X

വിവരാവകാശ നിയമത്തിന്റെ അന്തസത്ത

എം. കൃഷ്ണകുമാര്‍

കേരളത്തിലെ പ്രമുഖ ചാനല്‍ കണ്ണൂര്‍ സര്‍വകലാശാലയില്‍ സമര്‍പ്പിച്ച വിവരാവകാശ നിയമപ്രകാരമുള്ള അപേക്ഷയിന്മേല്‍ സ്ഥാപനത്തിലെ സ്റ്റേറ്റ് പബ്ലിക് ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ നല്‍കിയ മറുപടി ചര്‍ച്ചാവിഷയമായിരിക്കുന്നു. സര്‍വകലാശാല നടത്തിയ ഓണ്‍ലൈന്‍ ഇന്റര്‍വ്യൂവിന്റെ വിശദാംശങ്ങള്‍ ആവശ്യപ്പെട്ടു നല്‍കിയ അപേക്ഷയിന്‍മേല്‍ നിയമനവുമായി ബന്ധപ്പെട്ട് ഫയല്‍ ചെയ്ത റിട്ട് ഹര്‍ജി കേരള ഹൈക്കോടതിയുടെ പരിഗണനയിലായതിനാല്‍ അഭിമുഖവുമായി ബന്ധപ്പെട്ട വീഡിയോ അനുവദിക്കുന്നത് ഇപ്പോള്‍ പരിഗണിക്കാന്‍ സാധിക്കുകയില്ല എന്ന മറുപടിയാണ് നല്‍കിയിരിക്കുന്നത്. 2005 ലെ വിവരാവകാശ നിയമം 8 (1) , 9 വകുപ്പുകള്‍ പ്രകാരം ചില വിവരങ്ങള്‍ വെളിപ്പെടുത്തലില്‍നിന്നും ഒഴിവാക്കിയിട്ടുണ്ട്. 8 (1) വകുപ്പിലെ (b), (d) ,(e) എന്നീ ഉപവകുപ്പുകള്‍ പ്രകാരം പബ്ലിക് ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍മാര്‍ വിവരം നിരസിക്കുന്നത് അപ്പീലുകള്‍ക്കും കോടതി വ്യവഹാരങ്ങള്‍ക്കും ഇടയാകുന്നുണ്ട്.

വിവരാവകാശ നിയമം 8 (1) (b) വകുപ്പ് കോടതികളും ട്രിബ്യൂണലുകളുമായി ബന്ധപ്പെട്ട വിവരങ്ങളെ സംബന്ധിച്ചുള്ളതാണ്. ഈ വകുപ്പ് പ്രകാരം ഏതെങ്കിലും നിയമ കോടതിയാലോ, ട്രിബ്യൂണലാലോ പ്രത്യക്ഷമായി പ്രസിദ്ധീകരണം നിരോധിച്ചിട്ടുള്ള വിവരങ്ങളും വെളിപ്പെടുത്തിയാല്‍ കോടതിയലക്ഷ്യമാകുന്ന വിവരങ്ങളുടേയും വെളിപ്പെടുത്തലുകള്‍ ഒഴിവാക്കപ്പെട്ടിരിക്കുന്നു. കണ്ണൂര്‍ സര്‍വകലാശാല നല്‍കിയ മറുപടിയില്‍ അപേക്ഷകന്‍ ആവശ്യപ്പെട്ട വിവരം കോടതിയുടെ പരിഗണനയിലിരിക്കുന്ന വിഷയമായതിനാല്‍ ഇപ്പോള്‍ പരിഗണിക്കാന്‍ സാധ്യമല്ല എന്ന് അറിയിച്ചിരിക്കുന്നു. നിയമത്തിലെ 8 (1) (b) വകുപ്പ് ആധാരമാക്കി, കോടതി വ്യവഹാരവുമായി ബന്ധപ്പെട്ട് പൊതു അധികാരിയുടെ കൈവശമുള്ള അന്വേഷണ റിപ്പോര്‍ട്ടുകള്‍, നിയമോപദേശങ്ങള്‍, വസ്തുതാപ്രശ്‌നം, സത്യവാങ്മൂലം തുടങ്ങിയവയുടെ പകര്‍പ്പുകള്‍ ആവശ്യപ്പെട്ടുകൊണ്ട് സമര്‍പ്പിക്കുന്ന അപേക്ഷകള്‍ സാധാരണയായി നിരസിക്കുകയാണ് കണ്ടുവരുന്നത്. ഇത് പൊതു അധികാരികള്‍ നിയമത്തിലെ വകുപ്പുകളുടെ സൂക്ഷ്മ വ്യാഖ്യാനങ്ങളെപറ്റി ബോധവാന്മാരല്ലാത്തതുകൊണ്ടാണെന്ന് പറയേണ്ടിയിരിക്കുന്നു. ആവശ്യപ്പെട്ട വിവരം കോടതിയുടെ പരിഗണനയിലിരിക്കുന്നു എന്നതിന്റെ അടിസ്ഥാനത്തില്‍മാത്രം വിവരം നിരസിക്കാന്‍ സാധിക്കുകയില്ലെന്നും വെളിപ്പെടുത്തിയാല്‍ കോടതിയലക്ഷ്യമാകുന്ന വിവരങ്ങളാണ് നിയമത്തിലെ 8 (1) (യ) വകുപ്പുപ്രകാരം നിരസിക്കാന്‍ സാധിക്കുന്നതെന്നും പബ്ലിക് ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍മാര്‍ അറിഞ്ഞിരിക്കേണ്ടതാണ്. മാത്രമല്ല, രഹസ്യമായി സൂക്ഷിക്കേണ്ടതാണെന്ന് കോടതി പ്രത്യക്ഷമായി ഉത്തരവായിട്ടുള്ള വിവരങ്ങള്‍ മാത്രമേ കക്ഷികള്‍ക്ക് ലഭിക്കാതിരിക്കുകയുള്ളൂ. കോടതി വ്യവഹാരവുമായി ബന്ധപ്പെട്ട മിക്കവാറും രേഖകള്‍ കോടതിയില്‍നിന്നും കക്ഷികള്‍ക്ക് അപേക്ഷ പ്രകാരം ശേഖരിക്കാവുന്നതാണ്. ആയതിനാല്‍ കോടതി ഏതെങ്കിലും വിവരം വെളിപ്പെടുത്തല്‍ പ്രത്യക്ഷമായി വിലക്കിയിട്ടില്ലെങ്കില്‍ പ്രസ്തുത വിവരം വെളിപ്പെടുത്തുന്നത് കോടതിയലക്ഷ്യമാവുകയില്ല.

നിയമത്തിലെ 8 (1) (d) വകുപ്പും വിവരം നിരസിക്കുന്നതിന് പൊതു അധികാരികള്‍ ദുരുപയോഗം ചെയ്യുന്നുണ്ട്. തക്കതായ അധികാര സ്ഥാനത്തിന് പൊതുജനത്തിന്റെ ഭൂരിപക്ഷ താല്‍പര്യം അത്തരം വിവരത്തിന്റെ വെളിപ്പെടുത്തല്‍ ആവശ്യപ്പെടുന്നുവെന്ന് ബോധ്യപ്പെടുന്നുവെങ്കിലല്ലാതെ മൂന്നാം കക്ഷിയുടെ മത്സരാവസ്ഥയ്ക്ക് ദോഷം ചെയ്യുമെന്നുള്ള വാണിജ്യ രഹസ്യത്തിന്റെയും വ്യാപാര രഹസ്യത്തിന്റെയും ബൗദ്ധിക സ്വത്തുക്കളും ഉള്‍പ്പെടെയുള്ള വിവരത്തിന്റെ വെളിപ്പെടുത്തലുമാണ് പ്രസ്തുത വകുപ്പുപ്രകാരം ഒഴിവാക്കിയിട്ടുള്ളത്. ലളിതമായി പറഞ്ഞാല്‍, മൂന്നാം കക്ഷി രഹസ്യമായി സൂക്ഷിക്കാന്‍ ഉദ്ദേശിച്ച രേഖകളാണ് യഥാര്‍ത്ഥത്തില്‍ ഈ വകുപ്പ് പ്രകാരം ഒഴിവാക്കാന്‍ സാധിക്കുന്നത്. ഇത്തരം സാഹചര്യങ്ങളില്‍ വിവരാവകാശ നിയമം വകുപ്പ് 11 അനുശാസിക്കുന്ന പ്രകാരം മൂന്നാം കക്ഷിയില്‍ നിന്നുള്ള വിവരം സംബന്ധിച്ചുള്ള നടപടിക്രമങ്ങള്‍ പബ്ലിക് ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ എടുക്കേണ്ടതാണ്. അപേക്ഷ ലഭിച്ച് 5 ദിവസത്തിനുള്ളില്‍ മൂന്നാം കക്ഷിക്ക് അപേക്ഷയെ സംബന്ധിച്ചും വിവരമോ രേഖയോ വെളിപ്പെടുത്തുന്നതിന് ഉദ്ദേശിക്കുന്നുവെന്നുള്ള വസ്തുതയും വിവരം വെളിപ്പെടുത്തേണ്ടതാണോ എന്നതു സംബന്ധിച്ച ലിഖിതമായോ വാക്കാലുള്ളതോ ആയ നിര്‍ദ്ദേശം നല്‍കുന്നതിന് മൂന്നാം കക്ഷിയെ ക്ഷണിച്ചുകൊണ്ടും ലിഖിതമായി നോട്ടീസ് നല്‍കേണ്ടതും മൂന്നാം കക്ഷിയുടെ അത്തരം നിര്‍ദ്ദേശം വിവരത്തിന്റെ വെളിപ്പെടുത്തല്‍ സംബന്ധിച്ച തീരുമാനമെടുക്കുമ്പോള്‍ ബന്ധപ്പെട്ട പബ്ലിക് ഇഫര്‍മേഷന്‍ ഓഫീസര്‍ പരിഗണിക്കേണ്ടതുമാണെന്ന് ഈ വകുപ്പ് നിര്‍ദ്ദേശിക്കുന്നു. ഇവിടെ പബ്ലിക് ഇന്‍ഫര്‍മേഷന്‍ ഓഫീസറുടെ വിവേചനാധികാരം പ്രയോഗിക്കാവുന്നതാണ്. മൂന്നാം കക്ഷി വിവരം നല്‍കുന്നതിന് വിസമ്മതം പ്രകടിപ്പിച്ചാല്‍ പോലും നിയമത്താല്‍ സംരക്ഷിക്കപ്പെട്ടിട്ടുള്ള വ്യാപാരത്തിന്റെയോ വാണിജ്യത്തിന്റെയോ രഹസ്യത്തിന്റെ സംഗതിയിലൊഴികെ, മൂന്നാം കക്ഷിയുടെ താല്‍പര്യത്തിന് ഉണ്ടാവുന്ന ഹാനിക്കോ നഷ്ടത്തേക്കാളോ കൂടുതല്‍ പ്രാധാന്യം പൊതു താല്‍പര്യത്തിനുണ്ടെങ്കില്‍ വെളിപ്പെടുത്തല്‍ അനുവദിക്കാവുന്നതാണ്. ഇത്തരം സാഹചര്യത്തില്‍ സമര്‍പ്പിക്കപ്പെട്ട അപേക്ഷയില്‍മേല്‍ ‘പൊതു താല്‍പര്യം’ കണ്ടെത്താന്‍ കഴിയാതെ അല്ലെങ്കില്‍ അതിന് ശ്രമിക്കാതെ വിവരം നിരസിക്കാനാണ് മിക്കവാറും ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍മാര്‍ തയ്യാറാകുന്നത്.

നിയമത്തിലെ 8 (1) (e) വകുപ്പ് വിശ്വാസാധിഷ്ഠിതമായ (Fiduciary relationship) വിവരങ്ങള്‍ വെളിപ്പെടുത്തുന്നതിനെ സംബന്ധിച്ചുള്ളതാണ്. അഭിഭാഷകനും കക്ഷിയും ഡോക്ടറും രോഗിയും നികുതി വകുപ്പ് ഉദ്യോഗസ്ഥനും സ്റ്റോക്ക്‌ബ്രോക്കറും കസ്റ്റമറും തമ്മിലുള്ള ബന്ധം ഇത്തരത്തിലുള്ളതാണ്. ഒരു വ്യക്തി തന്നെക്കാള്‍ യോഗ്യതയുള്ളതും തന്റെ താല്‍പര്യങ്ങള്‍ സംരക്ഷിക്കാന്‍ കഴിവുണ്ടെന്ന് താന്‍ വിശ്വസിക്കുന്നതുമായ മറ്റൊരു വ്യക്തിയില്‍ വിശ്വാസം അര്‍പ്പിക്കുമ്പോഴാണ് ഇത്തരത്തിലൊരു ബന്ധം രൂപപ്പെടുന്നതെന്ന് സാമാന്യമായി പറയാം. ഇവിടെയും വിവരം വെളിപ്പെടുത്തുന്നത് പരിഗണിക്കുമ്പോള്‍ പൊതുജനത്തിന്റെ ഭൂരിപക്ഷ താല്‍പര്യം കണക്കിലെടുക്കേണ്ടിയിരിക്കുന്നു.

നിയമത്തിലെ വകുപ്പ് 9 പകര്‍പ്പവകാശവുമായി ബന്ധപ്പെട്ടതാണ്. വെളിപ്പെടുത്തല്‍ ഒരു വ്യക്തിയുടെ പകര്‍പ്പവകാശത്തിന്റെ ലംഘനമാകുന്ന വിവരങ്ങളാണ് ഈ വകുപ്പു പ്രകാരം ഒഴിവാക്കിയിട്ടുള്ളത്. സര്‍ക്കാരിന്റെ പകര്‍പ്പവകാശം ഈ വകുപ്പിന്റെ പരിധിയില്‍ വരുന്നില്ല. ഏറ്റവും ശക്തമായ ജനപക്ഷ നിയമമാണ് വിവരാവകാശ നിയമം. ഈ നിയമത്തിലെ വ്യവസ്ഥകളെക്കുറിച്ച് അപേക്ഷകര്‍ക്കും അധികാരികള്‍ക്കും ശരിയായ ബോധ്യമുണ്ടെങ്കില്‍ മാത്രമേ അറിയാനുള്ള അവകാശം പൂര്‍ണ തോതില്‍ പ്രാവര്‍ത്തികമാകുകയുള്ളൂ.

web desk 3: