കെ. മൊയ്തീന്‍കോയ

ലോകാത്ഭുതങ്ങളില്‍ ഒന്നായ ചൈനയിലെ വന്‍മതില്‍ പോലെയല്ലെങ്കിലും മെക്‌സിക്കന്‍ അതിര്‍ത്തിയില്‍ ഡൊണാള്‍ഡ് ട്രംപ് പണിയുന്ന ‘മതില്‍’ ഇതിനകംതന്നെ വന്‍ വിവാദവും അമേരിക്കയില്‍ ഭരണ പ്രതിസന്ധിയും സൃഷ്ടിച്ചു. ഏതവസരത്തിലും അമേരിക്കയില്‍ അടിയന്തരാവസ്ഥ പ്രഖ്യാപിക്കുമെന്ന് ഭീഷണി മുഴക്കി പ്രതിപക്ഷ ഡമോക്രാറ്റുകളെ വരുതിയില്‍നിര്‍ത്തുന്നതിനുള്ള ശ്രമത്തിലാണ് ട്രംപ്. കേരളത്തില്‍ മാര്‍ക്‌സിസ്റ്റ് പാര്‍ട്ടിയും സഹയാത്രികരും സര്‍ക്കാര്‍ നേതൃത്വത്തില്‍ സംഘടിപ്പിച്ച വനിതാമതിലിന് ഒരു ദിവസത്തെ ആയുസ്സ് മാത്രമാണുണ്ടായതെങ്കില്‍ ട്രംപിന്റെ മതില്‍ അങ്ങനെയല്ലത്രെ. രാജ്യസുരക്ഷയാണ് ട്രംപിന്റെ മുദ്രാവാക്യം.
മെക്‌സിക്കന്‍ അതിര്‍ത്തി കടന്ന് എത്തുന്ന കുടിയേറ്റക്കാരേയും മയക്കുമരുന്ന് കടത്തിനേയും തടയുകയാണ് മതിലിന്റെ ലക്ഷ്യമെന്ന് ട്രംപ് അവകാശപ്പെടുന്നു. പക്ഷേ, ട്രംപ് ആണയിട്ട് ഇതാവര്‍ത്തിക്കുമ്പോഴും വഴങ്ങാന്‍ ഡമോക്രാറ്റ് ഭൂരിപക്ഷമുള്ള ജനപ്രതിനിധിസഭ തയാറാകുന്നില്ല. മെക്‌സിക്കന്‍ മതിലിന്റെ പേരില്‍ ഭരണ-പ്രതിപക്ഷ കൊമ്പുകോര്‍ക്കലില്‍ ഇരുപക്ഷത്തും ന്യായവും എതിര്‍വാദവുമുണ്ട്. 3200 കിലോമീറ്റര്‍ നീളം മതില്‍ നിര്‍മ്മാണത്തിന് ട്രംപ് ജനപ്രതിനിധി സഭയോട് (കോണ്‍ഗ്രസ്) ആവശ്യപ്പെടുന്നതാകട്ടെ 500 കോടി ഡോളര്‍. ട്രംപിന്റെ ഈ ആവശ്യത്തോട് ഡമോക്രാറ്റുകള്‍ക്ക് യോജിപ്പില്ല. മതില്‍ നിര്‍മ്മാണവും എട്ട് ലക്ഷം വരുന്ന ഫെഡറല്‍ സര്‍ക്കാര്‍ ജീവനക്കാരുടെ ശമ്പളവും അടങ്ങുന്ന ബില്ല് ജനപ്രതിനിധിസഭ ചര്‍ച്ച ചെയ്യുകയും മതില്‍ നിര്‍മ്മാണത്തിന് ഒഴികെ ഫണ്ട് അനുവദിക്കുന്ന ബില്ല് അംഗീകരിക്കുകയും ചെയ്തുവെങ്കിലും ട്രംപ് സ്വീകരിച്ചില്ല. സഭ അംഗീകരിച്ച ബില്ലിന് അംഗീകാരം നല്‍കാതെ ട്രംപ്, അടിയന്തരാവസ്ഥ ഭീഷണി മുഴക്കുകയാണ്. അടുത്ത മാസം എട്ടിന് മുമ്പ് പാസാക്കുന്നില്ലെങ്കില്‍ അടിയന്തരാവസ്ഥ പ്രഖ്യാപിച്ച് ജനപ്രതിനിധി സഭയെ മറികടക്കാനുള്ള ശ്രമത്തിലാണ് ട്രംപ്. ജനപ്രതിനിധി സഭയുടെ ബില്ല് അടുത്ത ദിവസം സെനറ്റില്‍ പോകുമെങ്കിലും ഭരണകക്ഷിക്ക് ഒരംഗത്തിന്റെ ഭൂരിപക്ഷമുള്ളതിനാല്‍ അംഗീകരിക്കാന്‍ സാധ്യതയില്ല. അമേരിക്കന്‍ ആഭ്യന്തര, സാമ്പത്തിക രംഗത്ത് വന്‍ പ്രതിസന്ധിയാണ് ഈ ഏറ്റുമുട്ടല്‍ സൃഷ്ടിക്കുന്നത്. ബില്ലിന്മേല്‍ ട്രംപ് വീറ്റോ പ്രയോഗിച്ചാലും പ്രതിസന്ധിയാണ്. കടന്നുപോകുക ദുഷ്‌കരം തന്നെ. ഡിസംബര്‍ 22 മുതലുള്ള പ്രതിസന്ധിയില്‍ ഭാഗിക ഭരണ സ്തംഭനം. മിക്ക ഭരണ കേന്ദ്രങ്ങളും അടച്ചിട്ടു. സാമ്പത്തിക പ്രതിസന്ധി രൂക്ഷം.
അതേസമയം, ട്രംപിന്റെ ദേശീയ സുരക്ഷാവാദം ജനങ്ങള്‍ക്കിടയില്‍ എത്രമാത്രം സ്വാധീനം ചെലുത്തുമെന്ന് അറിയാനിരിക്കുന്നേയുള്ളൂ. അമേരിക്കയില്‍ കുടിയേറിയ ഏറ്റവും വലിയ വിദേശ ജനവിഭാഗമാണ് മെക്‌സിക്കന്‍ ജനത. 2017ലെ കണക്ക്പ്രകാരം 25 ശതമാനം (44.5 മില്യന്‍). കാനഡക്കാര്‍ 81,000, സ്‌പെയിന്‍ 49,000, ജര്‍മ്മന്‍കാര്‍ 18,000, ഗ്വാട്ടിമല 18,000 എന്നിങ്ങനെയാണ് മറ്റ് ജനവിഭാഗം. 2010 മുതല്‍ മെക്‌സിക്കന്‍ അതിര്‍ത്തി കടന്നെത്തുന്നവരുടെ സംഖ്യ വര്‍ധിക്കുന്നു. ഇപ്പോള്‍ പതിനായിരങ്ങള്‍ അതിര്‍ത്തിയില്‍ കാത്തിരിപ്പാണ്. ഇവര്‍ സൃഷ്ടിക്കുന്ന പ്രശ്‌നങ്ങള്‍ അമേരിക്കയെ അസ്വസ്ഥമാക്കുന്നുണ്ടത്രെ. പരിസ്ഥിതി പ്രശ്‌നങ്ങള്‍ വേറെയും. അതിര്‍ത്തി കടന്നുള്ള സാഹസിക വരവിനിടയില്‍ 1994-2007 കാലഘട്ടത്തില്‍ 5000 മരണം സംഭവിച്ചുവെന്ന് മെക്‌സിക്കന്‍ ഹ്യൂമണ്‍ റൈറ്റ്‌സും അമേരിക്കന്‍ സിവില്‍ ലിബര്‍ട്ടി യൂണിയനും റിപ്പോര്‍ട്ട് ചെയ്യുന്നു. മെക്‌സിക്കോയില്‍നിന്ന് മാത്രമല്ല, മറ്റ് ലാറ്റിന്‍ രാജ്യക്കാരും വരുന്നത് ഈ അതിര്‍ത്തി വഴി. അതുകൊണ്ട് തന്നെ അതിര്‍ത്തി മതില്‍ ആവശ്യമാണെന്ന് ട്രംപ് വാദിക്കുന്നു. എന്നാല്‍ ഡമോക്രാറ്റുകള്‍ക്ക് മറുവാദമുണ്ട്. ഇതിനുവേണ്ടി ഇത്രയും വലിയൊരു ഫണ്ട് ചെലവഴിക്കാതെ അതിര്‍ത്തി സുരക്ഷ ഭദ്രമാക്കണമെന്നാണ് അവരുടെ നിലപാട്.
ട്രംപ് അധികാരത്തില്‍ എത്തിയ ശേഷം മുന്‍ ഡമോക്രാറ്റിക് ഭരണ കാലത്ത് പ്രസിഡണ്ട് ബരാക് ഒബാമ നടപ്പാക്കിയ നിരവധി പദ്ധതികള്‍ ഒഴിവാക്കിയതാണ് അവരെ പ്രകോപിപ്പിച്ചത്. ഇരുപക്ഷത്തും രാഷ്ട്രീയ അജണ്ട തന്നെ. രണ്ടര കോടി അമേരിക്കക്കാരെ സഹായിക്കുന്ന ‘ഒബാമ കെയര്‍’ എന്നറിയപ്പെടുന്ന ഇന്‍ഷൂറന്‍സ് പദ്ധതി ഡൊണാള്‍ഡ് ട്രംപ് തകര്‍ത്തത് കഴിഞ്ഞ വര്‍ഷമാണ്. രണ്ട് സുപ്രധാന രാഷ്ട്രാന്തരീയ ഉടമ്പടികളില്‍ ഏകപക്ഷീയമായി ട്രംപ് പിന്മാറിയതും ഒബാമ നയത്തോട് ട്രംപിനുള്ള എതിര്‍പ്പാണ് പ്രകടമാക്കിയത്. രക്ഷാസമിതിയിലെ പഞ്ചമഹാ ശക്തികളും ജര്‍മ്മനിയും ഇറാനുമായി നടത്തിയ മാരത്തോണ്‍ ചര്‍ച്ചകളെയും ഉടമ്പടിയേയും തള്ളിപ്പറയുകയും ഏകപക്ഷീയമായി പിന്മാറുകയും ചെയ്തത് രാഷ്ട്രാന്തരീയ സമൂഹത്തിന്റെ കടുത്ത വിമര്‍ശനത്തിന് കാരണമായതാണ്. പാരീസ് കാലാവസ്ഥ ഉടമ്പടിയില്‍ നിന്നുള്ള പിന്മാറ്റവും സുഹൃദ് രാഷ്ട്രങ്ങളുടെപോലും എതിര്‍പ്പിനും പ്രതിഷേധത്തിനും കാരണമായി.
അമേരിക്കന്‍ രാഷ്ട്രീയത്തില്‍ വാക് യുദ്ധം മുറുകുന്നു. വിട്ടുവീഴ്ചക്ക് ഇരുപക്ഷവും തയാറില്ല. ഭരണകൂടത്തിലെ പ്രമുഖര്‍ ട്രംപിനെ വിട്ടുപോകുന്നു. പ്രതിരോധ സെക്രട്ടറി ജയിംസ് മാറ്റീസ് കഴിഞ്ഞാഴ്ച രാജിവെച്ചു. വൈറ്റ്ഹൗസ് ചീഫ് ഓഫ് സ്റ്റാഫും ട്രംപിനോട് സലാം പറഞ്ഞു. നിരവധി സെക്രട്ടറിമാര്‍ ഇതിനകം ട്രംപ് ഭരണകൂടത്തില്‍ നിന്ന് പ്രതിഷേധിച്ചിറങ്ങി. ട്രംപിന്റെ ഏകാധിപത്യ ശൈലിയോട് അവര്‍ക്കൊന്നും യോജിപ്പില്ല. മതില്‍ നിര്‍മ്മാണത്തോട് റിപ്പബ്ലിക്കന്‍ പാര്‍ട്ടിയിലെ പ്രമുഖര്‍ക്ക് തന്നെ എതിര്‍പ്പാണ്. ട്രംപിന് എതിരെ വൈറ്റ്ഹൗസിലെ പ്രമുഖരുടെ ലേഖനം വാഷിങ്ടണ്‍പോസ്റ്റില്‍ വന്നത് ഏതാനും മാസം മുമ്പാണ്. ‘മതില്‍’ നിര്‍മ്മാണം എന്ന ആശയം ഇസ്രാഈല്‍ ഭരണകൂടത്തില്‍ നിന്നാണത്രെ സ്വീകരിച്ചത്. അധിനിവിഷ്ട ഫലസ്തീന്‍ ഭൂമിയില്‍ (പടിഞ്ഞാറന്‍ കര) ഇസ്രാഈല്‍ നിര്‍മ്മിക്കുന്ന ‘വംശീയ മതിലി’ന് സഹായം നല്‍കുന്നത് ട്രംപ് ഭരണകൂടമാണ്. ലോകമെമ്പാടുമുള്ള മതിലുകളും ചരിത്രം പരിശോധിച്ചാല്‍ പോലും ട്രംപിന്റെയോ, ഇസ്രാഈലിന്റെയോ മതില്‍ പോലെയല്ല. കമ്യൂണിസ്റ്റ് ഭരണ തകര്‍ച്ചയെ തുടര്‍ന്ന് തകര്‍ന്ന ബര്‍ലിന്‍ മതില്‍ ചരിത്ര സ്മാരകമാണ്. ചൈനയിലെ വന്‍മതിലിന് 8,850 കിലോമീറ്റര്‍ നീളം. തുര്‍ക്കിയിലെ അനസ്‌തേഷ്യ, ഇറാനിലെ ഗോര്‍ഗന്‍, ഇന്ത്യയിലെ കുംഭല്‍ഗര്‍ഹ് (രാജസ്ഥാന്‍), പാക്കിസ്താനിലെ റാണിക്കോട്ട്, റോമിലെ ഔറേലിന്‍ തുടങ്ങിയ പ്രശസ്ത മതില്‍ നിര്‍മ്മാണങ്ങള്‍ ചരിത്രവുമായി ചേര്‍ത്ത് വായിക്കുന്നതാണല്ലോ.
മെക്‌സിക്കന്‍ മതില്‍ നിര്‍മ്മാണവുമായി ട്രംപ് മുന്നോട്ട് പോകുന്നു. വലിയ സാമ്പത്തിക പ്രതിസന്ധിയിലേക്കാണ് അമേരിക്ക നീങ്ങുന്നത്. വര്‍ഷങ്ങള്‍ക്ക് മുമ്പ് നേരിട്ട സാമ്പത്തിക മാന്ദ്യത്തില്‍ നിന്ന് കരകയറി വരികയാണ്. വിദേശ രാജ്യങ്ങളുടെ (വിശിഷ്യ എണ്ണ സമ്പന്ന രാജ്യങ്ങളുടെ) നിക്ഷേപത്തിന്മേലാണ് അമേരിക്കന്‍ സമ്പദ്‌വ്യവസ്ഥ നിലനില്‍ക്കുന്നത്. സാമ്പത്തിക മാന്ദ്യം അനുഭവപ്പെട്ട കാലഘട്ടത്തില്‍ ബാങ്കിങ്, ഇന്‍ഷൂറന്‍സ് മേഖലയാകെ തകര്‍ച്ചയിലേക്ക് നീങ്ങിയത് വിസ്മരിക്കാന്‍ കഴിയില്ല.
പുതിയ പ്രതിസന്ധിയില്‍ സുപ്രധാന വകുപ്പുകളുടെ ഭരണസ്ഥിരാ കേന്ദ്രങ്ങള്‍ അടഞ്ഞുകിടക്കുന്നു. എട്ട് ലക്ഷം വരുന്ന ജീവനക്കാര്‍ ശമ്പളം ലഭിക്കാത്തതിനാല്‍ ജോലിക്ക് വരുന്നുമില്ല. ഈ പ്രതിസന്ധിയില്‍നിന്ന് കരകയറാന്‍ അമേരിക്കന്‍ നേതൃത്വത്തിന് കഴിയുന്നില്ലെന്ന് കാണുന്നത് അത്ഭുതം ജനിപ്പിക്കുന്നു. ലോക രാജ്യങ്ങളുടെ പ്രശ്‌നങ്ങളില്‍ ഇടപെട്ട് പരിഹരിക്കാന്‍ മുന്നോട്ട് വരാറുള്ള രാജ്യം സ്വന്തം പ്രതിസന്ധിയെ അതിജീവിക്കാനാവാതെ ഇരുട്ടില്‍ തപ്പുന്നത് കൗതകം തന്നെ.