കോഴിക്കോട്: സിപിഎമ്മിനെതിരെ രൂക്ഷ വിമര്‍ശനവുമായി എംഎസ്എഫ് നേതാവ് ഫാത്തിമ തഹിലിയ. സമസ്തക്കും മറ്റു മുസ്‌ലിം സംഘടനകള്‍ക്കുമെല്ലാം എതിരെ ഇനി സിപിഎമ്മിന്റെ വര്‍ഗീയ ചാപ്പ പതിയുമെന്ന് അവര്‍ പറഞ്ഞു. അമിത്ഷാ മോഡല്‍ സോഷ്യല്‍ എന്‍ജിനീയറിങ്ങാണ് സിപിഎം വരുന്ന തെരഞ്ഞെടുപ്പില്‍ പയറ്റാന്‍ പോകുന്നതെന്നും ഫാത്തിമ തഹിലിയ പറഞ്ഞു.

ഫാത്തിമ തഹിലിയയുടെ ഫെയ്‌സ്ബുക് കുറിപ്പിന്റെ പൂര്‍ണ രൂപം:

സമസ്തക്കെതിരെ പോലും വര്‍ഗ്ഗീയ ചാപ്പയുമായി വരുന്ന സിപിഎമ്മിന്റെ പ്രവര്‍ത്തിയില്‍ ഒട്ടും അത്ഭുതം തോന്നുന്നില്ല. സമസ്തക്ക് എതിരെ മാത്രമല്ല, ഓരോ മുസ്ലിം സംഘടനകളുടെ മേലും ഇനി സഖാക്കളുടെ വര്‍ഗ്ഗീയ ചാപ്പ പതിയും. അവര്‍ സമുദായ നേതാക്കളെ തിരഞ്ഞു പിടിച്ചു വര്‍ഗ്ഗീയവാദിയാക്കും. അപകടകരമായ അമിത് ഷാ മോഡല്‍ സോഷ്യല്‍ എന്ജിനീയറിങ്ങാണ് സിപിഎം വരുന്ന തിരഞ്ഞെടുപ്പില്‍ പയറ്റാന്‍ പോകുന്നത്. അതിന്റെ ഭാഗമാണ് ഈ വര്‍ഗ്ഗീയ ചാപ്പയടി. ‘കേരളത്തിലെ രാഷ്ട്രീയ അധികാരം മുസ്ലിം ലീഗ് വഴി മുസ്ലിം സമുദായം നിയന്ത്രിക്കുന്നേ’ എന്നൊക്കെ ഒളിഞ്ഞും തെളിഞ്ഞും പറഞ്ഞു മുസ്ലിം ഭീതിയും മുസ്ലിം വിരുദ്ധ വികാരവും ഉയര്‍ത്തി വിട്ട് വര്‍ഗ്ഗീയ ധ്രുവീകരണം നടത്തി വോട്ട് നേടാനാണ് സി.പി.എം ശ്രമിക്കുന്നത്. കോടിയേരിയുടെയും പിണറായിയുടെയും ജയരാജന്റെയും പ്രസ്താവനകള്‍ ഈ ലക്ഷ്യം വെച്ചാണ്. ഈ സോഷ്യല്‍ എന്‍ജിനീയറിങ്ങിന്റെ ഭാഗമായി അവര്‍ ഇനിയും ഒരുപാട് മുസ്ലിം സംഘടനകളെ രാക്ഷസവത്കരിക്കും. ഈ അമിത് ഷാ മോഡല്‍ സോഷ്യല്‍ എന്‍ജിനിയറിങ്ങിന്റെ മറ്റൊരു പദ്ധതിയാണ് സവര്‍ണ്ണ സംവരണം. തരാതരം പോലെ ന്യൂനപക്ഷ കാര്‍ഡും ഭൂരിപക്ഷ കാര്‍ഡും പുറത്തിറക്കുന്ന പാര്‍ട്ടിയായ സി.പി.എം വരുന്ന തിരഞ്ഞെടുപ്പില്‍ കളിക്കാന്‍ പോകുന്നത് തീക്കളിയാണ്. തുടര്‍ഭരണം എന്ന താത്കാലിക ലാഭം കണ്ട് കേരളത്തെ ഉത്തര്‍പ്രദേശാക്കാന്‍ ശ്രമിക്കുന്ന അഭിനവ സംഘികളെ തിരിച്ചറിയുക.

അഡ്വ. ഫാത്തിമ തഹിലിയ