ന്യൂഡല്‍ഹി: കല്യാണം കഴിക്കാമെന്ന് പറഞ്ഞ് അമ്പതോളം സ്ത്രീകളില്‍ നിന്ന് പണം തട്ടിയ വിവാഹതട്ടിപ്പുവീരന്‍ പിടിയില്‍. മാട്രിമോണിയല്‍ സൈറ്റിലൂടെ വിവാഹപരസ്യം നല്‍കി തട്ടിപ്പ് നടത്തിയിരുന്ന മനീഷ് ഗുപ്ത എന്ന യുവാവാണ് പിടിയിലായത്. ഡല്‍ഹി സ്വദേശിനിയായ ഡോക്ടര്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി. വ്യാജ പ്രൊഫൈല്‍ നല്‍കി സ്ത്രീകളെ കബളിപ്പിച്ച് ഇവരില്‍ നിന്ന് പണം തട്ടുകയായിരുന്നു ഇയാളെന്ന് യുവതി നല്‍കിയ പരാതിയില്‍ പറയുന്നു. പ്രീഡിഗ്രി വിദ്യാഭ്യാസം മാത്രമുള്ള ഇയാള്‍ മാട്രിമോണിയല്‍ പ്രൊഫൈലില്‍ നല്‍കിയിരുന്ന വിവരങ്ങള്‍ പൂര്‍ണമായും വ്യാജമായിരുന്നു. വിവാഹമോചിതനായ യുവാവാണെന്നും കോടികള്‍ വരുമാനമുള്ള ബിസിനസ് സ്ഥാപനത്തിന്റെ ഉടമസ്ഥനാണെന്നുമായിരുന്നു മനീഷ് പ്രൊഫൈലില്‍ നല്‍കിയിരുന്നത്. ചാറ്റിങിലൂടെയും കോളിങിലൂടെയും അടുപ്പം സ്ഥാപിക്കുന്ന ഇയാള്‍ ഇടക്കു നേരിട്ടെത്തി യുവതികളുടെ വിശ്വാസ്യത സ്വന്തമാക്കുന്നു. പെട്ടെന്നുള്ള ബിസിനസ്സ് ആവശ്യത്തിനെന്ന വ്യാജേന ഇവരോട് അക്കൗണ്ടിലേക്ക് അമ്പതിനായിരം മുതല്‍ തുക കടമായി നിക്ഷേപിക്കാന്‍ ആവശ്യപ്പെടുകയും ചെയ്യും. ചതി മനസ്സിലാക്കിയ യുവതി പൊലീസിന് പരാതി നല്‍കിയതോടെയാണ് സംഭവം പുറം ലോകമറിയുന്നത്. സമാനരീതിയില്‍ മറ്റു സ്ത്രീകളും പരാതിയുമായി രംഗത്തുവന്നതായി പൊലീസ് പറഞ്ഞു.