കുന്ദമംഗലം: കാരന്തൂര്‍ മര്‍ക്കസിന്റെ കീഴില്‍ മര്‍ക്കസ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് എന്‍ജിനിയറിങ് ടെക്നോളജി (എം.ഐ.ഇ.ടി) എന്നപേരില്‍ തുടങ്ങിയ സ്ഥാപനത്തില്‍ നടന്ന വ്യാജകോഴ്സിന്റെ മറവില്‍ നടന്ന കോടികളുടെ തട്ടിപ്പിനെതിരെ ഇരകളായ വിദ്യാര്‍ത്ഥികള്‍ മര്‍ക്കസ് മെയിന്‍ കവാടത്തിനുമുന്നില്‍ നടത്തുന്ന അനിശ്ചിതകാല സത്യഗ്രഹം മൂന്നാം ദിവസത്തേക്ക്. അതിനിടെ അനിശ്ചിതകാല സത്യഗ്രഹം നടത്തുന്ന മര്‍ക്കസ് സ്റ്റുഡന്‍സ് സമര സമിതി കമ്മിറ്റിപ്രതിനിധി മുബാറക് അരീക്കോടിന്റെ ആരോഗ്യനില മോശമായതിനെ തുടര്‍ന്ന് കോഴിക്കോട് മെഡിക്കല്‍ കോളജ് ആസ്പത്രിയില്‍ പ്രവേശിപ്പിച്ചു. ആസ്പത്രി അധികൃതര്‍ നിരാഹാരം അവസാനിപ്പിക്കാന്‍ ആവശ്യപ്പെട്ടിരുന്നെങ്കിലും മുബാറക് അതിന് തയ്യാറായില്ല. ഇദ്ദേഹം ആസ്പത്രിയില്‍നിന്ന് സമരപന്തലിലേക്ക് തന്നെ മടങ്ങി. സമരത്തിന്റെ രണ്ടാം ദിവസമായ ഇന്നലെ തൃശൂര്‍ സ്വദേശി കെ.എംഷമീര്‍ നിരാഹാരസമരം ആരംഭിച്ചു. സമരം കൂടുതല്‍ ശക്തിപ്പെടുന്നതിന്റെ ഭാഗമായി മര്‍ക്കസ് മെയിന്‍ കവാടത്തിനു മുന്നില്‍ സമരപ്പന്തല്‍ കെട്ടി. പൊലീസ് തടയാന്‍ശ്രമിച്ചെങ്കിലും സമരക്കാര്‍ മുദ്രാവാക്യം മുഴക്കി പൊലീസ് വിലക്ക് ലംഘിച്ച് പന്തല്‍ കെട്ടി. വിവിധ വിദ്യാര്‍ത്ഥി സംഘടനാപ്രതിനിധികളും തട്ടിപ്പിനിരകളായ വിദ്യാര്‍ത്ഥികളും രക്ഷിതാക്കളും ഇന്നലെ പ്രത്യേക യോഗം ചേര്‍ന്ന് സമരം ശക്തിപ്പെടുത്താന്‍ തന്ത്രങ്ങള്‍ ആവിഷ്‌കരിച്ചു. സമരം ഏറ്റെടുക്കുന്നതിന് ഇന്ന് സര്‍വ്വകക്ഷിയോഗം ചേരുന്നുണ്ട്. ഇന്നലെ എസ്.എഫ്.ഐ കുന്ദമംഗലം ഏരിയാ കമ്മിറ്റി, കാമ്പസ് ഫ്രണ്ട്, എ.ബി.വി.പി തുടങ്ങിയ സംഘടനകള്‍ സ്ഥാപനത്തിലേക്ക് നടത്തിയ മാര്‍ച്ച് പൊലിസ് മെയിന്‍ കവാടത്തില്‍ തടഞ്ഞു. ടി.വി അനുരാഗ്, അഭിനവ്, ജിഷ്ണു എന്നിവര്‍ എസ്.എഫ്.ഐ മാര്‍ച്ചിന് നേതൃത്വം നല്‍കി. മണ്ഡലം എം.എസ്.എഫ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ കഴിഞ്ഞ ദിവസം മാര്‍ച്ച് നടത്തിയിരുന്നു. സമര സമിതി നടത്തിക്കൊണ്ടിരിക്കുന്ന നിരാഹാര സത്യഗ്രഹത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് എം.എസ്.എഫ് പ്രവര്‍ത്തകര്‍ റിലേ സത്യഗ്രഹം നടത്തുന്നുണ്ട്‌