കണ്ണൂര്‍: തെരഞ്ഞെടുപ്പിലെ സ്ഥാനാര്‍ത്ഥിത്വവുമായി ബന്ധപ്പെട്ട് സാമൂഹമാധ്യമങ്ങളില്‍ പി ജയരാജന്റെ ഫാന്‍പേജുകള്‍ ഉയര്‍ത്തിയ പ്രതിഷേങ്ങളെ തള്ളി സിപിഐഎം കേന്ദ്രകമ്മിറ്റി അംഗം ഇപി ജയരാജന്‍. പിജെ ആര്‍മി പോലുള്ള സംഘടനകളൊന്നുമില്ലെന്നും വെറുതെ ഓരോ പേരുമിട്ട് സാമൂഹ്യമാധ്യമങ്ങളില്‍ പേര് ദുരുപയോഗപ്പടുത്താന്‍ ഓരോരുത്തര്‍ ഇറങ്ങിയിരിക്കുകയാണെന്നും ഇപി ജയരാജന്‍ ആരോപിച്ചു.

‘ഒരു ആര്‍മിയും ഇല്ല. ഒരു പട്ടാളവുമില്ല ഇവിടെ. വെറുതെ ഒരോ പേരും കൊടുത്ത് നവമാധ്യമരംഗത്ത് പേര് കളങ്കപ്പെടുത്താന്‍ ഓരോരുത്തര്‍ ഇറങ്ങിപ്പുറപ്പെട്ടിരിക്കുകയാണ് ഇപി ജയരാജന്‍ പറഞ്ഞു.

നിയമസഭാ തെരഞ്ഞെടുപ്പില്‍ പി ജയരാജന് ഇത്തവണയും സീറ്റ് നല്‍കാത്തതില്‍ പ്രതിഷേധിച്ചായിരുന്നു പിജെ ആര്‍മി എന്ന ഫേസ്ബുക്ക് പേജില്‍ പോസ്റ്റുകള്‍ വന്നത്. ഒതുക്കാനാണ് തീരുമാനമെങ്കില്‍ വില നല്‍കേണ്ടി വരുമെന്നാണയിരുന്നു പോസ്റ്റുകളിലെ മുന്നറിയിപ്പ്.