ഫലസ്തീന്‍ അനുകൂലികളില്‍നിന്നും ജൂതമതവിശ്വാസികളില്‍നിന്നും ബന്ദികളുടെ ബന്ധുക്കളില്‍നിന്നും കടുത്ത എതിര്‍പ്പ് നേരിടുന്ന ഇസ്രാഈലിലെ തീവ്രവലതുപക്ഷ മന്ത്രി അറസ്റ്റ് ഭയന്ന് യൂറോപ്യന്‍ യാത്ര റദ്ദാക്കി. ഗസ്സ വംശഹത്യയില്‍ യുദ്ധക്കുറ്റം ചുമത്തി അറസ്റ്റ് ചെയ്‌തേക്കുമെന്ന് ഭയന്നാണ് പ്രവാസി കാര്യ മന്ത്രി അമിച്ചായ് ചിക്ലി അവസാന നിമിഷം യാത്ര ഒഴിവാക്കിയത്.
യൂറോപ്യന്‍ യൂണിയന്‍ പാര്‍ലമെന്റ് സംഘടിപ്പിക്കുന്ന ഹോളോകോസ്റ്റ് അനുസ്മരണ ചടങ്ങില്‍ പങ്കെടുക്കാനാണ് അമിച്ചായ് ചിക്ലി നാളെ ബ്രസല്‍സിലേക്ക് പോകാനിരുന്നത്. എന്നാല്‍, തന്നെ അറസ്റ്റ് ചെയ്യാന്‍ ഫലസ്തീന്‍ അനുകൂലികളും ഇസ്രാഈലിലെ മിതവാദികളും കോടതിയെ സമീപിച്ചേക്കുമെന്ന് ഭയന്നാണ് യാത്ര റദ്ദാക്കിയത്.
‘വ്യക്തമായ മുന്നറിയിപ്പുകളുടെ വെളിച്ചത്തിലും സുരക്ഷാ ഉദ്യോഗസ്ഥരുടെ മാര്‍ഗ്ഗനിര്‍ദ്ദേശപ്രകാരമുമാണ്’ യാത്ര റദ്ദാക്കിയതെന്ന് പ്രധാനമന്ത്രിയുടെ ഓഫിസ് പ്രസ്താവനയില്‍ പറഞ്ഞു. എന്നാല്‍, ചിക്ലിക്കെതിരെ അത്തരം ഭീഷണികളൊന്നുമില്ലെന്ന് സ്ഥിരീകരിച്ചതായി ഇസ്രാഈല്‍ രഹസ്യാന്വേഷണ സ്രോതസ്സുകളെ ഉദ്ധരിച്ച് ഇസ്രാഈല്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ബെല്‍ജിയത്തില്‍ ചിക്ലിക്ക് നയതന്ത്ര പരിരക്ഷ ലഭിക്കില്ലെന്ന് ബെല്‍ജിയന്‍ ഉദ്യോഗസ്ഥര്‍ ഇസ്രായേലിനെ അറിയിച്ചിരുന്നുവെന്നും ഈ സാഹചര്യത്തില്‍ അറസ്റ്റ് ചെയ്യാന്‍ സാധ്യതയുണ്ടെന്നും മന്ത്രിയുമായി ബന്ധപ്പെട്ട കേന്ദ്രങ്ങള്‍ പറയുന്നു.
ഫലസ്തീനികള്‍ക്കും ലെബനാനും എതിരെ കടുത്ത വംശീയ വിദ്വേഷ പ്രസ്താവനകള്‍ നടത്തുന്ന ചിക്ലി, ഗസ്സക്കാരെ അവിടെ നിന്ന് നാടുകടത്തണമെന്നും ഇല്ലാതാക്കാണമെന്നും ആഹ്വാനം ചെയ്തിരുന്നു. ഗസ്സ യുദ്ധം അവസാനിപ്പിക്കരുതെന്ന പക്ഷക്കാരനാണ് ഇയാള്‍. ഗസ്സ വെടിനിര്‍ത്തല്‍ പൂര്‍ണാര്‍ഥത്തില്‍ നടപ്പാക്കിയാല്‍ രാജിവെക്കുമെന്ന് ഭീഷണിമുഴക്കുകയും ചെയ്തിരുന്നു.
വംശഹത്യയെ അനുകൂലിച്ച് പ്രസംഗിക്കുന്ന മന്ത്രി ജൂത സമൂഹത്തെ പ്രതിനിധീകരിക്കാന്‍ അനുചിതനാണെന്നും ചൂണ്ടിക്കാട്ടി ഇസ്രാഈലി ബന്ദികളുടെ 41 ബന്ധുക്കളും വിവിധ രാജ്യങ്ങളിലെ ജൂത സമൂഹങ്ങളിലെ 32 നേതാക്കളും സംഘാടകര്‍ക്ക് കത്തയച്ചു.
‘മന്ത്രി ചിക്ലിയുടെ തീവ്രവാദപരവും ഭിന്നിപ്പിക്കുന്നതുമായ നിലപാടുകള്‍ ഇസ്രാഈലി പൊതുജനങ്ങളുടെയോ ആഗോള ജൂത സമൂഹങ്ങളുടെയോ മൂല്യങ്ങളെയോ ശബ്ദങ്ങളെയോ പ്രതിഫലിപ്പിക്കുന്നില്ല’ കത്തില്‍ പറയുന്നു. ‘ഈ പരിപാടിയിലെ അദ്ദേഹത്തിന്റെ പങ്കാളിത്തം സമ്മേളനത്തിന്റെ സുപ്രധാന സന്ദേശത്തെ ഇല്ലാതാക്കും.
സെമിറ്റിക് വിരുദ്ധതയെയും വിദ്വേഷത്തെയും ചെറുക്കാനുള്ള യൂറോപ്യന്‍ പാര്‍ലമെന്റിന്റെ ശ്രമങ്ങളുടെ വിശ്വാസ്യതയെ ഇത് ദുര്‍ബലപ്പെടുത്തും. അദ്ദേഹത്തിന്റെ സാന്നിധ്യം ഹോളോകോസ്റ്റിന്റെ ഓര്‍മ്മകള്‍ക്കും നീതിയുടെയും സഹിഷ്ണുതയുടെയും തത്വങ്ങള്‍ക്കും ഉചിതമല്ല’ കത്തില്‍ കൂട്ടിച്ചേര്‍ത്തു.