ന്യൂഡല്‍ഹി: തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലനില്‍ക്കെ സ്വകാര്യ ചാനലിന് അഭിമുഖം നല്‍കിയതിനു കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിക്കെതിരെ എടുത്ത നടപടിയില്‍ നിന്നും പിന്മാറി തെരഞ്ഞെടുപ്പ് കമ്മീഷന്‍. പെരുമാറ്റച്ചട്ടം നിലനില്‍ക്കുന്ന വേളയില്‍ ഗുജറാത്തി ടിവിക്ക് അഭിമുഖം നല്‍കിയതിന് രാഹുല്‍ ഗാന്ധിക്ക് അയച്ച കാരണം കാണിക്കല്‍ നോട്ടീസാണ് ഇപ്പോള്‍ തെരഞ്ഞെടുപ്പ് കമ്മിഷന്‍ പിന്‍വലിച്ചിരിക്കുന്നത്.

രണ്ടാം ഘട്ട തെരഞ്ഞെടുപ്പിന് ഒരു ദിവസം നില്‍ക്കെയായായിരുന്നു രാഷ്ട്രീയ വിവാദത്തിന് കാരണമായി സംഭവം നടന്നത്. അഭിമുഖം ചാനല്‍ പ്രക്ഷേപണം ചെയ്തതോടെ ഇതു ചട്ടലംഘനമാണെന്നു കാട്ടി ബിജെപി പരാതിപ്പെടുകയായിരുന്നു. പരാതിയെ തുടര്‍ന്ന് തെരഞ്ഞെടുപ്പ് കമ്മിഷന്‍ കാരണം കാണിക്കല്‍ നോട്ടീസ് അടക്കമുള്ള നടപടികളിലേക്ക് തിരിയുകയായിരുന്നു. അതേസമയം തെരഞ്ഞെടുപ്പ് ദിവസം മോദി നടത്തിയ റോഡ് ഷോക്കെതിരെ കമ്മീഷന്‍ നടപടിയെടുക്കാത്തതും വിവാദമായിരുന്നു.