ശാരി പിവി

ഭരിച്ച് ഭരിച്ച് ഏതാണ്ട് തള്ളലുകളൊക്കെ തീര്‍ന്നു വെറും കൊള്ളലുകളായതോടെ സംഘികള്‍ വീണ്ടും പഴയ വീഞ്ഞ് പുതിയ കുപ്പിയിലാക്കാനുള്ള വ്യഗ്രതയിലാണ്. ഒരുമാതിരി സ്ഥാപനങ്ങളെല്ലാം കാവിവല്‍ക്കരിച്ചു കഴിഞ്ഞതിനാല്‍ ഇനി ആള്‍ക്കൂട്ടത്തെ കൂടെ നിര്‍ത്താന്‍ പുതിയ ഏതെങ്കിലുമൊക്കെ ഒത്തു കിട്ടണം. മുഖ്യാധാര രാഷ്ട്രീയത്തില്‍ നിന്ന് ഗാന്ധിവധം ഉള്‍െപ്പടെയുള്ള തങ്ങളുടെ നടപടികള്‍ കൊണ്ട് അപ്രസക്തമായി പോയ ഹിന്ദുത്വ ഭീകരതയുടെ ശക്തമായ തിരിച്ചു വരവിന് വഴി വെച്ചത് മുമ്പ് ബാബരി മസ്ജിദിന് നേരെ നടത്തിയ ആക്രമണങ്ങളായിരുന്നു. ഇന്ത്യയിലെ ഹിന്ദുക്കളുടെ നിലനില്‍പ്പിന് ഏറ്റവും വലിയ അപായം ബാബരി മസ്ജിദ് ആണെന്ന തരത്തില്‍ മിഥ്യാ പ്രചാരങ്ങള്‍ സംഘപരിവാറും, ബി.ജെ.പിയും ഉന്നയിച്ചു. ഒടുവില്‍ ബാബരി മസ്ജിദ് തകര്‍ത്തു. പിന്നാലെ രണ്ടക്കം തികയാത്ത പാര്‍ട്ടി മൂന്നക്കത്തിലും ഒടുവില്‍ മറ്റു പാര്‍ട്ടികളെയെല്ലാം വിഴുങ്ങാനും തുടങ്ങി. യഥാര്‍ത്ഥ പ്രശ്‌നങ്ങളില്‍ നിന്ന് അവരുടെ ചിന്തയെ വഴി തെറ്റിച്ചു മതവാദങ്ങള്‍ക്ക് വേണ്ടി അവരെ ചാവേര്‍ പട ആക്കുന്നതും അത് വഴി തങ്ങളുടെ അധികാര സ്ഥാനങ്ങളെ ഭദ്രമാക്കുന്നതിലുമുള്ള പ്രാവീണ്യം സംഘികള്‍ നേടി കൊണ്ടിരുന്നു.
കാലം മാറി സ്വന്തം തട്ടകത്തില്‍ നിന്നു തന്നെ വിഴുപ്പലക്കാന്‍ ആളു കൂടി. ഇനിയിപ്പോ രക്ഷകിട്ടണമെങ്കില്‍ പുതിയ ഒരു ബാബരി മസ്ജിദ് അവിശ്യമുണ്ട്. മൂന്ന്‌വര്‍ഷത്തെ മോദി സര്‍ക്കാറിന്റെ ഭരണത്തില്‍ തള്ളും, ഫോട്ടോഷോപ്പും ഒഴികെ രാജ്യത്തിന്റെ സാമ്പത്തിക വ്യവസ്ഥ, ആരോഗ്യരംഗം, ഭക്ഷ്യസുരക്ഷ, വിദ്യാഭ്യാസ വ്യവസ്ഥ തുടങ്ങി ഏതാണ്ട് എല്ലാ മേഖലകളും സ്വാഹയാണ്. പോരാത്തതിന് നോട്ട് അസാധുവാക്കലും ജി.എസ്.ടിയും ആകെക്കൂടി കൂനിന്‍മേല്‍ കുരു. ഇനിയിപ്പോ വികസന നായകന്‍ എന്ന പതിവ് തള്ള് നടക്കില്ല, അപ്പോള്‍ പിന്നെ എന്തു വഴി എന്നാലോചിച്ച് തലപുകക്കുമ്പോഴാണ് നാടായ നാടുകളില്‍ നിന്നൊക്കെ അത്ഭുതം കാണാനായി എത്തുന്ന പ്രണയ കുടീരം താജ്മഹലിനെ കണ്ടത്. എന്നാല്‍ പിന്നെ അടുത്ത ഇര താജ്മഹല്‍ തന്നെ.
ഏതാണ്ട് ബാബറിന്റെ പരമ്പരയിലെ ഷാജഹാനാണല്ലോ നിര്‍മിച്ചത്. അപ്പോള്‍ പിന്നെ ലതുമതി. ആദ്യം യോഗിയുടെ യു.പി സര്‍ക്കാര്‍ ടൂറിസം വകുപ്പിന്റെ ബുക്ക്‌ലറ്റില്‍ നിന്നും താജിനെ പടിയിറക്കി. പക്ഷേ അപ്പോഴും തുറുപ്പ് ചീട്ട് ഇറക്കാന്‍ ആളെത്തിയിരുന്നില്ല. പിന്നാലെ എല്ലാ പ്രധാന തെരഞ്ഞെടുപ്പുകള്‍ക്കു മുമ്പും കുളം കലക്കാനെത്തുന്ന സംഗീത് സോം ഇത്തവണയും പതിവ് തെറ്റിക്കാതെ എത്തി. താജ്മഹല്‍ ഇന്ത്യന്‍ സംസ്‌കാരത്തിന് കളങ്കമാണത്രേ!. പതിവ് പോലെ തീപ്പൊരി സംഘികള്‍ ഒന്നിനു പുറകെ ഒന്നായി നമ്പറിട്ട് വന്നുകൊണ്ടിരിക്കുകയാണ് കേന്ദ്ര മന്ത്രിയായ വിനയ് കത്യാര്‍ ഒരു പടികൂടി കടന്ന് താജ് ക്ഷേത്രം പൊളിച്ചുണ്ടാക്കിയതാണെന്ന വാദവുമായി രംഗപ്രവേശനം ചെയ്തതോടെ വിചാരിച്ച പബ്ലിസിറ്റി ലഭിച്ചു.
എരി തീയില്‍ എണ്ണ പകരാന്‍ താജ് കബര്‍സ്ഥാനാക്കി ഹരിയാന മന്ത്രി അനില്‍ വിജ് കൂടി എത്തിയപ്പോള്‍ സംഗതി ഭേഷ്. പതിവ് പോലെ സംഘികളുടെ സ്ഥിരം മണ്ടത്തരമാണെന്നു ആദ്യമൊക്കെ കേട്ടവര്‍ക്ക് തോന്നി. പക്ഷേ സംഗതിയുടെ ഗുട്ടന്‍സ് ഇതൊന്നുമല്ല. യു.പിയില്‍ യോഗി മന്ത്രിസഭ അധികാരത്തിലെത്തിയ ശേഷം ശിശുമരണവും കൊലപാതകങ്ങളും ദളിത് പീഡനവുമെല്ലാം എല്ലാ സീമകളും ലംഘിച്ച് അതിന്റെ പാരമ്യത്തിലെത്തിക്കഴിഞ്ഞു. ഇനി നടക്കാനിരിക്കുന്നത് തദ്ദേശ തെരഞ്ഞെടുപ്പാണ്. ഒപ്പം പല സംസ്ഥാനങ്ങളിലേയും നിയമസഭാ തെരഞ്ഞെടുപ്പ്, പിന്നാലെ ലോക്‌സഭാ തെരഞ്ഞെടുപ്പ് പിടിച്ചു നില്‍ക്കണമെങ്കില്‍ ഇത്യാദി വിഷയങ്ങളെല്ലാം പാടെ കാഴ്ചയില്‍ നിന്നും മായ്ച്ചു കളയണം.
പിന്നെ പതിവു പോലെ വര്‍ഗീയതയുടെ മേമ്പൊടി ചേര്‍ത്താല്‍ സംഗതി കുശാല്‍. താജാകുമ്പോള്‍ ഒരു അന്താരാഷ്ട്ര പബ്ലിസിറ്റി ലഭിക്കുകയും ചെയ്യും. ആഗോളരംഗത്ത് നമ്മുടെ രാജ്യത്തിന്റെ മുദ്രകളില്‍ ഒന്നും ലോകമഹാത്ഭുതങ്ങളില്‍ ഒന്നുമായതിനാല്‍ സംഗതി അല്‍പം ജോറാവുകയും ചെയ്യും. താജ് പൊളിച്ചാല്‍ സംഗതി പാളും അതിനു പകരം ഇത് ഭൂരിപക്ഷത്തിന് ഭീഷണിയാണെന്ന് വേണ്ട രീതിയില്‍ പറഞ്ഞു ഫലിപ്പിക്കാനായാല്‍ എല്ലാ പ്രശ്‌നങ്ങളും മറന്ന് ജനം ഒറ്റക്കെട്ടായി സംഘികളുടെ പിന്നാലെ വരും. കാഞ്ഞ ബുദ്ധിക്കു സംഘികള്‍ക്കു കോച്ചിങ് വേണ്ടല്ലോ. ആദ്യം താജ്മഹല്‍, ഇനിയിപ്പോ അസംഖാന്‍ പറയുന്നപോലെ ചെങ്കോട്ടക്കും, പാര്‍ലമെന്റിനും രാഷ്ട്രപതി ഭവനുമെല്ലാം അവകാശികള്‍ പിന്നാലെ വരുമോ ആവോ?.
ചരിത്രം പണ്ടേ ചാണക സംഘികള്‍ക്ക് അലര്‍ജിയായതിനാല്‍ ഇപ്പോള്‍ ചരിത്രം തിരുത്താനുള്ള ശ്രമമാണ് തകൃതിയായി നടക്കുന്നത്. കേരളം ഭരിക്കുന്നത് സഖാക്കളാണോ, അതോ സഖാവും സംഘിയും ചേര്‍ന്ന സംഘാക്കളാണോ എന്നറിയാന്‍ പറ്റാത്ത അവസ്ഥയാണിപ്പോള്‍ ഗുജറാത്തിലും മധ്യപ്രദേശിലുമെല്ലാം ആര്‍.എസ്.എസ് പയറ്റിയ മസ്തിഷ്‌ക പ്രക്ഷാളനം ദൈവത്തിന്റെ നാടായ കേരളത്തിലും തുടങ്ങിയിട്ടുണ്ട്. കൊച്ചു കുട്ടികളെ പഠിപ്പിക്കുന്ന സ്‌കൂളുകളില്‍ മുതല്‍ നട്ടാല്‍ മുളക്കാത്ത നുണയും വിഡ്ഢിത്തവുമായാണ് സംഘികള്‍ ഇറങ്ങിയിരിക്കുന്നത്. ഞങ്ങളൊന്നും അറിഞ്ഞില്ലെന്നാണ് വിദ്യാഭ്യാസ വകുപ്പ് പറയുന്നത്. ഇങ്ങനൊരു വകുപ്പും വകുപ്പിനൊരു മന്ത്രിയും ഉണ്ടോ എന്നു തന്നെ ഇപ്പോ സംശയമാണ്.
ആര്‍ക്കും കേറി മേയാന്‍ സര്‍ക്കാര്‍ സ്‌കൂളില്‍ പോലും കഴിയുന്ന അവസ്ഥ. സ്‌കോളര്‍ഷിപ്പിനെന്ന പേരിലാണ് ആര്‍.എസ്.എസിന്റെ വിദ്യാഭാരതിയുടെ മണ്ടത്തരം വിളമ്പുന്നത്. ബ്രിട്ടീഷുകാര്‍ക്കെതിരെ 1773ല്‍ ബംഗാളിലെ ഒരു പറ്റം സന്യാസിമാരാണ് പോലും ആദ്യത്തെ സ്വാതന്ത്ര്യ പോരാട്ടം നടത്തിയത്. ബ്രിട്ടീഷുകാര്‍ വരും മുമ്പേ സമരം തുടങ്ങി എന്നു പറയാതിരുന്നത് ഭാഗ്യം. രാമക്ഷേത്രം പൊളിച്ച് ബാബര്‍ പള്ളി പണിഞ്ഞു, ശ്രീകൃഷ്ണന്റെ ജന്മസ്ഥലമായ മഥുരയിലും അമ്പലം പൊളിച്ച് പള്ളി പണിതു തുടങ്ങിയവയാണ് പ്രസ്തുത പുസ്തകത്തിലെ വര്‍ഗീയത കുഞ്ഞുങ്ങളില്‍ കുത്താന്‍ ഉപയോഗിച്ചിരിക്കുന്ന ഭാഗങ്ങള്‍. ഗോള്‍വാര്‍ക്കറിനെ രണ്ടു തവണ നെഹ്‌റു നേരില്‍ കണ്ട് മഹാത്മാ ഗാന്ധിയെ നേരിടാന്‍ സേവനം തെടിയെന്നതാണ് മറ്റൊരു ബ്ലണ്ടര്‍. താജ്മഹല്‍ പൊളിക്കുന്ന സ്ഥിതിക്ക് അറബിക്കടലിന്റെ പേര് മാറ്റുമോ എന്നു ചോദിച്ചവര്‍ക്കുള്ള മറുപടിയും സംഘികളുടെ പുസ്തകത്തിലുണ്ട്. അറബിക്കടലല്ല പോലും ഹിന്ദു മഹാസമുദ്രം അഥവാ സിന്ദു ദുര്‍ഗാണു പോലും.
ബ്രിട്ടീഷ് പതാക താഴെ ഇറക്കാന്‍ വീട്ടില്‍ നിന്നും തുരങ്കമുണ്ടാക്കിയ ബാലനാണു പോലും ഹെഗ്‌ഡേവാര്‍. കേരളത്തിന്റെ ദേശീയ ഉത്സവമായ ഓണത്തിനു തന്നെയാണത്രേ വാമന ജയന്തിയും ഇങ്ങനെ പോകുന്നു മണ്ടത്തര വിതരണം. ഇനി അമേരിക്ക ഹിന്ദു രാഷ്ട്രമായിരുന്നെന്നും ഇതിന്റെ പഴയ പേര് അമ്മേ ഇരിക്കൂ എന്നായിരുന്നെന്നും മാളുകള്‍ എന്നു ഇപ്പോള്‍ വിളിക്കുന്നത് പണ്ട് കാലത്ത് അമ്മാള്‍ എന്നായിരുന്നെന്നും പുറകെ വരുമായിരിക്കും. കേന്ദ്രത്തില്‍ സംഘികളും കേരളത്തില്‍ സംഘാവുകളും ഭരണം ഇന്തമാതിരി കൊണ്ടു പോയാല്‍ ഏതാണ്ടൊക്കെ തീരുമാനമാകും.

ലാസ്റ്റ് ലീഫ്:

അഴിമതി കേസുകളില്‍ ജഡ്ജിമാര്‍, പൊതു പ്രവര്‍ത്തകര്‍, ഉദ്യോഗസ്ഥര്‍ എന്നിവര്‍ക്കെതിരെ സര്‍ക്കാറിന്റെ മുന്‍കൂര്‍ അനുമതിയില്ലാതെ കോടതികള്‍ സ്വകാര്യ അന്യായം സ്വീകരിക്കാന്‍ പാടില്ലെന്ന് രാജസ്ഥാന്‍ സര്‍ക്കാര്‍. ഇത്രയൊന്നും ബുദ്ധിമുട്ടേണ്ടിയിരുന്നില്ല, കോടതികളെ തന്നെ അങ്ങ് നിരോധിക്കാന്‍ വല്ല നിയമവും കൊണ്ടുവരാമായിരുന്നു.