ഹൈദരാബാദ്: ഹൈദരാബാദില്‍ പ്രായപൂര്‍ത്തിയാകാത്ത കുട്ടികളെ അയല്‍വാസികള്‍ ലൈംഗിക പീഡനത്തിന് ഇരയാക്കിയ സംഭവത്തില്‍ കുട്ടികളുടെ മാതാപിതാക്കളെന്ന് കരുതുന്നവര്‍ പിടിയിലായി.

കുട്ടികളുടെ മാതാപിതാക്കളുടെ സമ്മതത്തോടെയാണ് പീഡനം നടന്നതെന്ന പരാതിയെ തുടര്‍ന്നാണിത്. പിടിയിലായവര്‍ തന്നെയാണോ കുട്ടികളുടെ യഥാര്‍ത്ഥ മാതാപിതാക്കള്‍ എന്നതിനെക്കുറിച്ച് പൊലീസ് അന്വേഷണം തുടങ്ങി. പെണ്‍വാണിഭ സംഘങ്ങളുമായി ഇവര്‍ക്ക് ബന്ധമുണ്ടൊ എന്നതിനെക്കുറിച്ചും പൊലീസ് അന്വേഷിക്കുന്നുണ്ട്. കുട്ടികളെ പണത്തിനായി മറ്റുള്ളവര്‍ക്ക് കാഴ്ചവെച്ചതാണോ എന്നാണ് പൊലീസ് പരിശോധിക്കുന്നത്.

എട്ടും, പത്തും വയസുള്ള കുട്ടികളെ അയല്‍വാസികളായ അച്ഛനും മകനും ചേര്‍ന്ന് പീഡിപ്പിച്ചുവെന്നാണ് ആരോപണം. കേസില്‍ ജാഫര്‍ (40) എന്നയാളും ഇയാളുടെ പ്രായപൂര്‍ത്തിയാകാത്ത മകനും നേരത്തെ പോലീസിന്റെ പിടിയിലായിരുന്നു. ഇവര്‍ 16 വര്‍ഷമായി ഹൈദരാബാദില്‍ താമസിച്ചു വരികയാണ്. ഒരു വര്‍ഷത്തോളം ഇവര്‍ കുട്ടികളെ പീഡിപ്പിച്ചുവെന്നാണ് കരുതുന്നത്. കടുത്ത വയറുവേദനയുണ്ടെന്ന് കുട്ടി പറഞ്ഞതിനെത്തുടര്‍ന്ന് അധ്യാപിക വിവരങ്ങള്‍ ചോദിച്ചതോടെയാണ് പീഡന വിവരം പുറത്തറിഞ്ഞത്. അധ്യാപികയാണ് ബാലാവകാശ കമ്മിഷനില്‍ പരാതി നല്‍കിയത്.