തിരുവനന്തപുരം: നിയമസഭയില്‍ കോടിയേരിയുടെ മകനെ പരോക്ഷമായി വിമര്‍ശിച്ച് ഇ.പി ജയരാജന്‍. ഇ.പി.ജയരാജന്റെ മകന്റെ പേരില്‍ വിദേശത്ത് കേസുണ്ടെന്ന് അനില്‍ അക്കര ഉന്നയിച്ച ആരോപണത്തോട് പ്രതികരിക്കുമ്പോഴാണ് ജയരാജന്റെ ഒളിയമ്പ്. ആരില്‍ നിന്നും വായ്പ വാങ്ങുന്ന ആളല്ല തന്റെ മകനെന്നും മറ്റൊരാള്‍ ഉണ്ടാക്കിയ കടം സ്വന്തം പോക്കറ്റില്‍ നിന്ന് തീര്‍ത്ത ആളാണെന്നും ജയരാജന്‍ പറഞ്ഞു. വസ്തുതകള്‍ മനസ്സിലാക്കാതെ പ്രതിപക്ഷം സംസാരിക്കരുത്. തന്റെ മകനെന്ന് പറഞ്ഞ് പ്രതിപക്ഷം പറഞ്ഞത് മറ്റാരുടെയോ പേരാണ്. ഡീസല്‍ വിതരണ കമ്പനിയുടെ ഡിസ്ട്രിബ്യൂട്ടറാണ് തന്റെ മകന്‍. അറ്റ്‌ലസ് രാമചന്ദ്രന്റെ മകളുടെ ഭര്‍ത്താവിനെ സഹായിക്കാന്‍ അദ്ദേഹത്തിന്റെ കൂട്ടുകാരന്‍ കൂടിയായ തന്റെ മകന്‍ ഒരു ചെക്ക് നല്‍കിയിരുന്നു. മകന്‍ നല്‍കിയ ചെക്ക് കൂട്ടുകാരന്‍ മാറി പണമാക്കി. പകരം അതേ തുകക്ക് അറ്റലസ് രാമചന്ദ്രന്റെ മകളുടെ പേരിലുള്ള ചെക്ക് നല്‍കി. ഇത് ബാങ്കില്‍ മാറാന്‍ നല്‍കിയെങ്കിലും അക്കൗണ്ടില്‍ പണമില്ലാത്തതിനാല്‍ ചെക്ക് മടങ്ങി. ഇതിന്റ നഷ്ടപരിഹാരം മകന്‍ കൊടുത്തുതീര്‍ത്തെന്നും പ്രതിപക്ഷം രാഷ്ട്രീയ വിരോധത്തിന്റെ അടിസ്ഥാനത്തില്‍ വ്യക്തിഹത്യ നടത്തുകയാണെന്നും ജയരാജന്‍ പറഞ്ഞു.