Connect with us

Culture

ക്രൊയേഷ്യ പ്ലാന്‍ ചെയ്തത് 120 മിനുട്ടിനാണ്; ഇംഗ്ലണ്ടിനത് മനസ്സിലായില്ല

Published

on

മാച്ച് റിവ്യൂ
മുഹമ്മദ് ഷാഫി

ക്രൊയേഷ്യന്‍ കോച്ച് സ്ലാറ്റ്‌കോ ഡാലിച്ച് കഴിഞ്ഞ ദിവസം പറഞ്ഞൊരു വാചകം കൗതുകമുണര്‍ത്തുന്നതായിരുന്നു: ‘ലോകകപ്പിനു മുമ്പ് ഞങ്ങള്‍ക്ക് മൂന്നാം സ്ഥാനം നല്‍കാമെന്ന് ആരെങ്കിലും പറഞ്ഞിരുന്നെങ്കില്‍ ഞാനത് ഇരുകയ്യും നീട്ടി സ്വീകരിക്കുമായിരുന്നു. ഇപ്പോള്‍ അതിനു പറ്റില്ല.’ സെമിയില്‍ ഇംഗ്ലണ്ടിനെ തോല്‍പ്പിക്കുമെന്ന ഉറച്ച ആത്മവിശ്വാസം നിറഞ്ഞുനില്‍ക്കുന്ന വാക്കുകളായിരുന്നു അത്. സെമിയില്‍ അഞ്ചാം മിനുട്ടില്‍ തന്നെ കീറണ്‍ ട്രിപ്പിയര്‍ മനോഹരമായ ഫ്രീകിക്കില്‍ ഗോള്‍ നേടുകയും ആദ്യപകുതിയില്‍ ഇംഗ്ലണ്ട് വിജയികളുടെ ശരീരഭാഷയില്‍ കളിക്കുകയും ചെയ്തപ്പോള്‍ ഡാലിച്ചിന്റെ വാക്കുകളാണ് ഞാനോര്‍ത്തത്; ഒരല്‍പം സഹതാപത്തോടെ. എന്നാല്‍, എഴുപതു മിനുട്ടുകള്‍ക്കു ശേഷം ക്രൊയേഷ്യ കളിച്ച കളിയിലൂടെ ഡാലിച്ച് തന്റെ വാക്കുകളുടെ ഉദ്ദേശ്യം വിശദീകരിച്ചു. സമനില ഗോള്‍ വഴങ്ങിയപ്പോള്‍ തന്നെ ഇംഗ്ലണ്ട് ഏറെക്കുറെ ലോകകപ്പില്‍ നിന്നു പുറത്തായിക്കഴിഞ്ഞിരുന്നു.

3-5-2 തനതുശൈലിയില്‍ കളി തുടങ്ങിയ ഇംഗ്ലണ്ടും 4-1-3-2ല്‍ കളിച്ച ക്രൊയേഷ്യയും കളിയില്‍ സെറ്റില്‍ ചെയ്യുന്നതിനു മുമ്പാണ് ആ ഗോള്‍ പിറന്നത്. കരിയറിലെ ആദ്യ അന്താരാഷ്ട്ര ഗോള്‍ ലോകകപ്പ് സെമിയില്‍, അതും കൃത്യതയാര്‍ന്ന ഒരു ഫ്രീകിക്കിലൂടെ നേടുക എന്നത് ഏതു കളിക്കാരനും സ്വപ്‌നം കാണുന്ന കാര്യമാവും. നേരിട്ട് ഗോള്‍ ലക്ഷ്യം വെക്കാവുന്ന പൊസിഷനില്‍ നിന്ന് പാദത്തിന്റെ ഉള്‍ഭാഗം കൊണ്ട് തൊടുത്ത ആ കിക്കിന് ഒരു പ്ലേസിങിന്റെ സ്വഭാവമായിരുന്നെങ്കിലും അതിലടങ്ങിയ കരുത്തും വേഗതയും സുബാസിച്ചിനെ നിസ്സഹായനാക്കി. പ്രതിരോധ മതില്‍ കടന്നതിനു ശേഷവും പന്ത് അതിന്റെ ഉയരം നിലനിര്‍ത്തി വലയുടെ മുകള്‍ഭാഗത്തേക്ക് തുളച്ചുകയറുമ്പോള്‍ ഗോള്‍കീപ്പര്‍ക്ക് ചെയ്യാന്‍ കഴിയുന്നതിനു പരിധിയുണ്ട്.

അന്തിമ വിശകലനത്തില്‍ ആ ഗോളാണ് ഇംഗ്ലണ്ടിനെ ചതിച്ചത് എന്നുപറയാം. ആ സമയത്ത് അങ്ങനെയൊന്ന് പ്രതീക്ഷിച്ചിരുന്നില്ലെന്ന് അവരുടെ കോച്ചിന്റെ ശരീരഭാഷയില്‍ നിന്നു തന്നെ വ്യക്തമായിരുന്നു. ലീഡ് നിലനിര്‍ത്തുന്നതിനായി പ്രതിരോധം ശക്തമാക്കാനാണോ അതോ ഇനിയും ഗോളടിക്കാനാണോ കളിക്കേണ്ടത് എന്ന കാര്യത്തിലുള്ള സന്ദേഹമാണ് ഇംഗ്ലീഷ് നിരയില്‍ അത് സൃഷ്ടിച്ചത്. എങ്കിലും, കൃത്യമായ മാര്‍ക്കിങും ചടുലമായ നീക്കങ്ങളുമായി അവര്‍ തന്നെയാണ് മേല്‍ക്കൈ പുലര്‍ത്തിയത്. കോര്‍ണര്‍ കിക്കെടുക്കുമ്പോള്‍ സ്‌കൂള്‍കുട്ടികളെ പോലെ വരിയില്‍ നിന്ന് പലഭാഗത്തേക്കായി ചിതറുന്ന ഇംഗ്ലീഷ് തന്ത്രത്തിന് ക്രൊയേഷ്യന്‍ ഡിഫന്‍സിന്റെ പരിചയ സമ്പത്തിനെ മുതലെടുക്കാനായില്ല. അതേസമയം, ലീഡ് വര്‍ധിപ്പിക്കാനുള്ള സുവര്‍ണാവസരങ്ങള്‍ അലസ സമീപനങ്ങളോടെ ഡെലെ അലിയും ഹാരി കെയ്‌നും റഹീം സ്റ്റര്‍ലിങ്ങും തുലക്കുകയും ചെയ്തു.

ക്രൊയേഷ്യയുടെ ആദ്യപകുതിയിലെ കളി ഏറെക്കുറെ ദുരൂഹമായിരുന്നു. ഒരു ഗോളിന് പിന്നിലായിട്ടും ഇംഗ്ലണ്ടിന്റെ ഗോള്‍ ഏരിയക്കുചുറ്റും കളി മെനയാനും ഉയരക്കാരനായ മാന്ദ്‌സുകിച്ചിന് പന്തെത്തിക്കാനും അവര്‍ ശ്രമിച്ചില്ല. പകരം ലോങ് റേഞ്ചറുകളിലൂടെയുള്ള ഭാഗ്യപരീക്ഷണങ്ങളാണ് ശ്രമിച്ചത്. അവയ്ക്കാകട്ടെ വലകുലുക്കാനുള്ള കൃത്യതയുമുണ്ടായിരുന്നില്ല. ലൂക്കാ മോഡ്രിച്ചിനെ ഇംഗ്ലണ്ട് നന്നായി മാര്‍ക്ക് ചെയ്തതും ഇനിയുമൊരു ഗോള്‍ വഴങ്ങേണ്ടെന്ന് നിര്‍ദേശം ലഭിച്ചതുമായിരിക്കണം ഇതിനു കാരണം. അവരുടെ മിഡ്ഫീല്‍ഡ് ജനറല്‍ ലൂക്കാ മോഡ്രിച്ചിന്, കനത്ത മാര്‍ക്കിങ് കാരണം ആദ്യപകുതിയിലുടനീളം ഡീപ്പായി തന്നെ തുടരേണ്ടിവന്നു. മൂന്നു പ്രതിരോധക്കാര്‍ വട്ടമിട്ട മോഡ്രിച്ച് പല നീക്കങ്ങളില്‍ നിന്നും ഒഴിവാക്കപ്പെടുന്നതായും തോന്നി. റെബിച്ചിന്റെ നീക്കങ്ങള്‍ ആഷ്‌ലി യങും സ്‌കെച്ച് ചെയ്തതോടെ സ്ട്രിനിച്ചും പെരിസിച്ചും റാകിറ്റിച്ചും കളിച്ച ഇടതുഭാഗമായിരുന്നു ആ ഘട്ടത്തില്‍ ക്രൊയേഷ്യയുടെ ശക്തിമേഖല. മൂന്നംഗ ഡിഫന്‍സിനു പുറമെ രണ്ടുപേരെക്കൂടി പ്രതിരോധത്തില്‍ നിര്‍ത്തി ഇംഗ്ലണ്ട് അപകടമൊഴിവാക്കുകയും ചെയ്തു.

രണ്ടാം പകുതിയില്‍ ക്രൊയേഷ്യയുടെ നീക്കങ്ങള്‍ക്ക് കുറച്ചുകൂടി ലക്ഷ്യബോധം കൈവന്നു. എങ്കില്‍പ്പോലും മൈതാനം നിറഞ്ഞുനില്‍ക്കുന്നുവെന്ന് തോന്നിച്ച വെള്ളക്കുപ്പായക്കാരെ കടന്നുപോവുക എളുപ്പമായിരുന്നില്ല. അഞ്ചുപേര്‍ സദാസമയവും ഇംഗ്ലീഷ് ഡിഫന്‍സിലുണ്ടായിരുന്നു. ആക്രമണം നടത്തിയ ഡിഫന്‍സ് തുറക്കേണ്ടെന്നായിരിക്കണം സൗത്ത്‌ഗേറ്റ് ഇടവേളയില്‍ കളിക്കാര്‍ക്ക് നല്‍കിയ നിര്‍ദേശം. ഇതോടെ ഇടതുഭാഗത്ത് പെരിസിച്ചും റാകിറ്റിച്ചും ചില ലോങ് റേഞ്ച് ശ്രമങ്ങള്‍ നടത്തിയെങ്കിലും ഭീഷണിയായില്ല. എന്നാല്‍, അപ്രതീക്ഷിതമായി വലതുഭാഗത്തു നിന്ന് വിര്‍സാല്‍കോ തൊടുത്ത ക്രോസാണ് കളിയുടെ ഗതിമാറ്റിയത്. ബോക്‌സിലേക്ക് പന്ത് തൂങ്ങിയിറങ്ങുമ്പോള്‍ ഇംഗ്ലണ്ടുകാര്‍ മരിയോ മാന്ദ്‌സുകിച്ചിനെ മാര്‍ക്ക് ചെയ്യാന്‍ ജാഗ്രത പുലര്‍ത്തവെ ഫ്രീയായി ഓടിക്കയറിയ പെരിസിച്ച് പണിപറ്റിച്ചു. ഹെഡ്ഡ് ചെയ്‌തൊഴിവാക്കാനായി ഡൈവ് ചെയ്ത കെയ്ല്‍ വാക്കറുടെ തലയില്‍ കൊള്ളുന്നതിന്റെ തൊട്ടുമുന്നത്തെ അര്‍ധനിമിഷത്തില്‍ പെരിസിച്ചിന്റെ ബൂട്ട് പന്തിന് അന്ത്യചുംബനം നല്‍കി. ഹൈബൂട്ട് ഫൗളിന് ഇംഗ്ലണ്ടുകാര്‍ ഹതാശരായി അപ്പീല്‍ ചെയ്‌തെങ്കിലും പെരിസിച്ചിന്റെ ഫിനിഷിങ് പിക്ചര്‍ പെര്‍ഫക്ട് ആയിരുന്നു.

യഥാര്‍ത്ഥത്തില്‍ ആ ഗോളിനു പിന്നില്‍ ഇവാന്‍ റാകിറ്റിച്ചിന്റെ തലച്ചോറിന് വലിയ പങ്കുണ്ട്. ഇടതുവശത്തുകൂടിയുള്ള ആക്രമണം ഇംഗ്ലീഷുകാര്‍ പ്രതീക്ഷിച്ചു നില്‍ക്കവെ റാകിറ്റിച്ച് ആണ് മൈതാനത്തിന്റെ മറുവശത്ത് ഫ്രീയായി നില്‍ക്കുന്ന വിര്‍സാല്‍കോയെ കണ്ടതും പന്ത് അങ്ങോട്ടെത്തിച്ചതും. ആ നീക്കത്തിലാണ് ഡിഫന്‍സിന് പെരിസിച്ചിനു മേലുള്ള ശ്രദ്ധ തെറ്റുന്നത്. ക്രോസ് കുറ്റമറ്റതായിരുന്നു, അതിനേക്കാള്‍ കൃത്യമായിരുന്നു പെരിസിച്ചിന്റെ റണ്ണിങും പ്ലേസിങും. ഹൈബോളുകളില്‍ മാന്ദ്‌സുകിച്ച് മാത്രമാവും അപകടമുണ്ടാക്കുക എന്ന ഇംഗ്ലണ്ടിന്റെ മുന്‍വിധിക്ക് നല്‍കേണ്ടി വന്ന വലിയ വിലയായിരുന്നു അത്. പെരിസിച്ച് വന്ന ഭാഗത്ത് ഒന്നും ചെയ്യാതെ പന്തിന്റെ വരവിനെയും മാന്ദ്‌സുകിച്ചിനെയും നോക്കി നില്‍ക്കുകയായിരുന്ന ട്രിപ്പിയറാണ് ഇതിലെ ഒന്നാം പ്രതി. പരിചയസമ്പത്താണ് ഗോളടിച്ചത്.

കൃത്യസമയത്തു തന്നെയായിരുന്നു ക്രൊയേഷ്യക്കാര്‍ ഗോള്‍ കണ്ടെത്തിയത്. ആ ഗോളോടെ, ഇംഗ്ലണ്ട് അതുവരെ സംഭരിച്ചുനിന്ന ആത്മവിശ്വാസം ചോര്‍ന്നുപോയി. മാത്രവുമല്ല, അവര്‍ക്ക് മോഡ്രിച്ചിനെ സ്വതന്ത്രനാക്കേണ്ടിയും വന്നു. ക്ഷീണിതനായിരുന്നെങ്കിലും മോഡ്രിച്ച് അവസാന ഘട്ടങ്ങളില്‍ ക്രൊയേഷ്യന്‍ നീക്കങ്ങളില്‍ സജീവമായി പങ്കെടുത്തു.

ആദ്യപകുതിയില്‍ തന്നെ ഭീഷണി മുഴക്കിക്കൊണ്ടിരുന്ന പെരിസിച്ച് 71ാം മിനുട്ടിലേ കളി കൊല്ലേണ്ടതായിരുന്നു. പക്ഷേ, ഡിഫന്‍സിനെ വെട്ടിയൊഴിഞ്ഞു തൊടുത്ത ആ ഷോട്ടിന് സൈഡ് ബാര്‍ തടസ്സമായി. റീബൗണ്ടില്‍ നിന്ന് റെബിച്ച് സുവര്‍ണാവസരം തുലക്കുകയും ചെയ്തു. പക്ഷേ, കളിയുടെ ആധിപത്യം എതിര്‍ധ്രുവത്തിലേക്ക് ഷിഫ്റ്റ് ചെയ്യപ്പെട്ടു കഴിഞ്ഞു എന്നതിന്റെ വ്യക്തമായ സൂചനയായിരുന്നു അത്. മാന്ദ്‌സുകിച്ച് വണ്‍വണ്‍ സിറ്റ്വേഷനില്‍ തൊടുത്ത ഷോട്ട് പിക്ക്‌ഫോഡ് തട്ടിയകറ്റിയെങ്കിലും ക്രൊയേഷ്യ ഏതുനിമിഷവും ഗോള്‍ നേടാമെന്നു തോന്നി. ഇംഗ്ലീഷുകാരുടെ സ്റ്റാമിനയില്‍ ഉണ്ടായ ഇടിവും ക്രൊയേഷ്യ അവസാന നിമിഷങ്ങളില്‍ കൈവരിച്ച ഊര്‍ജവും അതിലേക്ക് വിരല്‍ചൂണ്ടി.

നിര്‍ണായക ഘട്ടങ്ങളില്‍ ഇംഗ്ലണ്ടിന്റെ മുന്‍നിരക്കാര്‍ക്ക് പരസ്പരം കമ്മ്യൂണിക്കേറ്റ് ചെയ്യാന്‍ കഴിഞ്ഞില്ല. ആരാണ് പോസ്റ്റിനെ ലക്ഷ്യംവെക്കുക എന്ന കാര്യത്തില്‍ അവര്‍ക്കിടയില്‍ ആശയക്കുഴപ്പമുണ്ടായിരുന്നു. ഗോള്‍ ഏരിയയിലെ ഓരോ അധിക ടച്ചും ക്രൊയേഷ്യന്‍ ഡിഫന്‍സിന് കൂടുതല്‍ നിലയുറപ്പിക്കാന്‍ അവസരം നല്‍കി. ലോവ്‌റനും വിദായും മികച്ച ഫോമിലുമായിരുന്നു. സ്റ്റര്‍ലിങ്ങിനു പകരം വന്ന റാഷ്‌ഫോര്‍ഡ് സ്റ്റാമിന കൊണ്ട് വേറിട്ടുനിന്നെങ്കിലും അയാളെ പിന്തുണക്കാന്‍ ആരുമുണ്ടായിരുന്നില്ല. ക്യാപ്ടനും പ്രധാന സ്‌െ്രെടക്കറുമായ ഹാരി കെയ്ന്‍ പലപ്പോഴും ചിത്രത്തിലേ ഇല്ലായിരുന്നു.

എക്‌സ്ട്രാ ടൈമില്‍ വിര്‍സാല്‍കോയുടെ ജാഗ്രതയാണ് ഇംഗ്ലണ്ട് അര്‍ഹിച്ച രണ്ടാം ഗോള്‍ നിഷേധിച്ചത്. ട്രിപ്പിയറുടെ ഡെലിവറിയും ജോണ്‍സിന്റെ ഹെഡ്ഡറും പെര്‍ഫക്ട് ആയിരുന്നു. പക്ഷേ, ഗോള്‍ലൈനില്‍ വിര്‍സാല്‍കോ അപകടമൊഴിവാക്കി. അതേസമയം, മറുവശത്ത് മാന്ദ്‌സുകിച്ചിന്റെ ഉറച്ച ഗോള്‍ അപാരമായ മനക്കട്ടിയുമായി പിറ്റ്‌ഫോര്‍ഡ് വിഫലമാക്കുകയുംചെയ്തു. സ്‌റ്റോണ്‍സിനെ മാന്ദ്‌സുകിച്ച് മറികടന്നുവെന്നു തിരിച്ചറിഞ്ഞ നിമിഷത്തില്‍ തന്നെ പിക്ക്‌ഫോര്‍ഡ് ഒരടി മുന്നോട്ടുവെച്ചു. ഇല്ലായിരുന്നെങ്കില്‍ കളി അവിടെ തീര്‍ന്നേനെ. പക്ഷേ, അനിവാര്യമായ പരാജയം ഒഴിവാക്കാനോ ക്രൊയേഷ്യയെ തുടര്‍ച്ചയായ മൂന്നാം മത്സരത്തിലും ഷൂട്ടൗട്ടിന് നിര്‍ബന്ധിക്കാനോ ഇംഗ്ലണ്ടിനായില്ല. ഗോള്‍മുഖത്ത് സ്‌റ്റോണ്‍സ് വരുത്തിയ മറ്റൊരു അലസത യുവനിരയുടെ വിധിയെഴുതി. പിവാരിച്ചിന്റെ ക്രോസില്‍ വാക്കറുടെ അര്‍ധമനസ്സോടെയുള്ള ക്ലിയറിങ് പന്ത് കുത്തനെ ഉയര്‍ത്തി. ട്രിപ്പിയറുടെ സമ്മര്‍ദം വകവെക്കാതെ റെബിച്ച് പന്ത് ബോക്‌സിലേക്ക് ഹെഡ്ഡ് ചെയ്തപ്പോള്‍ പ്രതികരിക്കാന്‍ സ്‌റ്റോണ്‍സ് ഒരുനിമിഷം വൈകി. നിരവധി സമ്മര്‍ദ ഘട്ടങ്ങളെ കൈകാര്യം ചെയ്തു പരിചയമുള്ള മാന്ദ്‌സുകിച്ചിന് അത് ധാരാളമായിരുന്നു. ക്ലോസ്‌റേഞ്ചില്‍ നിന്നുള്ള അയാളുടെ പ്രഹരം തടയുക പിക്ക്‌ഫോഡിനെന്നല്ല, ലോകത്ത് ഒരു ഗോളിക്കും സാധ്യമാകുന്ന കാര്യമല്ല.

സെമിഫൈനല്‍ മത്സരത്തോട് ഇംഗ്ലണ്ടിന്റെയും ക്രൊയേഷ്യയുടെയും കോച്ചുമാര്‍ പുലര്‍ത്തിയ സമീപനമാണ് മത്സരത്തിന്റെ വിധി നിര്‍ണയിച്ചതെന്നു ഞാന്‍ വിശ്വസിക്കുന്നു. 90 മിനുട്ടില്‍ തന്നെ ജയിച്ചുകയറാമെന്ന് സൗത്ത്‌ഗേറ്റ് കണക്കുകൂട്ടിയിരുന്നു. ഗോള്‍ നേടാനായതോടെ ആ വിശ്വാസം അദ്ദേഹം ഊട്ടിയുറപ്പിക്കുകയും ചെയ്തു. എന്നാല്‍, മുമ്പത്തെ രണ്ടു മത്സരങ്ങളുടെ അനുഭവജ്ഞാനമുള്ളതിനാല്‍ 120 മിനുട്ട് മത്സരത്തിനു വേണ്ടിയാണ് ഡാലിച്ച് ഒരുങ്ങിയത്. ക്രൊയേഷ്യ നടത്തിയ എല്ലാ സബ്സ്റ്റിറ്റിയൂഷനും എക്‌സ്ട്രാ ടൈമിലായിരുന്നു എന്നകാര്യം ഈ നിഗമനത്തിന് ബലംപകരുന്നു. ഇംഗ്ലണ്ട് കളിക്കാരുടെ സ്റ്റാമിന കൂടി വിലയിരുത്തിക്കൊണ്ടാണ് 65 മിനുട്ടിനു ശേഷം ടോപ്പ് ഗിയറില്‍ കളിച്ചാല്‍ മതിയെന്ന് അദ്ദേഹം കണക്കുകൂട്ടിയത്. മോഡ്രിച്ചിനെ മാര്‍ക്ക് ചെയ്യുമെന്നു മുന്‍കൂട്ടിക്കണ്ട് പ്ലാന്‍ ബി അദ്ദേഹം തയ്യാറാക്കുകയും ചെയ്തു. റിസ്‌കെടുത്താണെങ്കിലും റാകിറ്റിച്ചിനെയും വിര്‍സാല്‍കോയെയും ഡാലിച്ച് കളിപ്പിച്ചു എന്നതും അവര്‍ നിര്‍ണായക നീക്കങ്ങളുടെ ഭാഗമായി എന്നതും ശ്രദ്ധിക്കുക. സൗത്ത്‌ഗേറ്റിനാകട്ടെ, കെയ്‌നിനെ മാറ്റിക്കൊണ്ടുള്ള ഒരു ആക്രമണപദ്ധതിക്കും ധൈര്യമുണ്ടായിരുന്നില്ല. സ്റ്റര്‍ലിങിനു പകരം കെയ്ന്‍ കയറുകയും വാര്‍ദി 85 മിനുട്ടിനു ശേഷം ഇറങ്ങുകയും ചെയ്തിരുന്നെങ്കില്‍ ക്രൊയേഷ്യയെ വിറപ്പിക്കാന്‍ അവര്‍ക്കാകുമായിരുന്നു.

ഏതായാലും, അട്ടിമറികളും അത്ഭുതങ്ങളും വന്‍വീഴ്ചകളും ഏറെ കണ്ട ലോകകപ്പിന് അതര്‍ഹിച്ച സമാപ്തി തന്നെയാണ് ലഭിച്ചിരിക്കുന്നത്. മൈതാനമധ്യത്ത് കളി തളക്കുകയും കളിക്കാരുടെ വ്യക്തിഗത മികവില്‍ വിശ്വസിക്കുകയും ചെയ്യുന്ന ദെഷാംപ്‌സിനെതിരെ ഡാലിച്ച് എന്താണ് പ്രയോഗിക്കാന്‍ പോകുന്നത്? ഇന്നലെ കളികഴിഞ്ഞപ്പോള്‍ ‘ഞങ്ങള്‍ ഫ്രാന്‍സ് മാച്ചിന് ഒരുങ്ങിക്കഴിഞ്ഞു’ എന്നാണദ്ദേഹം പറഞ്ഞത്. അത് വെറുമൊരു ആത്മവിശ്വാസ പ്രഖ്യാപനമാണോ; അതോ ഇന്നലത്തേതു പോലെ എന്തെങ്കിലും ഗൂഢാര്‍ത്ഥങ്ങളുണ്ടോ?

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

Film

അടിമുടി ഞെട്ടിക്കാൻ ‘പെരുമാനി’യിലെ കൂട്ടർ എത്തുന്നു ! ടീസർ ദുൽഖർ സൽമാൻ പുറത്തിറക്കി…

പ്രേക്ഷകരെ അടിമുടി ഞെട്ടിക്കാൻ ‘പെരുമാനി’യിലെ കൂട്ടർ മെയ് മാസത്തിൽ തിയറ്ററുകളിലെത്തും.

Published

on

സണ്ണി വെയ്ൻ, വിനയ് ഫോർട്ട്‌, ലുക്ക്‌മാൻ അവറാൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി ‘അപ്പൻ’ ശേഷം മജു സംവിധാനം ചെയ്യുന്ന ‘പെരുമാനി’യുടെ ടീസർ പുറത്തുവിട്ടു. ‘പെരുമാനി’ എന്ന ഗ്രാമം, ഒന്നു പറഞ്ഞാ രണ്ടാമത്തതിന് ഒടിപ്പടച്ചെത്തുന്ന ഗ്രാമവാസികൾ, ഇനി കലഹത്തിനും പ്രശ്നങ്ങൾക്കുമാണെങ്കിലോ യാതൊരു കുറവൂല്ലാ, തനി നാടൻ മട്ടിൽ കളർഫുളായെത്തിയ ടീസർ പ്രേക്ഷകശ്രദ്ധ നേടുന്നു. ദുൽഖർ സൽമാനാണ് ടീസർ റിലീസ് ചെയ്തത്. പ്രേക്ഷകരെ അടിമുടി ഞെട്ടിക്കാൻ ‘പെരുമാനി’യിലെ കൂട്ടർ മെയ് മാസത്തിൽ തിയറ്ററുകളിലെത്തും.

2022 ഒക്ടോബർ 28ന് റിലീസ് ചെയ്ത സണ്ണി വെയ്ൻ-അലൻസിയർ ചിത്രം ‘അപ്പൻ’ന് ശേഷം മജു സംവിധാനം ചെയ്യുന്ന സിനിമയാണ് ‘പെരുമാനി’. ചിത്രത്തിൽ വിനയ് ഫോർട്ട്‌ അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ വ്യത്യസ്തമായ ഗെറ്റപ്പ് സോഷ്യൽ മീഡിയകളിൽ വലിയ രീതിയിൽ വൈറലായിരുന്നു. അടുത്തിടെ പുറത്തുവിട്ട ചിത്രത്തിന്റെ മോഷൻ പോസ്റ്റർ കണ്ടതോടെ വലിയ പ്രത്യേകതയോടെ എത്തുന്ന സിനിമയാണ് ‘പെരുമാനി’ എന്ന നിഗമനത്തിലാണ് പ്രേക്ഷകർ എത്തിചേർന്നത്. അത് ശരിവെക്കുന്ന വിധത്തിലാണ് ടീസറും.

‘പെരുമാനി’ എന്ന ഗ്രാമവും അവിടുത്തെ മനുഷ്യരും അവർ അഭിമുഖീകരിക്കുന്ന സംഭവവികാസങ്ങളും ഇതിവൃത്തമാക്കിയ ഈ ചിത്രം ഒരു ഫാന്റസി ഡ്രാമയാണ്. സംവിധായകൻ മജു തന്നെയാണ് തിരക്കഥ രചിച്ചത്. യൂൻ വി മൂവീസും മജു മൂവീസും ചേർന്നാണ് അവതരിപ്പിക്കുന്ന ചിത്രത്തിന്റെ ഡിസ്ട്രിബ്യൂഷൻ സെഞ്ച്വറി ഫിലിംസാണ് സ്വന്തമാക്കിയിരിക്കുന്നത്. ഫിറോസ് തൈരിനിലാണ് നിർമ്മാതാവ്. ദീപ തോമസ്, രാധിക രാധാകൃഷ്ണൻ, നവാസ് വള്ളിക്കുന്ന്, വിജിലേഷ്, ഫ്രാങ്കോ തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റ് അഭിനേതാക്കൾ.

എക്സിക്യൂട്ടീവ് പ്രൊഡ്യുസേർസ്: സഞ്ജീവ് മേനോൻ, ശ്യാംധർ, ഛായാഗ്രഹണം: മനേഷ് മാധവൻ, ചിത്രസംയോജനം: ജോയൽ കവി, സംഗീതം: ഗോപി സുന്ദർ, സൗണ്ട് ഡിസൈൻ: ജയദേവൻ ചക്കാടത്ത്, സിങ്ക് സൗണ്ട്: വൈശാഖ് പി വി, ഗാനരചന: മുഹ്സിൻ പെരാരി, സുഹൈൽ കോയ, പ്രൊജക്ട് ഡിസൈനർ: ഷംസുദീൻ മങ്കരത്തൊടി, പ്രൊഡക്ഷൻ കൺട്രോളർ: ഗിരീഷ് അത്തോളി, ചീഫ് അസോസിയേറ്റ് ഡയറെക്ടർ: അനീഷ് ജോർജ്, അസോസിയേറ്റ് ഡയറക്ടേർസ്: ഷിന്റോ വടക്കേക്കര, അഭിലാഷ് ഇല്ലിക്കുളം, പ്രൊഡക്ഷൻ എക്സിക്യൂട്ടീവ്: ഹാരിസ് റഹ്മാൻ, പ്രൊജക്റ്റ്‌ കോർഡിനേറ്റർ: അനൂപ് കൃഷ്ണ, ഫിനാൻസ് കൺട്രോളർ: വിജീഷ് രവി, കലാസംവിധാനം: വിശ്വനാഥൻ അരവിന്ദ്, വസ്ത്രാലങ്കാരം: ഇർഷാദ് ചെറുകുന്ന്, മേക്കപ്പ്: ലാലു കൂട്ടലിട, വി.എഫ്.എക്സ്: സജി ജൂനിയർ എഫ് എക്സ്, കളറിസ്റ്റ്: രമേശ്‌ അയ്യർ, ആക്ഷൻ: മാഫിയ ശശി, സ്റ്റിൽസ്: സെറീൻ ബാബു, പോസ്റ്റർ ഡിസൈൻ: യെല്ലോ ടൂത്ത്,ഡിസ്ട്രിബൂഷൻ – സെഞ്ചുറി ഫിലിംസ്, പിആർഒ & മാർക്കറ്റിംഗ്: വൈശാഖ് വടക്കേവീട്, ജിനു അനിൽകുമാർ.

Continue Reading

Film

മരുഭൂമിയിൽ പെയ്ത ദുരിതമഴയിൽ നിന്ന് ഗൾഫ് ജനത കരകയറട്ടെ, ആശ്വാസവാക്കുകളുമായി മമ്മൂട്ടിയും ടോവിനോയും

ഈ ദുരിതത്തില്‍ നിന്ന് ദുബൈയിലെ ജനങ്ങള്‍ എത്രയും വേഗം കരകയറട്ടെ എന്ന ആശ്വാസ വാക്കുകളുമായെത്തിയിരിക്കുകയാണ് മോളിവുഡിലെ പ്രമുഖരായ താരങ്ങള്‍.

Published

on

കഴിഞ്ഞ ദിവസങ്ങളില്‍ ദുബൈയില്‍ പെയ്ത കനത്ത മഴയില്‍ പ്രധാന നഗരങ്ങളും ഹൈവേകളും വിമാനത്താവളങ്ങളും വെള്ളത്തിനടിയിലായിരുന്നു. കഴിഞ്ഞ ഏഴുദശകത്തിനിടയില്‍ പ്രദേശത്ത് പെയ്ത ഏറ്റവും വലിയ മഴയായിരുന്നു ഇത്. ഈ ദുരിതത്തില്‍ നിന്ന് ദുബൈയിലെ ജനങ്ങള്‍ എത്രയും വേഗം കരകയറട്ടെ എന്ന ആശ്വാസ വാക്കുകളുമായെത്തിയിരിക്കുകയാണ് മോളിവുഡിലെ പ്രമുഖരായ താരങ്ങള്‍.

‘ഗള്‍ഫ് നാടുകളിലെ പ്രകൃതിക്ഷോഭം അവിടെയുള്ള സകലമാന ജീവിതങ്ങളെയും ദുരിതത്തില്‍ ആഴ്ത്തിയിരിക്കുന്നു എന്നത് വേദനയോടെ അറിയുന്നു. ആശങ്കകള്‍ മനസിലാക്കുന്നു. പരമാവധി സുരക്ഷിതരായിരിക്കുക. എല്ലാം എത്രയും പെട്ടന്ന് ശരിയാകട്ടെ എന്നാണ് മമ്മൂട്ടി പറയുന്നത്.

‘മരുഭൂമിയില്‍ സ്വപ്നനഗരിയില്‍ പടുത്തുയര്‍ത്തിയ അതേ ആര്‍ജ്ജവത്തോടെ ഈ ദുരിതപെയ്തിയില്‍ നിന്നും എത്രയും പെട്ടന്ന് സാധാരണ ജീവിതത്തിലേക്ക് തിരിച്ചെത്തുവാന്‍ നമ്മുടെ സഹോദരര്‍ ഉള്‍പ്പടെയുള്ള ഗള്‍ഫ് ജനതയ്ക്ക് സാധിക്കട്ടെ’ എന്നാണ് ടോവിനോ തോമസ് കുറിച്ചത്. നിരവധിപേര്‍ ദുബൈയി ജനതയ്ക്ക് പിന്തുണ അറിയിച്ചിട്ടുണ്ട്.

Continue Reading

Film

തർക്കം പരിഹരിച്ചു; പിവിആറിൽ മലയാള സിനിമകൾ പ്രദർശിപ്പിക്കും

നാളെ മുതൽ പിവിആർ സിനിമാസിൽ മലയാളം സിനിമകൾ പ്രദർശിപ്പിക്കും.

Published

on

പിവിആർ സിനിമാസും – പ്രൊഡ്യൂസേഴ്സ് അസോസിയേഷനുമായുള്ള തർക്കം പരിഹരിച്ചു. നാളെ മുതൽ പിവിആർ സിനിമാസിൽ മലയാളം സിനിമകൾ പ്രദർശിപ്പിക്കും.വ്യവസായി എം എ യുസഫ് അലിയുടെ മാധ്യസ്ഥതയിൽ ഫെഫ്ക്കയും പിവിആർ അധികൃതരും നടത്തി ചർച്ചയിലാണ് തീരുമാനം.

പിവിആർ തീരുമാനം പിൻവലിച്ചില്ലെങ്കിൽ ഭാവിയിൽ മൊഴിമാറ്റ ചിത്രങ്ങൾ അടക്കം പ്രദർശിപ്പിക്കാൻ അനുമതി നൽകില്ലെന്ന് സാങ്കേതിക ഫെഫ്ക നിലപാട് എടുത്തിരുന്നു. ഇതിന് പിന്നാലെയാണ് തിരുമാനത്തിൽ നിന്നും പിവിആർ അധികൃതർ പിന്മാറിയത്.

പിവിആര്‍ കയ്യൂക്ക് കാണിക്കുകയാണെന്നും പ്രദര്‍ശനം നിര്‍ത്തിവച്ച ദിവസങ്ങളിലെ നഷ്ടപരിഹാരം നല്‍കാതെ പ്രസ്തുത മള്‍ട്ടിപ്ലെക്സ് ശൃംഖലയ്ക്ക് ഇനി മലയാള സിനിമകള്‍ നല്‍കില്ലെന്നും ഫെഫ്ക അറിയിച്ചിരുന്നു. പരിഹാരം ഉണ്ടായില്ലെങ്കിൽ പ്രതിഷേധം പിവിആർ സ്ക്രീനുകളിലേക്ക് വ്യാപിപ്പിക്കും. പിവിആറിന്‍റെ നീക്കം പുതിയ സിനിമകള്‍ക്ക് വലിയ തിരിച്ചടിയാണെന്നും ഫെഫ്ക അറിയിച്ചിരുന്നു.

പിവിആറും നിർമാതാക്കളും തമ്മിലുള്ള ഡിജിറ്റൽ കണ്ടന്റ് പ്രൊഡക്ഷൻ സംബന്ധിച്ച തർക്കമാണ് സിനിമകളുടെ പ്രദർശനം നിർത്തിവെക്കുന്നതിലേക്ക് എത്തിയത്. വൻതുക നൽകുന്നത് ഒഴിവാക്കാൻ നിർമാതാക്കൾ സ്വന്തമായി ഇതിനുള്ള സംവിധാനം ഒരുക്കിയത് അ‌ംഗീകരിക്കാൻ തയ്യാറല്ലാത്തതാണ് തർക്കത്തിന് കാരണം.

Continue Reading

Trending