ന്യൂഡല്‍ഹി: വ്യാജവാര്‍ത്തകളും ആക്രമണത്തിന് പ്രോത്സാഹനം ചെയ്യുന്ന പോസ്റ്റുകളും നീക്കം ചെയ്യാന്‍ ആരംഭിച്ചുവെന്ന് പ്രമുഖ സോഷ്യല്‍ മീഡിയ കമ്പനി ഫെയ്‌സ്ബുക്ക്. തങ്ങളുടെ പ്ലാറ്റ്‌ഫോം ഉപയോഗിച്ച് അഭ്യൂഹങ്ങള്‍ പരത്തി ആളുകളെ ശാരീരികാക്രമണത്തിനും മറ്റും വഴിവെക്കുന്ന വ്യാജ വാര്‍ത്തകളും പോസ്റ്റുകളും ഫെയ്‌സ്ബുക്ക് നീക്കം ചെയ്യുമെന്ന് കമ്പനി അറിയിച്ചു. ഇന്ത്യ, ശ്രീലങ്ക, മ്യാന്‍മര്‍ തുടങ്ങിയ രാജ്യങ്ങളിലുണ്ടായ നിരവധി അക്രമണങ്ങള്‍ക്ക് കാരണമായി ഫെയ്‌സ്ബുക്ക് പോസ്റ്റുകളോ വാര്‍ത്തകളോ വന്നതാണ് ഇത്തരത്തിലുള്ള നീക്കത്തിന് ലോകത്തെ ഏറ്റവും വലിയ സോഷ്യല്‍ മീഡിയ കമ്പനി ഒരുങ്ങുന്നത്. ആക്രമണത്തിന് നേരിട്ട് ആഹ്വാനം ചെയ്യുന്ന പോസ്റ്റുകള്‍ക്ക് ഫെയ്‌സ്ബുക്കില്‍ വിലക്കുണ്ട്. ആക്രമണത്തിനുള്ള ഉദ്ദേശത്തോടെ ഉണ്ടാക്കിയെടുക്കുന്ന ചിത്രങ്ങളും എഴുതുന്ന പോസ്റ്റുകളും ഫെയ്‌സ്ബുക്ക് ഡിലീറ്റ് ചെയ്യും. ശ്രീലങ്കയിലും മ്യാന്‍മറിലുമുണ്ടായ സംഘര്‍ഷത്തെ തുടര്‍ന്ന് ഫെയ്‌സബുക്കിനെതിരേ വ്യാപക പ്രതിഷേധം ഉയര്‍ന്നിരുന്നു. നേരത്തെ വാട്‌സാപ്പ് വഴിയുള്ള വ്യാജ പ്രചാരണങ്ങളില്‍ നിരവധി നിരപരാധികള്‍ക്ക് ജീവന്‍ നഷ്ടപ്പെട്ട സാഹചര്യത്തില്‍ ഇത്തരം പ്രചാരണങ്ങള്‍ തടയാന്‍ വിവിധ കോണുകളില്‍ നിന്ന് ശക്തമായ ആവശ്യങ്ങളുണ്ടായിരുന്നു. എന്നാല്‍, വാട്‌സാപ്പില്‍ തെറ്റായ വാര്‍ത്തകള്‍ തടയുന്നത് അപ്രായോഗികമാണെന്ന് ഫെയ്‌സ്ബുക്ക് വ്യക്തമാക്കിയിരുന്നു.