Connect with us

Video Stories

അന്നം തരുന്നവരോട് വേണോ ക്രൂരത

Published

on

സംസ്ഥാനത്തെ പലയിടങ്ങളിലും ഒന്നാംവിള നെല്‍കൃഷി വിളവെടുപ്പ് തുടങ്ങിയിട്ട് ആഴ്ചകള്‍ പിന്നിടുമ്പോഴും കര്‍ഷകര്‍ കഷ്ടപ്പെട്ടുണ്ടാക്കിയ ഉല്‍പന്നം എന്തു ചെയ്യണമെന്നറിയാതെ കടുത്ത വിഷമാവസ്ഥയില്‍ നില്‍ക്കേണ്ടിവന്നിരിക്കുന്നു. സര്‍ക്കാരിന്റെയും പ്രത്യേകിച്ച് കൃഷി- സിവില്‍സപ്ലൈസ് വകുപ്പിന്റെയും പിടിപ്പുകേടും അപരാധവുമാണ് ഇതിലൂടെ വ്യക്തമായിരിക്കുന്നത്. നെല്ലറയായ പാലക്കാട്ജില്ലയില്‍ പയിടത്തും കൊയ്ത്ത് ആരംഭിച്ചിട്ട് ദിവസങ്ങളായി. ഇതുവരെയും സിവില്‍സപ്ലൈസ് വകുപ്പോ മില്ലുകളോ നെല്ല് ശേഖരിക്കാന്‍ മുന്നോട്ടുവരാതെ ഉരുണ്ടുകളിക്കുന്നത് ലക്ഷക്കണക്കിന് രൂപയുടെ നഷ്ടമാണ് കര്‍ഷകരില്‍ വരുത്തിവെച്ചിരിക്കുന്നത്. ഒരു ലക്ഷം മെട്രിക് ടണ്ണാണ് ജില്ലയില്‍നിന്നുമാത്രം സംഭരിക്കാനുള്ളത്. തുലാവര്‍ഷം ആരംഭിക്കുകയും കൊയ്ത നെല്ല് ശേഖരിക്കാന്‍ സംവിധാനമില്ലാതിരിക്കുകയും ചെയ്യുന്ന ചെറുകിട, നാമമാത്ര കര്‍ഷകരുടെ അവസ്ഥയാണ് ദയനീയമായിട്ടുള്ളത്. ഇനി എന്നത്തേക്ക് സംഭരിക്കാന്‍ കഴിയുമെന്നുപോലും പറയാനാവാതെ കര്‍ഷകരെ കണ്ണീരില്‍മുക്കുന്ന സര്‍ക്കാര്‍നിലപാട് മിതമായി പറഞ്ഞാല്‍ അന്നംതരുന്ന കൈക്ക് കൊത്തുന്നതാണ്.
കേന്ദ്ര വിഹിതവും ചേര്‍ത്ത് കിലോക്ക് 26.95 രൂപക്ക് നെല്ല് സംഭരിക്കുമെന്നാണ് സര്‍ക്കാരിന്റെ അറിയിപ്പ്. നെല്ല് ശേഖരണവും സംഭരണവും നടത്തുന്നത് അതതു പ്രദേശത്തെ മില്ലുകളാണ്. ഇതിനായി സംസ്ഥാന സിവില്‍സപ്ലൈസ് കോര്‍പറേഷനെയാണ് സര്‍ക്കാര്‍ ചുമതല ഏല്‍പിച്ചിട്ടുള്ളതെങ്കിലും കൈകാര്യചെലവ് പോരെന്ന് പറഞ്ഞ് മില്ലുടമകള്‍ സംഭരിക്കാതിരിക്കാന്‍ ശ്രമിക്കുകയാണ്. നെല്ല് സംഭരിച്ച് സിവില്‍സപ്ലൈസ് വകുപ്പിനെ ഏല്‍പിക്കാനുള്ള ധാരണമാത്രമാണ് സര്‍ക്കാര്‍ മില്ലുടമകളുമായി ഉണ്ടാക്കിയിരിക്കുന്നത്. അതുകൊണ്ടുതന്നെ നെല്ല് സംഭരിക്കാനോ കര്‍ഷകര്‍ക്ക് പണം നല്‍കുന്നതിനോ ഉള്ള ഉത്തരവാദിത്തം സ്വകാര്യ മില്ലുടമകള്‍ക്കില്ല. ഇതാണ് കര്‍ഷകരെയും മില്ലുടമകളെയും ഒരുപോലെ വെട്ടിലാക്കിയിരിക്കുന്നത്. കൈകാര്യചെലവായി കിലോക്ക് 2.74 പൈസ വേണമെന്ന മില്ലുടമകളുടെ ആവശ്യം ഇതുവരെയും അംഗീകരിക്കപ്പെട്ടിട്ടില്ല. നിലവില്‍ 2.14 പൈസയാണ് സര്‍ക്കാര്‍ മില്ലുകാര്‍ക്ക് നല്‍കുന്നത്. ഇത് നഷ്ടം ഉണ്ടാക്കുന്നുവെന്നാണ് അവരുടെ പക്ഷം. എന്നാല്‍ കന്നി മാസത്തില്‍ കൊയ്ത്ത് ആരംഭിക്കുമെന്നും കര്‍ഷകര്‍ക്ക് ശേഖരിച്ചുവെക്കാനുള്ള സംവിധാനം ഇല്ലെന്നും അറിയാവുന്ന ഉദ്യോഗസ്ഥര്‍ക്കും കൃഷി, സിവില്‍സപ്ലൈസ് മന്ത്രിക്കും എന്തുകൊണ്ട് ഇക്കാര്യത്തില്‍ മുന്‍കൂട്ടി തീരുമാനം പ്രഖ്യാപിക്കാന്‍ കഴിഞ്ഞില്ല എന്നതാണ് അതിശയകരം. പാലക്കാട്ട് ഉദ്യോഗസ്ഥതലത്തില്‍ ചര്‍ച്ച നടത്തിയെന്നല്ലാതെ കാര്യമായ പുരോഗതി ഇതുവരെയും ഉണ്ടായിട്ടില്ല. ഈ അവസരത്തില്‍ സ്വകാര്യ മില്ലുടമകളുടെയും വ്യാപാരികളുടെയും ഇരയാകുകയാണ് നെല്‍ കര്‍ഷകരിപ്പോള്‍. പ്രളയാനന്തര കാലത്തെ ബമ്പര്‍ വിളവിനെ കാശാക്കാന്‍ കഴിയാത്ത അവസ്ഥ പരിതാപകരമാണ്.
27 രൂപയോളം കിട്ടുന്ന നെല്ല് ഇപ്പോള്‍ കിട്ടിയ വിലക്ക് സ്വകാര്യ മില്ലുകാര്‍ക്ക് വില്‍ക്കാനാണ് കര്‍ഷകര്‍ നിര്‍ബന്ധിതമായിരിക്കുന്നത്. ഇതിനുപിന്നില്‍ വന്‍ പകല്‍കൊള്ളയാണ് നടക്കുന്നതെന്നാണ് കര്‍ഷകരുടെ പരാതി. എറണാകുളം കാലടിയിലെ അരി മില്ലുകാര്‍ക്കാണ് പാലക്കാട്ടുനിന്നും മറ്റും നെല്ല് എത്തുന്നത്. ഇതിനായി സംസ്ഥാനാടിസ്ഥാനത്തില്‍ ഏജന്റുമാര്‍ പ്രവര്‍ത്തിക്കുന്നുണ്ട്. കിലോക്ക് 20 രൂപയിലും താഴെ കൊടുത്താണ് ഇപ്പോള്‍ ഏജന്റുമാര്‍ കര്‍ഷരില്‍നിന്ന് നെല്ല് സംഭരിക്കുന്നത്. ഇതിന് കര്‍ഷകര്‍ നിര്‍ബന്ധിതമാകുകയല്ലാതെ അവരുടെ മുന്നില്‍ മറ്റു വഴികളില്ലാത്ത അവസ്ഥയാണ്. ഉണക്കുപോരെന്ന് പറഞ്ഞാണ് സപ്ലൈകോക്ക് വേണ്ടി നെല്ലു സംഭരിക്കാന്‍ പലപ്പോഴും മടിക്കാറുള്ളത്. ഉണക്കാനുള്ള സംവിധാനം കര്‍ഷകര്‍ക്കൊട്ട് ഇല്ലതാനും. കൊയ്ത്തുമെതിയന്ത്രം വന്നതോടെ പാടത്തുനിന്നുതന്നെ നെല്ല് ലോറികളിലേക്ക് കയറ്റുകയാണ് ചെയ്യുന്നത്. ഇവിടെവെച്ചുതന്നെ ഏജന്റുമാര്‍ നെല്ല് അളന്നെടുക്കുകയാണ് ഇപ്പോള്‍ ചെയ്യുന്നത്. കയ്യോടെ പണം കിട്ടുമെന്നതും കര്‍ഷകരെ തുച്ഛവിലക്ക് ഉല്‍പന്നം വില്‍ക്കാന്‍ നിര്‍ബന്ധിതമാക്കുന്നു.
സര്‍ക്കാരിന്റെ പിടിപ്പുകേടാണ് സത്യത്തില്‍ ഈ ദു:സ്ഥിതിക്ക് വഴിവെച്ചത്. പ്രതിപക്ഷത്തിരുന്ന സമയത്ത് നെല്ല് സംഭരിക്കുന്നതിനും സമയത്ത് പണം കൊടുക്കുന്നതിനും സര്‍ക്കാര്‍ നടപടി എടുക്കുന്നില്ലെന്ന് കാട്ടി സമരത്തിനിറങ്ങിയവര്‍ ഭരിക്കുമ്പോള്‍ പഴയതിലും മോശമായ അവസ്ഥയുണ്ടായതിന് എന്ത് മറുപടിയാണ് സര്‍ക്കാരിനും സി.പി.എമ്മിനും സി.പി.ഐക്കുമൊക്കെ പറയാനുള്ളത്. നെല്ല് പാടത്തുനിന്നുതന്നെ സംഭരിക്കുമെന്നും കര്‍ഷകരുടെ അക്കൗണ്ടുകളിലേക്ക് കയ്യോടെ പണം കൈമാറുമെന്നും വാഗ്ദാനം ചെയ്തിരുന്ന ഇടതുപക്ഷ മുന്നണിയാണ് ഇപ്പോള്‍ നെല്‍ കര്‍ഷകരുടെ കാര്യത്തില്‍ ഈ തുരപ്പന്‍ നിലപാട് സ്വീകരിച്ചിരിക്കുന്നത്. ഇത് തങ്ങളെ വിശ്വസിച്ച് വോട്ടു ചെയ്തവരോടുള്ള കൊടിയ വഞ്ചനയാണ്. കര്‍ഷകര്‍ എന്തുമാത്രം കഷ്ടപ്പാടുകള്‍ സഹിച്ചാണ് വിളകള്‍ കൃഷി ചെയ്‌തെടുക്കുന്നതെന്നത് ഇന്നത്തെ കാലത്ത് ഊഹിക്കാവുന്നതാണ്. കൊയ്യാനോ നടീലിനോ കള പറിക്കാനോ തൊഴിലാളികളെ കിട്ടാത്തതും ആവശ്യത്തിനും സമയത്തും വെള്ളം കിട്ടാത്തതുമാണ് കര്‍ഷകരുടെ ആധികള്‍. ഇതിനുപുറമെയാണ് വളങ്ങള്‍ക്ക് കുതിച്ചുയര്‍ന്നിരിക്കുന്ന വില. ഇതെല്ലാം സഹിച്ച് കൊയ്‌തെടുക്കുന്ന വിളവിന് മതിയായ വില ലഭ്യമാക്കാതെയും അവരെ പരിഹസിക്കുന്ന വിധത്തില്‍ അഴകൊഴമ്പന്‍ നടപടി സ്വീകരിച്ചും മുന്നോട്ടുപോകുന്ന സര്‍ക്കാരിന്റെ ആളുകള്‍ക്ക് ഇനിയെങ്കിലും ഇക്കാര്യത്തില്‍ ഉറച്ചനയം സ്വീകരിക്കാന്‍ കഴിയാത്തതെന്തുകൊണ്ടാണ്. പാലക്കാടും കുട്ടനാടും തൃശൂരും വയനാടും എന്നുവേണ്ട, പ്രളയംകൊണ്ട് സംസ്ഥാനത്തിന്റെ മിക്കവാറുമെല്ലായിടത്തും തകര്‍ന്നുതരിപ്പണമായ കാര്‍ഷിക വിളകളുടെ കാര്യത്തില്‍ വാഗ്ദാനംചെയ്ത നഷ്ടപരിഹാരംപോലും നല്‍കാന്‍ ഇതുവരെയും സര്‍ക്കാരിന് കഴിഞ്ഞിട്ടില്ല. പ്രളയത്തില്‍ സംസ്ഥാനത്ത് 3558 കോടിയുടെ കാര്‍ഷിക നഷ്ടം ഉണ്ടായെന്നാണ് കണക്ക്. ഇതിന്റെ പത്തിലൊന്നുപോലും നഷ്ടപരിഹാരം വിതരണം ചെയ്തിട്ടില്ല. ഉരുള്‍പൊട്ടലില്‍ കൃഷിഭൂമിപോലും ഇല്ലാതായവരുടെ കാര്യമാണ് ഏറെകഷ്ടം. കര്‍ഷക വായ്പകള്‍ക്ക് ഡിസംബര്‍ വരെ മോറട്ടോറിയം പ്രഖ്യാപിച്ചിട്ടുണ്ടെങ്കിലും ബാങ്കുകള്‍ ഇപ്പോഴും ജപ്തി നടപടിയുമായി മുന്നോട്ടുപോകുന്നു. സംസ്ഥാനത്ത് ഒരുവര്‍ഷത്തിനിടെമാത്രം ഇരുപതിലധികം കര്‍ഷകരാണ് മഴക്കെടുതി കടക്കെണിയുംമൂലം ആത്മഹത്യചെയ്തത്. മൂന്നര വര്‍ഷം മുമ്പ് ഇറക്കിയ പ്രകടനപത്രികയിലെ വാഗ്ദാനമെങ്കിലും ഒരാവര്‍ത്തി വായിച്ചിട്ട് വാഗ്ദാനങ്ങളില്‍ ഭൂരിപക്ഷവും നടപ്പാക്കിയെന്ന് അഹങ്കരിക്കുകയായിരുന്നു വേണ്ടത്. നെല്ല് സംഭരണം ഉടന്‍ തുടങ്ങി കര്‍ഷകരുടെ കണ്ണീര്‍ തുടയ്ക്കാതെ ഈ സര്‍ക്കാരിന് തൊഴിലാളികളുടെയും കര്‍ഷകരുടെയും കാര്യങ്ങളെപ്പറ്റി പറയാന്‍ ഒരവകാശവുമില്ല.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

കണ്ണൂരില്‍ നിര്‍മാണത്തിലിരുന്ന വീട്ടിലെ സെപ്റ്റിക് ടാങ്കില്‍ വീണ് മൂന്ന് വയസുകാരന്‍ മരിച്ചു

കണ്ണൂര്‍ കതിരൂര്‍ പുല്യോട് ആണ് സംഭവം നടന്നത്.

Published

on

നിര്‍മാണത്തിലിരുന്ന വീട്ടിലെ സെപ്റ്റിക് ടാങ്കില്‍ വീണ് മൂന്ന് വയസുകാരന്‍ മരിച്ചു. കണ്ണൂര്‍ കതിരൂര്‍ പുല്യോട് ആണ് സംഭവം നടന്നത്. മുഹമ്മദ് മാര്‍വാന്‍ (3) ആണ് മരിച്ചത്. കുടുംബവീട്ടില്‍ കളിക്കാന്‍ പോയതായിരുന്നു. കാല്‍ വഴുതി വീണതാണെന്ന് പ്രാഥമിക നിഗമനം.

ടാങ്ക് നിറയെ വെള്ളം ഉണ്ടായിരുന്നു. കതിരൂര്‍ പുല്യോട് വെസ്റ്റ് സ്വദേശി അന്‍ഷിലിന്റെ മകന്‍ മാര്‍വാന്‍ ആണ് മരിച്ചത്. മൃതദേഹം തലശ്ശേരി ജനറല്‍ ആശുപത്രിയിലേക്ക് മാറ്റിയിരിക്കുകയാണ്.

Continue Reading

Video Stories

വിവാഹ വാഗ്ദാനം നല്‍കി 49 ലക്ഷം തട്ടി; സൈബര്‍ തട്ടിപ്പില്‍ 42കാരന്‍ കുടുങ്ങി

വിവാഹ വാഗ്ദാനം നല്‍കി പരിചയം സ്ഥാപിച്ച യുവതി 15 ദിവസത്തിനുള്ളില്‍ 49 ലക്ഷം രൂപ…

Published

on

ഗാസിയാബാദ്: ജീവിത പങ്കാളിയെ തേടി മാട്രിമോണിയല്‍ സൈറ്റുകളില്‍ രജിസ്റ്റര്‍ ചെയ്യുന്നവര്‍ അതീവ ജാഗ്രത പാലിക്കണമെന്ന് മുന്നറിയിപ്പുമായി ഗാസിയാബാദില്‍ നടന്ന വന്‍ സൈബര്‍ തട്ടിപ്പ്. വിവാഹ വാഗ്ദാനം നല്‍കി പരിചയം സ്ഥാപിച്ച യുവതി 15 ദിവസത്തിനുള്ളില്‍ 49 ലക്ഷം രൂപ തട്ടിയെടുത്ത സംഭവമാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്.

വൈശാലി സ്വദേശിയായ 42കാരനായ അഭിഷേക് ചൗധരി എന്ന പി.എച്ച്.ഡി വിദ്യാര്‍ത്ഥിയാണ് സൈബര്‍ തട്ടിപ്പിന് ഇരയായത്. മാട്രിമോണിയല്‍ സൈറ്റിലൂടെ പരിചയപ്പെട്ട യുവതിയുമായി വിവാഹം വരെ ഉറപ്പിക്കുന്ന തരത്തില്‍ ബന്ധം വളര്‍ന്നതോടെയാണ് തട്ടിപ്പിന്റെ തുടക്കം.

സംഭാഷണത്തിനിടയില്‍, യുവതി ജലന്ധറിലും ഡല്‍ഹി എന്‍സിആറിലും തന്റെ കുടുംബം റിയല്‍ എസ്റ്റേറ്റ് ബിസിനസില്‍ ഏര്‍പ്പെട്ടിരിക്കുന്നുവെന്ന് പറഞ്ഞ് വിശ്വാസം നേടിയെടുത്തു. പിന്നാലെ അഭിഷേകിനെ ഫോറെക്സ് ട്രേഡിംഗിലേക്ക് പരിചയപ്പെടുത്തി. ഉയര്‍ന്ന ലാഭം വാഗ്ദാനം ചെയ്ത് 500 ഡോളര്‍ നിക്ഷേപിക്കാന്‍ ആവശ്യപ്പെട്ടു. ഡോളറില്‍ ഇടപാട് നടത്താന്‍ കഴിയാത്ത സാഹചര്യത്തില്‍, ടെലിഗ്രാം വഴി പ്രത്യേക അക്കൗണ്ട് നല്‍കി ഇന്ത്യന്‍ രൂപ ഡോളറാക്കി മാറ്റാമെന്ന് അവകാശപ്പെട്ടു.

അഭിഷേക് ആദ്യം ഒരു ലക്ഷം രൂപ ട്രാന്‍സ്ഫര്‍ ചെയ്തു. പിന്നീട് ഒക്ടോബര്‍ 8ന് 10 ലക്ഷം ഒക്ടോബര്‍ 15ന് രണ്ട് ഗഡുക്കളായി 15 ലക്ഷം ഒക്ടോബര്‍ 16ന് 13 ലക്ഷം നവംബര്‍ 2ന് 10 ലക്ഷം ഇങ്ങനെ ഏകദേശം 49 ലക്ഷം രൂപ വ്യാജ അക്കൗണ്ടുകളിലേക്ക് കൈമാറ്റം ചെയ്തു.

ട്രേഡിംഗ് ആപ്പില്‍ വാലറ്റില്‍ വന്‍ ലാഭം കാണിച്ചിരുന്നെങ്കിലും പണം പിന്‍വലിക്കാന്‍ ശ്രമിച്ചപ്പോള്‍ ഓരോ തവണയും പരാജയപ്പെട്ടു. പിന്നീട് ലാഭത്തിന് 30 ശതമാനം നികുതി ആവശ്യപ്പെട്ടതോടെയാണ് അഭിഷേക് താന്‍ വഞ്ചിക്കപ്പെട്ടതെന്ന് തിരിച്ചറിഞ്ഞത്.

അഭിഷേക് പൊലീസില്‍ പരാതി നല്‍കിയതിനെ തുടര്‍ന്ന് ബിഎന്‍എസ് 319(2), 318(4) ഐടി ആക്ടിലെ വിവിധ വകുപ്പുകള്‍ പ്രകാരം കേസുകള്‍ രജിസ്റ്റര്‍ ചെയ്തു. പണം കൈമാറിയ അക്കൗണ്ടുകള്‍ കണ്ടെത്താന്‍ ബന്ധപ്പെട്ട എല്ലാ ബാങ്കുകളുമായി പൊലീസ് ബന്ധപ്പെട്ടിട്ടുണ്ടെന്ന് എഡിസിപി (സൈബര്‍ & ക്രൈം) അറിയിച്ചു.

 

Continue Reading

Video Stories

ഹൃദയാരോഗ്യം സംരക്ഷിക്കാന്‍ ഈ ഭക്ഷണങ്ങള്‍ ശീലമാക്കാം; നിര്‍ദേശങ്ങളുമായി വിദഗ്ധര്‍

ഹൃദയാരോഗ്യം മെച്ചപ്പെടുത്താന്‍ സഹായിക്കുന്ന പ്രധാന ഭക്ഷണങ്ങള്‍…

Published

on

ഹൃദയാരോഗ്യം കാത്തുസൂക്ഷിക്കുന്നതില്‍ ഭക്ഷണത്തിനുള്ള പങ്ക് നിര്‍ണായകമാണെന്ന് ഹൃദ്രോഗ വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു. രക്തസമ്മര്‍ദം, കൊളസ്ട്രോള്‍, നീര്‍വീക്കം എന്നിവ ഹൃദ്രോഗത്തിന് വഴിയൊരുക്കുന്ന പ്രധാന ഘടകങ്ങളാണ്. ഇവയെ നിയന്ത്രിക്കാന്‍ ചില ഭക്ഷണങ്ങള്‍ സഹായകരമാകുമെന്നും വിദഗ്ധര്‍ പറയുന്നു.

അനസ്തെറ്റിസ്റ്റും ഇന്റര്‍വെന്‍ഷണല്‍ പെയിന്‍ മെഡിസിന്‍ വിദഗ്ധനുമായ ഡോ. കുനാല്‍ സൂദ് പങ്കുവെച്ച വീഡിയോയിലൂടെയാണ് ഹൃദയത്തിന് ഏറെ ഗുണം ചെയ്യുന്ന ഭക്ഷണങ്ങളെക്കുറിച്ച് വിശദീകരിച്ചത്. ഹൃദയാരോഗ്യം മെച്ചപ്പെടുത്താന്‍ സഹായിക്കുന്ന പ്രധാന ഭക്ഷണങ്ങള്‍, ഒമേഗ3 ധാരാളമുള്ള മീനുകള്‍ ചൂര പോലുള്ള കൊഴുപ്പുള്ള മീനുകള്‍ ഒമേഗ3 ഫാറ്റി ആസിഡിന്റെ മികച്ച ഉറവിടമാണ്.

അപൂരിത കൊഴുപ്പില്‍പ്പെടുന്ന ഈ ഘടകം ഹൃദയം, കരള്‍, ശ്വാസകോശം, രക്തക്കുഴലുകള്‍ എന്നിവയുടെ ആരോഗ്യം നിലനിര്‍ത്താന്‍ സഹായിക്കുന്നു. ശരീരത്തിന്റെ രോഗപ്രതിരോധശേഷി വര്‍ധിപ്പിക്കുന്നതിലും കോശഭിത്തി സംരക്ഷിക്കുന്നതിലും ഒമേഗ3 പ്രധാന പങ്കുവഹിക്കുന്നു.

എക്സ്ട്രാ വിര്‍ജിന്‍ ഒലിവ് ഓയില്‍ മോണോ അണ്‍സാച്ചുറേറ്റഡ് ഫാറ്റും പോളിഫിനോളുകളും ഇതില്‍ ധാരാളമാണ്. മോശം കൊളസ്ട്രോള്‍ (LDL) കുറയ്ക്കാനും ഓക്സിഡേറ്റീവ് സ്ട്രെസ് കുറയ്ക്കാനും രക്തക്കുഴലുകളെ സംരക്ഷിക്കാനും ഇത് സഹായിക്കുന്നു. അവൊക്കാഡോ ഒലെയിക് ആസിഡ്, നാരുകള്‍, പൊട്ടാസ്യം, ഫോളേറ്റ്, വിറ്റാമിന്‍ ഇ എന്നിവയാല്‍ സമ്പന്നമായ അവൊക്കാഡോ കൊളസ്ട്രോളും രക്തസമ്മര്‍ദവും നിയന്ത്രിക്കാന്‍ സഹായിക്കുന്നു.

പ്ലാന്റ് ബേസ്ഡ് ഒമേഗ3 (ALA), പോളി അണ്‍സാച്ചുറേറ്റഡ് ഫാറ്റ്, ആന്റിഓക്സിഡന്റുകള്‍ എന്നിവ ധാരാളമുള്ള വാല്‍നട്ട്സ് മൊത്തം കൊളസ്ട്രോളും LDL ഉം കുറയ്ക്കുകയും ഹൃദയാഘാത സാധ്യത കുറയ്ക്കുകയും ചെയ്യുന്നു.

ബെറികള്‍ (സ്ട്രോബെറി, ബ്ലൂബെറി, റാസ്ബെറി) ആന്തോസയാനിനുകള്‍, പോളിഫിനോളുകള്‍ തുടങ്ങിയ ശക്തമായ ആന്റിഓക്സിഡന്റുകള്‍ ഇവയില്‍ അടങ്ങിയിരിക്കുന്നു. ഇവ രക്തക്കുഴലുകളുടെ പ്രവര്‍ത്തനം മെച്ചപ്പെടുത്തുകയും രക്തസമ്മര്‍ദം കുറയ്ക്കുകയും ഹൃദയാഘാത സാധ്യത കുറയ്ക്കുകയും ചെയ്യും.

ഇലക്കറികള്‍ മുരിങ്ങയില, ചീരയില തുടങ്ങിയ ഇലക്കറികള്‍ ഹൃദയാരോഗ്യത്തിന് ഏറെ ഗുണകരമാണ്. വിറ്റാമിന്‍ കെ, ഫോളേറ്റ്, പൊട്ടാസ്യം, ആന്റിഓക്സിഡന്റുകള്‍ എന്നിവ ധാരാളമായി അടങ്ങിയ ഇവ രക്തം കട്ടപിടിക്കുന്നത് തടയുകയും രക്തക്കുഴലുകളുടെ പ്രവര്‍ത്തനം മെച്ചപ്പെടുത്തുകയും രക്തസമ്മര്‍ദം നിയന്ത്രിക്കാനും സഹായിക്കുന്നു.

ആഹാരക്രമത്തില്‍ വലിയ മാറ്റങ്ങള്‍ വരുത്തുന്നതിനുമുന്‍പ് നിര്‍ബന്ധമായും ഒരു ന്യൂട്രീഷനിസ്റ്റിന്റെയോ ആരോഗ്യവിദഗ്ധന്റെയോ ഉപദേശം തേടണമെന്ന് വിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കുന്നു.

 

Continue Reading

Trending