തിരുവനന്തപുരം: സമൂഹ മാധ്യമങ്ങളില്‍ കഴിഞ്ഞ ദിവസം മുതല്‍ പ്രചരിച്ച വീഡിയോ ആയിരുന്നു ഒരച്ഛന്‍ തന്റെ രണ്ടു മക്കളെ നിഷ്ഠൂരമായി മര്‍ദിക്കുന്നത്. ഇതിന്റെ ഭയാനകമായ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി പ്രചരിച്ചു. ഒടുവിലിത് കേരള പൊലീസിന്റെ കയ്യിലും എത്തി.

ഇതോടെ കുഞ്ഞുങ്ങളെ മര്‍ദിക്കുന്ന ആളെ കണ്ടെത്താനായുള്ള അന്വേഷണം തുടങ്ങി. കേരളാ പൊലീസിന്റെ ഫെയ്‌സ്ബുക്കില്‍ ഈ ആവശ്യാര്‍ഥം പോസ്റ്റിട്ടു. സോഷ്യല്‍ മീഡിയ സെല്‍ ഒടുക്കം ആളെ കണ്ടെത്തുന്നു, ആറ്റിങ്ങല്‍ സ്വദേശിയായ സുനില്‍കുമാറാണ് അതെന്ന്. പിന്നാലെ ആറ്റിങ്ങല്‍ പൊലീസ് ജുവനൈല്‍ ജസ്റ്റിസ് ആക്ട് പ്രകാരം ഇയാള്‍ക്കെതിരെ കേസെടുക്കുകയും അറസ്റ്റ് ചെയ്യുകയും ചെയ്തു.

ഇപ്പോള്‍ വീഡിയോ എടുത്ത സുനില്‍ കുമാറിന്റെ ഭാര്യ, അഥവാ കുഞ്ഞുങ്ങളുടെ അമ്മ തന്നെ രംഗത്തെത്തിയിരിക്കുകയാണ് ഭര്‍ത്താവിനെ ഒന്നും ചെയ്യരുതെന്ന് ആവശ്യപ്പെട്ടു കൊണ്ട്. ഭര്‍ത്താവ് പ്രശ്‌നക്കാരന്‍ അല്ലെന്നും സമൂഹ മാധ്യമങ്ങളില്‍ പ്രചരിക്കുന്ന കാര്യങ്ങള്‍ തെറ്റാണെന്നും സുനില്‍ കുമാറിന്റെ ഭാര്യ പറഞ്ഞു. കുട്ടികളെ തച്ചത് ഈര്‍ക്കിള്‍ കൊണ്ടായിരുന്നെന്നും അമ്മ പറയുന്നു. ഭര്‍ത്താവ് പ്രശ്‌നക്കാരനല്ലെന്നും തന്നെയും കുടുംബത്തെയും നന്നായി നോക്കുന്ന ആളാണെന്നും അവര്‍ പറയുന്നു.

മദ്യക്കുപ്പി കാണാനില്ലാതിരുന്നതിനെ തുടര്‍ന്നാണേ്രത കുഞ്ഞുങ്ങളെ തച്ചത്. അവരോട് അതെവിടെയാണ് വച്ചതെന്ന് ചോദിച്ച് മര്‍ദിച്ചു. കുട്ടികള്‍ അറിയില്ല എന്നു പറഞ്ഞിട്ടും അച്ഛന്‍ മര്‍ദനം തുടര്‍ന്നു. കുടുംബത്തില്‍ ഒരു തര്‍ക്കമുണ്ടായപ്പോള്‍ ഭര്‍ത്താവിനെ പേടിപ്പിക്കാനാണ് വീഡിയോ എടുത്തത്. വീഡിയോ അറിയാതെ പുറത്തു പോയതാണ്. കേസെടുക്കാതെ ഒഴിവാക്കണമെന്നും സുനില്‍കുമാറിന്റെ ഭാര്യ ആവശ്യപ്പെട്ടു.