ഗുജറാത്ത് ആസ്ഥാനമായ കമ്പനിക്കെതിരെ സി.ബി.ഐ കേസെടുത്തു

വ്യാജ രേഖ ചമച്ച് പൊതുമേഖലാ ധനകാര്യ സ്ഥാപനമായ ആന്ധ്രാബാങ്കില്‍നിന്ന് 5000 കോടിയിലധികം രൂപ വായ്പ തട്ടിയെടുത്ത സംഭവത്തില്‍ ഗുജറാത്ത് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന കമ്പനിക്കെതിരെ സി.ബി.ഐ കേസെടുത്തു. സാന്റസാര ഗ്രൂപ്പിന്റെ ആഭിമുഖ്യത്തില്‍ വഡോദര കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന സ്റ്റെര്‍ലിങ് ബയോടെക് ലിമിറ്റഡ് എന്ന സ്ഥാപനത്തിനും അതിന്റെ ഡയരക്ടര്‍മാര്‍ക്കുമെതിരെയാണ് കേസ് രജിസ്റ്റര്‍ ചെയ്തത്. തെറ്റായ രേഖകള്‍ നല്‍കിയും കമ്പനിയുടെ ആസ്ഥിയും പ്രവര്‍ത്തന ലാഭവും സംബന്ധിച്ച പെരുപ്പിച്ച കണക്കുകള്‍ സമര്‍പ്പിച്ചുമാണ് വായ്പയെടുത്തത്. ആന്ധ്രാബാങ്കിന്റെ നേതൃത്വത്തിലുള്ള പൊതുമേഖലാ ബാങ്കുകളുടെ കണ്‍സോര്‍ഷ്യമാണ് കമ്പനിക്ക് 5383 കോടി രൂപ വായ്പ നല്‍കിയത്.
വഞ്ചന, വ്യാജരേഖ ചമയ്ക്കല്‍, ക്രിമിനല്‍ ഗൂഢാലോചന, സ്വഭാവദൂഷ്യം തുടങ്ങി വിവിധ വകുപ്പുകള്‍ പ്രകാരമാണ് കേസെടുത്തതെന്ന് സി.ബി.ഐ വൃത്തങ്ങള്‍ വ്യക്തമാക്കി. സെറ്റെര്‍ലിങ് ലിമിറ്റഡിനു പുറമെ ഡയരക്ടര്‍മാരായ ചേതന്‍ ജയന്തിലാല്‍ സാന്റസാര, ദീപ്തി ചേതന്‍ സാന്റസാര, രാജ്ഭൂഷന്‍ ഓംപ്രകാശ് ദീക്ഷിത്, നിതിന്‍ ജയന്തിലാല്‍ സാന്റസാര, വിലാസ് ദത്താത്രേയ ജോഷി, ചാര്‍ട്ടേഡ് അക്കൗണ്ടന്റ് ഹേമന്ദ് ഹാതി, ആന്ധ്രാബാങ്ക് ഡയരക്ടര്‍ അനൂപ് ഗാര്‍ഗ്, പേരറിയാത്ത സര്‍ക്കാര്‍ ജീവനക്കാര്‍ എന്നിവര്‍ക്കെതിരെയാണ് കേസില്‍ പ്രതിചേര്‍ത്തിരിക്കുന്നത്.
ബോംബെ, നാഷണല്‍ സ്‌റ്റോക് എക്‌സ്‌ചേഞ്ചുകളില്‍ ലിസ്റ്റ് ചെയ്യപ്പെട്ട സ്റ്റെര്‍ലിങ് ബയോടെകിന്റെ പ്രവര്‍ത്തനം എണ്ണ, ഊര്‍ജ്ജം, കല്‍ക്കരി ഖനി തുടങ്ങിയ മേഖലകളിലായി ഇന്ത്യ, നൈജീരിയ, യു.എ.ഇ, അമേരിക്ക എന്നീ രാഷ്ട്രങ്ങളില്‍ വ്യാപിച്ചുകിടക്കുന്നതാണെന്നാണ് കമ്പനി അവകാശപ്പെടുന്നത്. പരമാവധി തുക ബാങ്കില്‍നിന്നും വായ്പ ലഭിക്കുന്നതിനായി കമ്പനിയുടേയും ഡയരക്ടര്‍മാരുടേയും ആസ്തികളും പ്രവര്‍ത്തന ലാഭവും പെരുപ്പിച്ചു കാണിച്ചുവെന്നും ഇത്തരത്തില്‍ വായ്പയെടുത്ത തുക കമ്പനിയുടെ പ്രവര്‍ത്തനങ്ങള്‍ക്ക് ഉപയോഗിക്കുന്നതിനു പകരം ഹവാല വഴി വിദേശത്തേക്ക് കടത്തിയെന്നുമാണ് സി.ബി.ഐ നടത്തിയ പ്രാഥമിക അന്വേഷണത്തിലെ കണ്ടെത്തല്‍. ക്രമക്കേടിന് ബാങ്ക് അധികൃതരില്‍നിന്നും വ്യാജ രേഖകള്‍ ചമയ്ക്കുന്നതിനും മറ്റും സര്‍ക്കാര്‍ ഉദ്യോഗസ്ഥരില്‍നിന്നും സഹായം ലഭിച്ചതായും സി.ബി.ഐ കണ്ടെത്തിയിട്ടുണ്ട്.
ആദായ നികുതി തട്ടിപ്പുമായി ബന്ധപ്പെട്ട് 2011ലും സ്റ്റെര്‍ലിങ് ബയോടെകിനെതിരെ സി.ബി.ഐ കേസ് രജിസ്റ്റര്‍ ചെയ്തിരുന്നു. ആദായ നികുതി വകുപ്പ് ഉദ്യോഗസ്ഥരുമായി ചേര്‍ന്നായിരുന്നു ഈ തട്ടിപ്പ്. കമ്പനിക്കു പുറമെ മൂന്ന് ആദായ നികുതി വകുപ്പ് ഉദ്യോഗസ്ഥര്‍ക്കെതിരെയും അന്ന് കേസ് രജിസ്റ്റര്‍ ചെയ്തിരുന്നു.