ജനാധിപത്യത്തിന്റെ ഓശാരത്തണലില്‍ ഉണ്ടുമയങ്ങുന്നവരില്‍ ചിലര്‍ക്ക് ചിലപ്പോഴൊക്കെ മാധ്യമങ്ങള്‍ക്കും അവയില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്കുമെതിരെ എന്തെങ്കിലുമൊന്ന് എതിരായി പറഞ്ഞില്ലെങ്കില്‍ ഉറക്കംവരില്ലെന്ന സ്ഥിതി അടുത്ത കാലത്തെ ഫാഷനായിരിക്കുന്നു. ഒരു കേസില്‍ തത്‌സംബന്ധിയായ വാര്‍ത്തകളും മാധ്യമ സമ്മേളനവും വിലക്കിയ സബ്‌കോടതിവിധി ഹൈക്കോടതി കയ്യോടെ സ്റ്റേ ചെയ്യുകയും അഭിപ്രായ സ്വാതന്ത്ര്യം ഹനിക്കാന്‍ കോടതിക്ക് അധികാരമില്ലെന്ന് പറയുകയും ചെയ്തത് അധികാരത്തിന്റെ അമിതാന്നം കൊണ്ട് വീര്‍പ്പുമുട്ടുന്ന ഗസറ്റ് വാദികള്‍ക്കുള്ള അതിശക്തമായ മുന്നറിയിപ്പാണ്. മന്ത്രിസഭാതീരുമാനങ്ങള്‍ ഗസറ്റിലൂടെ വായിച്ചറിയണമെന്ന് പറഞ്ഞവരുടെ തിരുശേഷിപ്പുകളാണ് കഴിഞ്ഞദിവസങ്ങളില്‍ ഒരു ജഡ്ജിയില്‍നിന്നും ജയരാജനില്‍നിന്നും നാം കേട്ടത്. കേരളത്തിലെ ഇടതുമുന്നണി സര്‍ക്കാരുമായി ബന്ധപ്പെട്ടവരുടെമേല്‍ സാമാന്യ ജനതക്ക് തോന്നിത്തുടങ്ങിയിട്ടുള്ള ഈ മാധ്യമ അസ്‌ക്യതാ പരമ്പരയിലെ പുതിയൊരു എപ്പിസോഡാണ് ചൊവ്വാഴ്ച കേരള നിയമസഭക്കകത്ത് നാം കണ്ടതും കേട്ടതുമായ മാധ്യമ നിയന്ത്രണത്തിനുവേണ്ടിയുള്ള സി.പി.എം നേതാവിന്റെ അട്ടഹാസം.
‘കുറച്ച് പത്രങ്ങളും ചാനലുകളും വിചാരിച്ചാല്‍ എന്തും എഴുതിവിടാമെന്നാണ് കരുതുന്നത്. തെറ്റായ വാര്‍ത്ത നല്‍കുന്ന മാധ്യമങ്ങളെ നിയന്ത്രിക്കാന്‍ നിയമം കൊണ്ടുവരണം.’ ചൊവ്വാഴ്ച നിയമസഭയില്‍ സി.പി.എം കേന്ദ്ര സമിതി അംഗവും പിണറായി മന്ത്രിസഭയിലെ മുന്‍മന്ത്രിയുമായ ഇ.പി ജയരാജന്‍ എം.എല്‍.എ പറഞ്ഞതിങ്ങനെ. ജയരാജന്റെ മകന് യു.എ.ഇയില്‍ ചെക്ക്‌കേസുണ്ടെന്ന് പ്രതിപക്ഷത്തെ അനില്‍ അക്കര ഉന്നയിച്ച ആരോപണത്തിന് മറുപടി പറയവെയാണ് ജയരാജന്‍ മാധ്യമങ്ങള്‍ക്കെതിരെ കുരച്ചുചാടിയത്. യാദൃച്ഛികമെന്ന് പറയട്ടെ, ഒപ്പം കൗതുകകരവും, ഇതേസഭയില്‍ തന്നെയാണ് മുഖ്യമന്ത്രിയും അദ്ദേഹത്തിന്റെ പാര്‍ട്ടിക്കാരനുമായ പിണറായി വിജയന്‍ അഭിപ്രായ സ്വാതന്ത്ര്യത്തിനെതിരായ ശ്രമങ്ങളെ സര്‍ക്കാര്‍ കയ്യുംകെട്ടി നോക്കിനില്‍ക്കില്ലെന്ന് പ്രഖ്യാപിച്ചത്. കവി കുരീപ്പുഴ ശ്രീകുമാറിനെതിരായ ആക്രമണത്തിന്റെ പശ്ചാത്തലത്തിലായിരുന്നു മുഖ്യമന്ത്രിയുടെ ഉറപ്പെങ്കില്‍ തനിക്കും തന്റെ മകനുമെതിരായ വിമര്‍ശനത്തെ പ്രായേഗികപൂര്‍വവും പക്വതയോടെയും നേരിടേണ്ട ഭരണപക്ഷ എം.എല്‍.എയെ പരമാവധി പ്രോല്‍സാഹിപ്പിക്കുകയായിരുന്നു ഭരണകക്ഷിക്കാര്‍.
മാധ്യമ പ്രവര്‍ത്തകരും മനുഷ്യരായതിനാല്‍ അവര്‍ക്കുകിട്ടുന്ന വിവരങ്ങളിലും നിഗമനങ്ങളിലും തെറ്റുകള്‍പറ്റാം. അതിനെ വിമര്‍ശിക്കാനുള്ള അവകാശം എല്ലാപൗരന്മാര്‍ക്കുമുണ്ട്; അപകീര്‍ത്തികരമെങ്കില്‍ ശിക്ഷിക്കാനുള്ള വകുപ്പുകളും. എന്നാല്‍ തെറ്റായ വാര്‍ത്തകളെഴുതുന്നവരെ ശിക്ഷിക്കാന്‍ നിയമം ഉണ്ടാക്കുകയെന്നാല്‍ അത് ജനാധിപത്യത്തിന്റെ മരണമണിയെന്നേ വിലയിരുത്താനാകൂ. ഇന്ത്യയില്‍ അഭിപ്രായ സ്വാതന്ത്ര്യവും ആവിഷ്‌കാര സ്വാതന്ത്ര്യവുമൊന്നും ഏതെങ്കിലുമൊരു കക്ഷിയുടെയോ പ്രസ്ഥാനത്തിന്റെയോ മാത്രം ഔദാര്യമോ സംഭവാനയോ അല്ല. പതിറ്റാണ്ടുകളായി സ്വാതന്ത്ര്യസമരത്തിലൂടെയും ശേഷവും ഇന്ത്യയിലെ ജനലക്ഷങ്ങള്‍ പോരാടിയും ജീവന്‍ ത്യജിച്ചും നേടിയെടുത്തതാണ് അത്തരം മൗലികമായ സ്വാതന്ത്ര്യങ്ങളും അവകാശങ്ങളുമൊക്കെ. ഏതെങ്കിലുമൊരു അധികാര മോഹിക്ക് തോന്നുമ്പോള്‍ വലിച്ചുനീട്ടാനും മറ്റൊരിക്കല്‍ ചുരുട്ടിക്കൂട്ടാനുമുള്ളതല്ല അവയൊന്നും. ‘എനിക്ക് എന്റെ അഭിപ്രായം തുറന്നുപറയാനുള്ള സ്വാതന്ത്ര്യം വേണം. നിങ്ങള്‍ക്ക് എന്നെ വിമര്‍ശിക്കാനുള്ള സ്വാതന്ത്ര്യം പോലെ തന്നെ തുല്യമാണതും. എന്നാല്‍ നിങ്ങളുടെ അഭിപ്രായ പ്രകടനങ്ങളോട് വിയോജിക്കുമ്പോള്‍ തന്നെ അത് പറയാനുള്ള നിങ്ങളുടെ അവകാശത്തിനുവേണ്ടി മരിക്കാന്‍വരെ താന്‍ തയ്യാറാണ്’ എന്ന് പ്രഖ്യാപിച്ച ആവിഷ്‌കാര സ്വാതന്ത്ര്യത്തിന്റെ മാഗ്നാകാര്‍ട്ട രചിച്ചത് നമ്മുടെ മാതൃഭൂമിയിലാണ്. മഹാത്മാവിന്റെ ആ വാക്കുകള്‍ ഇന്നും ലോക ജനത അത്യാദരങ്ങളോടെയാണ് കൊണ്ടാടുന്നത്. അതുകൊണ്ടുതന്നെയാണ് ലോകത്ത് പലയിടത്തും ഇന്നും ഏത് സ്വേച്ഛാധിപതിയുടെയും മുഖത്തുനോക്കി തെറ്റ് ചൂണ്ടിക്കാട്ടാനുള്ള ആര്‍ജവം ആവര്‍ത്തിക്കപ്പെടുന്നതും. ദൈവം തെറ്റുചെയ്താവും അത് മുഖത്തുനോക്കി പറയുന്നവരെന്നാണ് കമ്യൂണിസ്റ്റുകാരെക്കുറിച്ച് പൊതുവെ പറയാറ്. എന്നാല്‍ അവരില്‍നിന്നാണ് കേരളത്തിലിന്ന് നമ്മള്‍ മാധ്യമ പ്രവര്‍ത്തകരോട് ‘കടക്ക് പുറത്ത്’ അടക്കമുള്ള അധികാര ഹുങ്കിന്റെ മെഗ്ലോമാനിയ മുഴക്കങ്ങള്‍ കേട്ടുകൊണ്ടിരിക്കുന്നത്. ഇത് വൈരുധ്യമായി തോന്നാമെങ്കിലും ചരിത്രത്തില്‍ ഇക്കൂട്ടര്‍ നമുക്ക് തന്നിട്ടുള്ളതത്രയും അധികാരം ദുഷിപ്പിക്കുമെന്ന സിദ്ധാന്തത്തിന്റെ ശരിവെപ്പുകള്‍ തന്നെയാണ്.
കഴിഞ്ഞദിവസമാണ് ഇടത് എം.എല്‍.എയുടെ മകന്‍ നല്‍കിയ ഹര്‍ജിയില്‍ കരുനാഗപ്പള്ളി സബ്‌കോടതി മാധ്യമ സമ്മേളനം നടത്തരുതെന്നും വാര്‍ത്തകള്‍ നല്‍കരുതെന്നും വിധി പുറപ്പെടുവിച്ചത്. ഹര്‍ജി തൊണ്ടതൊടാതെ വിഴുങ്ങിയ ജഡ്ജി പ്രതികളെ കേള്‍ക്കാതെ ദൂരവ്യാപക പ്രത്യാഘാതമുളവാക്കുന്നൊരു ഉത്തരവിറക്കുകയായിരുന്നു. ഭരണഘടന അനുശാസിച്ചിട്ടുള്ള അഭിപ്രായ സ്വാതന്ത്ര്യം പോലും വായിക്കാതെയാണ് ന്യായാധിപനെന്ന് പറയുന്നയാള്‍ കോടതിയിലിരുന്ന് തിരുവനന്തപുരം പ്രസ്‌ക്ലബില്‍ നോട്ടീസ് പതിക്കാന്‍ ഉത്തരവിട്ടതും അത് നടപ്പാക്കിയതും. ഇക്കാര്യത്തിലും ഇപ്പോഴും കോടതികളില്‍ തുടരുന്ന മാധ്യമ വിലക്കുകളുടെ കാര്യത്തിലും പിണറായി സര്‍ക്കാരിന്റെ സമീപനം അകത്തൊന്നും പുറത്ത് മറ്റൊന്നുമാണെന്ന് ഇതിനകം തെളിയിക്കപ്പെട്ടിട്ടുള്ളതാണ്.
മന്ത്രിമാര്‍ക്കും ഉന്നതോദ്യോഗസ്ഥര്‍ക്കുമെതിരായ അന്വേഷണ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിന് മുമ്പ് സര്‍ക്കാരിന്റെ അനുമതി വാങ്ങിയിരിക്കണമെന്ന് രാജസ്ഥാനിലെ ബി.ജെ.പി സര്‍ക്കാര്‍ നിയമം പാസാക്കാന്‍ ശ്രമിച്ചതും പൗര ബോധമുള്ളവരുടെ സമ്മര്‍ദത്താല്‍ പെട്ടിയില്‍വെക്കേണ്ടതും അധികകാലം മുമ്പല്ല. ഇങ്ങ് കേരളത്തിലും അത്തരം നിയന്ത്രണവും നിയമവും വേണമെന്ന് ജനാധിപത്യത്തിന്റെ ശ്രീകോവിലില്‍ നിന്ന് സി.പി.എം നേതാവ് വിളിച്ചുപറയുമ്പോള്‍ അതിന് റാന്‍മൂളാന്‍ ജനാധിപത്യവിശ്വാസിയായ മലയാളിക്കും മാധ്യമ പ്രവര്‍ത്തകനും മനസ്സില്ലെന്ന് വിനയത്തോടെ അറിയിക്കട്ടെ. മറയ്ക്കപ്പെടാത്ത സൂര്യരശ്മികളേറ്റാണ് ധാന്യമണികളിലെ പുഴുക്കള്‍ നശിക്കുകയെന്ന തിരിച്ചറിവ് എല്ലാവര്‍ക്കുമുണ്ടാവട്ടെ.