Connect with us

News

അറസ്റ്റ് ചെയ്‌തേക്കുമെന്ന ഭയം; ഇസ്രാഈല്‍ മന്ത്രി യൂറോപ്യന്‍ യാത്ര റദ്ദാക്കി

ഗസ്സ വംശഹത്യയില്‍ യുദ്ധക്കുറ്റം ചുമത്തി അറസ്റ്റ് ചെയ്‌തേക്കുമെന്ന് ഭയന്നാണ് പ്രവാസി കാര്യ മന്ത്രി അമിച്ചായ് ചിക്ലി അവസാന നിമിഷം യാത്ര ഒഴിവാക്കിയത്.

Published

on

ഫലസ്തീന്‍ അനുകൂലികളില്‍നിന്നും ജൂതമതവിശ്വാസികളില്‍നിന്നും ബന്ദികളുടെ ബന്ധുക്കളില്‍നിന്നും കടുത്ത എതിര്‍പ്പ് നേരിടുന്ന ഇസ്രാഈലിലെ തീവ്രവലതുപക്ഷ മന്ത്രി അറസ്റ്റ് ഭയന്ന് യൂറോപ്യന്‍ യാത്ര റദ്ദാക്കി. ഗസ്സ വംശഹത്യയില്‍ യുദ്ധക്കുറ്റം ചുമത്തി അറസ്റ്റ് ചെയ്‌തേക്കുമെന്ന് ഭയന്നാണ് പ്രവാസി കാര്യ മന്ത്രി അമിച്ചായ് ചിക്ലി അവസാന നിമിഷം യാത്ര ഒഴിവാക്കിയത്.

യൂറോപ്യന്‍ യൂണിയന്‍ പാര്‍ലമെന്റ് സംഘടിപ്പിക്കുന്ന ഹോളോകോസ്റ്റ് അനുസ്മരണ ചടങ്ങില്‍ പങ്കെടുക്കാനാണ് അമിച്ചായ് ചിക്ലി നാളെ ബ്രസല്‍സിലേക്ക് പോകാനിരുന്നത്. എന്നാല്‍, തന്നെ അറസ്റ്റ് ചെയ്യാന്‍ ഫലസ്തീന്‍ അനുകൂലികളും ഇസ്രാഈലിലെ മിതവാദികളും കോടതിയെ സമീപിച്ചേക്കുമെന്ന് ഭയന്നാണ് യാത്ര റദ്ദാക്കിയത്.

‘വ്യക്തമായ മുന്നറിയിപ്പുകളുടെ വെളിച്ചത്തിലും സുരക്ഷാ ഉദ്യോഗസ്ഥരുടെ മാര്‍ഗ്ഗനിര്‍ദ്ദേശപ്രകാരമുമാണ്’ യാത്ര റദ്ദാക്കിയതെന്ന് പ്രധാനമന്ത്രിയുടെ ഓഫിസ് പ്രസ്താവനയില്‍ പറഞ്ഞു. എന്നാല്‍, ചിക്ലിക്കെതിരെ അത്തരം ഭീഷണികളൊന്നുമില്ലെന്ന് സ്ഥിരീകരിച്ചതായി ഇസ്രാഈല്‍ രഹസ്യാന്വേഷണ സ്രോതസ്സുകളെ ഉദ്ധരിച്ച് ഇസ്രാഈല്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ബെല്‍ജിയത്തില്‍ ചിക്ലിക്ക് നയതന്ത്ര പരിരക്ഷ ലഭിക്കില്ലെന്ന് ബെല്‍ജിയന്‍ ഉദ്യോഗസ്ഥര്‍ ഇസ്രായേലിനെ അറിയിച്ചിരുന്നുവെന്നും ഈ സാഹചര്യത്തില്‍ അറസ്റ്റ് ചെയ്യാന്‍ സാധ്യതയുണ്ടെന്നും മന്ത്രിയുമായി ബന്ധപ്പെട്ട കേന്ദ്രങ്ങള്‍ പറയുന്നു.

ഫലസ്തീനികള്‍ക്കും ലെബനാനും എതിരെ കടുത്ത വംശീയ വിദ്വേഷ പ്രസ്താവനകള്‍ നടത്തുന്ന ചിക്ലി, ഗസ്സക്കാരെ അവിടെ നിന്ന് നാടുകടത്തണമെന്നും ഇല്ലാതാക്കാണമെന്നും ആഹ്വാനം ചെയ്തിരുന്നു. ഗസ്സ യുദ്ധം അവസാനിപ്പിക്കരുതെന്ന പക്ഷക്കാരനാണ് ഇയാള്‍. ഗസ്സ വെടിനിര്‍ത്തല്‍ പൂര്‍ണാര്‍ഥത്തില്‍ നടപ്പാക്കിയാല്‍ രാജിവെക്കുമെന്ന് ഭീഷണിമുഴക്കുകയും ചെയ്തിരുന്നു.

വംശഹത്യയെ അനുകൂലിച്ച് പ്രസംഗിക്കുന്ന മന്ത്രി ജൂത സമൂഹത്തെ പ്രതിനിധീകരിക്കാന്‍ അനുചിതനാണെന്നും ചൂണ്ടിക്കാട്ടി ഇസ്രാഈലി ബന്ദികളുടെ 41 ബന്ധുക്കളും വിവിധ രാജ്യങ്ങളിലെ ജൂത സമൂഹങ്ങളിലെ 32 നേതാക്കളും സംഘാടകര്‍ക്ക് കത്തയച്ചു.

‘മന്ത്രി ചിക്ലിയുടെ തീവ്രവാദപരവും ഭിന്നിപ്പിക്കുന്നതുമായ നിലപാടുകള്‍ ഇസ്രാഈലി പൊതുജനങ്ങളുടെയോ ആഗോള ജൂത സമൂഹങ്ങളുടെയോ മൂല്യങ്ങളെയോ ശബ്ദങ്ങളെയോ പ്രതിഫലിപ്പിക്കുന്നില്ല’ കത്തില്‍ പറയുന്നു. ‘ഈ പരിപാടിയിലെ അദ്ദേഹത്തിന്റെ പങ്കാളിത്തം സമ്മേളനത്തിന്റെ സുപ്രധാന സന്ദേശത്തെ ഇല്ലാതാക്കും.

സെമിറ്റിക് വിരുദ്ധതയെയും വിദ്വേഷത്തെയും ചെറുക്കാനുള്ള യൂറോപ്യന്‍ പാര്‍ലമെന്റിന്റെ ശ്രമങ്ങളുടെ വിശ്വാസ്യതയെ ഇത് ദുര്‍ബലപ്പെടുത്തും. അദ്ദേഹത്തിന്റെ സാന്നിധ്യം ഹോളോകോസ്റ്റിന്റെ ഓര്‍മ്മകള്‍ക്കും നീതിയുടെയും സഹിഷ്ണുതയുടെയും തത്വങ്ങള്‍ക്കും ഉചിതമല്ല’ കത്തില്‍ കൂട്ടിച്ചേര്‍ത്തു.

kerala

കേരളത്തില്‍ സ്വര്‍ണവില വീണ്ടും ഇടിഞ്ഞു; ഗ്രാമിന് 30 രൂപ കുറഞ്ഞു

ആഗോള വിപണിയിലെ തിരിച്ചടിയെയാണ് ആഭ്യന്തര വിപണിയും പിന്തുടര്‍ന്നത്.

Published

on

കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വീണ്ടും ഇടിവ്. ഗ്രാമിന് 30 രൂപ കുറഞ്ഞ് 11,925 രൂപയായാണ് ഇന്ന് വില രേഖപ്പെടുത്തിയിരിക്കുന്നത്. പവന്റെ വില 240 രൂപ ഇടിഞ്ഞ് 95,400 രൂപയായി.

18 കാരറ്റ് സ്വര്‍ണത്തിന്റെ വിലയില്‍ ഗ്രാമിന് 25 രൂപ കുറവുണ്ടായി (9,805 രൂപ). 14 കാരറ്റ് സ്വര്‍ണം 20 രൂപ കുറവോടെ 7,640 രൂപയായി.

ആഗോള വിപണിയിലെ തിരിച്ചടിയെയാണ് ആഭ്യന്തര വിപണിയും പിന്തുടര്‍ന്നത്. സ്പോട്ട് ഗോള്‍ഡ് 0.2% ഇടിഞ്ഞ് 4,189.49 ഡോളര്‍ നിലയിലും യു.എസ് ഗോള്‍ഡ് ഫ്യൂച്ചര്‍ നിരക്ക് 0.6% ഇടിഞ്ഞ് 4,217.7 ഡോളറിലും വ്യാപാരം പുരോഗമിക്കുന്നു.

ഫെഡറല്‍ റിസര്‍വിന്റെ വരാനിരിക്കുന്ന പലിശനിരക്ക് പ്രഖ്യാപനത്തെ മുന്‍നിര്‍ത്തി നിക്ഷേപകര്‍ കരുതലെടുക്കുന്നതാണ് വില ഇടിവിന് പിന്നിലെ പ്രധാന കാരണം. പലിശനിരക്കില്‍ 25 ബേസിസ് പോയിന്റ് കുറവ് വരാനിടയുണ്ടെന്നാണ് വിലയിരുത്തല്‍.

ഇതിനിടെ, കേന്ദ്രബാങ്കുകളുടെ സ്വര്‍ണവാങ്ങല്‍ തുടര്‍ന്നുകൊണ്ടിരിക്കുന്നു. ഇതിന്റെ ഫലമായി 2026 സാമ്പത്തിക വര്‍ഷത്തിന്റെ ആദ്യ പകുതിയില്‍ സ്വര്‍ണവില അന്താരാഷ്ട്ര വിപണിയില്‍ 5,000 ഡോളര്‍ കടക്കാമെന്ന പ്രവചനവും ശക്തമാകുന്നു. അതുവഴി ഇന്ത്യ ഉള്‍പ്പെടെ ആഭ്യന്തര വിപണികളില്‍ സ്വര്‍ണവില ഒരു ലക്ഷം രൂപ കടക്കാനിടയുണ്ടെന്നുമാണ് വിലയിരുത്തല്‍.

ഇതിനു മുമ്പ്, കേരളത്തില്‍ തിങ്കളാഴ്ച സ്വര്‍ണവില ഉയര്‍ന്നിരുന്നു. ഗ്രാമിന് 25 രൂപ വര്‍ധിച്ച് 11,955 രൂപയും പവന് 200 രൂപ ഉയര്‍ന്ന് 95,640 രൂപയുമായിരിന്നു.

 

Continue Reading

kerala

തിരുവല്ലയില്‍ യന്ത്രതകരാറും മര്‍ദനവും: വോട്ടെടുപ്പ് തടസ്സപ്പെട്ടു

നിരണം പഞ്ചായത്തിലെ ഇരതോട് 28-ാം നമ്പര്‍ ബൂത്തില്‍ വോട്ടിംഗ് മെഷീന്‍ തകരാറിനെ തുടര്‍ന്ന് വോട്ടെടുപ്പ് ഏറെ നേരം വൈകി. വോട്ട് ചെയ്യാന്‍ എത്തിയ നിരവധി പേര്‍ തിരിച്ചുപോയി.

Published

on

തിരുവല്ല: തദ്ദേശ തെരഞ്ഞെടുപ്പ് വോട്ടെടുപ്പില്‍ തിരുവല്ലയില്‍ യന്ത്രതകരാറുകളും അക്രമവും റിപ്പോര്‍ട്ട് ചെയ്തു. നിരണം പഞ്ചായത്തിലെ ഇരതോട് 28-ാം നമ്പര്‍ ബൂത്തില്‍ വോട്ടിംഗ് മെഷീന്‍ തകരാറിനെ തുടര്‍ന്ന് വോട്ടെടുപ്പ് ഏറെ നേരം വൈകി. വോട്ട് ചെയ്യാന്‍ എത്തിയ നിരവധി പേര്‍ തിരിച്ചുപോയി.

പെരിങ്ങര പഞ്ചായത്തിലെ ആലംതുരുത്തി സ്‌കൂളിലെ മൂന്നാം വാര്‍ഡ് ബൂത്തിലുമായിരുന്നു സമാന സാഹചര്യം. യന്ത്രത്തിലെ തകരാര്‍ പരിഹരിച്ചതിന് ശേഷം മാത്രമാണ് വോട്ടെടുപ്പ് പുനരാരംഭിച്ചത്.

ഇതിനിടെ, തിരുവല്ല നഗരസഭയുടെ ഇരുവെള്ളിപ്പറ 17-ാം വാര്‍ഡില്‍ എന്‍.ഡി.എ സ്ഥാനാര്‍ഥി മണിക്കുട്ടനും പ്രവര്‍ത്തകരായ പുളിക്കത്തറ സുനീഷ്, അനീഷ് തേവര്‍മല എന്നിവര്‍ക്കും എല്‍.ഡി.എഫ് പ്രവര്‍ത്തകരില്‍ നിന്ന് മര്‍ദനമേറ്റതായി പരാതി. രാത്രി 11 മണിയോടെ സെന്റ് തോമസ് സ്‌കൂളിന് സമീപം ബൂത്ത് നിര്‍മ്മാണ പ്രവര്‍ത്തനത്തിനിടെ വാക്കേറ്റം സംഘര്‍ഷത്തിലേക്ക് നീങ്ങുകയായിരുന്നു.

 

Continue Reading

india

ഗോവ നൈറ്റ്ക്ലബ് ദുരന്തം: 25 മരണം; ക്ലബ് ഉടമകള്‍ രാജ്യംവിട്ട് ഒളിവില്‍

ഉടമകളായ ഗൗരവ് ലുത്ര, സൗരഭ് ലുത്ര എന്നിവര്‍ തീപിടിത്തത്തിന് മണിക്കൂറുകള്‍ക്കകം ഫുക്കറ്റിലേക്കാണ് യാത്ര ചെയ്തത്.

Published

on

പനാജി: ഗോവയിലെ അര്‍പോറയില്‍ സ്ഥിതി ചെയ്യുന്ന ബിര്‍ച്ച് ബൈ റോമിയോ ലെയ്ന്‍ നൈറ്റ്ക്ലബില്‍ ഉണ്ടായ വന്‍ തീപിടിത്തത്തില്‍ 25 പേര്‍ മരണപ്പെട്ട സംഭവത്തില്‍, ക്ലബിന്റെ ഉടമകള്‍ രാജ്യം വിട്ടതായി പൊലീസ് സ്ഥിരീകരിച്ചു. ഉടമകളായ ഗൗരവ് ലുത്ര, സൗരഭ് ലുത്ര എന്നിവര്‍ തീപിടിത്തത്തിന് മണിക്കൂറുകള്‍ക്കകം ഫുക്കറ്റിലേക്കാണ് യാത്ര ചെയ്തത്. അന്വേഷണവുമായി സഹകരിക്കാത്തതായും ഇരുവരും ഇപ്പോള്‍ ഒളിവിലാണെന്നും ഗോവ പൊലീസ് വ്യക്തമാക്കി.

തീപിടിത്തത്തിന്റേയും മരണത്തിന്റേയും പശ്ചാത്തലത്തില്‍ കേസില്‍ എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്തതുടര്‍ന്ന്, ഒരു പൊലീസ് സംഘം ഡല്‍ഹിയിലെത്തി ഉടമകളുടെ താമസസ്ഥലങ്ങളില്‍ പരിശോധന നടത്തിയിരുന്നു. അന്വേഷണം ഡല്‍ഹിയിലേക്കും വ്യാപിപ്പിച്ചിരിക്കുകയാണ്. ക്ലബുമായി ബന്ധപ്പെട്ട പ്രധാന പ്രമോട്ടര്‍മാര്‍ ഡല്‍ഹിയിലാണ് പ്രവര്‍ത്തിച്ചിരുന്നത്.

ഇതിനിടെ, ക്ലബ് ജീവനക്കാരനായ ഭാരത് കോഹ്ലി പിടിയിലായതും, നേരത്തെ ക്ലബിന്റെ ഒരു സഹഉടമയടക്കം നാലുപേരെ പൊലീസ് അറസ്റ്റ് ചെയ്തതും അന്വേഷണത്തിന്റെ ഭാഗമായി നടന്നു.

ഞായറാഴ്ച പുലര്‍ച്ചെയുണ്ടായ തീപിടിത്തത്തില്‍ വിദേശ വിനോദസഞ്ചാരികളടക്കം 25 പേര്‍ മരണപ്പെട്ടു. അനധികൃത നിര്‍മാണക്കുറ്റം ചൂണ്ടിക്കാട്ടി പഞ്ചായത്ത് പൊളിക്കാന്‍ ഉത്തരവിട്ടിരുന്ന കെട്ടിടത്തിലാണ് നിശാ ക്ലബ് പ്രവര്‍ത്തിച്ചിരുന്നത്. ഇലക്ട്രിക് കരിമരുന്ന് ഉപയോഗിച്ചതാണ് തീപിടിത്തത്തിന് കാരണമെന്ന സൂചനയാണ് പ്രാഥമിക അന്വേഷണത്തില്‍ നിന്ന് ലഭിക്കുന്നത്.

മരണപ്പെട്ടവരുടെ കുടുംബങ്ങള്‍ക്ക് 5 ലക്ഷം, പരിക്കേറ്റവര്‍ക്ക് 50,000 വീതം സര്‍ക്കാര്‍ നഷ്ടപരിഹാരം പ്രഖ്യാപിച്ചു. അപകടത്തിന് പിന്നാലെ, സമാന രീതിയില്‍ പ്രവര്‍ത്തിക്കുന്ന, ഇതേ ഉടമസ്ഥതയിലുള്ള രണ്ട് നിശാ ക്ലബുകള്‍ കൂടുതല്‍ അധികൃതര്‍ പൂട്ടി.

 

 

Continue Reading

Trending