india

കള്ളക്കുറിച്ചി വ്യാജമദ്യ ദുരന്തം: മരണം 50 ആയി; മുഖ്യപ്രതി ചിന്നദുരൈ പിടിയിൽ

By webdesk14

June 21, 2024

തമിഴ്നാട് കള്ളക്കുറിച്ചി വ്യാജമദ്യദുരന്തവുമായി ബന്ധപ്പെട്ട കേസിലെ മുഖ്യപ്രതി ചിന്നദുരൈ അറസ്റ്റിൽ. നൂറിനടുത്ത് വ്യാജമദ്യ കേസുകളിൽ പ്രതിയാണ് ചിന്നദുരൈയെന്ന് തമിഴ്നാട് പൊലീസ് പറഞ്ഞു. കടലൂരിൽ നിന്നാണ് ഇയാളെ പൊലീസ് അറസ്റ്റ് ചെയ്തിരിക്കുന്നത്. ഗോവിന്ദരാജ്, ദാമോദരൻ, വിജയ എന്നിവർ നേരത്തെ പിടിയിലായിരുന്നു. കള്ളക്കുറിച്ചിയിൽ വ്യാജമദ്യദുരന്തത്തിലെ മരണസംഖ്യ 50 ആയി ഉയർന്നു.

90ൽ അധികം പേർ ചികിത്സയിൽ കഴിയുന്നുണ്ട്. ചികിത്സയിൽ കഴിയുന്ന പലരുടേയും നില അതീവ ഗുരുതരമാണ്. ഒട്ടേറെപ്പേർക്ക് കാഴ്ച നഷ്ടപ്പെട്ടു. അഞ്ചു രൂപയ്ക്കു ചെറിയ പ്ലാസ്റ്റിക് പാക്കറ്റുകളിലാണ് മദ്യം വിറ്റിരുന്നതെന്നാണ് റിപ്പോർട്ട്. ദുരന്തത്തെക്കുറിച്ച് അന്വേഷിക്കാനും തുടർനടപടികൾ ശുപാർശ ചെയ്യാനുമായി റിട്ടയേർഡ് ജഡ്ജിയെ ഏകാംഗ കമ്മിഷനായി തമിഴ്നാട് സർക്കാർ നിയോഗിച്ചിട്ടുണ്ട്.

സംഭവത്തിൽ രാജ്ഭവൻ നടപടി ആരംഭിച്ചു. ചീഫ് സെക്രട്ടറിയോട് ഗവർണർ റിപ്പോർട്ട് തേടിയിരുന്നു. വിഷമദ്യ ദുരന്തത്തിൽ സർക്കാർ പ്രഖ്യാപിച്ച സിബിസിഐഡി അന്വേഷണം ഇന്ന് തുടങ്ങും. ഇതിനിടെ ഫോറൻസിക് പരിശോധനയിൽ മദ്യത്തിൽ മെഥനോളിന്റെ അംശം തിരിച്ചറിഞ്ഞു.