സംസ്ഥാനത്ത് മഴയില്ലാത്ത അവസ്ഥ തുടര്‍ന്നാല്‍ വൈദ്യുതി നിയന്ത്രണം വേണ്ടിവന്നേക്കുമെന്ന് ജലവിഭവവകുപ്പ് മന്ത്രി കെ കൃഷ്ണന്‍കുട്ടി. ഡാമുകളില്‍ സംഭരണശേഷിയുടെ പകുതിയില്‍ താഴെ ജലം മാത്രമാണുള്ളതെന്നും ഈ അവസ്ഥ തുടര്‍ന്നാല്‍ ലോഡ്‌ഷെഡിങ് വേണ്ടിവന്നേക്കുമെന്നുമാണ് മന്ത്രിയുടെ മുന്നറിയിപ്പ്.

ജൂലൈ രണ്ടാമത്തെ ആഴ്ചയോടെ മാത്രമേ മഴ ശക്തിപ്പെടാന്‍ സാധ്യതയുള്ളൂ എന്നാണ് നിലവിലെ കാലാവസ്ഥാ പ്രവചനം. ഇടവപ്പാതിയുടെ ആദ്യമാസം 35 ശതമാനം കുറവ് മഴയാണ് സംസ്ഥാനത്ത് ലഭിച്ചത്. മഴക്കുറവ് ഏറ്റവും രൂക്ഷമായ വയനാട് ജില്ലയില്‍ 55 ശതമാനമാണ് മഴ കുറഞ്ഞത്. ഇടുക്കിയില്‍ 48 ശതമാനവും തൃശ്ശൂരില്‍ 40 ശതമാനവും പത്തനംതിട്ടയില്‍ 38 ശതമാനവുമാണ് മഴ കുറഞ്ഞത്. കഴിഞ്ഞ ഓഗസ്റ്റില്‍ പ്രളയത്തിന് കാരണമായ അതിവര്‍ഷം പെയ്തിറങ്ങിയ ജില്ലകളാണ് ഇത്തവണ മഴലഭ്യതയില്‍ പിന്നില്‍.