ഗൂഡല്ലൂര്‍: സര്‍വ്വേയില്‍ നീലഗിരി വനങ്ങളില്‍ 198 ഇനം ചിത്രശലഭങ്ങളെ കണ്ടെത്തി. രാജ്യത്തെ ഏറ്റവും വലിയ ഇനമായ സാര്‍ഡ് ബേര്‍വിംഗും ഏറ്റവും ചെറിയ ഗ്രാസ് ജെല്ലും ഈ വനമേഖലയില്‍ കണ്ടെത്തിയവയില്‍ പെടുന്നു. നീലഗിരി വിന്‍ഡര്‍ ബ്ലിത്ത് അസോസിയേഷന്‍(ഡബ്ല്യു.ബി.എ)വിന്റെ സഹകരണത്തോടെ തമിഴ്‌നാട് വനംവകുപ്പാണ് സര്‍വ്വ സംഘടിപ്പിച്ചത്. തിരുവനന്തപുരം ആസ്ഥാനമായ ട്രാവന്‍കൂര്‍ നാച്യുറല്‍ ഹിസ്റ്ററി സൊസൈറ്റിയുടെ ശാസ്ത്രീയ പിന്തുണയോടെയായിരുന്നു സര്‍വ്വേ.

സര്‍വ്വേയില്‍ കണ്ടെത്തിയ മറ്റ് വിഭാഗങ്ങള്‍ ഇവയാണ് എണ്ണം ബ്രാക്കറ്റില്‍: പാപ്പിലിയോയിഡെ (16), പിയേഡേയ്(24), നോംബലിഡെ(74), ലക്കീന്‍ഡേ(53), റൂയിന്‍ഡിനീണ്ട(1), ഹെസ്പെരിയൈഡെ(48). 18 ചിത്രശലഭ ഇനങ്ങളില്‍ കൂടുതല്‍ അന്വേഷണവും സ്ഥിരീകരണവും ആവശ്യമാണ്. ഏറ്റവും കൂടുതല്‍ ഇനങ്ങളെ കണ്ടെത്തിയത് കുഞ്ചപ്പനൈ ക്യാമ്പിലാണ്. ഒക്ടോബര്‍ 11നാണ് സര്‍വ്വേ ആരംഭിച്ചത്. കെയിന്‍ ഹില്‍ ഇക്കോ അവേഴ്സ്നെസ് സെന്ററില്‍ നടന്ന നടന്ന ചടങ്ങില്‍ ഊട്ടി ഡി.എഫ്.ഒ സുമേഷ് സോമന്‍ സര്‍വ്വേയുടെ ഉദ്ഘാടനം നിര്‍വ്വഹിച്ചു. മനോജ് സേതുമാധവന്‍, ഡോ. കാലാശ് സദാശിവന്‍, ഡോ. ബി. രാമകൃഷ്ണന്‍ സര്‍വ്വേ നടപടികളെക്കുറിച്ച് സംസാരിച്ചു.

തമിഴ്നാട്, കേരളം, കര്‍ണാടക എന്നീ സംസ്ഥാനങ്ങളില്‍നിന്നുള്ള പ്രതിനിധികളും വന്യജീവി കേന്ദ്രങ്ങളില്‍ നിന്നുള്ള വിദ്യാര്‍ത്ഥികളും ഊട്ടിയിലെ ഗവണ്മെന്റ് ആര്‍ട്സ് കോളേജിന്റെ ബയോളജി ഡിപ്പാര്‍ട്ട്മെന്റ്. ഫീല്‍ഡ് സപ്പോര്‍ട്ട്സും ലോജിസ്റ്റിക്സും, വനം വകുപ്പിന്റെ വിവിധ ജീവനക്കാരും ഉദ്യോഗസ്ഥരും സര്‍വ്വേയില്‍ പങ്കെടുത്തു. നീലഗിരി വനമേഖലയെക്കുറിച്ചുള്ള ലോക്കോ റീജിയണല്‍ പഠനങ്ങള്‍ക്ക് സര്‍വ്വേ പ്രയോജനം ചെയ്യുമെന്ന് ഊട്ടി ഡി.എഫ്.ഒ സുമേശ് സോമന്‍ പറഞ്ഞു. നീലഗിരി വിന്‍ഡര്‍ ബ്ലിത്ത് അസോസിയേഷനുമായി സഹകരിച്ച് തമിഴ്‌നാട് ചിത്രശലഭങ്ങളെക്കുറിച്ച് ഗവേഷണപുസ്തകം തയ്യാറാക്കുമെന്നും അദ്ദേഹം പറഞ്ഞു. പരിസ്ഥിതി സംരക്ഷണത്തിന് മുതല്‍ക്കൂട്ടാവും വിധം പ്രായോഗിക നടപടികളുണ്ടാവാന്‍ സര്‍വ്വ ഫലം അധികൃതര്‍ക്ക് പ്രേരണയാവണമെന്ന് സര്‍വ്വേക്ക് നേതൃത്വം നല്‍കിയ ട്രാവന്‍കൂര്‍ നാച്യുറല്‍ ഹിസ്റ്ററി സൊസൈറ്റിയിലെ ഡോ. കലേഷ് സദാശിവന്‍ അഭിപ്രായപ്പെട്ടു.