വാഷിങ്ടണ്‍: ഈവര്‍ഷം ലോകത്ത് ഏറ്റവും കൂടുതല്‍ ആളുകള്‍ ഉപയോഗിച്ച വാക്ക് ഫെമിനിസം ആണെന്ന് പ്രശസ്ത അമേരിക്കന്‍ ഓണ്‍ലൈന്‍ നിഘണ്ടു മെറിയം വെബ്‌സ്റ്റര്‍. അര്‍ത്ഥം അന്വേഷിച്ച് ഓണ്‍ലൈന്‍ ഡിക്ഷണറിയില്‍ ഏറ്റവും കൂടുതല്‍ ആളുകള്‍ തെരഞ്ഞത് ഫെമിനിസം എന്ന വാക്കായിരുന്നു. ജനുവരിയില്‍ നടന്ന വനിത മാര്‍ച്ചാണ് ഈ വാക്കിന് ഇത്രയേറെ പ്രചാരം കിട്ടാന്‍ കാരണം. വൈറ്റ് ഹൗസ് ഉപദേശക കെല്യാന്‍ കോണ്‍വെയ് താനൊരു ഫെമിനിസ്റ്റല്ലെന്ന് പറഞ്ഞതും വാക്കിന്റെ പ്രചാരം കൂട്ടി.
റെക്യൂസ്, എംപതി, ഡൊട്ടഡ്, സിസിഗി, ജിറോ, ഫെഡറലിസം, ഹറികെയ്ന്‍, ഗാഫ് എന്നീ വാക്കുകളാണ് ഏറ്റവും കൂടുതല്‍ പേര്‍ തെരഞ്ഞ മറ്റു വാക്കുകള്‍. ഓസ്‌കാര്‍ അവാര്‍ഡ് പ്രഖ്യാപന ചടങ്ങില്‍ ചിത്രത്തിന്റെ പേര് മാറ്റി പറഞ്ഞതാണ് ഗാഫ് എന്ന വാക്കിന്റെ അര്‍ത്ഥമന്വേഷിക്കാന്‍ കാരണമായത്.
ഉത്തരകൊറിയന്‍ ഭരണാധികാരി കിം ജോങ് ഉന്‍ അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിനെ ഡൊട്ടഡ് എന്ന് വിളിച്ചത് ആ വാക്കിനും വില കൂട്ടി. അമേരിക്കയിലെ ഒരു ചടങ്ങില്‍ താന്‍ പുരുഷ വിദ്വേഷിയല്ലെന്നും കെല്യാന്‍ കോണ്‍വെയ് പറഞ്ഞത് ഏറെ ചര്‍ച്ചചെയ്യപ്പെട്ടിരുന്നു. പ്രസിഡന്റായതിനുശേഷം ട്രംപിനെതിരെ അമേരിക്കയില്‍ നടന്ന വനിതാ മാര്‍ച്ചുകളും ഫെമിനിസം എന്ന വാക്കിന്റെ മാറ്റുകൂട്ടി.