സംസ്ഥാന സര്‍ക്കാരിലെ ഐ.എ.എസിന് താഴെയുള്ള 150 ഓളം ഉന്നത തസ്തികകള്‍ക്കായി ഉടന്‍ ആരംഭിക്കാനിരിക്കുന്ന കേരള അഡ്മിനിസ്‌ട്രേറ്റീവ് സര്‍വീസില്‍ (കെ.എ.എസ്) നടപ്പാക്കേണ്ട ഭരണഘടനാദത്തമായ സംവരണാവകാശം നിഷേധിക്കുന്നതിനെതിരെ അതിശക്തമായ പ്രക്ഷോഭം ഉയര്‍ന്നതിനെതുടര്‍ന്ന് സര്‍ക്കാര്‍ പിന്നാക്കം പോയിരിക്കുകയാണിപ്പോള്‍. കെ.എ.എസ് കേഡറിലേക്ക് നിയമിക്കപ്പെടുന്നവരില്‍ സര്‍ക്കാര്‍ ജീവനക്കാരില്‍നിന്നും ഗസറ്റഡ് ജീവനക്കാരില്‍നിന്നും സാമുദായിക സംവരണം പാലിക്കരുതെന്നാണ് സംസ്ഥാന സര്‍ക്കാരിന്റെ നേരത്തെയുണ്ടായിരുന്ന ധാരണ. രണ്ടും മൂന്നും സ്ട്രീമിലെ നിയമനത്തിലായിരുന്നു ആശങ്ക. ഒന്നാമത്തേത് പൊതുജനങ്ങളില്‍നിന്ന് നേരിട്ടുള്ള നിയമനമായതിനാല്‍ പി.എസ്.സിക്ക് അക്കാര്യത്തില്‍ പ്രത്യേക ഉത്തരവിന്റെ ആവശ്യമുണ്ടായിരുന്നില്ല. സര്‍ക്കാര്‍ സര്‍വീസില്‍ 50 ശതമാനത്തിനടുത്ത് സംവരണം നിലവിലുള്ളപ്പോള്‍ കെ.എ.എസ്സില്‍ 16.5 ശതമാനം സംവരണം മാത്രം നടപ്പാക്കാനാണ് ഇടതുപക്ഷ സര്‍ക്കാര്‍ പക്ഷേ മുന്നിട്ടിറങ്ങിയത്. 2017 ഡിസംബര്‍ 29നാണ് സര്‍ക്കാര്‍ ഇതുസംബന്ധിച്ച ഉത്തരവിറക്കിയത്. സംവരണ നിഷേധത്തിനെതിരെ മുസ്‌ലിംലീഗും കോണ്‍ഗ്രസും ന്യൂനപക്ഷ-പിന്നാക്ക-ദലിത് അവകാശ സംരക്ഷണ സംഘടനകളും അതിശക്തമായി രംഗത്തുവന്നതോടെ ഇടതുപക്ഷത്തിന്റെ ഗൂഢനീക്കം പൊതുസമക്ഷം കയ്യോടെ പിടികൂടപ്പെടുകയായിരുന്നു. സി.പി.എമ്മിന്റെ ഔദ്യോഗിക നയമനുസരിച്ചുള്ള സാമ്പത്തിക സംവരണം സര്‍ക്കാര്‍ മേഖലയില്‍ നടപ്പാക്കാന്‍ തുനിഞ്ഞിറങ്ങിയിരിക്കുന്ന കേരള സര്‍ക്കാരിനെ സംബന്ധിച്ച് ഇത് വലിയ തിരിച്ചടിതന്നെയാണ്. മുസ്‌ലിംലീഗിനെയും മുസ്‌ലിം സംഘടനകളെയും പിന്നാക്ക ദലിത് സംഘടനകളെയും സംബന്ധിച്ച് പുതിയ സര്‍ക്കാര്‍തീരുമാനം വലിയ ചാരിതാര്‍ത്ഥ്യജനകമാണെന്ന കാര്യത്തില്‍ സംശയമില്ല. ചൊവ്വാഴ്ച പട്ടിക ജാതി വര്‍ഗ ക്ഷേമവകുപ്പുമന്ത്രി എ.കെ ബാലനാണ് പുതിയ തീരുമാനം പ്രഖ്യാപിച്ചത്. നിലവില്‍ സംവരണം ബാധകമാകാത്ത തസ്തികകളില്‍ ചട്ടം രൂപീകരിക്കുമെന്നും മന്ത്രി അറിയിച്ചു. ഏതാനും ദിവസങ്ങള്‍ക്കകം പി.എസ്.സി വിജ്ഞാപനം പുറപ്പെടുവിക്കാനിരിക്കെ ഇരുട്ടിന്റെ മറവില്‍ നടത്താനിരുന്ന സി.പി.എമ്മിന്റെ ഗൂഢ നീക്കമാണ് ഇതോടെ പൊളിഞ്ഞുപാളീസായിരിക്കുന്നത്. ‘മുഴുവന്‍ തസ്തികയിലും സംവരണം പാലിക്കണമെന്ന പി.എസ്.സി നിര്‍ദേശം പാലിക്കാതെയാണ് സര്‍ക്കാര്‍ മുന്നോട്ടുപോകുന്നത്. ഇതുസംബന്ധിച്ച് പി.എസ്.സി നല്‍കിയ നോട്ടീസ് ഇതുവരെ ചര്‍ച്ച ചെയ്യാന്‍പോലും സര്‍ക്കാര്‍ തയ്യാറായില്ല’.2017 നവംബര്‍ 24ന് ‘കെ.എ.എസ്സില്‍ സംവരണ അട്ടിമറി’ എന്ന തലക്കെട്ടില്‍ പിന്നാക്ക ന്യൂനപക്ഷ ദലിത് ജിഹ്വയായ ‘ചന്ദ്രിക’ ഒന്നാം പേജിലെ ലീഡായി റിപ്പോര്‍ട്ടു ചെയ്ത വാര്‍ത്തയിലെ വരികളാണിവ. രണ്ടുതവണ മുഖപ്രസംഗത്തിലൂടെയും ഇതരവാര്‍ത്തകളിലൂടെയും നീതി നിഷേധത്തിനെതിരായ പോരാട്ടം അഭംഗുരം തുടര്‍ന്നു. കെ.എ.എസ്സിലെ സംവരണ നിഷേധം സംബന്ധിച്ച് ആദ്യമായി സര്‍ക്കാരിന്റെയും പൊതുജനത്തിന്റെയും ശ്രദ്ധയില്‍പെടുത്തിയത് മുസ്‌ലിംലീഗായിരുന്നു. വിവിധ മുസ്‌ലിം-പിന്നാക്ക-ദലിത് സംഘടനകളും യു.ഡി.എഫും സര്‍വീസ് സംഘടനകളും സമരവുമായി രംഗത്തുവന്നു. അതിന്റെ ഭാഗമായാണ് പഞ്ചായത്ത് തലങ്ങളിലും സെക്രട്ടറിയേറ്റ് പടിക്കലും പ്രതിഷേധ സംഗമങ്ങള്‍ സംഘടിപ്പിച്ചത്. ന്യൂനപക്ഷ-പട്ടിക വിഭാഗ കമ്മീഷനുകളും സര്‍ക്കാരിനോട് വിശദീകരണംതേടി. ഡിസംബറില്‍ സംസ്ഥാന നിയമസഭയില്‍ മുസ്‌ലിംലീഗ്‌നേതാവ് ടി.എ അഹമ്മദ്കബീര്‍ വിഷയത്തില്‍ സമഗ്രമായ പ്രഭാഷണം നടത്തി. മുസ്‌ലിംലീഗിന്റെ നേതൃത്വത്തില്‍ സംവരണ സംരക്ഷണമുന്നണി മുഖ്യമന്ത്രിയുടെ വീട്ടിലേക്ക് സമരം വ്യാപിപ്പിക്കാനിരിക്കെയാണ് സര്‍ക്കാരിന്റെ കീഴടങ്ങല്‍. പിന്നാക്ക ദലിത് സംഘടനകളുടെ ഒത്തൊരുമയും ജാഗ്രതയുമാണ് ഈ വിജയത്തിന് നിദാനമെന്ന കാര്യത്തില്‍ സംശയമില്ല. പക്ഷേ ലോക്‌സഭാതെരഞ്ഞെടുപ്പ് അടുത്തിരിക്കുന്ന ഘട്ടത്തില്‍ നില്‍ക്കക്കള്ളിയില്ലാതെയാണ് ഇടതുപക്ഷ സര്‍ക്കാര്‍ ഈ പിറകോട്ടുപോക്കിന് തയ്യാറായതെന്ന് വേണം അനുമാനിക്കാന്‍. തെരഞ്ഞെടുപ്പുകഴിഞ്ഞാല്‍ തീരുമാനം വീണ്ടും അടിച്ചേല്‍പിക്കാന്‍ സര്‍ക്കാര്‍ തയ്യാറായേക്കുമെന്ന ആശങ്ക അസ്ഥാനത്തുള്ളതല്ല. ഭരണം എന്നത് രാഷ്ട്രീയ നേതൃത്വത്തിലേക്കാളുപരി ഉദ്യോഗസ്ഥ വൃന്ദത്തിന്റെ കൈകളിലാണ് അര്‍പ്പിതമായിരിക്കുന്നത്. നിലവിലെ തസ്തികകളില്‍തന്നെ ആയിരക്കണക്കിന് തസ്തികകള്‍ പിന്നാക്ക ന്യൂനപക്ഷ വിഭാഗങ്ങള്‍ക്ക് നിഷേധിക്കപ്പെട്ടതായി കണ്ടെത്തിയ യു.ഡി.എഫ് സര്‍ക്കാര്‍ നിയോഗിച്ച ജസ്റ്റിസ് നരേന്ദ്രന്‍ കമ്മീഷനായിരുന്നു. ഇതിന് പരിഹാരമായി അവരുടെ ബാക്‌ലോഗ് നികത്താന്‍ സ്‌പെഷല്‍ റിക്രൂട്ട്‌മെന്റ് വേണമെന്ന ആവശ്യത്തെ ശക്തമായി എതിര്‍ക്കുകയായിരുന്നു പലരും. കെ.എ.എസ് തസ്തിക സൃഷ്ടിക്കപ്പെടുമ്പോള്‍പോലും നിലവിലെ കേന്ദ്ര സര്‍വീസുകളിലെയും ഐ.എ.എസ്സിലെയും സംവരണത്തോത് എത്രയെന്ന് പരിശോധിക്കുന്നത് നന്നായിരിക്കും. കേന്ദ്ര സെക്രട്ടറിയേറ്റിലെ ഏതാണ്ട് 50 ശതമാനം തസ്തികകളിലും ഇപ്പോഴും തുടരുന്നത് മുന്നാക്ക ജാതിക്കാരാണ്. എന്നിട്ടാണ് കേരളത്തിലും സമാനമായ നീക്കത്തിന് ഇടതുപക്ഷം മുന്നോട്ടുവന്നതെന്ന് ചിന്തിക്കുമ്പോള്‍ അതിലെ ഗൂഢപദ്ധതി ഊഹിക്കാവുന്നതേ ഉള്ളൂ. ആര്‍ക്കുവേണ്ടി തൊഴിലാളി വര്‍ഗത്തിന്റേതെന്ന് അഭിമാനിക്കുന്ന പാര്‍ട്ടി നിലകൊള്ളുന്നതെന്ന് ഇതിലൂടെ വ്യക്തമാണ്. 1957ല്‍ തന്നെ ഇ.എം.എസ് സര്‍ക്കാര്‍ സാമ്പത്തികസംവരണത്തെ അനുകൂലിച്ചിരുന്നുവെന്ന് അറിയുമ്പോള്‍ കെ.എ.എസ്സിലൂടെ പിണറായി സര്‍ക്കാര്‍ നടപ്പാക്കാന്‍ ശ്രമിച്ചതും സവര്‍ണ വോട്ടുബാങ്ക് രാഷ്ട്രീയമാണെന്ന ്‌വ്യക്തം. കെ.എ.എസ്സിനെക്കുറിച്ച് പറയുന്ന ഘട്ടത്തില്‍തന്നെ സര്‍ക്കാര്‍ സര്‍വീസില്‍ നടപ്പാക്കാനിരിക്കുന്ന സാമ്പത്തിക സംവരണത്തെക്കുറിച്ചും മന്ത്രി ബാലന്‍ ചില പ്രഖ്യാപനങ്ങള്‍ നടത്തുകയുണ്ടായി. കേന്ദ്രത്തിലെ ബി.ജെ.പി സര്‍ക്കാര്‍ പാര്‍ലമെന്റില്‍ അവതരിപ്പിച്ച് സി.പി.എം അടക്കം പിന്തുണച്ച സാമ്പത്തിക സംവരണ ബില്ലുപ്രകാരം പത്തു ശതമാനം സംവരണം നടപ്പാക്കാന്‍ സംസ്ഥാന സര്‍ക്കാരും താമസംവിനാ തീരുമാനിച്ചിരിക്കുകയാണ്. നിയമത്തിലെ എട്ടു ലക്ഷത്തില്‍ താഴെ വരുമാനമുള്ള കുടുംബങ്ങളിലുള്ളവര്‍ക്ക് എന്നത് ആദായ നികുതി ഒടുക്കുന്നവരെ ഒഴിച്ച് എന്നാക്കി മാറ്റുമെന്നാണ് മന്ത്രി പറയുന്നത്. ഇതും ഭാവിയിലെ സാമ്പത്തിക സംവരണത്തിന്റെ മുന്നോടിയായി വേണംകാണാന്‍. സംവരണം എന്നത് ദാരിദ്ര്യ നിര്‍മാര്‍ജന പദ്ധതിയല്ലെന്നും അത് പിന്നാക്ക ദലിത് വിഭാഗങ്ങള്‍ക്ക് ഭരണ സംവിധാനത്തില്‍ പങ്കാളിത്തത്തിനുവേണ്ടിയുള്ളതാണെന്നും പ്രഖ്യാപിച്ചത് രാജ്യത്തെ ഭരണഘടനാനിര്‍മാതാക്കളാണ്. അതിനെ അട്ടിമറിച്ചുകൊണ്ടാണ് ബി.ജെ.പിയും സി.പി.എമ്മും ഒരേനാണയത്തിന്റെ ഇരുവശങ്ങളെപോലെ സാമ്പത്തിക സംവരണനിയമം പാര്‍ലമെന്റില്‍ തിടുക്കപ്പെട്ട് പാസാക്കിയെടുത്തത്. ഇപ്പോള്‍ സി.പി.എം പറയുന്നത് ബില്ല് ബി.ജെ.പിയുടെ തെരഞ്ഞെടുപ്പു സ്റ്റണ്ടാണെന്നാണ്. ഇതിലും വലിയ ഇരട്ടത്താപ്പും വേറെയില്ല.
