ഗൂഡല്ലൂര്‍: മയക്കുവെടിയേറ്റ് അവശനായ കാട്ടാനയെ പെട്രോളൊഴിച്ച് കത്തിച്ച രണ്ട് പേര്‍ അറസ്റ്റില്‍. മസിനഗുഡി ബൊക്കാപുരം വനമേഖലയില്‍ രണ്ട് മാസത്തോളമായി കാലിലും മുതുകിലും മറ്റുഭാഗങ്ങളിലും പരിക്കുപറ്റി ചുറ്റി നടന്നിരുന്ന 42 വയസുള്ള കാട്ടാനയെയാണ് വാഹനത്തിന്റെ ടയറില്‍ പെട്രോളൊഴിച്ച് കത്തിച്ചത്. സംഭവുമായി ബന്ധപ്പെട്ട് മസിനഗുഡി മാവനല്ല സ്വദേശി പ്രസാദ് (36), റായ്മണ്ട് ഡീന്‍(26), റിക്കി റയാന്‍ എന്നിവരെ തമിഴ്‌നാട് വനംവകുപ്പ് അറസ്റ്റ് ചെയ്തു. ഒരാള്‍ ഒളിവിലാണ്. ചെവിയുടെ ഭാഗത്ത് ഗുരുതര പൊള്ളലേറ്റ് കാട്ടാന കഴിഞ്ഞ ദിവസം ചരിഞ്ഞിരുന്നു. ചെവിയുടെ ഭാഗത്ത് പെട്രോള്‍ ഒഴിച്ച് തീവെച്ചതാണെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ വ്യക്തമായിരുന്നു. ഇതേ തുടര്‍ന്ന് നടത്തിയ അന്വേഷണത്തിനിടയിലാണ് കാട്ടാനയെ കത്തിക്കുന്ന ദൃശ്യങ്ങള്‍ ഉദ്യോഗസ്ഥര്‍ക്ക് ലഭിച്ചത്. കേസില്‍ കൂടുതല്‍ പേര്‍ ഉള്‍പ്പെട്ടിട്ടുണ്ടോ എന്ന് അന്വേഷിച്ചുവരികയാണെന്ന് ഉദ്യോഗസ്ഥര്‍ അറിയിച്ചു.

വനമേഖലയില്‍ പരിക്ക് പറ്റി നടന്ന ആനക്ക് ദിവസങ്ങള്‍ക്ക് മുമ്പാണ് മയക്കുവെടിവെച്ച് ചികിത്സ നല്‍കി വനത്തില്‍ വിട്ടിത്. പിന്നീട് ഈ കാട്ടാന വനമേഖലകള്‍ വിട്ട് മസിനഗുഡി, ബൊക്കാപുരം. വാഴത്തോട്ടം, സിങ്കാര, തുടങ്ങിയ ഭാഗങ്ങളില്‍ ചുറ്റുകയും റോഡിലിറങ്ങി മണിക്കൂറോളം വാഹനങ്ങള്‍ തടയുകയും ചെയ്തിരുന്നു. ഞായറാഴ്ച നാലുമണിക്കൂറോളം റോഡില്‍ നിലയുറപ്പിച്ച കാട്ടാനയുടെ ചെവിയില്‍ നിന്നും രക്തം വരുന്നത് കണ്ടിരുന്നു. ഇതേത്തുടര്‍ന്ന് വനം വകുപ്പ് ഉദ്യോഗസ്ഥരായ ശ്രീകാന്ത്, കാന്തന്‍, മാരിയപ്പന്‍, വെറ്ററിനറി ഡോക്ടര്‍മാരായ രാജേഷ് കുമാര്‍, സുകുമാരന്‍ എന്നിവരുടെ നേതൃത്തില്‍ മയക്കുവെടിവെച്ച് പിടിക്കുകയും കുങ്കിയാനകളായ വിജയ്, വാസീന്‍, മുതുമല, സുജയ തുടങ്ങിയവരുടെ സഹായത്തോടെ ലോറിയില്‍ കയറ്റി തെപ്പക്കാട് ക്യാമ്പിലെത്തിക്കുകയും ചെയ്തു. എന്നാല്‍ ഏറെ വൈകാതെ കാട്ടാന ചരിയുകയായിരുന്നു.

കാട്ടാനയെ തീവെക്കുന്ന വീഡിയോ പുറത്ത് വന്നതോടെ തമിഴ്‌നാട്ടില്‍ വലിയ പ്രതിഷേധമാണുയരുന്നത്. ദൃശ്യം സാമൂഹ്യ മാധ്യമങ്ങളില്‍ വൈറലാണിപ്പോള്‍.