Connect with us

Video Stories

യോഗിയുഗവും ന്യൂനപക്ഷ ഭാവിയും

Published

on

 
എം.ജെ വാഴക്കാട്‌

 
പ്രധാനമന്ത്രിയാവും വരെ തീവ്രഹിന്ദുത്വത്തിന്റെ ഏറ്റവും വലിയ പ്രതീകമായിരുന്നു നരേന്ദ്രമോദി. അധികാരാരോഹണ ശേഷം തീവ്രഹിന്ദുത്വത്തിന്റെ വാചകമടിയുടെ പേരില്‍ തല്‍സ്ഥാനത്ത് പ്രതിഷ്ടിക്കപ്പെട്ടത് യോഗി ആദിത്യനാഥിായിരുന്നു. ഇപ്പോള്‍ യോഗിയെ ഉത്തര്‍പ്രദേശിന്റെ ഭരണചക്രമേല്‍പിച്ച്അമ്പത് ദിവസം പിന്നിടുമ്പോള്‍ മോദി മറ്റൊരു തന്ത്രം യോഗിയിലൂടെ യുപിയില്‍ പയറ്റുകയാണ്. 2019 ലോക്‌സഭ തെരഞ്ഞെടുപ്പില്‍ രാജ്യം തൂത്തുവാരുകയെന്ന മോദി-അമിത് ഷാ കൂട്ടുകെട്ടിന്റെ ലക്ഷ്യത്തിലേക്ക് ഏറ്റവും നിര്‍ണായകമായ യുപി സീറ്റുകള്‍ കയ്യടുക്കുന്നതിന് മോഹനഭരണം എങ്ങനെ ഉപയോഗിക്കാം എന്ന ഗവേഷണമാണ് യോഗിക്കു വേണ്ടി ഡല്‍ഹിയിലും ലഖ്‌നൗവിലും തകൃതിയായി അരങ്ങേറുന്നത്. ഈ ധൃതരാഷ്ട്രാലിംഗനത്തില്‍ എന്തു സംഭവിക്കുമെന്നതാണ് രാഷ്ട്രീയ നിരീക്ഷകരുടെ ആകാംക്ഷ.
തന്റെ സര്‍ക്കാര്‍ ഒരു തരത്തിലുള്ള മതവിവേചനവും കാണിക്കില്ലെന്ന് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് പ്രഖ്യാപിച്ചുകഴിഞ്ഞു. തൊപ്പിയും തലപ്പാവും തമ്മില്‍ വിവേചനം കാണിക്കില്ല. സകലര്‍ക്കും സംരക്ഷണം നല്‍കും. ആരെയും പ്രീണിപ്പിക്കില്ല. അക്രമം നടത്തി ബി.ജെ.പിയോ സാംസ്‌ക്കാരിക സംഘടനയോ (ഹിന്ദു യുവ വാഹിനി) മാനംകെടുത്തിയാല്‍ ശക്തമായ നടപടി വരും. യു.പിയിലെ ഓരോ സേഹാദരിയും മകളും വ്യാപാരിയും സുരക്ഷിതരായിരിക്കുമെന്നും യോഗി അറിയിക്കുകയുണ്ടായി.
ഉത്തര്‍പ്രദേശിനെ മാലിന്യ മുക്തമാക്കാനാണ് മറ്റൊരു പദ്ധതി. ഇതിനായി യോഗി ആദിത്യനാഥ് മറ്റ് മന്ത്രിമാര്‍ക്കൊപ്പം ചൂലുമായി തെരുവിലേക്ക് ഇറങ്ങി. സ്വച്ഛ് സര്‍വേക്ഷന്‍ റിസള്‍ട്ടില്‍ സംസ്ഥാനത്തിന്റെ പിന്നാക്കാവസ്ഥക്ക് ശേഷമാണ് ആദിത്യനാഥിന്റെ ശുചീകരണ പ്രവൃത്തി. യു.പിയില്‍ നിന്ന് വരാണസി മാത്രമാണ് ആദ്യ നൂറിലെത്തിയിരുന്നത്. പതിനഞ്ച് വൃത്തികെട്ട ജില്ലകളില്‍ ഒമ്പതെണ്ണവും യു.പിയിലാണ്. എന്നാല്‍ ഇത് താന്‍ അധികാരം ഏറ്റെടുക്കുന്നതിന് മുന്‍പുള്ള അവസ്ഥയാണെന്നും അഴുക്കുചാലുകള്‍ മഴക്ക് മുന്‍പ് വൃത്തിയാക്കുമെന്നും ഡിസംബറിന് മുന്‍പ് മുപ്പത് ജില്ലകള്‍ മാലിന്യമുക്തമാക്കുമെന്നും അദ്ദേഹം വാഗ്ദാനം ചെയ്യുന്നു.
യോഗി സര്‍ക്കാര്‍ അധികാരത്തിലേറിയ ശേഷം യു.പിയില്‍ വന്‍ അഴിച്ചുപണിയാണ് നടന്നത്. ഉദ്യോഗസ്ഥതലത്തില്‍ വന്‍ അഴിച്ചു പണിയുണ്ടായതിനു പിന്നാലെ മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ ആവശ്യപ്രകാരം കേന്ദ്രസര്‍ക്കാരിനു വേണ്ടി പ്രവര്‍ത്തിക്കുന്ന അഞ്ച് മുതിര്‍ന്ന ഐഎഎസ് ഉദ്യോഗസ്ഥരെ പ്രധാന മന്ത്രി നരേന്ദ്ര മോദി യു.പിയിലേക്ക് നിയമിച്ചു. കഴിഞ്ഞ മാസം മോദിയുമായുള്ള കൂടി കാഴ്ചയില്‍ പത്ത് ഐ.എ.എസ് ഉദ്യോഗസ്ഥരെയാണ് യോഗി സംസ്ഥാനത്തിന്റെ സോവനത്തിനു വേണ്ടി ആവശ്യപ്പെട്ടത്. മുപ്പതോളം പേരില്‍ നിന്നാണ് ആഞ്ച് പേരെ മോദി യു.പിയിലേക്ക് അയക്കുന്നത്.1992 ബാച്ച് ഉദ്യോഗസ്ഥനായ അനുരാഗ് ശ്രീവാസ്തവ, 89 ബാച്ചിലെ സഹാഷി പ്രകാശ് ഘോയല്‍, സഞ്ജയ് ആര്‍. ദൂസ്റെഡ്ഡി, പ്രശാന്ത് ത്രിവേദി, അലോക് കുമാര്‍ എന്നിവര്‍ക്കാണ് യുപിയില്‍ പുതിയ നിയമനം ലഭിച്ചിരിക്കുന്നത്.അനുരാഗ് ശ്രീവാസ്തവ നിലവില്‍ ആയുഷ് മന്ത്രാലയത്തില്‍ സേവനം അനുഷ്ടിക്കുന്നതിനാല്‍ അടുത്ത മാസം നടക്കുന്ന ലോക യോഗ ദിനം കഴിഞ്ഞുമാത്രമേ യുപിയില്‍ എത്തുകയുള്ളു.
സംസ്ഥാനത്തെ പൊതു അവധികള്‍ യോഗി ആദിത്യനാഥ് വെട്ടിക്കുറച്ചിരിക്കുകയാണ്. പ്രമുഖ വ്യക്തികളുടെ ജനന മരണ വാര്‍ഷികങ്ങളില്‍ നല്‍കുന്ന അവധികളാണ് വെട്ടിക്കുറച്ചിരിക്കുന്നത്. മീലാദുന്നബി, ഛാത്, വാല്‍മീകി ജയന്തി എന്നീ വിശിഷ്ട ദിനങ്ങളില്‍ ഇനി അവധിയുണ്ടാകില്ല. സംസ്ഥാന സര്‍ക്കാര്‍ അവധികള്‍ റദ്ദാക്കിയത് 18 മുതല്‍ 20 മണിക്കൂര്‍ വരെ ജോലി ചെയ്യാന്‍ തയ്യാറല്ലാത്ത സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ജോലി രാജിവയ്ക്കാമെന്ന് യുപിയില്‍ ബിജെപി സര്‍ക്കാര്‍ അധികാരത്തിലെത്തിയ ഉടന്‍ തന്നെ യോഗി ആദിത്യ നാഥ് വ്യക്തമാക്കിയിരുന്നു. ഇതോടെ സര്‍ക്കാര്‍ പുറത്തിറക്കിയ 15 ഓളം അവധി ദിനങ്ങളില്‍ ഓഫീസുകളും വിദ്യാഭ്യാസ സ്ഥാപനങ്ങളും തുറന്നു പ്രവര്‍ത്തിക്കും.
വെട്ടിക്കുറിക്കുന്ന 15 അവധി ദിവസങ്ങളില്‍ നബിദിനം ഉള്‍പ്പെടുത്തിയത് വിവാദമായി. ലോകത്തു തന്നെ വന്‍തോതില്‍ മുസ്്‌ലിംകള്‍ തിങ്ങിത്താമസിക്കുന്ന ഉത്തര്‍ പ്രദേശില്‍ നബിദിനം വലിയ ആഘോഷമാണ്. എന്നാല്‍ നബിദിനം അവധിയില്‍ നിന്നും ഒഴിവാക്കിയതോടെ മുസ്‌ലിംകള്‍ക്കെതിരായ നടപടിയായാണ് ഒരു വിഭാഗം വ്യാഖ്യാനിച്ചത്. ബി.ജെ.പി ഭരിക്കുന്ന മറ്റു സംസ്ഥാനങ്ങളിലെല്ലാം നബിദിനം അവധി ദിനമാണ്. രാമ നവമിക്കും ജന്മാഷ്ടമിക്കും അവധി നല്‍കാറുണ്ട്. യോഗി ആദിത്യനാഥിന്റെ പുതിയ തീരുമാനത്തിനെതിരെ മുസ്‌ലിം പണ്ഡിതര്‍ രംഗത്തെത്തി. മുഖ്യമന്ത്രിയുടെ തീരുമാനം നിര്‍ഭാഗ്യകരമാണെന്ന് സുന്നി നേതാവ് ഖാലിദ് റഷീദ് പ്രതികരിച്ചു. വിപി സിങ് സര്‍ക്കാരിന്റെ കാലം മുതല്‍ നബിദിനത്തിന് അവധി ലഭിക്കുന്നതാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. നബിദിനത്തിന് പല പരിപാടികളും മുസ്ലീം സംഘടനകളും അല്ലാത്തവരും സംഘടിപ്പിക്കാറുണ്ട്. നബിദിനവും റംസാന്റെ അവസാന വെള്ളിയാഴ്ചത്തെ അവധിയും ഒഴിവാക്കിയത് അംഗീകരിക്കാനാകില്ല. ലോകമെങ്ങുമുള്ള മുസ്ലീങ്ങള്‍ക്ക് അവധി നല്‍കുന്നതാണ് ഈ ദിവസങ്ങളിലെന്നും അദ്ദേഹം പറഞ്ഞു.
സ്ത്രീകളെ അപമാനിച്ച് മുഖ്യമന്ത്രി ആദ്യം തന്നെ ശ്രദ്ധ നേടി. സ്ത്രീകള്‍ സ്വാതന്ത്ര്യം അര്‍ഹിക്കുന്നില്ലെന്നും മറ്റുള്ളവരുടെ സംരക്ഷണത്തില്‍ കഴിയേണ്ടവരാണെന്നുമുള്ള യാഥാസ്ഥിതിക പരാമര്‍ശമാണ് ചിലര്‍ വിവാദമാക്കിയത്്. യോഗി ആദിത്യനാഥിന്റെ വെബ്സൈറ്റില്‍ പ്രത്യക്ഷപ്പെട്ട ലേഖനത്തിലായിരുന്നു ഇത്തരമൊരു നിലപാടെന്നതാണ് മതേതര കക്ഷികളുടെ കൂട്ടമായ പ്രതിഷേധത്തിനിടയാക്കിയത്്.
നിയമം അനുസരിക്കാത്തവര്‍ക്ക് സംസ്ഥാനം വിടാമെന്നും അദ്ദേഹം തട്ടിവിട്ടു. ഖരക്പുരില്‍ ബിജെപി പ്രവര്‍ത്തകരെ അഭിസംബോധനചെയ്ത് സംസാരിക്കവയെണാണ് യുപിയിലെ നിയമ സംവിധാനം മെച്ചപ്പെടുത്തേണ്ടതിന്റെ ആവശ്യകത വ്യക്തമാക്കി അദ്ദേഹം കടുത്ത പരാമര്‍ശം നടത്തിയത്. നിയമത്തെ ബഹുമാനിക്കുകയും അനുസരിക്കുകയും ചെയ്യേണ്ടത് ഓരോരുത്തരുടെയും ഉത്തരവാദിത്വമാണ്. ഉത്തര്‍പ്രദേശിലും നിയമ പരിപാലന രംഗത്ത് മാറ്റം സംഭവിച്ചുകൊണ്ടിരിക്കുകയാണ്. നിയമത്തെ ബഹുമാനിക്കുകയും അനുസരിക്കുകയും ചെയ്യുന്നവര്‍ക്ക് ഉത്തര്‍പ്രദേശില്‍ തുടരാം. അല്ലാത്തവര്‍ക്ക് കടുത്ത നടപടികള്‍ നേരിടേണ്ടിവരുമെന്നും ആദിത്യനാഥ് പറഞ്ഞു.
ഉത്തര്‍പ്രദേശില്‍ അഞ്ച് രൂപയ്ക്ക് ഉച്ചഭക്ഷണവുമായി യോഗി രംഗത്തെത്തിയിരിക്കുന്നു. സര്‍ക്കാരിന്റെ അന്നപൂര്‍ണ ഭോജനാലയം. സംസ്ഥാനത്ത് ഒരാള്‍ പോലും പട്ടിണി കിടക്കരുതെന്ന ഉദ്ദേശത്തോടെയാണ് പദ്ധതി നടപ്പാക്കുന്നതെന്ന് മുഖ്യമന്ത്രിയുടെ ഓഫീസ് ട്വിറ്ററിലൂടെ അറിയിച്ചു. അഞ്ച് രൂപയ്ക്ക് ഉച്ചഭക്ഷണവും അത്താഴവും കഴിക്കാം. പ്രഭാത ഭക്ഷണത്തിന് മൂന്ന് രൂപ നല്‍കിയാല്‍ മതി. ചോറ്, പരിപ്പ്, റൊട്ടി, പച്ചക്കറികള്‍ എന്നിവയടങ്ങുന്നതാണ് ഉച്ചഭക്ഷണം. ഓരോരുത്തര്‍ക്കും ആവശ്യത്തിനുള്ള ഭക്ഷണം ഇവിടെ നിന്നും കഴിക്കാം. ഏതാനും ആഴ്ചകള്‍ക്കുള്ളില്‍ ഔദ്യോഗികമായി അന്നപൂര്‍ണ ഭോജനാലയങ്ങള്‍ പ്രവര്‍ത്തനം തുടങ്ങും. ആദ്യഘട്ടത്തില്‍ 200 ഭോജന ശാലകളാണ് ഇത്തരത്തില്‍ തുടങ്ങുന്നത്.
മന്ത്രിസഭയിലും പൊലീസ് വകുപ്പുകളിലും പുന:ക്രമീകരണം നടത്തിയതിന് പിന്നാലെ യുപി സര്‍ക്കാര്‍ പുതിയ ട്രാന്‍സ്ഫര്‍ നയത്തിന് അംഗീകാരം നല്‍കി. പുതിയ നയം അനുസരിച്ച് ഗ്രൂപ്പ്-എ, ഗ്രൂപ്പ്-ബി എന്നിവയ്ക്ക് കീഴില്‍ വരുന്ന മൂന്നോ ഏഴോ വര്‍ഷം പൂര്‍ത്തിയാക്കിയ ഓഫീസര്‍മാരെയും കീഴ് ഉദ്യോഗസ്ഥരെയുമാണ് സ്ഥലമാറ്റും. ജൂണ്‍ 30ഓടെ ട്രാന്‍സ്ഫറുകള്‍ പൂര്‍ത്തിയാകും. ഗ്രൂപ്പ് ബിയുടെ ട്രാന്‍സ്ഫറുകള്‍ വകുപ്പ് മേധാവികളും ഗ്രൂപ്പ് എയുടെ ട്രാന്‍സ്ഫറുകള്‍ സംസ്ഥാന സര്‍ക്കാരും അംഗീകരിക്കും. ഗ്രൂപ്പ് ബിക്ക് കീഴില്‍ വരുന്ന ഉദ്യോഗസ്ഥരുടെ വിരമിക്കലിന് രണ്ട് വര്‍ഷം മാത്രമാണ് ബാക്കിയുള്ളതെങ്കില്‍ അവരെ നാട്ടില്‍ തന്നെ നിയമിക്കാനും തീരുമാനമായി. ഗ്രൂപ്പ് എയുടെ കാര്യമെടുത്താല്‍ അവരെ സ്വന്തം ജില്ലയോട് ചേര്‍ന്നുള്ള ജില്ലയിലാകും നിയമിക്കുക.
ഗംഗാ സംരക്ഷണത്തിന് പുതിയ പദ്ധതി അവതരിപ്പിച്ചിരിക്കുന്നു. ബ്രിട്ടീഷുകാരുടെ ഭരണകാലം മുതല്‍ ഗംഗാ നദിയില്‍ കുമിഞ്ഞു കൂടി കിടക്കുന്ന വിഷ മാലിന്യങ്ങള്‍ നീക്കം ചെയ്യുക എന്ന വെല്ലുവിളിയാണ് യോഗി ഏറ്റെടുക്കുന്നത്.ഗംഗാ തീരത്ത് പ്രവര്‍ത്തിക്കുന്ന തോല്‍ ഫാക്ടറികള്‍ അടിയന്തിരമായി മാറ്റി സ്ഥാപിക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കം കുറിച്ച് കഴിഞ്ഞു.ഫാക്ടറികള്‍ക്കായി ഉചിതമായ സ്ഥലം കണ്ടെത്തുന്നതിനായി ഹരിത ട്രിബ്യൂണലിനെ ചുമതലപ്പെടുത്തി.
ഒരൊറ്റ മുസ്ലീം സ്ഥാനാര്‍ത്ഥിയെ പോലും മത്സരിപ്പിക്കാതെയാണ് ഉത്തര്‍പ്രദേശില്‍ ബിജെപി അധികാരം പിടിച്ചെടുത്തത്. സംസ്ഥാനത്തെ പാവപ്പെട്ട മുസ്ലീം കുടുംബങ്ങളിലെ പെണ്‍കുട്ടികള്‍ക്കായി സമൂഹ വിവാഹം നടത്താനാണ് സര്‍ക്കാര്‍ തീരുമാനമെടുത്തിരിക്കുന്നത്. മുസ്ലീംങ്ങളെ കൂടാതെ സംസ്ഥാനത്തെ എല്ലാ ന്യൂനപക്ഷ വിഭാഗങ്ങളിലെയും യുവതികളുടെ സമൂഹ വിവാഹം നൂറുദിന കര്‍മ്മ പരിപാടിയില്‍ ഉള്‍പ്പെടുത്തി നടപ്പിലാക്കാനാണ് സര്‍ക്കാര്‍ തീരുമാനമെടുത്തിരിക്കുന്നത്.
ജനങ്ങളുടെ കണ്ണില്‍ പൊടിയിടുന്ന ഇത്തരം പദ്ധതികളിലൂടെ സംസ്ഥാനത്തിനകത്ത് നടക്കുന്നത് മറ്റൊന്നാണ്. യോഗിയുടെ പേരില്‍ സംസ്ഥാനത്ത് സവര്‍ണരുടെയും ഹിന്ദു ശക്തികളുടെയും തേര്‍വാഴ്ചയുണ്ടാകുന്നു. കഴിഞ്ഞ ദിവസം ഹിന്ദുശക്തികള്‍ ഒരു മുസ്്‌ലിം ചെറുപ്പക്കാരനെ അതിദാരുണമായി കൊല ചെയ്യുകയുണ്ടായി. ബുലന്ദ്‌ഷെഹറിലെ സോഹി ഗ്രാമത്തില്‍ ഹിന്ദു സമുദായത്തില്‍ പെട്ട പെണ്‍കുട്ടിയെ മുസ്‌ലിം യുവാവിനൊപ്പം ഒളിച്ചോടാന്‍ സഹായിച്ചുവെന്നാരോപിച്ച് ഹിന്ദു യുവവാഹിനി പ്രവര്‍ത്തകര്‍ ഒരാളെ അടിച്ച് കൊല്ലുകയായിരുന്നു. 45 വയസുകാരനായ ഗുലാം മുഹമ്മദാണ് കൊല്ലപ്പെട്ടത്. സംഭവത്തില്‍ ഏഴ് ഹിന്ദു യുവവാഹിനി പ്രവര്‍ത്തകര്‍ക്കെതിരെയാണ് കേസ്്. സ്വന്തം തോട്ടത്തില്‍ ജോലി ചെയ്ത് കൊണ്ടിരിക്കുകയായിരുന്ന ഗുലാം മുഹമ്മദിനെ ഒരു സംഘം ഹിന്ദുയുവവാഹിനി പ്രവര്‍ത്തകര്‍ അക്രമിക്കുകയായിരുന്നു. പ്രാദേശികമായി മുസ്്‌ലിംകള്‍ ശക്തിപ്പെടാവുന്ന എല്ലാ സാഹചര്യവും തകര്‍ക്കുകയും പൊതുജന മധ്യത്തില്‍ പറഞ്ഞു നടക്കാവുന്ന മേമ്പൊടി പരിപാടികളിലൂടെ മുസ്്‌ലിം വിരുദ്ധത ഏറ്റവും തന്ത്രപരമായി നടപ്പിലാക്കുകയും ചെയ്യുന്ന ദയനീയ സ്ഥിതിയാണ് യുപിയില്‍ പരീക്ഷിക്കപ്പെടുന്നത്്. ഇത്്് വരുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പിനെ എങ്ങനെ സ്വാധീനിക്കുമെന്നതാണ് ഏവരും ഉറ്റുനോക്കുന്നത്്.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

Video Stories

ഗൂഡല്ലൂരില്‍ യുവാവിനെ കാട്ടാന കുത്തിക്കൊന്നു

മലപ്പുറത്ത് നിന്ന് ഗൂഡല്ലൂരിലേക്ക് കുടിയേറി താമസിച്ച മലയാളി കുടുംബത്തിലെ അംഗമാണ് കൊല്ലപ്പെട്ട ജംഷിദ്

Published

on

ഗൂഡല്ലൂരില്‍ മലയാളി യുവാവിനെ കാട്ടാന കുത്തിക്കൊന്നു. യൂത്ത് കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റ് ജംഷിദ് (37) ആണ് മരിച്ചത്. മലപ്പുറത്ത് നിന്ന് ഗൂഡല്ലൂരിലേക്ക് കുടിയേറി താമസിച്ച മലയാളി കുടുംബത്തിലെ അംഗമാണ് കൊല്ലപ്പെട്ട ജംഷിദ്. ഇന്നലെ രാത്രി 12 മണിയോടെയാണ് കാട്ടാനയുടെ ആക്രമണം ഉണ്ടായതെന്നാണ് വിവരം. ബംഗളുരുവില്‍ ഹോട്ടല്‍ ജീവനക്കാരനായിരുന്നു ജംഷിദ്.

Continue Reading

kerala

അറുതിയില്ലാതെ വന്യമൃഗ ആക്രമണം

EDITORIAL

Published

on

ജീവന്‍കൈയ്യില്‍ പിടിച്ചാണ് മലയോര മേഖല ഓരോ നിമിഷവും തള്ളിനീക്കുന്നത്. വന്യമൃഗങ്ങളുടെ ആക്രമണത്തില്‍ ഗുരുതരമായി പരിക്കേല്‍ക്കുന്നതും ജീവന്‍ തന്നെ പൊലിഞ്ഞുപോകുന്നതും സര്‍വ സാധാരണമായിത്തീര്‍ന്നിരിക്കുന്നു. ഇഛാശക്തിയുടെ പര്യായമായി, ഒന്നുമില്ലായ്മയില്‍നിന്നും മണ്ണിനോട് മല്ലിട്ട് ജീവിതം കെട്ടിപ്പടുത്തവര്‍ അതേമണ്ണില്‍ തന്നെ ഇന്ന് ജീവനും ജീവിതവും ഒരു പോലെ അനശ്ചിതത്വത്തിലായതിന്റെ പ്രയാസം പേറിക്കഴിയുകയാണ്. വന്യജീവികളുടെ കടിഞ്ഞാണില്ലാത്ത ആക്രമണത്തില്‍ പ്രിയപ്പെട്ടവരും സമ്പാദ്യവുമെല്ലാം ഒരുപോലെ നഷ്ടപ്പെട്ടുപോകുമ്പോള്‍ ജീവിതം തന്നെ അവരുടെ മുമ്പില്‍ ചോദ്യചിഹ്നമായി മാറുന്നു. നൂറുമേനി വിളഞ്ഞ ആ മണ്ണിന് ഇപ്പോള്‍ മാതാപിതാക്കള്‍ നഷ്ടപ്പെട്ട മക്കളുടെയും മക്കള്‍ നഷ്ടപ്പെട്ട മാതാപിതാക്കളുടെയുമെല്ലാം കണ്ണീരിനാല്‍ ഉപ്പുരുചിയായിത്തീര്‍ന്നിരിക്കുകയാണ്. ഇന്നലെ മാനന്തവാടിക്കടുത്തുണ്ടായ ദാരുണമായ സംഭവം ഭീതിതവും ദുഖകരവുമായ ഈ സാഹചര്യത്തിന്റെ നഖചി ത്രമായിത്തീര്‍ന്നിരിക്കുകയാണ്.

പട്ടാപ്പകല്‍ കാപ്പിപറിക്കാന്‍ പോയ യുവതിയെയാണ് കടുവ ആക്രമിക്കുന്നതും തലയുള്‍പ്പെടെ ശരീരത്തിന്റെ പാതി തിന്നുതീര്‍ത്തതും. ഇതേ സമയത്തുതന്നെ തൊട്ടടുത്ത് ജോലിചെയ്യുന്ന തോട്ടംതൊഴിലാളികളായ സ്ത്രീകള്‍ ഉയര്‍ത്തിയ പ്രതിഷേധവും, ഉന്നയിക്കുന്ന ആവശ്യങ്ങളും പരിശോധിച്ചാല്‍ ബോധ്യമാകും എത്ര നിസാരമായും നിസംഗതയോടെയുമാണ് വന്യമ്യഗ ആക്രമണ വിഷയത്തില്‍ സര്‍ക്കാര്‍ നടത്തുന്ന ഇടപെടലുകള്‍ എന്ന്. ‘ഞങ്ങള്‍ക്ക് ഇനിയും പണിക്ക് പോകേണ്ടതാണ്. വനം വകുപ്പ് കടുവയെ ഒരു സ്ഥലത്തുനിന്നും പിടിച്ച് മറ്റൊരു സ്ഥലത്തുവിടുകയാണ് പതിവ്. അതിന് അനുവദിക്കില്ല. ഉദ്യോഗസ്ഥരുടെ കുടുംബത്തില്‍ നിന്ന് ആരെയും വന്യമൃഗം കൊന്നിട്ടില്ല. പോയത് സാധാരണ കൂലിപ്പണിക്കാരിയായ സ്ത്രീയാണ്. മനുഷ്യനേക്കാള്‍ വില മൃഗങ്ങള്‍ക്കാണ് നല്‍കുന്നത്. മനുഷ്യനെ കൊന്ന് പകുതി തിന്നിട്ടും ഒരുകുഴപ്പവുമില്ല’. ഇതായിരുന്നു അവരുയര്‍ത്തിയ പ്രതിഷേധത്തിന്റെ കാതല്‍. പാവപ്പെട്ട ഈ മനുഷ്യര്‍ ആക്രമണത്തിന് വിധേയമാക്കപ്പെടുകയോ ജീവന്‍ നഷ്ടപ്പെടുകയോ ചെയ്യുമ്പോള്‍ മുതലക്കണ്ണിരൊഴുക്കുകയും വാഗ്ദാനങ്ങള്‍ നല്‍കുകയുമല്ലാതെ ശാശ്വതമായ പരിഹാര നടപടികളൊന്നുമുണ്ടാകുന്നില്ലെന്നതാണ് വാസ്തവം. കേന്ദ്ര- കേരള സര്‍ക്കാറുകള്‍ പരസ്പരം കുറ്റപ്പെടുത്തി കൈകഴുകുമ്പോള്‍ മലയോര മക്കളുടെ ദുരിതം അറുതിയില്ലാതെ തുടര്‍ന്നുകൊണ്ടേയിരിക്കുകയാണ്.

ഭരണകൂടത്തിന്റെ നിസംഗ സമീപനത്തോടുള്ള ജനങ്ങളുടെ പ്രതിഷേധമാണ് ഇന്നലെ മാനന്തവാടിയില്‍ കാണാനിടയായത്. നാട്ടുകാരനായ മന്ത്രിതന്നെ ജനരോഷത്തിനിരയാകേണ്ടിവരുമ്പോള്‍ വെറും വാക്കുകളല്ല, ശക്തമായ നടപടികളാണ് തങ്ങളാഗ്രഹിക്കുന്നതെന്നാണ് അവര്‍ വിളംബരം ചെയ്യുന്നത്. വയനാടെന്നോ, ഇടുക്കിയെന്നോ, പത്തനംതിട്ടയോന്നോ എന്നൊന്നുമുള്ള വ്യത്യാസങ്ങളില്ലാതെ കേരളം ഒന്നടങ്കം അനുഭവിക്കുന്ന വന്യജീവി ആക്രമണത്തിന്റെ ഭീതിതമായ സാഹചര്യം കേന്ദ്രസര്‍ക്കാര്‍ ഏതാനും മാസങ്ങള്‍ക്ക് മുമ്പ് പുറത്തുവിട്ട കണക്കുകളില്‍നിന്ന് വ്യക്തമായി വായിച്ചെടുക്കാനാവും. 2021 മുതല്‍ 2024 ജൂലൈ വരെ മൂന്നര വര്‍ഷത്തിനുള്ളില്‍ വന്യജീവി ആക്രമണങ്ങളില്‍ കേരളത്തില്‍ കൊല്ലപ്പെട്ടത് 316 പേരാണെന്ന് കേന്ദ്ര വനംവകുപ്പ് പറയുന്നു. 3695 പേര്‍ക്കാണ് വന്യജീവി ആക്രമണത്തില്‍ സാരമായ പരിക്കേറ്റത്. 1844 വളര്‍ത്തുമൃഗങ്ങളേയും വന്യജീവികള്‍ കൊന്നു തിന്നു. 20,006 കൃഷിയിടങ്ങളിലെ വിളകള്‍ വന്യജീവികള്‍ നശിപ്പിച്ചതായും കേന്ദ്രസര്‍ക്കാരിന്റെ കണക്കുകളില്‍ കാണാം. 2021-22 കാലഘട്ടത്തില്‍ 114 പേര്‍ വന്യജീവി ആക്രമണത്തില്‍ കൊല്ലപ്പെട്ടു. 758 പേര്‍ക്ക് പരിക്കേറ്റു. 514 വളര്‍ത്തുമൃഗങ്ങള്‍ ചത്തു. 6580 കൃഷിയിടങ്ങളില്‍ വിളനാശം സംഭവിച്ചു. 2022-23 ല്‍ 98 മരണമുണ്ടായി. 1275 പേര്‍ക്ക് പരിക്കേറ്റു. 637 വളര്‍ത്തുമൃഗങ്ങളാണ് അക്രമത്തിനിരയായത്. 6863 കൃഷിയിടങ്ങള്‍ നശിപ്പിക്കപ്പെട്ടു. 2324 ല്‍ 94 പേര്‍ വന്യജീവി ആക്രമണങ്ങളില്‍ കൊല്ലപ്പെട്ടു. 1603 പേര്‍ക്ക് പരിക്കേറ്റു. 633 വളര്‍ത്തുമ്യഗങ്ങള്‍ ചത്തു. 6108 കൃഷിയിടങ്ങളില്‍ വിളനാശമുണ്ടായി. 2024 ജൂലൈ വരെ 10 പേരെയാണ് വന്യജീവികള്‍ കൊലപ്പെടുത്തിയത്. 59 പേര്‍ക്ക് ആക്രമണത്തിനിരയായി പരിക്കേറ്റു. 60 വളര്‍ത്തു മൃഗങ്ങള്‍ ചാകുകയും 455 കൃഷിയിടങ്ങളില്‍ വിളനാശമുണ്ടാക്കുകയും ചെയ്തതായാണ് കേന്ദ്രവനംവകുപ്പിന്റെ ക ണക്കിലുള്ളത്.

കൃഷിയും കൃഷിഭൂമിയുമെല്ലാം ഉപേക്ഷിച്ച് ജീവനും കൊണ്ടോടുന്ന അവസ്ഥയിലാണ് മലയോര നിവാസികള്‍ ഇന്നുള്ളത്. തൊലിപ്പുറത്തുള്ള ചികിത്സക്കുപകരം മൃഗങ്ങള്‍ കാടുവിട്ടിറങ്ങാതിരിക്കാനും ജനങ്ങളുടെ സുരക്ഷ ഉറപ്പിക്കാനുമുള്ള നടപടികളാണ് സര്‍ക്കാര്‍ സ്വീകരിക്കേണ്ടത്. സര്‍ക്കാറിന്റെറെ കണ്ണുതുറപ്പിക്കുകയെന്ന ലക്ഷ്യവുമായി യു.ഡി.എഫിന്റെ നേതൃത്വത്തിലുള്ള മലയോര സമര യാത്രക്ക് ഇന്ന് തുടക്കമാകുമ്പോള്‍ മലയോര നിവാസികള്‍ ഏറെ പ്രതീക്ഷയോടെയാണ് അതിനെ നോക്കിക്കാണുന്നത്.

 

Continue Reading

kerala

സംസ്ഥാനത്തിന്റെ അന്നം മുട്ടരുത്

കേരളത്തിന്റെ ഭക്ഷ്യ പൊതുവിതരണ സംവിധാനത്തെ പാടെ തകര്‍ക്കുന്ന സമീപനമാണ് പിണറായി സര്‍ക്കാറിന്റേത്.

Published

on

വിതരണക്കരാറുകാരുടെ പണിമുടക്ക് 22 ദിവസം പിന്നിട്ടതോടെ സംസ്ഥാനത്ത് റേഷന്‍ പൂര്‍ണമായും മുടങ്ങുന്ന അവസ്ഥയിലേക്കാണ് നീങ്ങുന്നത്. വ്യാപാരികള്‍ തിങ്കളാഴ്ച മുതല്‍ അനിശ്ചിതകാല സമരം പ്രഖ്യാപിക്കുകയും ചെയ്തതോടെ സ്ഥിതി കൂടുതല്‍ വഷളാകും. റേഷന്‍ കടകളിലെ ഇലക്ട്രോ ണിക് പോയിന്റ് ഓഫ് സെയില്‍ (ഇ പോസ്) യന്ത്രങ്ങളുടെ സാങ്കേതിക പരിപാലനം നടത്തുന്ന കമ്പനി ഈ മാസം അവസാനത്തോടെ സേവനം നിര്‍ത്തുമെന്നുകൂടി പ്രഖ്യാപിച്ചിട്ടുണ്ട്. ഇ തുകൂടിയാകുമ്പോള്‍ മലയാളിക്ക് റേഷന്‍ കിട്ടാക്കനിയാകും. വന്‍തുക കുടിശിക വരുത്തിയതാണ് വിതരണക്കരാറുകാരുടെ പണിമുടക്കിന്റെയും ഇ പോസ് കമ്പനിയുടെ പിന്മാറ്റ നീക്കത്തിന്റെയും കാരണം. സാധനങ്ങള്‍ ഗോഡൗണുകളില്‍ നിന്നെടുത്ത് റേഷന്‍ കടകളില്‍ വിതരണം നടത്തുന്ന കേരള ട്രാന്‍സ്‌പോര്‍ട്ട് കോണ്‍ട്രാക്ടേഴ്‌സ് അസോസിയേഷന്‍ (എന്‍ .എഫ്.എസ്.എ) ജനുവരി ഒന്നു മുതലാണ് പണിമുടക്ക് ആരംഭിച്ചത്. ഒക്ടോബര്‍ മുതല്‍ ഡിസംബര്‍ വരെയുള്ള ബില്‍ തുക കുടിശിക പൂര്‍ണമായും സെപ്തംബറിലെ കുടിശിക ഭാഗികമായും നല്‍കാത്തതാണ് കാരണം. നാലു മാസത്തെ കുടിശികയായി 100 കോടി രൂപയാണ് കരാറുകാര്‍ക്ക് നല്‍കാനുള്ളത്. കരാറുകാരുടെ സമരത്തെത്തുടര്‍ന്നു ചരക്കുനീക്കം നിലച്ചു. സമരത്തെതുടര്‍ന്ന് മഞ്ഞ, പിങ്ക് കാര്‍ഡുടമകള്‍ക്കുള്ള റേഷന്‍ ഇപ്പോള്‍ പൂര്‍ണമായും നിലച്ചു. നീല, വെള്ള കാര്‍ഡുടമകള്‍ക്കുള്ള റേഷന്‍ മാത്രമാണ് അല്‍പമെങ്കിലും കടകളിലുള്ളത്. എഴുപത് ശതമാനം സ്‌റ്റോക്കും തീര്‍ന്ന നിലയിലാണ്.

കേരളത്തിന്റെ ഭക്ഷ്യ പൊതുവിതരണ സംവിധാനത്തെ പാടെ തകര്‍ക്കുന്ന സമീപനമാണ് പിണറായി സര്‍ക്കാറിന്റേത്. ഭക്ഷ്യ സുരക്ഷ ഉറപ്പാക്കുന്നതില്‍ കേരളം രാജ്യത്തിന് തന്നെ മാതൃകയായിരുന്നു. സാധാരണ ജനങ്ങളുടെ അന്നം മുടക്കുന്ന സമീപനമാണ് ഇടതു സര്‍ക്കാര്‍ സ്വീകരിച്ചുവരുന്നത്. വി തരണ കരാറുകാരുടെ നൂറുകോടിയുടെ കുടിശ്ശിക തീര്‍ക്കുന്നതില്‍ സര്‍ക്കാര്‍ വരുത്തിയ അലംഭാവമാണ് ഇപ്പോഴത്തെ പ്രതിസന്ധിക്ക് കാരണം. കഴിഞ്ഞ മാസത്തെ റേഷന്‍ വിഹിതത്തിലെ നീക്കിയിരിപ്പ് ഉപയോഗിച്ചാണ് ഇതുവരെ വിതരണം ചെയ്തത്. വിതരണ കരാറുകാരുടെ സമരം കാരണം ഈ മാസത്തെ വിഹിതം എത്തിയിട്ടില്ല. പ്രശ്‌നപരിഹാരത്തിന് തയാറാകുന്നതിന് പകരം സര്‍ക്കാര്‍ അനാവശ്യ വാശികാട്ടുകയാണ്. സംസ്ഥാന സര്‍ക്കാറിന്റെ സാമ്പത്തിക കെടുകാര്യസ്ഥ തയുടെ ദുരിതം അനുഭവിക്കേണ്ടി വരുന്നത് സംസ്ഥാനത്തെ താഴെത്തട്ടിലുള്ള അടിസ്ഥാന ജനവിഭാഗമാണ്. സാധാരണക്കാരന്റെ ആശ്രയ കേന്ദ്രമായ റേഷന്‍ വിതരണം അനിശ്ചിത ത്വത്തിലാകുന്നതോടെ ഉയര്‍ന്നവിലക്ക് പൊതുവിപണിയില്‍ നിന്നും അരി വാങ്ങേണ്ട ദുരവസ്ഥയിലാണ് സംസ്ഥാനത്തെ പാവപ്പെട്ട ജനങ്ങള്‍.

വിതരണക്കരാറുകാര്‍ സമരം തുടങ്ങി ഇത്ര ദിവസമായിട്ടും സമരം അവസാനിപ്പിക്കാന്‍ സര്‍ക്കാര്‍ ഒരു നടപടിയും സ്വീകരിച്ചിട്ടില്ല. മാത്രമല്ല, ഒന്നാം തിയ്യതി മുതല്‍ സമരം തുടങ്ങിയ വിതരണക്കാരെ ചര്‍ച്ചക്ക് വിളിക്കാതെ 27ന് സമരം തുടങ്ങാനിരിക്കുന്ന റേഷന്‍ കടക്കാരെയാണ് ഭക്ഷ്യ മന്ത്രി ചര്‍ച്ചക്ക് വിളിച്ചത്. ചര്‍ച്ച തീരുമാനമാവാതെ പിരിയുകയായിരുന്നു. വേതന പാക്കേജ് പരിഷ്‌കരിക്കണമെന്നതുള്‍പ്പെടെയുള്ള ആവശ്യങ്ങളുമായാണ് റേഷന്‍ വ്യാപാരികള്‍ സമരത്തിനിറങ്ങുന്നത്. റേഷന്‍ വിതരണം കൂടുതലായി നടക്കുന്ന, മാസത്തിന്റെ അവസാന ആഴ്ചയിലാണ് സമരം പ്രഖ്യാപിച്ചിരിക്കുന്നത് എന്നത് സാഹചര്യം കൂടുതല്‍ സങ്കീര്‍ണമാക്കും. സി.ഐ.ടി.യു ഉള്‍പ്പെടെ റേഷന്‍ വ്യാപാരികളുടെ ആറ് സംഘടനകളാണ് സമരം പ്രഖ്യാപിച്ചത്. 14267 റേഷന്‍ കടകളാണ് സംസ്ഥാനത്തുള്ളത്. വ്യാപാരികള്‍ പണിമുടക്കുന്നതോടെ സംസ്ഥാനത്തെ 9249563 റേഷന്‍ കാര്‍ഡുടമകള്‍ പട്ടിണിയിലാകും. റേഷന്‍ വിഹിതം മാത്രം ആശ്രയിച്ച് കഴിയുന്ന മനുഷ്യരെയാണ് നിലവി ലെ പ്രതിസന്ധി സാരമായി ബാധിക്കുന്നത്.

ഇ പോസ് സംവിധാനത്തിലെ തകരാര്‍ കാരണം റേഷന്‍ വിതരണം അടിക്കടി മുടങ്ങല്‍ കേരളത്തില്‍ പതിവാണ്. സേവന ഫീസിനത്തില്‍ കോടിക്കണക്കിനു രൂപയുടെ കുടിശ്ശിക നല്‍കാനും വാര്‍ഷിക പരിപാലന കരാര്‍ പുതുക്കാനും സര്‍ക്കാര്‍ തയാറാകാത്തതിനാലാണ് ഹൈദരാബാദ് ആസ്ഥാനമായ ഇ പോസ് പരിപാലന കമ്പനിയുടെ പിന്മാറ്റം. 9 മാസത്തെ കുടി ശികയായി 2.75 കോടി രൂപയാണ് നല്‍കാനുള്ളത്.

ഇ പോസ് പരിപാലനക്കമ്പനികൂടി പിന്മാറിയാല്‍ സ്ഥിതി എന്താകുമെന്ന് കണ്ടറിയേണ്ടിവരും. ഇ പോസ് സംവിധാനം പ്രവര്‍ത്തിക്കുന്നത് ആധാര്‍ കാര്‍ഡിന്റെ ഡേറ്റാ ബേസിലെ വിവരങ്ങളെ അടിസ്ഥാനപ്പെടുത്തിയാണ്. ഇ പോസിനെയും ആധാറിനെയും ബന്ധിപ്പിക്കുന്ന സെര്‍വര്‍ നാല് വര്‍ഷത്തോളമായി പല സാങ്കേതിക തടസ്സങ്ങളും നേരിടുന്നു. ഇക്കാര്യത്തില്‍ സര്‍ക്കാര്‍ വേണ്ടത്ര ശ്രദ്ധ നല്‍കുന്നില്ല. ഇ പോസ് സംവിധാനം തകരാറിലായി റേഷന്‍ വിതരണം തുടര്‍ച്ചയായി തട സ്സപ്പെടുന്നതിന് കാരണം സെര്‍വറിന്റെ ശേഷി വര്‍ധിപ്പിക്കാത്തതാണെന്ന് വ്യക്തമായിട്ടും അത് ശാശ്വതമായി പരിഹരിക്കാനുള്ള ശ്രമങ്ങളുണ്ടാവുന്നില്ല.

വിലക്കയറ്റം പിടിച്ചുനിര്‍ത്തുന്നതില്‍ റേഷന്‍ സംവിധാനം വഹിക്കുന്ന പങ്ക് ചെറുതല്ല. റേഷന്‍ കടകളും സപ്ലൈകോ, ത്രിവേണി സ്‌റ്റോറുകളും സാധാരണക്കാരന്റെ ആശ്രയ കേന്ദ്രങ്ങളാണ്. സപ്ലൈകോ, ത്രിവേണി സ്‌റ്റോറുകളിലൂടെയുള്ള ഭക്ഷ്യ ധാന്യങ്ങളുടെ വിതരണം താറുമാറായിട്ട് കാലങ്ങളായി. ഈ സംവിധാനത്തെ തകര്‍ക്കുന്ന സമീപനമാണ് ഇടതു സര്‍ക്കാരിന്റെ ഭാഗത്തുനിന്നുമുണ്ടാകുന്നത്. ഭക്ഷ്യപൊതുവിതരണ മേഖല അതീവ ഗുരുതരമായ സാഹചര്യത്തിലേക്കാണ് നീങ്ങി ക്കൊണ്ടിരിക്കുന്നത്. പ്രശ്‌നത്തിന്റെ ഗൗരവമുള്‍ക്കൊണ്ട് സര്‍ക്കാര്‍ ഉണര്‍ന്നു പ്രവര്‍ത്തിക്കണം. അനാവശ്യ വാശി ഉപേക്ഷിച്ച് റേഷന്‍ മുടങ്ങാതെ നോക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കേണ്ടത്. അതിന് എന്തു വിട്ടുവിഴ്ച ചെയ്യാനും തയാറാകണം. ജനങ്ങളുടെ ഏറ്റവും അടിസ്ഥാന ആവശ്യവും അവകാശവുമായ റേഷന്‍ വിതരണം സുഗമമായി നടക്കാത്ത സാഹചര്യം ഒരു കാരണവശാലും ഉണ്ടായിക്കൂടാ.

Continue Reading

Trending