X

രണ്ടു ദിവസം സമയം നല്‍കാം; വോട്ടിംങ് യന്ത്രത്തിലെ ക്രമക്കേട് തെളിയിക്കാന്‍ കമ്മീഷന്റെ വെല്ലുവിളി

ന്യൂഡല്‍ഹി: വോട്ടിംങ് യന്ത്രങ്ങളില്‍ വ്യാപകമായി ക്രമക്കേട് നടക്കുന്നുവെന്ന ആരപണങ്ങള്‍ തെളിയിക്കാന്‍ തെരഞ്ഞെടുപ്പ് കമ്മീഷന്റെ വെല്ലുവിളി. രണ്ടുദിവസം സമയം നല്‍കാമെന്നും അതിനുള്ളില്‍ ആരോപണം തെളിയിക്കാന്‍ തയ്യാറുണ്ടോയെന്നും കമ്മീഷന്‍ രാഷ്ട്രീയ പാര്‍ട്ടികളോട് ചോദിച്ചു. ആരോപണങ്ങളെ തുടര്‍ന്ന് ചേര്‍ന്ന സര്‍വ്വകക്ഷി യോഗത്തിലാണ് കമ്മീഷന്റെ വെല്ലുവിളി. ബി.ജെ.പിക്ക് വോട്ടുകള്‍ പോകുന്ന രീതിയിലാണ് യന്ത്രത്തിന്റെ പ്രവര്‍ത്തനമെന്നാണ് ഉയര്‍ന്നുവന്നിരുന്ന ആരോപണം.

ഉത്തര്‍പ്രദേശ് തെരഞ്ഞെടുപ്പ് ഫലം പുറത്തുവന്ന സമയത്താണ് വോട്ടിംങ് യന്ത്രങ്ങളില്‍ വ്യാപകമായി ക്രമക്കേട് ആരോപണം ഉയര്‍ന്നുവന്നത്. തുടര്‍ന്ന് മധ്യപ്രദേശിലെ തെരഞ്ഞെടുപ്പില്‍ ഉപയോഗിക്കാനിരുന്ന യന്ത്രങ്ങളില്‍ വിവിപാറ്റ് ഘടിപ്പിച്ച പരിശോധനയില്‍ ക്രമക്കേട് കണ്ടെത്തിയിരുന്നു. കഴിഞ്ഞ ദിവസം ഡല്‍ഹി നിയമസഭയില്‍ ആംആദ്മി പാര്‍ട്ടിയും വോട്ടിംങ് യന്ത്രത്തിലെ ക്രമക്കേട് ഉയര്‍ത്തിക്കാട്ടിയിരുന്നു. യന്ത്രവുമായെത്തിയ എം.എല്‍.എ ക്രമക്കേട് ലൈവായി കാണിക്കുകയും ചെയ്തു. എന്നാല്‍ അവര്‍ കാണിച്ച യന്ത്രം തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഉപയോഗിക്കുന്നതല്ലായിരുന്നു. ഈ സാഹചര്യത്തിലാണ് തെരഞ്ഞെടുപ്പ് കമ്മീഷന്‍ സര്‍വ്വകക്ഷിയോഗം വിളിച്ചുചേര്‍ത്തത്.

യന്ത്രം ഉപേക്ഷിച്ച് ബാലറ്റ് പേപ്പറിലേക്ക് മടങ്ങിപ്പോകാനാണ് കോണ്‍ഗ്രസ് ഉള്‍പ്പെടെയുള്ള 16പാര്‍ട്ടികള്‍ ആവശ്യപ്പെട്ടിരിക്കുന്നത്. എന്നാല്‍ വിവിപാറ്റ് സംവിധാനങ്ങള്‍ ശക്തമാക്കാനാണ് കമ്മീഷന്‍ ശ്രമിക്കുന്നത്.

chandrika: