പാരീസ്: കിലിയന്‍ എംബാപ്പേ മാഡ്രിഡിലെത്തുമെന്ന് തറപ്പിച്ചു പറയുന്നു റയല്‍ മാഡ്രിഡ്. എംബാപ്പേയെ വിടില്ലെന്ന് പഴയ കരുത്തില്‍ പറയുന്നില്ല പി.എസ്.ജി. വിഖ്യാത സ്പാനിഷ് ഫുട്‌ബോള്‍ റിപ്പോര്‍ട്ടറായ ഗുലേ ബലാഗ് ആവര്‍ത്തിക്കുന്നു-എംബാപ്പേ എന്ന 22 കാരന്‍ പുതിയ സീസണ്‍ മുതല്‍ റയലിലായിരിക്കുമെന്ന്.

എന്തായാലും എംബാപ്പേയെ ചുറ്റിപ്പറ്റിയുള്ള കഥകള്‍ക്ക്് ഈ മാസത്തോടെ അവസാനമാവും. നിലവിലെ സീസണ്‍ ചാമ്പ്യന്‍സ് ലീഗ് ഫൈനലോടെ അവസാനിക്കുകയാണ്. അതിന് ശേഷം എംബാപ്പേ സ്വന്തം തീരുമാനം പ്രഖ്യാപിക്കും. ലിയോ മെസി വന്നതോടെ പി.എസ്.ജിയില്‍ തുടരാന്‍ അദ്ദേഹത്തിന് താല്‍പ്പര്യമില്ല എന്നത് വ്യക്തമാണ്.

ടീമില്‍ ലാറ്റിനമേരിക്കന്‍ ലോബിയും ഫ്രഞ്ച് ലോബിയുമുണ്ടെന്ന വാദവും ശക്തം. എന്തായാലും യുവ സൂപ്പര്‍താരം തന്നെ അന്തിമ തീരുമാനം ഉടന്‍ പ്രഖ്യാപിക്കുമെന്ന പ്രതീക്ഷയിലാണ് റയല്‍ മാഡ്രിഡ്.