Connect with us

kerala

നിത്യോപയോഗ സാധനങ്ങള്‍ക്ക് പൊള്ളുന്ന വില; ഇടപെടാതെ സര്‍ക്കാര്‍

കേരളം ചരിത്രത്തിലെ ഏറ്റവും രൂക്ഷമായ വിലക്കയറ്റം നേരിടുന്ന സാഹചര്യത്തിലും സര്‍ക്കാര്‍ ഇടപെടല്‍ ഉണ്ടാകാത്തതില്‍ വ്യാപക പ്രതിഷേധം.

Published

on

തിരുവനന്തപുരം: കേരളം ചരിത്രത്തിലെ ഏറ്റവും രൂക്ഷമായ വിലക്കയറ്റം നേരിടുന്ന സാഹചര്യത്തിലും സര്‍ക്കാര്‍ ഇടപെടല്‍ ഉണ്ടാകാത്തതില്‍ വ്യാപക പ്രതിഷേധം. പലവ്യഞ്ജനം, പഴം, പച്ചക്കറി അടക്കം എല്ലാ നിത്യോപയോഗ സാധനങ്ങള്‍ക്കും കൊള്ളവിലയാണ്.

വന്‍വിലക്കയറ്റം സാധാരണക്കാരുടെ കുടുംബ ബജറ്റിന്റെ താളം തെറ്റിച്ചിട്ടും സര്‍ക്കാര്‍ ഇടപെടാതെ മാറി നില്‍ക്കുകയാണ്. അടുത്തിടെയായി ഇരട്ടിയിലധികം വിലയാണ് സാധനങ്ങള്‍ക്ക് വര്‍ധിച്ചിരിക്കുന്നത്. അരിക്ക് മാത്രം പത്ത് മുതല്‍ പതിനഞ്ച് രൂപ വരെയാണ് കൂടിയത്. പച്ചക്കറികളുടെ വിലക്കയറ്റം ചിന്തിക്കാന്‍ പോലും കഴിയാത്ത അവസ്ഥയിലാണ്. 20 രൂപയുടെ തക്കാളി 100 കടന്നു. ഇഞ്ചിയുടെ വില വാണം പോലെ കുതിക്കുകയാണ്. ഉപ്പ് മുതല്‍ കര്‍പ്പൂരത്തിന് വരെ നാട്ടില്‍ തീവിലയാണ്. എങ്കിലും സര്‍ക്കാരിന്റെ ധൂര്‍ത്തിന് ഒരു കുറവുമില്ല.

പിണറായി സര്‍ക്കാര്‍ ആദ്യം അധികാരത്തില്‍ കയറിയപ്പോഴുണ്ടായ വാഗ്ദാനം അവശ്യസാധനങ്ങളുടെ വില വര്‍ധിക്കില്ലെന്നായിരുന്നു. എന്നാല്‍ രണ്ടാമൂഴത്തിലും വന്‍വിലക്കയറ്റമാണ് അനുഭവപ്പെടുന്നത്. കടുത്ത സാമ്പത്തിക പ്രതിസന്ധിക്കൊപ്പം നിത്യോപയോഗ സാധനങ്ങളുടെ വിലക്കയറ്റം കൂടിയാകുമ്പോള്‍ ജനങ്ങള്‍ അക്ഷരാര്‍ത്ഥത്തില്‍ നട്ടം തിരിയുകയാണ്. സര്‍ക്കാരിന്റെ കെടുകാര്യസ്ഥത വിലക്കയറ്റത്തെ രൂക്ഷമാക്കുന്നതായാണ് വിമര്‍ശനം.

അവശ്യ സാധന വില വാനോളം കുതിച്ചുയരുമ്പോഴും വിലക്കയറ്റം പിടിച്ചുനിര്‍ത്താന്‍ വിപണിയില്‍ ഇടപെടാതെ സര്‍ക്കാര്‍ ജനങ്ങളെ വഞ്ചിക്കുകയാണെന്ന് കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല ആരോപിച്ചു. മുഖ്യമന്ത്രിയുടെയും മന്ത്രിമാരുടെയും വിദേശയാത്ര കൊണ്ട് കേരളത്തിന് ഒരു ഗുണവുമുണ്ടായിട്ടില്ല. ഈ യാത്ര രണ്ടാം പിണറായിസര്‍ക്കാരിന്റെ അവസാന ഉല്ലാസയാത്രയാണ്. സര്‍ക്കാര്‍ ജനങ്ങളെ നേരിട്ട് ബാധിക്കുന്ന കാര്യങ്ങള്‍ കണ്ടില്ലെന്ന് നടിക്കുകയാണ്. സര്‍ക്കാര്‍ അടിയന്തരമായി വിപണിയില്‍ ഇടപെട്ട് വിലക്കയറ്റം പിടിച്ചുനിര്‍ത്തി ജനങ്ങള്‍ക്ക് ന്യായവിലയ്ക്ക് നിത്യോപയോഗസാധനങ്ങള്‍ ഉറപ്പ് വരുത്തണമെന്നും ചെന്നിത്തല ആവശ്യപ്പെട്ടു. ലോക കേരള സഭക്ക് വ്യാപകമായി പിരിക്കുകയും വിദേശ മലയാളികള്‍ കോടികള്‍ സംഭാവനയായി നല്‍കുകയും ചെയ്തിട്ടും ഖജനാവില്‍ നിന്ന് കോടികള്‍ നല്‍കിയതെന്തിനെന്ന ചോദ്യത്തിന് ഉത്തരമില്ല. ജനങ്ങളോട് ഒരു പ്രതിബദ്ധതയുമില്ലാത്ത സര്‍ക്കാരാണ് കേരളം ഭരിക്കുന്നതെന്നും ചെന്നിത്തല കുറ്റപ്പെടുത്തി.

അതേസമയം അടുത്തമാസം ഏഴിന് നിയമസഭാ സമ്മേളനം ചേരാനിരിക്കെ സഭക്കകത്തും പുറത്തും ശക്തമായ പ്രതിഷേധമുയര്‍ത്താനാണ് പ്രതിപക്ഷത്തിന്റെ തീരുമാനം. ഇപ്പോള്‍ ഇത്ര രൂക്ഷമായ വിലയാണെങ്കില്‍ ഓണവിപണിയാകുമ്പോള്‍ ജനം നട്ടം തിരിയുമെന്നും പ്രതിപക്ഷം വിലയിരുത്തുന്നു. വിലക്കയറ്റം നിയന്ത്രിക്കാന്‍ യാതൊരു തരത്തിലുള്ള വിപണി ഇടപെടലുകളും ഉണ്ടാകുന്നില്ല.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

film

30ാമത് ഐ.എഫ്.എഫ്.കെ: ഡെലിഗേറ്റ് രജിസ്ട്രേഷന്‍ നാളെ മുതല്‍

registration.iffk.in എന്ന ലിങ്കിലൂടെ ഡെലിഗേറ്റ് രജിസ്ട്രേഷന്‍ നടത്താവുന്നതാണ്.

Published

on

കേരള സംസ്ഥാന ചലച്ചിത്ര അക്കാദമി ഡിസംബര്‍ 12 മുതല്‍ 19 വരെ തിരുവനന്തപുരത്ത് സംഘടിപ്പിക്കുന്ന 30ാമത് ഐ.എഫ്.എഫ്.കെയുടെ ഡെലിഗേറ്റ് രജിസ്ട്രേഷന്‍ നവംബര്‍ 25 ചൊവ്വാഴ്ച രാവിലെ 10 മണിക്ക് ആരംഭിക്കും. registration.iffk.in എന്ന ലിങ്കിലൂടെ ഡെലിഗേറ്റ് രജിസ്ട്രേഷന്‍ നടത്താവുന്നതാണ്. പൊതുവിഭാഗത്തിന് ജി.എസ്.ടി ഉള്‍പ്പെടെ 1180 രൂപയും വിദ്യാര്‍ത്ഥികള്‍ക്ക് ജി.എസ്.ടി ഉള്‍പ്പെടെ 590 രൂപയുമാണ് ഡെലിഗേറ്റ് ഫീസ്. പൊതുവിഭാഗം, വിദ്യാര്‍ത്ഥികള്‍, ഫിലിം സൊസൈറ്റി, ഫിലിം ആന്റ് ടി.വി പ്രൊഫഷണല്‍സ് തുടങ്ങി എല്ലാ വിഭാഗങ്ങളിലേക്കും ഓണ്‍ലൈനായി രജിസ്ട്രേഷന്‍ നടത്താം. നേരിട്ട് രജിസ്റ്റര്‍ ചെയ്യുന്നതിന് മേളയുടെ മുഖ്യവേദിയായ ടാഗോര്‍ തിയേറ്ററില്‍ ഡെലിഗേറ്റ് സെല്‍ സജ്ജീകരിച്ചിട്ടുണ്ട്.

ഏഷ്യന്‍, ആഫ്രിക്കന്‍, ലാറ്റിനമേരിക്കന്‍ രാജ്യങ്ങളില്‍നിന്നുള്ള സിനിമകളുടെ അന്താരാഷ്ട്ര മല്‍സര വിഭാഗം, മുന്‍നിര ചലച്ചിത്രമേളകളില്‍ അംഗീകാരങ്ങള്‍ നേടിയ സിനിമകള്‍ ഉള്‍പ്പെടുന്ന ലോകസിനിമാ വിഭാഗം, ഇന്ത്യന്‍ സിനിമ നൗ, മലയാളം സിനിമ റ്റുഡേ, കണ്‍ട്രി ഫോക്കസ് വിഭാഗത്തിലുള്ള ചിത്രങ്ങള്‍, മണ്‍മറഞ്ഞ ചലച്ചിത്രപ്രതിഭകള്‍ക്ക് സ്മരണാഞ്ജലിയര്‍പ്പിക്കുന്ന ഹോമേജ് വിഭാഗം തുടങ്ങിയ പാക്കേജുകള്‍ 30ാമത് ഐ.എഫ്.എഫ്.കെയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.

സംവിധായകരും സാങ്കേതിക പ്രവര്‍ത്തകരും ജൂറി അംഗങ്ങളുമുള്‍പ്പെടെ വിദേശരാജ്യങ്ങളില്‍നിന്നുള്ള ഇരുനൂറില്‍പ്പരം അതിഥികള്‍ മേളയില്‍ പങ്കെടുക്കും. മേളയുടെ ഭാഗമായി ഓപ്പണ്‍ ഫോറം, മീറ്റ് ദ ഡയറക്ടര്‍, ഇന്‍ കോണ്‍വര്‍സേഷന്‍, എക്സിബിഷന്‍, കലാസാംസ്‌കാരിക പരിപാടികള്‍ എന്നിവ ഉണ്ടായിരിക്കും.

Continue Reading

kerala

പോലീസ് വേഷം ധരിച്ച് യുവാവിനെ തട്ടിക്കൊണ്ടുപോയ കേസ്: സഹായികള്‍ ഉള്‍പ്പെടെ മൂന്ന് പേര്‍ പിടിയില്‍

പിടിയിലായവര്‍ സജിത്, മഹേഷ് കുമാര്‍, മുഹമ്മദ് റോഷന്‍. കാരാട് സ്വദേശി മുഹമ്മദ് ഫൈജാസിനെ തട്ടിക്കൊണ്ടുപോയ സംഭവത്തിലാണ് ഇവര്‍ക്കെതിരെ നടപടി.

Published

on

മലപ്പുറം: പോലീസ് വേഷം ധരിച്ച് യുവാവിനെ തട്ടിക്കൊണ്ടുപോയ കേസില്‍ പ്രതികളെ സഹായിച്ച മൂന്ന് പേരെ വാഴക്കാട് പൊലീസ് അറസ്റ്റ് ചെയ്തു. പിടിയിലായവര്‍ സജിത്, മഹേഷ് കുമാര്‍, മുഹമ്മദ് റോഷന്‍. കാരാട് സ്വദേശി മുഹമ്മദ് ഫൈജാസിനെ തട്ടിക്കൊണ്ടുപോയ സംഭവത്തിലാണ് ഇവര്‍ക്കെതിരെ നടപടി.

കഴിഞ്ഞ 22-നാണ്, പോലീസ് ഉദ്യോഗസ്ഥരെന്ന വ്യാജേന എത്തിയ രണ്ട് പേര്‍ ഫൈജാസിനെ വീട്ടില്‍ നിന്ന് കൂട്ടിക്കൊണ്ടുപോയത്. എംഡിഎംഎ വ്യാപാരത്തില്‍ അടുപ്പമുണ്ടെന്ന് പറഞ്ഞാണ് ഇയാളെ പ്രതികള്‍ കാറില്‍ കയറ്റിയത്. തുടര്‍ന്ന് മറ്റൊരു സ്ഥലത്തേക്ക് കൊണ്ടുപോയ പ്രതികള്‍ പണം ആവശ്യപ്പെടുകയും മര്‍ദനമര്‍പ്പിക്കുകയും ചെയ്തതായി ഫൈജാസ് നല്‍കിയ പരാതിയില്‍ പറയുന്നു.

സംഭവവുമായി ബന്ധപ്പെട്ട പ്രതികളെ കണ്ടെത്താനുള്ള അന്വേഷണം തുടരുകയാണെന്ന് പോലീസ് അറിയിച്ചു.

 

Continue Reading

kerala

തൃശൂരില്‍ രാഗം തിയേറ്റര്‍ നടത്തിപ്പുകാരനെ ആക്രമിച്ച കേസ് അഞ്ച് പേര്‍ പിടിയില്‍

ആക്രമണത്തിന് ഉപയോഗിച്ച ചുറ്റിക വാങ്ങിയ കടയെയും പൊലീസ് കണ്ടെത്തി.

Published

on

തൃശൂര്‍: രാഗം തിയേറ്ററില്‍ പ്രവര്‍ത്തനചുമതലയുള്ള സുനിലിനെ ആക്രമിച്ച കേസില്‍ അഞ്ച് പ്രതികളെ പൊലീസ് പിടികൂടി. കൊട്ടേഷന്‍ സംഘത്തിലെ മൂന്നുപേരും ഉള്‍പ്പെടുന്ന സംഘം സിജോ എന്ന തൃശൂര്‍ സ്വദേശിയുടെ നേതൃത്വത്തിലാണെന്ന് അന്വേഷണത്തില്‍ വ്യക്തമായി.

സുനിലിനെയും അദ്ദേഹത്തിന്റെ ഡ്രൈവറായ അജീഷിനെയും വെട്ടിയ സംഭവത്തില്‍ സഹായകമായ നിര്‍ണായക സിസിടിവി ദൃശ്യങ്ങള്‍ പൊലീസിന് ലഭിച്ചിരുന്നു. ആക്രമണത്തിന് ഉപയോഗിച്ച ചുറ്റിക വാങ്ങിയ കടയെയും പൊലീസ് കണ്ടെത്തി. ചുറ്റികയുടെ പിടിയിലുണ്ടായിരുന്ന പച്ച സ്റ്റിക്കറിലെ നമ്പറാണ് അന്വേഷണം നിര്‍ണായക വഴിത്തിരിവിലേക്ക് നയിച്ചത്.

തൃശൂര്‍ കുറുപ്പം റോഡിലെ കടയില്‍ നിന്നാണ് ആക്രമണോപകരണങ്ങളായ ചുറ്റിക വാങ്ങിയത്. ഈ ചുറ്റിക ഉപയോഗിച്ചാണ് സുനിലിന്റെ കാറിന്റെ ഗ്ലാസ് തകര്‍ത്തതും തുടര്‍ന്ന് വാളുകൊണ്ട് വെട്ടുകയും ചെയ്തത്.

രാത്രി 10 മണിയോടെ വെളപ്പായയിലെ വീട്ടിന്റെ ഗേറ്റിനു മുന്നില്‍ കാറില്‍ നിന്ന് ഇറങ്ങുന്ന സമയത്താണ് മൂന്നു പേര്‍ പതുങ്ങിയിരുന്നിടത്ത് നിന്ന് പുറത്ത് ചാടി സുനിലിനും ഡ്രൈവറിനും നേരെ ആക്രമണം നടത്തിയത്. സുനിലിന്റെ കാലിലും അജീഷിന്റെ കൈയിലും വെട്ടേറ്റിരുന്നു. ഇരുവരെയും സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.

സംഭവത്തിന് പിന്നിലെ കാരണം വ്യക്തമല്ലെങ്കിലും, വ്യക്തിപരമായ വൈരാഗ്യമോ സാമ്പത്തിക തര്‍ക്കമോ ആകാമെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. ചികിത്സയിലുള്ള സുനിലിന്റെ വിശദമായ മൊഴി ഉടന്‍ രേഖപ്പെടുത്തും. പൊലീസ് കൂടുതല്‍ അന്വേഷണവും ചോദ്യം ചെയ്യലുകളും തുടരുകയാണ്.

 

Continue Reading

Trending