നാഗ്പൂര്‍: ഇന്ത്യക്കെതിരായ രണ്ടാം ട്വന്റി 20-യിലെ അംപയറുടെ തെറ്റായ തീരുമാനത്തിനെതിരെ ഇംഗ്ലണ്ട് മാച്ച് റഫറിക്ക് പരാതി നല്‍കുന്നു. ജയിക്കാന്‍ എട്ട് റണ്‍സ് ആവശ്യമായ അവസാന ഓവറില്‍ അംപയര്‍ സി. ഷംസുദ്ദീന്‍ ജോ റൂട്ടിനെതിരെ എല്‍.ബി ഡബ്ല്യൂ വിളിച്ചതാണ് ഇംഗ്ലണ്ട് ക്യാപ്ടന്‍ ഇയോന്‍ മോര്‍ഗനെ ചൊടിപ്പിച്ചത്. തീരുമാനം തെറ്റാണെന്ന് ടി.വി റീപ്ലേകളില്‍ വ്യക്തമായിരുന്നെങ്കിലും ട്വന്റി 20-യില്‍ അംപയറുടെ തീരുമാനം പുനഃപരിശോധിക്കാനുള്ള സംവിധാനം ഇല്ലാത്തത് ഇംഗ്ലണ്ടിന് തിരിച്ചടിയായി. അഞ്ച് റണ്ണിന് ഇംഗ്ലണ്ട് തോല്‍ക്കുകയും ചെയ്തു.

മാച്ച് റഫറി ആന്‍ഡി പിക്രോഫ്റ്റിനു മുന്നില്‍ തങ്ങളുടെ നിലപാട് വ്യക്തമാക്കുമെന്നും ജയിക്കാനുള്ള അവസരമാണ് തെറ്റായ തീരുമാനത്തിലൂടെ നഷ്ടമായതെന്നും മോര്‍ഗന്‍ പറഞ്ഞു. വിരാട് കോഹ്‌ലി ഏഴ് റണ്‍സില്‍ നില്‍ക്കെ ക്രിസ് ജോര്‍ദാന്റെ പന്തില്‍ അംപയര്‍ എല്‍.ബി.ഡബ്ല്യു നല്‍കാത്തതും പ്രതിഷേധത്തിനിടയാക്കിയിരുന്നു. 15 പന്തില്‍ 21 റണ്‍സ് നേടിയാണ് കോഹ്്‌ലി പിന്നീട് പുറത്തായത്. ട്വന്റി 20 മത്സരങ്ങളില്‍ ഡി.ആര്‍.എസ് സംവിധാനം നടപ്പാക്കാത്ത് അതിശയിപ്പിക്കുന്നുവെന്നും ടെസ്റ്റ്, ഏകദിന മത്സരങ്ങളില്‍ ആകാമെങ്കില്‍ എന്തുകൊണ്ട് ടി 20-യിലും ആയിക്കൂടാ എന്നും മോര്‍ഗന്‍ ചോദിക്കുന്നു.