കുറുക്കി മറ്റൊരു രീതിയില്‍ അവതരിപ്പി ഒരു സാഹിത്യകാരന് ഇനിയുണ്ടാകുമോ എന്നറിയില്ല.
-
india1 day agoമദീനയിലെ ബസ് അപകടം; മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് അഞ്ച് ലക്ഷം വീതം ധനസഹായം നല്‍കുമെന്ന് തെലങ്കാന സര്‍ക്കാര്‍
-
GULF2 days agoമക്കമദീന ഹൈവേയില്‍ ഭീകരാപകടം: ഉംറ ബസ് കത്തി, 40 പേര് മരിച്ചു
-
News1 day agoകമാൽ വരദൂരിൻ്റെ 50 ഫുട്ബോൾ കഥകൾ പ്രകാശിതമായി
-
india2 days agoബീഹാർ തിരഞ്ഞെടുപ്പ് പോസ്റ്റൽ ബാലറ്റ് ഫലം: MGB 142, NDA 98; എന്തുകൊണ്ടാണ് ഇത് ഇവിഎമ്മിന് എതിരായിരിക്കുന്നത്?
-
kerala1 day agoശബരിമല സ്വര്‍ണ്ണക്കൊള്ള; സന്നിധാനത്ത് പ്രത്യേക അന്വേഷണ സംഘം പരിശോധന നടത്തി
-
kerala2 days agoബിഎല്‍ഒയുടെ മരണം; അനീഷ് ജീവനൊടുക്കിയത് സിപിഎം ഭീഷണിയെ തുടര്‍ന്ന്; രജിത് നാറാത്ത്
-
india1 day agoഹരിയാനയില്‍ ക്രിസ്ത്യാനികള്‍ക്കും മുസ്ലിംകള്ക്കും നേരെ ഹിന്ദുത്വവാദികളുടെ ആക്രമണം
-
More22 hours agoപുരുഷന്മാര് മാത്രമുള്ള എല്‍ഡിഎഫ് പ്രകടനപത്രിക പ്രകാശനം; രൂക്ഷ വിമര്‍ശനവുമായി ഇടത് അനുഭാവികൾ

